Tuesday, March 1, 2011

കവലപ്രസംഗങ്ങള്‍ക്ക് ഇനി കാതോര്‍ക്കാം

 കവലപ്രസംഗങ്ങള്‍ക്ക്  ഇനി കാതോര്‍ക്കാം
ന്ന് മുതല്‍ വീണ്ടും ദിനപത്രങ്ങള്‍ വായിക്കാം കാരണം കഴിഞ്ഞ മൂന്നാഴ്ചയായി  ഭരണാധികാരികളുടെ ഭരണപരിഷ്കാരങ്ങളുടെയും മന്ത്രി പുംഗവന്‍മാരുടെയും ഉദ്ഘാടനമാമാങ്കങ്ങളുടെയും പരസ്യഘോഷയാത്രയായിരുന്നു.ചെയ്തു കൂട്ടിയ വീരസ്യങ്ങളുടെയും ചെയ്യാനുള്ള ആഭാസങ്ങളുടെയും വില വിവരപ്പട്ടിക. ഇതിന്റെയെല്ലാം കൂട്ടിക്കിഴിക്കലിന്റെയും ശിഷ്ടങ്ങളുടെയും ആകെ മൊത്തം ടോട്ടല്‍ തുക കണ്ടെത്തേണ്ടത് നാമാണെന്ന് ഓര്‍ക്കണം. ദിനപത്രങ്ങളെയും ചാനലുകളെയും മാധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിച്ചും തോന്നുന്നതെല്ലാം വളച്ചൊടിച്ചെഴുതുന്നവര്‍ എന്നും വിളിച്ചവര്‍ തന്നെ മാധ്യമങ്ങളുടെ സഹായം തന്നെ തേടുന്നു.എന്തൊരു വിരോധാഭാസം. ഒരു ഭാഗത്ത് അങ്ങ് മുകള്‍തട്ടില്‍ നിന്ന് 2ജി 3ജി മുതല്‍ തുടങ്ങുകയായി അഴിമതിയുടെ കാണാച്ചരടുകള്‍.അവസാനം തലപ്പത്ത് നിന്ന് തുടങ്ങി വാലറ്റമായ നമ്മുടെ നാട്ടിലെത്തുമ്പോള്‍ പരസ്പരം ചെളിവാരിയേറ് സ്വന്തം പല്ലിന്റിട കുത്തി നാറ്റിക്കല്‍ അങ്ങനെ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി പയറ്റുന്നു അടവുകള്‍. ലാവലിനില്‍ തുടങ്ങി ലോട്ടറിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഐസ്ക്രീമില്‍ തുടങ്ങി  ജുഡീഷ്യറിയെ അപമാനിക്കലില്‍ വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. വാരിയെറിയാന്‍ തക്ക അഴിമതിക്കഥകളും ധൂര്‍ത്തും അനധികൃത നിയമനവും വഴിനീളെ പത്രത്താളുകളില്‍ പൊതുജനം വായിച്ചറിയുമ്പോഴും ചിലര്‍ പറയും ഇവര്‍ കഴുതകളാണെന്ന്.കൊട്ടിഘോഷിക്കപ്പെടുന്ന ഉദ്ഘാടനങ്ങള്‍ക്ക് പിറകില്‍ പാവപ്പെട്ടവന്റെ രക്ഷാമാര്‍ഗം കൊട്ടിയടക്കലാവുകയാണ് പലപ്പോഴും. വികസനത്തിന്റെ പേരില്‍ കിടപ്പാടം വരെ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. ജലസ്രേതസ്സുകള്‍ കുഴിച്ച് ചെളിക്കുളങ്ങളും അപകടമേഖലയുമാക്കി നാട്ടില്‍ കൊലവിളിച്ച് പായുകയാണ് മണല്‍ലോറികള്‍.അവര്‍ക്കും അകമ്പടി നല്‍കാന്‍ പൊലീസും. എന്നാല്‍ അത്യാവശ്യം മരുന്നുവാങ്ങാന്‍ ഹെല്‍മറ്റില്ലാതെ പോകുന്നവനെ ചേസ് ചെയ്ത് പിടിക്കുന്ന പൊലീസിന്റെ കഴിവ് അപാരം തന്നെ. മണല്‍ ലോറിയെ ചേസ് ചെയ്താല്‍ പിറ്റേന്ന് ഫ്രെയിമിലായി ചിരിച്ചുകൊണ്ടഎ ചുമരിലിരിക്കും. വോട്ട് നേടി ഭരിക്കാനിറങ്ങുന്നവര്‍ ഭരിക്കുകയല്ല മറിച്ച് മുന്‍ ഭരണക്കാരുടെ ഭരണത്തെ താറടിക്കുമ്പോഴേക്കും വര്‍ഷം 5 കഴിയും. ഇനി നാല്‍ക്കവലകളില്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കാതോര്‍ക്കാം. കാറ്റ് ഇടത്തോട്ട് വീശിയാലും വലത്തോട്ട് വീശിയാലും കോരന് കഞ്ഞി കുമ്പിളിലെങ്കിലും കിട്ടുമോ? കണ്ടറിയണം.............

No comments:

Post a Comment