Sunday, March 27, 2011

വേനലവധി എത്താറായി..........മണല്‍ക്കുഴികളില്‍ മരണത്തിന്റെ വസന്തവും വിരിയാറായി

 വേനലവധി എത്താറായി..........മണല്‍ക്കുഴികളില്‍ മരണത്തിന്റെ വസന്തവും വിരിയാറായി 


വീണ്ടും ഒരു വേനലവധി ആഗതമാവുകയാണ്. പരീക്ഷാ ചൂട് ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി.അതും കഴിഞ്ഞാല്‍ പോയിരുന്ന് പഠിയെടാ എന്ന് ഇനി ആരും പറയില്ലല്ലോ. റിസല്‍റ്റ് വരുമ്പോഴാണിനി രാപ്പനി പിടിക്കുക അത്രയും നാള്‍ കളിക്കാം സിനിമകാണാം തകര്‍ത്തുല്ലസിക്കാം.ബന്ധുവീടുകളിലേക്ക് പോകാം മാങ്ങ പറിക്കാം എന്തു രസമായിരിക്കും.വേനല്‍കത്തിത്തുടങ്ങാറായിട്ടില്ലെങ്കിലും ഏപ്രില്‍,മെയ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചൂട് കൂടുതലാണ്.രാവിലെ മുഴുവന്‍ ചൂടത്ത് കളിച്ച് രസിച്ച് ഉച്ച സമയത്ത് കൂട്ടുകാരൊത്ത് പുഴയിലോ പാടത്തെ കുഴികളിലോ ഇഷ്ടികക്കളങ്ങളിലെ മണ്ണെടുത്ത കുഴികളിലോ തോട്ടിലോ ഉള്ള കുളിയാണ് ബഹുരസം. ആദ്യ ദിവസം മുതിര്‍ന്നവരുടെ കൂടെ പിന്നെ പിന്നെ സ്വന്തം കൂട്ടുകാരെ വിളിച്ചുവരുത്തുകയായി സൈക്കിളില്‍ കറങ്ങി നടന്നും ക്രിക്കറ്റ് കളിയോ കഴിഞ്ഞ് കുളിയുടെ സമയമായി. നേരെ പോകുന്നതോ പുഴയിലേയോ തോട്ടിലേയോ കുളത്തിലേയോ തണുപ്പിലൊളിഞ്ഞിരിക്കുന്ന മരണത്തിന്റെ കാണാക്കയങ്ങളിലേക്കും.ഇനിയുള്ള ദിവസങ്ങള്‍ പത്രത്താളുകള്‍ പരതുമ്പോള്‍ കണ്ണുകള്‍ ഈറനണിയും. വര്‍ഷങ്ങള്‍ കാത്തിരുന്ന് നിരവധി ചികില്‍സയും വഴിപാടുകളുടെയും ഫലമായി ഉണ്ടായവന്‍ വേനലവധിയില്‍ കുളിക്കാനിറങ്ങി  കയത്തിന്റെ ആഴങ്ങളില്‍ നിന്ന് തണുത്ത് വിറങ്ങലിച്ച് വെള്ള പുതച്ച് വീട്ടുമുറ്റത്തെത്തുന്നത്.
ഹൊ...........ഹൃദയഭേദകം തന്നെ. അന്യനാടുകളില്‍ ജോലിചെയ്യുന്നവരും ഉദ്യോഗസ്ഥരായ മാതാപിതാക്കളും കൂലിപ്പണിക്കാരായ മാതാപിതാക്കളുടെയുമെല്ലാം ആശയും അഭിലാഷവുമാണിവര്‍ എന്നാലും കൂട്ടുകാരുമൊത്തുള്ള വിനോദം പലപ്പോഴും വിളിച്ചുവരുത്തുന്നത് വലിയ ദുരന്തങ്ങളാവാം. സ്കൂള്‍ വിദ്യാര്‍ഥികളിലെ സാങ്കേതികതയുടെ അവസാനവാക്കായ മൊബൈല്‍ ഫോണിന്റെ വരവും ഇതിന് ആക്കം കൂട്ടുന്നു. കൂട്ടുകാരന്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ എവിടുണ്ട് എന്നുചോദിക്കുമ്പോള്‍ ഞങ്ങള്‍ അര്‍മാദിക്കുകയാണ് വരുന്നോ? അങ്ങനെ ആംബുലന്‍സുകളുടെ എണ്ണം ഒന്നുകൂടി കൂടും. പ്ലസ് ടു വിദ്യാര്‍ഥികളാവട്ടെ കൌമാരവിനോദത്തിന്റെ ആവേശത്തിന് ജ്യേഷ്ഠന്‍മാരുടെ ബിയര്‍ ബ്രാന്‍ഡുകളും ഉപയോഗിക്കും ലഹരി തലക്ക് പിടിക്കുമ്പോള്‍ ഒരാള്‍ കുളിക്കാനിറങ്ങും നിലവിടുമ്പോള്‍ എല്ലാവരും രക്ഷകരാവാന്‍ ശ്രമിക്കും ഫലമോ മൂന്നോ നാലോ കുടുംബത്തിന്റെ അത്താണിയാകേണ്ട ജ്യേഷ്ഠാനുജന്‍മാര്‍ വരെ മരണത്തിനടിപ്പെടും.
ഇങ്ങനെ എത്രയെത്ര കുടുംബങ്ങള്‍ സങ്കടക്കടലില്‍ ഉഴറുന്നു.പരീക്ഷാ റിസല്‍റ്റ് വരുമ്പോള്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കുന്നവരും ഏറെ.
ഈ വേനലവധിയിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പരമകാരുണികനായ ദൈവം അവര്‍ക്ക് തുണയാകട്ടെ.

No comments:

Post a Comment