Monday, August 29, 2011

കാക്ക കുളിച്ചാല്‍ കൊക്കാവുമോ


കാക്ക കുളിച്ചാല്‍ കൊക്കാവുമോ
ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യന് മൃഗങ്ങളേക്കാള്‍ വിവേചനബുദ്ധി കുറയുന്നതിന് കാരണമെന്താണാവോ.അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന തോന്നലാവാം അപകര്‍ഷബോധമോ ഈഗോയുമാകാം എന്തെങ്കിലും ആണെന്ന തോന്നലുമാവാം.സ്വന്തം സ്വത്വം എന്തെന്നറിയാത്തവന്റെ ഒരു പുലമ്പലാവാം.
 പണ്ടത്തെ കാരണവന്‍മാരുടെ ഭാഷയില്‍ പട്ടികുരച്ചാല്‍  പടി തുറക്കുമോ എന്നൊക്കെ ചോദിക്കാം. ഇല്ലേല്‍ ആലുമുളച്ച കഥപോലെ. അതും തണലായികാണുന്നവരുമാവാം.ഏതായാലും സംഗതി കലക്കി.പുലമ്പലുകളിലൂടെ കിട്ടുന്നതും സ്വത്വബോധത്തിന്റെ തിരിച്ചറിവിലൂടെ കിട്ടുന്നതും ഇവര്‍ക്ക് ഒന്നുതന്നെ. ലക്ഷണമൊത്ത കൈയ്യാല്‍ ഒന്നുകിട്ടിയാല്‍ തീരുന്നതെന്ന് ശാസ്ത്രമതം .
കൊടുക്കുന്ന കൈയുടെ ബലമാണ് പ്രധാനം ചില തൊഴിലിടങ്ങള്‍ ഇങ്ങനാണ് പോലും.കൊടുക്കുന്നവനും കിട്ടുന്നവനും സമ്മാനം കിട്ടുമത്രേ.എന്നാല്‍ അങ്ങനൊന്ന് നോക്കാന്‍ തീരുമാനിക്കുന്നു. ഈദ് മുബാറക്ക്

Friday, August 26, 2011

നിനക്കായ്


നിനക്കായ് 
ഒരായുസ്സിന്റെ കണക്ക് പുസ്തകം നിവര്‍ത്തി ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോഴും ശൂന്യത മാത്രം. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഓര്‍മയുടെ നേര്‍ത്ത വെളിച്ചത്തില്‍ ഇനിയും തുറക്കാത്ത പുസ്തകത്താളില്‍ പെറ്റുപെരുകി കാത്തിരിക്കുകയാണ് മയില്‍പ്പീലികള്‍.എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിക്കുമെന്നോ എന്നറിയാതെ യാത്രകള്‍. വാക്കുകളില്‍ കിനിയാത്ത നോവിന്റെ ഭാഷ്യം അത് ആരെ കുറിച്ചായിരിക്കും. അതെ നിന്നെ കുറിച്ചു തന്നെ. മണലാരണ്യത്തിലെ നിന്റെ മൌനസഞ്ചാരത്തെ കുറിച്ചുതന്നെ. വാചാലതയുടെ വിശാലലോകം മറച്ചുവച്ച് മൌനത്തിന്റെ മുഖപടമണിഞ്ഞ് നീ പിന്നെയും ഒളിക്കുന്നു. ഉയരുന്ന മണല്‍കാറ്റിലും  കാലം തെറ്റി മണ്ണിനെ നനക്കാന്‍ പോലുമാവാതെ കടന്നുപോവുന്ന മഴയുടെ ഔദാര്യം പോലെ.വഴിപിരിഞ്ഞൊഴുകുന്ന നദികളെപോലെ തീരമണയാത്ത കുത്തൊഴുക്ക് എവിടെ ചെന്ന് എത്തുമീ യാത്ര.
തകര്‍ന്നു വീണ വിശ്വാസങ്ങളുടെ പ്രണയപ്രമാണത്തിന്റെ ബാക്കിപത്രം കനല്‍പോലെ നെരിപ്പോടില്‍ സൂക്ഷിക്കുന്നതെന്തിന്. ആരും വിളിക്കില്ലയെങ്കിലും കാത്തിരിപ്പിന്റെ ഒരു പിന്‍വിളിക്കായോ ഈ മൌനത്തിന്റെ യാത്ര.

