Monday, May 20, 2013

‘കലാപ’ഭവന്‍ മണികിലുക്കം



‘കലാപ’ഭവന്‍  മണികിലുക്കം
ഴിഞ്ഞ ദിവസങ്ങളിലെല്ലാം എല്ലാവര്‍ക്കും ഒരാളെപ്പറ്റി മാത്രമാണ് അന്വേഷണം മ്മടെ ചാലക്കുടി സ്റ്റാര്‍ മണി എന്ന ‘കലാപ’ഭവന്‍ മണി. സിനിമാ ലോകത്തിലെ വില്ലനും നായകനും കൊമേഡിയനും എന്നുവേണ്ട സകലമാന തരികിടകളും നടത്തുന്ന മണിയണ്ണന്‍ രാത്രി വണ്ടി പരിശോധിച്ച ഫോറസ്റ്റ് അസി. ഡി.വൈ.എസ്.പിയേയും കൂട്ടാളിയേയും അങ്ങ് പെരുമാറി. എന്നിട്ടിപ്പോ എന്താ ഉണ്ടായേന്ന് ചോദിച്ചാല്‍ മണിയടി മാത്രം ശബ്ദമില്ല എന്ന് ചുരുക്കം. കലാഭവന്‍ മണി  സിനിമകളിലെ പൊലീസ് വേഷമോ നായകവേഷമോ ഓര്‍ത്തുപോയതാവും അല്ളേ?  എന്തായാലും ചെയ്ത്തായിപ്പോയി . ദേ ഇപ്പോള്‍ തന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് യൂണിയന്‍കാര്‍ സമരം തുടങ്ങി. അല്ളേലും നിയമവ്യവസ്ഥയില്‍ പാവങ്ങള്‍ക്ക് പഴുതുണ്ടാവാറില്ല  ആ സമയം പണക്കാരന് വെള്ളമടിച്ച് വണ്ടിയോടിക്കാം കാറിനകത്ത് ആഭാസം കാണിക്കാം കാക്കിയിട്ടവരെ തല്ലാം. പണവും പ്രശസ്തിയും മണിയെപ്പോലുള്ളവര്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന്  ഉപയോഗിക്കുകയാണിപ്പോള്‍. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിലെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സാമൂഹിക വിപത്ത്  മണിയെപോലുള്ള ഒരാള്‍ക്ക് അറിയില്ലായിരിക്കാം. സിനിമാ ഡയലോഗ് പോലെ പണമുണ്ടെങ്കില്‍ ആകാശത്തിന് കീഴെ എന്തും വാങ്ങിക്കാം എന്ന ധാര്‍ഷ്ട്യമാവാം ഇത്തരം കോപ്രായങ്ങള്‍ക്ക് പിന്നില്‍. എന്നിട്ടോ ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നു. ഏഭ്യന്‍......
 
ഏത് സ്റ്റേജില്‍ കയറിയാലും തന്‍െറ കുട്ടിക്കാലവും കൗമാരവും എല്ലാം പട്ടിണിയില്‍ ആയിരുന്നു എന്നും പിന്നീട്  തന്‍െറ നിതാന്ത പരിശ്രമം കൊണ്ടാണ് എല്ലാം ‘ഒണ്ടാക്കിയത്’ എന്ന് പറയുന്ന കലാപഭവന്‍ മണി എന്നിട്ട് പണം കുന്നുകൂടുമ്പോള്‍ കാണിച്ച് കൂട്ടുന്ന പേകൂത്തുകളോ? കഷ്ടം ഇതെല്ലാം സഹിക്കേണ്ടി വരുന്നത് മലയാളികള്‍ തന്നെ.
നിയമപാലകരെ പോലും വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചവനെയൊക്കെ എങ്ങനെയാണ് സിനിമാതാരം എന്നൊക്കെ വിളിക്കുക. മണി പവറും മസില്‍ പവറും കൊണ്ട് നിയമത്തെ നേരിടുന്ന മണി ഇങ്ങനെയാണെങ്കില്‍ കെണിയില്‍ വീഴും സാധാരണക്കാരുകെ കൈയില്‍ നിന്ന് പണിയും മേടിക്കും.  പുതുവര്‍ഷദിനത്തില്‍ നാട്ടില്‍ കുറെ യുവാക്കളെ സംഘടിപ്പിച്ച് പണം വാരിയെറിഞ്ഞ്  പാവങ്ങളുടെ മുന്നില്‍ അഭിനവ രക്ഷകന്‍ കളിക്കുന്ന ഇവനെയൊക്കെ ചാട്ടവാറിനടിക്കുക തന്നെ വേണം. സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം പണമിറക്കി പൊലീസ് സ്റ്റേഷനടക്കം പണിതു കൊടുത്ത മണി പിന്നീട് പൊലീസിനിട്ട് തന്നെ പണികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കലാകാരനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും സമൂഹത്തോടുള്ള തന്‍െറ കടപ്പാട് എന്താണെന്ന് മനസ്സിലാക്കാന്‍ ബോധമില്ലാതെ തികച്ചും വിവേക രഹിതമായി പെരുമാറുന്ന ഇവരെ നടന്‍ എന്ന് എങ്ങനെ വിളിക്കും.
കഥാപാത്രങ്ങളില്‍ മാത്രം നീതിബോധം ഉണ്ടായാല്‍ പോര അത് അഭിനയിച്ച് ഫലിപ്പിക്കുന്ന നടനിലും ആവാം അവരെയാണ് സമൂഹത്തിന് ഇന്ന് ആവശ്യം.  വിവരം എന്നത് വിദ്യാഭ്യാസം കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല അനുഭവത്തില്‍നിന്നും അഭിനയത്തില്‍ നിന്നും അത് ഉണ്ടാക്കിയെടുത്തില്ളെങ്കില്‍ സിനിമാ ഡയലോഗില്‍ പറയാം ഒന്നിനും കൊള്ളാത്ത പോത്തായി പോകും വെട്ടുകാര്‍ക്ക് പോലും വേണ്ടാത്ത പേട്ട് പോത്ത്.

