മഴ പെയ്യുകയാണ്..........................
ഓര്‍മകളില്‍ പെയ്യുന്ന മഴകള്‍ക്ക് തീര്‍ത്തും ശബ്ദം കുറവാണ് അത് ഒരു ചാറ്റല്‍മഴയാണ്. കാറ്റില്‍ ചരിഞ്ഞും പാറിപ്പറന്നും പതിക്കുമ്പോള്‍ രോമകൂപങ്ങളില്‍ വരെ തണുപ്പിന്റെ ഒരു മൃദുസ്പര്‍ശം മാത്രം. അത് ഹൃദയം കൊണ്ട് തൊട്ടറിയുമ്പോള്‍ ചിലപ്പോള്‍ പ്രണയമാവാം വിരഹമാവാം വേദനകളാവാം ഓര്‍മകളുടെ ഉണര്‍ത്തലാവാം തലോടലാവാം എന്തുമാവാം.ആകാശമേലാപ്പിന് കീഴെ പ്രകൃതി വരക്കുന്ന ഈ നേര്‍രേഖകള്‍ നമ്മില്‍ ഉണര്‍ത്തുന്നത് ഏതു വികാരമായാലും അത് ചിലപ്പോഴൊക്കെ ഒരു സാന്ത്വനം തന്നെ നല്‍കുന്നു. ഓര്‍മകളുടെ ജാലകം തുറന്നിടുമ്പോഴെല്ലാം ആരോടും ചോദിക്കാതെ നനവായി തന്നെ മഴത്തുള്ളിയെത്തുന്നു പിന്നീട് കവിളിലൂടെ ചുടുചാലുകള്‍ തീര്‍ക്കുമ്പോഴും മഴയുടെ സ്നേഹം നാം തിരിച്ചറിയുന്നു.
കാത്തിരിപ്പുകളും കൂടിച്ചേരലുകളും പിന്നെയുള്ള യാത്രാമൊഴികളും മഴയില്‍ അലിയുമ്പോള്‍ മഴ പലരിലും വെറുപ്പുകളുടെ വിദ്വേഷത്തിന്റെ അലകളുയര്‍ത്തുന്നു. പാതിവഴിയില്‍ പിരിയുന്ന യാത്രകള്‍ പ്രതീക്ഷകളെ ചവിട്ടിമെതിച്ച് വിശ്വാസമെന്ന പാലത്തെ തകര്‍ത്തെറിഞ്ഞ് പായുമ്പോഴും വികാരവായ്പുകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുകയാണീ മഴ.
No comments:
Post a Comment