Sunday, September 25, 2011

അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്


അങ്ങനെ ന്ധര്‍വനും എത്തിപ്പോയ്
ഗാനസൂത്രങ്ങള്‍ കൊണ്ട്  നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ലോകമലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും സ്ഥാനം പിടിച്ച ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയില്‍ അവസാനം  വെള്ളിവെളിച്ചത്തില്‍ വെള്ളിനക്ഷത്രമായി ഗാനഗന്ധര്‍വനും എത്തി. മലയാളം എന്ന ഭാഷയെ മംഗ്ലീഷില്‍ അവതരിപ്പിക്കുന്ന അവതാരക രഞ്്ജിനി ഹരിദാസും സംഘവും അവസാനം ആ ഉദ്യമത്തില്‍ വിജയിച്ചു എന്നു വേണം കരുതാന്‍ .സംഗീതലോകത്തേക്ക് എന്നു പറയുമ്പോള്‍ സംഗീതം കൊണ്ട് നേടുന്ന ഫാന്റസിയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ചൂണ്ടുപലകയാണിപ്പോള്‍ സ്റ്റാര്‍സിംഗര്‍ മെഗാഷോ. നേരത്തെ പാട്ടുമാത്രം മതിയായിരുന്നെങ്കില്‍ ഇന്ന് അതുമാത്രം പോര നന്നായി നടിക്കാനറിയണം നടനവുമറിയണം.എന്നാലെ ചെറുസന്ദേശങ്ങളിലൂടെ വലിയ ലോകത്തേക്ക് പറന്നുയരാനാവൂ. തീര്‍ന്നില്ല ജനകീയനാവണമെങ്കില്‍ നാടായ നാടുമുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ വെക്കണം സന്ദേശമാപിനികളിലെ എണ്ണം കുറയാതെ നോക്കുകയും വേണം. പുത്തന്‍ സംഗീത താരങ്ങളെ പിന്നീട് കാണണമെങ്കില്‍ മഷിനോട്ടക്കാരെ തന്നെ വേണ്ടിവരും.
 സംഗീതാധിഷ്ഠിത റിയാലിറ്റി ഷോകള്‍ക്കെതിരെ വിമര്‍ശങ്ങളഴിച്ചു വിട്ട ദാസേട്ടന്‍ തന്നെ ദാസ്യവേല ചെയ്തതുകണ്ടപ്പോള്‍ ശെã! എന്നുതോന്നി. പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ക്ക് വേദിയൊരുക്കുന്നവര്‍ തന്നെ അവരെ സമ്മര്‍ദത്തിലാക്കുന്നത് കണ്ട് പ്രതികരിച്ചിരുന്നവരെയൊക്കെ ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഏഷ്യാനെറ്റിനു കഴിഞ്ഞു എന്നുള്ളത് പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതിന് അടിവരയിട്ടപോലെയായി. അതിലുപരി യുവതീ യുവാക്കളെ നസീര്‍സാറും ഷീലയുമൊക്കെയായി അഭിനയിപ്പിച്ച് ഒരു വിവാഹജീവിതം തന്നെ അവര്‍ക്കൊരുക്കിക്കൊടുക്കയും ചെയ്യുന്നു എന്നതും നമ്മള്‍ കാണേണ്ടതാണ്. ഒരു എപ്പിസോഡിന് ലക്ഷങ്ങള്‍ എണ്ണിവാങ്ങുന്നതും സംഗതികള്‍ മാത്രം ഇല്ലാത്തതുമായ ജഡ്ജ്മാര്‍ പട്ടിണിക്കാരനോ കാരിയോ പാടുമ്പോള്‍ കരയുകയും ആശ്ലേഷിക്കുകയും ആഭരണങ്ങള്‍ വരെ ഊരിക്കൊടുമ്പോള്‍ ഈ പരിപാടിയുടെ ജനകീയത ചാനല്‍ നേരത്തെ ആസൂത്രണം ചെയ്തതുപോലെ എന്നു തോന്നിപ്പോകുന്നു. സന്ദേശങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന കമ്പനിക്കെതിരെ കോടതിയില്‍ വരെ പരാതിപ്പെട്ടവര്‍ ഇന്നില്ല.
ഏതായാലും സ്റ്റാര്‍ സിംഗറിന്റെ കാലം.  ഓരോ ഭാഗങ്ങളും കഴിയുന്തോറും ഉടുതുണിയുടെ നീളം കുറച്ചുവരുന്ന രഞ്ജിനി ഹരിദാസിനെ കുറച്ചു ഭാഗങ്ങള്‍ക്ക് ശേഷം എങ്ങനെ കാണേണ്ടിവരും കാത്തിരിക്കുക. പുതിയ സംഗീത പ്രതിഭകളെ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇനിയിപ്പോള്‍ നമ്മുടെ ഗാനഗന്ധര്‍വനെ തന്നെ ജഡ്ജിന്റെ റോളില്‍ കാണേണ്ടി വരുമോ.........................