Friday, May 17, 2013

വിശ്വരൂപം കെട്ടിയ അശ്രീകരം....


വിശ്വരൂപം കെട്ടിയ അശ്രീകരം..............
ശാന്തകുമാരന്‍ ശ്രീശാന്ത്  ഇന്ന് അശാന്തകുമാരന്‍ അശ്രീശാന്തനായിമാറിയിരിക്കുന്നു. കേളീമികവിന് കിട്ടിയ അംഗീകാരം ചൂതാട്ടത്തിന്‍െറ കാണാക്കളികള്‍ കളിച്ച് തുലച്ച് ലോകത്തിന് മുന്നില്‍ കള്ളന് കഞ്ഞിവച്ചവന്‍െറ കോലം  കെട്ടിയിരിക്കുന്നു.
ഗുരുവായൂരമ്പല നടയില്‍ വിശ്വരൂപം കെട്ടിയാടിയ ശ്രീ  വിശ്വാസികളുടെ മുന്നില്‍ ഇന്നലെ മുതല്‍ അശ്രീകരം പിടിച്ചവനായി. കളിക്കളത്തിലെ  മികവുകള്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയിട്ടും പണത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയാവാം ആറുപന്തേറിന് ലക്ഷങ്ങള്‍ വിലപറഞ്ഞ യൂദാസായി മാറിയത്.അരയില്‍ തിരുകിയ തുണിക്കും കൈയില്‍ കെട്ടിയ വള്ളികളില്‍ വലിച്ചും ഉടുതുണി ഉയര്‍ത്തിയും കോടികള്‍ കൈപ്പറ്റുന്ന കോഴകളിയിലെ ക്യാപ്റ്റനാകാനാണ് ഈ മലയാളിയുടെ വിധി. കളിക്കളത്തിലെ  മര്യാദവിട്ടുള്ള പെരുമാറ്റത്തില്‍ തുടങ്ങി ഇന്ന് സ്പോട്ട് ഫിക്സിങ്  എന്ന വിലപറഞ്ഞുറപ്പിച്ച പന്തേറില്‍ എത്തിനില്‍ക്കുന്നു. നാളെ എന്തിരാണാവോ ആവോ?
ആ ജീവനാന്തവിലക്ക് എന്നതുമാത്രം മതിയോ?  കളിക്കളത്തില്‍ ഇറങ്ങിയപ്പോഴെ പേര് തന്നെ സംഖ്യാ ശാസ്ത്രപ്രകാരം ശ്രീസന്ദ് എന്നാക്കാന്‍ മുംബൈ ബാബയെ കണ്ടവന്‍ പിന്നീട് അമ്പലങ്ങളില്‍ കയറിയിറങ്ങി എന്നിട്ടെന്തായി? ചട്ടനെ പൊട്ടന്‍ ചതിച്ചപ്പോള്‍ പൊട്ടനെ ദൈവം ചതിച്ചു. ആരംഭത്തിലേ കാണിച്ച ആവേശവും ആക്രോശവും കാഴ്ചക്കാരില്‍ എവന്‍ ഒരു ജാഡയാണ് എന്ന കാഴ്ചപ്പാടുണ്ടക്കി. അതിന് ആക്കം കൂട്ടും വിധം രക്ഷിതാക്കളുമായപ്പോള്‍ മലയാളികളുടെ മനസ്സിലും അത് ശരിതന്നെ എന്ന തോന്നല്‍ ഉണ്ടാക്കിയതോടെ ശ്രീശാന്തിന്‍െറ പതനം തുടങ്ങിയിരുന്നു. പിന്നീട് ആസ്ട്രേലിയന്‍ താരം ആന്‍ഡ്രൂസൈമണ്ട്സിനോട് കയര്‍ത്തതും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ സിക്സര്‍ അടിച്ചശേഷമുള്ള ആഹ്ളാദപ്രകടനം, അപക്വമായ കമന്‍റുകള്‍, ഉദ്ഘാടനച്ചടങ്ങുകളിലെ വിവാദങ്ങള്‍, ഉന്മത്തതയിലെ നൃത്തങ്ങള്‍, ഹര്‍ഭജന്‍ സിങ്ങിന്‍െറ അടി, അങ്ങനെ നീളുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സിന്‍െറ വികൃതികള്‍. ഇപ്പോള്‍ ഏതാണ്ട് കാര്യങ്ങള്‍ തീരുമാനമായി. എറിയുന്ന പന്തിന്‍െറ വേഗം പോലെയായി ശ്രീശാന്തിന്‍െറ കരിയറിന്‍െറ വരവും പോക്കും. ആത്മസംയമനത്തിന്‍െറ പാത ഭക്തിയാണെന്ന് കണ്ടത്തെി ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചവര്‍ക്ക് എന്തായാലും ശ്രീശാന്ത് എന്ന യുവപേസറിന്‍െറ പതനം കാണേണ്ടി വന്നു.
ബി.പി.സി.എല്ലിലെ ജോലി ഏതാണ്ട് തെറിച്ചു. പരസ്യ കരാറുകള്‍ റദ്ദാക്കി തുടങ്ങി. ബി.സി.സി.ഐയുടെ ഗ്രാന്‍റ് റെഡിയായി. രാജസ്ഥാനിലെ രാജവംശവുമായുള്ള കല്യാണ ഇന്നിങ്സും അവസാനിച്ചു കാണും. ഇനി കുറെ വില്ലകളും കാറുകളുമായി കമ്പിയെണ്ണിക്കഴിയാം. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം.

