Sunday, December 4, 2011

ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply


ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply 


ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ നാലിലെ വിജയി ജോബി ജോണ്‍ കോടി വിലയുള്ള ഫ്ലാറ്റ് സമ്മാനമായി കിട്ടിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാതെ നിയമക്കുരുക്കില്‍. ദൈവം കനിഞ്ഞുനല്‍കിയ ശബ്ദത്തിനുടമയായിട്ടും സമ്മാനമായി കിട്ടിയ ഫ്ലാറ്റിന് ഉടമയാകാന്‍ താണ്ടേണ്ട കടമ്പകള്‍ ഒരുപാട്. നിയമം കണ്ടീഷന്‍സ് അപ്ലൈ എന്നതില്‍ കുരുക്കിയിട്ടും ജോബി ഏഷ്യാനെറ്റുമായി നിയമയുദ്ധത്തിലാണ്. ഫ്ലാറ്റ് സ്വന്തമാക്കാന്‍ ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടത് 34ലക്ഷം രൂപ. വിനോദനികുതിയിനത്തില്‍  ഇത്രയും തുക സര്‍ക്കാറിലേക്ക് അടച്ചാലെ കോടി വിലമതിക്കുന്ന താമസസ്ഥലം ലഭിക്കൂ. ദാരിദ്യ്രം നിറഞ്ഞ ചുറ്റുപാടില്‍ നിന്നും  ഒരു  വര്‍ഷത്തെ കഠിനതപസ്യയുടെ ഫലം ഇത്രയും കയ്പനിറഞ്ഞതാവുമെന്ന് കരുതിയിരിക്കില്ല. തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗര്‍ഷോമിലെ പറയാന്‍ മറന്ന പരിഭവം പാടി വിജയിയായപ്പോഴും വിധി ഇങ്ങനെയൊരു പരീക്ഷണം കൂടി നടത്തുമെന്ന് അയാള്‍ ഓര്‍ത്തിട്ടുകൂടിയുണ്ടാവില്ല. എസ്. പി.ബിയും ചിത്രയും ശ്രീകുമാറുമെല്ലാം വാനോളം പുകഴ്ത്തിയ ആ സ്വരം ഇന്ന് നിയമപാലകരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

പത്രപ്പരസ്യവും ടെലിവിഷനുകളിലെ ഓഫര്‍  പരസ്യങ്ങളെ പോലെ ഏഷ്യാനെറ്റും കൊടുക്കേണ്ടതാണ് കുറച്ച് വലിയ അക്ഷരത്തില്‍ തന്നെ conditions apply എന്ന്. അല്ലെങ്കില്‍  ജോബിക്ക് പറ്റിയപോലെ വിനോദനികുതി കൊടുക്കാന്‍ കഴിയാതെ നിയമപോരാട്ടത്തിന് ഇറങ്ങേണ്ടിവരും. ദരിദ്രനായ ജോബി എന്ന പാട്ടുകാരന്‍ തന്റെ മാന്ത്രിക ശബ്ദത്താല്‍ ലോകത്തിന്റെ കൈയിലെ എസ്.എം.എസ് വാങ്ങി കോടീശ്വരനായിട്ടും അനുഭവിക്കുക എന്നത് വിദൂരമായിരിക്കുകയാണ്. ട്രാവന്‍കൂര്‍ ബില്‍ഡേഴ്സും കൈയ്യൊഴിഞ്ഞ മട്ടാണ്. കോഴിക്കോടുകാരനായ ജോബിക്കാണെങ്കില്‍ ആ ഫ്ലാറ്റ് തന്നെവേണമെന്ന പിടിവാശിയും. ഏഷ്യാനെറ്റുമായി നിയമയുദ്ധം നടക്കുകയാണെങ്കിലും വിനോദനികുതിയെന്നത് അടക്കാതെ കാര്യങ്ങള്‍ പാട്ടുകാരന് അനുകൂലമാവില്ലെന്നാണ് ഭൂരിപക്ഷം. നാട്ടുപുറമ്പോക്കിലെ വര്‍ത്തമാനമിതാണ് ഓന് ആ മുപ്പത്തിനാല് ലക്ഷം കൊടുത്ത് ബാക്കി അറുപത്തിനാല് ലക്ഷം വാങ്ങി ഒരു വീട് വാങ്ങിയാപ്പോരെ, പിന്നേം കിടക്കണ് കാശ് ബാക്കി. നിയമം അറിയില്ലേ ആരേലും ഒന്ന് പറഞ്ഞ് കൊടക്കപ്പാ ആ പഹയന്.
 എന്ന്  ബാക്കി കാത്തിരുന്ന് കാണാം.