Monday, September 12, 2011

പുലികളിറങ്ങി...................


പുലികളിറങ്ങി...................

അത്തം കറുത്തപ്പോള്‍  മലയാളികള്‍ ഒന്നടങ്കം പറഞ്ഞു ഓ ഇനി ഓണം വെളുക്കുമെന്ന്. എന്നിട്ട്  എന്തായി  അത്തോം കറുത്തു ഓണോം കറുത്തു. അടുത്ത ചോദ്യം ഇത് മാത്രമായിരുന്നു ഇനി പുലിക്കളിയുടെ അന്ന് എന്താവോ? ആവോ. മഴമേഘങ്ങള്‍ മാറി നിന്ന് തൃശൂരില്‍ പുലകളിറങ്ങി നാടിനെയും നാട്ടാരെയും പുളകം കൊള്ളിച്ച് അങ്ങിനെ ഒരാവൃത്തികൂടി  അരമണി കിലുങ്ങിയൊഴിഞ്ഞു. കുമ്പ കുടവയര്‍ കുലുക്കിയും അരമണി ഇളക്കിയും മദിച്ചും ആര്‍ത്തുല്ലസിച്ചും ആര്‍പ്പുവിളിച്ചും രാത്രിയുടെ കരിനിഴലില്‍ കരിമ്പുലികളും ചെമ്പുലികളും നാട്ടിലിറങ്ങി.ഇത് തൃശൂരിന്റെ മാത്രം പ്രത്യേകത തന്നെ.ലോകത്തിന്റെ ഏതുകോണിലിരുന്നും ഓണമാഘോഷിക്കുന്ന മലയാളികളുടെ മനസ്സില്‍ നിറയുന്ന പുലിക്കളി തൃശൂരില്‍ മല്‍സരരൂപത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ മഴമേഘങ്ങള്‍ പേടിച്ചുതന്നെ ഓടിയൊളിച്ചതാവണം. പൂരത്തിനാണോ പുലിക്കളിക്കാണോ കൂടുതല്‍ പുരുഷാരം എന്നുചോദിച്ചാല്‍ ഇത്തവണ കുറച്ച് ബുദ്ധിമുട്ടിപ്പോയേനെ അത്രയ്ക്ക് തിരക്ക്. പക്ഷെ സാധാരണയില്‍ കുറവ് പുലിക്കളി സംഘങ്ങളേ ഇത്തവണ രംഗത്തുണ്ടായിരുന്നുള്ളൂ. കോട്ടപ്പുറം, സീതാറാം മില്‍, കൊക്കാലെ, കാനാട്ടുകര ഇങ്ങനെ പോകുന്നു ഇക്കുറി ലിസ്റ്റിലുള്ളവര്‍.സര്‍ക്കാര്‍ നല്‍കുന്ന സഹായധനം തീരെ കുറവ്. ഇത്രയും ജനസഞ്ചയം മാറോടണക്കുമ്പോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം ഇവരെയും ഇവരുടെ ദുരിതവും കാണുന്നില്ല. തലേന്നാള്‍ രാത്രി മുതല്‍ ദേഹത്തെ രോമം മുഴുവന്‍ കളഞ്ഞ്  വിയര്‍പ്പ് സുഷിരങ്ങള്‍ വരെ അടച്ചുകൊണ്ടുള്ള ചായമിടലും പെയിന്റടിയും പുലിക്കൊട്ടിന്റെ ആരോഹണാവരോഹണത്തിനനുസരിച്ച് കുടവയറും
അരമണിയും കുലുക്കിയുള്ള ചുവടും കിലോമീറ്റര്‍ താണ്ടിയുള്ള നടപ്പും പാടേ തളര്‍ത്തുന്നതൊന്നും ആരും അറിയുന്നില്ല. ഇതിനുശേഷം ഈചായമെല്ലാം കഴുകി വൃത്തിയാക്കാന്‍ മണ്ണെണ്ണ വേണം ലിറ്ററിന് 40രൂപ. മണ്ണെണ്ണയില്‍ കുളിച്ചാലും നിറം മാറാന്‍ പിന്നെയും സമയമെടുക്കും. ഇതൊന്നും കാണാന്‍ ആരുമുണ്ടാവില്ല. ആരോ പറയും പോലെ തിരശãീലക്കു പിന്നില്‍ എന്ത് നടന്നാലും അറിയാന്‍ ആരും ശ്രമിക്കില്ല. പുലികള്‍ പിന്നെയും കാത്തിരിക്കും മഴയില്ലാത്ത തെളിഞ്ഞമാനത്തിനായും കാണാനും നെഞ്ചേറ്റാനും ഒരു പുരുഷാരത്തെ.......