Tuesday, April 2, 2013

വാനം കോരാന്‍ ബംഗാളി,കെട്ടിയുയര്‍ത്താന്‍ ആസാമി, സുഖവാസത്തിന് മലയാളി.

വാനംകോരാന്‍ബംഗാളി, കെട്ടിയുയര്‍ത്താന്‍ ആസാമി, സുഖവാസത്തിന് മലയാളി. കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട! ഇന്നത്തെ മലയാളികളുടെ ഒരു കാര്യമേ.... പണ്ട് ഒരു വീട് പണിയണമെങ്കില്‍ നാട്ടിലുള്ള മേസ്തിരിമാരുടെ ലിസ്റ്റ് ഉണ്ടാക്കും അതില്‍നോക്കിയാവും ആളും തരവും വേര്‍തിരിക്കല്‍. പിന്നീടങ്ങോട്ട് പണിയാണ് വീട് പണി. വനം കോരാനുള്ള പണിക്കാര്‍ക്കായി   വെളുപ്പിന് തന്നെ ഓട്ടം തുടങ്ങും. അങ്ങ് എറണാകുളത്താണെങ്കില്‍ കലൂര്‍ ബസ്സ്റ്റാന്‍ഡിലേക്കും ഇങ്ങ് തൃശൂരില്‍ റൗണ്ടിലേക്കും പക്ഷേ അന്ന് കാണാനൊക്കുന്ന ഒരുപറ്റം ആളുകള്‍ ഇന്നില്ല. ഒരുപക്ഷേ എണ്ണത്തില്‍ തീരെ കുറവ്. നമ്മുടെ അയല്‍വാസികളായ പുരട്ചി തലൈവി മക്കള്‍ തമിഴര്‍.....കൃത്യമായി പറഞ്ഞാല്‍ പാണ്ടികള്‍, അണ്ണാച്ചികള്‍ എന്നുവിളിപ്പേരുള്ളവര്‍.തമിഴ്നാട്ടില്‍ മിനിമം കൂലി വര്‍ധിപ്പിച്ചപ്പോള്‍ കൂട്ടത്തോടെ സ്വന്തംനാട്ടിലേക്ക് ചേക്കേറി. ഇവിടെ നൂറുരൂപക്കും എണ്‍പത് രൂപക്കും അടിമകളെപോലെ പണിയെടുത്തിരുന്ന പട്ടിണികോലങ്ങള്‍ ഇന്നില്ല. ഏറ്റവും വലിയ കോമഡി അതല്ല. അവര്‍ ഇവിടം വിട്ടപ്പോഴല്ളേ കാര്യങ്ങള്‍ അറിയുന്നത്. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയും അതില്‍ കൃഷിയുമുള്ളവര്‍ വരെ ഇവിടെ വന്ന് പണിയെടുക്കുന്നുണ്ടായിരുന്നു. കാലത്തിന്‍െറ മാറ്റവും മലയാളികളുടെ പറ്റിക്കലും മനസ്സിലായപ്പോള്‍ അവരും കൂലി കൂട്ടിച്ചോദിച്ച് തുടങ്ങി. അങ്ങനെ അവരെ തഴഞ്ഞ് പുതിയൊരു തൊഴിലാളി വര്‍ഗം കേരളക്കരയിലേക്ക് എത്തി. ആദ്യം ഗുജറാത്ത് കലാപത്തിന്‍െറ ബാക്കിപത്രമായി കുറെ ഗുജറാത്തികള്‍,
സിംഗൂര്‍ പ്രശ്നവുമായി ബംഗാളികളും പിറകെ ഉള്‍ഫയുടെയും മാവോയിസ്റ്റുകളുടെയും പേരില്‍ കുറെ ആസാമികളും. എന്തായാലും മലയാളിക്ക് കുശാല്‍...........ഇന്ന് നാട്ടിലും നഗരത്തിന്‍െറ മുക്കിലും മൂലയിലും നോക്കിയാല്‍ പോലും ഇവരെ കാണാം നേരം വെളുക്കുമ്പോള്‍ മുതല്‍ അസ്തമയം വരെ. കത്തിച്ചു വിടുന്ന ബീരി (ബീഡി) യുടെ പുകയും മുഷിഞ്ഞ ഇറുകിയ ജീന്‍സ് പാന്‍റും ടീഷര്‍ട്ടും ചൈനാ മൊബൈലില്‍ നിന്ന് ഉയരുന്ന അന്യഭാഷാ ഗാനങ്ങളും ഇവരുടെ  ട്രേഡ് മാര്‍ക്കാണ്.
എറണാകുളത്തെ പെരുമ്പാവൂരിലായിരുന്നു ഇവര്‍ ആദ്യം എത്തിയിരുന്നത്്. പൈ്ളവുഡ് ഫാക്ടറിയിലേക്ക് ഇടനിലക്കാര്‍ ഇവരെ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന് മറ്റ് സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ടി മാത്രം ഞായറാഴ്ച ചന്തകളും പ്രവര്‍ത്തിക്കുന്നു.ഒരു വീട് വാകകക്കെടുത്താല്‍ അഞ്ച് മുറികളുണ്ടെങ്കില്‍ അഞ്ച് സംസ്ഥാനക്കാര്‍ താമസിക്കുന്നു. ബംഗാളിലേക്കും ആസാമിലേക്കുമുള്ള തീവണ്ടികളില്‍ കാലുകുത്താന്‍പോലും ഇടമില്ലാതെയാണ് യാത്രകള്‍. ഏതായാലും മലയാളികള്‍ക്ക്  ബംപര്‍ അടിച്ചപോലെയാണ് മറ്റുസംസ്ഥാനങ്ങളില്‍ കലാപം ഉണ്ടാകുന്നത്. കാരണം തുച്ഛമായ തുകക്ക് പണിക്കാര്‍ റെഡി. ആരെന്നോ എവിടെ നിന്ന് എന്നോ ഒന്നും വേണ്ട ഇനിയവന്‍ കള്ളനോ കൊലപാതകിയോ തീവ്രവാദിയോ എന്നും നോക്കണ്ട  റോഡുപണിക്കും വീടുപണിക്കും ഹോട്ടലിലും എന്നുവേണ്ട എല്ലാറ്റിനും അവരെ  മതി. മലയാളി മലയാളം മറക്കുമ്പോള്‍  വയറ്റുപിഴപ്പിനായി ബംഗാളിയും ആസാമിയും ഗുജറാത്തിയും മലയാളം പഠിക്കുന്നു. മലയാളത്താന്‍മാരെ സ്തുതി.............................