Thursday, September 1, 2011

മഴ പെയ്യുകയാണ്..........................


മഴ പെയ്യുകയാണ്..........................
ഓര്‍മകളില്‍ പെയ്യുന്ന മഴകള്‍ക്ക് തീര്‍ത്തും ശബ്ദം കുറവാണ് അത് ഒരു ചാറ്റല്‍മഴയാണ്. കാറ്റില്‍ ചരിഞ്ഞും പാറിപ്പറന്നും പതിക്കുമ്പോള്‍ രോമകൂപങ്ങളില്‍ വരെ തണുപ്പിന്റെ ഒരു മൃദുസ്പര്‍ശം മാത്രം. അത് ഹൃദയം കൊണ്ട് തൊട്ടറിയുമ്പോള്‍ ചിലപ്പോള്‍ പ്രണയമാവാം വിരഹമാവാം വേദനകളാവാം ഓര്‍മകളുടെ ഉണര്‍ത്തലാവാം തലോടലാവാം എന്തുമാവാം.ആകാശമേലാപ്പിന് കീഴെ പ്രകൃതി വരക്കുന്ന ഈ നേര്‍രേഖകള്‍ നമ്മില്‍ ഉണര്‍ത്തുന്നത് ഏതു വികാരമായാലും അത് ചിലപ്പോഴൊക്കെ ഒരു സാന്ത്വനം തന്നെ നല്‍കുന്നു. ഓര്‍മകളുടെ ജാലകം തുറന്നിടുമ്പോഴെല്ലാം ആരോടും ചോദിക്കാതെ നനവായി തന്നെ മഴത്തുള്ളിയെത്തുന്നു പിന്നീട് കവിളിലൂടെ ചുടുചാലുകള്‍ തീര്‍ക്കുമ്പോഴും മഴയുടെ സ്നേഹം നാം തിരിച്ചറിയുന്നു.
 കാത്തിരിപ്പുകളും കൂടിച്ചേരലുകളും പിന്നെയുള്ള യാത്രാമൊഴികളും മഴയില്‍ അലിയുമ്പോള്‍ മഴ പലരിലും വെറുപ്പുകളുടെ വിദ്വേഷത്തിന്റെ അലകളുയര്‍ത്തുന്നു. പാതിവഴിയില്‍ പിരിയുന്ന യാത്രകള്‍ പ്രതീക്ഷകളെ ചവിട്ടിമെതിച്ച് വിശ്വാസമെന്ന പാലത്തെ തകര്‍ത്തെറിഞ്ഞ് പായുമ്പോഴും വികാരവായ്പുകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുകയാണീ മഴ.