Tuesday, March 26, 2013

കച്ചറ കാല്‍നടക്കാരും കൂതറ ഓട്ടോക്കാരും





കച്ചറകാല്‍നടക്കാരും കൂതറ ഓട്ടോക്കാരും കൊലകൊല്ലി ബസുകളും തൃശൂരിലെ ഇരുചക്രവാഹനയാത്രികരുടെ നിയന്ത്രണം വിടുവിക്കുന്നു എന്നുവേണം പറയാന്‍. എല്ലാ കാല്‍നടക്കാരും എല്ലാ ഓട്ടോക്കാരും ബസുകളുമല്ല കേട്ടോ. ഒരു അമ്പത് ശതമാനം പേരും എന്നുതന്നെ പറയാം. തൃശൂര്‍ റൗണ്ട് എന്ന സമര,സഞ്ചാര, സംഘര്‍ഷവൃത്തത്തില്‍ നാല്‍ക്കാലികളായ വടക്കുന്നാഥന്‍െറ കാളകള്‍ക്ക് മാത്രം സുഖസവാരി. ബാക്കി ഇരുകാലി ഗണങ്ങളാവട്ടെ ഇരുചക്രവാഹനങ്ങളോ നാലുചക്രവാഹനങ്ങളോ വരുന്നുണ്ടോ എന്നുനോക്കി നില്‍ക്കും കുറുകെ ചാടാനെ. എത്ര ബോധവല്‍ക്കരണം നടത്തിയാലും ശരി ഞങ്ങള്‍ നന്നാവില്ല എന്നാണ് ഇവരുടെ രീതി. ഇനി പ്രസിദ്ധമായ തൃശൂര്‍ റൗണ്ട് മുഴുവന്‍ വരയന്‍ കുതിര വരവരച്ചാലും അതിലൂടെ മാത്രം ഇവര്‍ നടക്കില്ല. സീബ്രാ ലൈനുകള്‍ കണ്ടാലും മാറിനടക്കുകയാണ് ഇക്കൂട്ടര്‍. തിരക്കുള്ള സ്ഥലങ്ങളില്‍ അടിപ്പാത ഉണ്ടെങ്കിലും ആര് നടക്കാന്‍ മറ്റുളളവര്‍ക്കിട്ട് അപ്പോള്‍ പണികൊടുക്കാന്‍ പറ്റില്ലല്ളോ. പുതിയ നിയമം വന്നപ്പോള്‍ ബസിലെ കിളികള്‍ക്ക് വാതിലില്‍ അടിച്ച് ശബ്ദം ഉണ്ടാക്കാന്‍ പാടില്ളെന്നാണ് എന്നാല്‍ ഇവിടെ അങ്ങനല്ല കേട്ടോ തൊട്ടടുത്ത് വന്നിട്ടാണ് അടിക്കുക ചിലപ്പോള്‍ ഒന്ന് തെറിവിളിച്ചാലോ എന്ന് വിളിക്കുകയും ചെയ്യും ആര് കേള്‍ക്കാന്‍ .

ശരം വിട്ടപോലല്ളെ അവന്‍മാര് പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ വാഹനം വാങ്ങി റോട്ടിലോടിക്കാന്‍ നികുതിയും കൊടുത്ത് വണ്ടി നിരത്തിലിറക്കിയാല്‍ കാല്‍നടക്കാരന്‍െറ സൗകര്യത്തിനനുസരിച്ച്  വേണം ഓടിക്കാന്‍ എന്നതിന്‍െറ ഒൗചിത്യമാണ് മനസ്സിലാവാത്തത്്. റോഡ് അവരുടെ മാത്രമാണ് എന്നാണ് ഈ കന്നാലികളുടെ വിചാരം. പോലീസ് എന്ന ജാതി വേറെയും ഹെല്‍മറ്റ് ഇല്ലാത്തവനെ ഓടിച്ച് പിടിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അല്ലാതെ  നിയമം ലംഘിച്ച് റോഡിന് കുറുകെ തോന്നും പോലെ നടക്കുന്നവനെ പിടിക്കാനല്ല.കഷ്ടം തന്നെ തൃശൂരില്‍ വണ്ടിയോട്ടുക അത്ര എളുപ്പല്ലാട്ടോ..........