Sunday, August 21, 2011

വെറുതെ ഒരെഴുത്ത്



വെറുതെ ഒരെഴുത്ത് 
ഇന്നത്തെ നാട്ടിലേക്കുള്ള യാത്ര എന്റെ പോറ്റമ്മയുടെ മരണവാര്‍ത്ത അറിഞ്ഞുള്ളതായിരുന്നു. ഫോണിലൂടെ കേട്ടപ്പോള്‍ യാന്ത്രികതയുടെ ലോകത്തെ ഒരു യന്ത്രംപോലെയായി.വെറുതെ കണ്ണിന് പകരം മനസ്സിലൂടെ ഒരു വിങ്ങല്‍.ഞാന്‍ ഇങ്ങനെ ജീവിക്കുന്നതില്‍ നിര്‍ണായക ഭാഗഥേയം അവരുടേതായിരുന്നു.അസുഖം കൂടുതലാണെന്ന് പെറ്റമ്മ പറഞ്ഞപ്പോള്‍ ഒരിക്കലും കരുതിയില്ല മരിക്കുമെന്ന്. പെറ്റുവീണപ്പോള്‍ മുതല്‍ അസുഖത്തിന്റെ കൂടായിരുന്ന എന്നെ പരിചരിച്ചതും അവര്‍ തന്നെ.നാട്ടില്‍ ചെല്ലുമ്പോള്‍ മുണ്ടും നേരിയതും കുറച്ച് വെറ്റിലയും നൂറുരൂപയും അതായിരുന്നു കടം വീട്ടലിന്റെ ആദ്യപടി. കടം വീട്ടലല്ല പക്ഷെ അതിന് തിരിച്ചുകിട്ടിയ സ്നേഹം ഇപ്പോഴാണ് അറിയുന്നത്. എത്തിയപ്പോള്‍ തന്നെ സമുദായബോര്‍ഡില്‍ സമയം എഴുതി തൂക്കിയിരിക്കുന്നു.കൈയിലെ സമയസുചിയില്‍ കഷ്ടി പത്തുമിനിറ്റ് മാത്രം ഒരു നോക്കുകാണാന്‍ ഓടുക തന്നെ യായിരുന്നു.എത്തുമ്പോഴേക്ക് അവസാനവട്ട വിളിച്ചുചൊല്ലല്‍ ഇനിയാരെങ്കിലുമുണ്ടോ കാണാന്‍ എന്ന ചോദ്യം ഉണ്ടെന്ന് മതിലിന് പുറത്തുനിന്നേ ഞാന്‍ പറഞ്ഞു. വെള്ളി മേഘത്തില്‍ പൊതിഞ്ഞ് കസവ് പുടവയുടുത്ത് ശാന്തമായുറങ്ങുന്നു എന്റെ ആ അമ്മ. അറിയില്ല  കാല്‍മുട്ട് താഴ്ത്തി ആ കാലില്‍ തൊട്ടപ്പോള്‍ കണ്ണുകളില്‍ കണ്ണുനീര്‍ വറ്റിയിരുന്നു. കൂടിയിരുന്നവര്‍ ആശ്ചര്യപ്പെട്ടു അവരോട് എനിക്കെന്ത് ബന്ധമെന്ന്  പറഞ്ഞറിയിക്കാന്‍ നില്‍ക്കാതെ തിരിച്ചിറങ്ങി അപ്പോഴാണ് അമ്മ ചോദിക്കുന്നത് നീ വരുമെന്ന് കരുതിയില്ലെന്ന്. ഒറ്റയാനായിരുന്നപ്പോഴൊന്നും ആരുടെയടുത്തും ചെല്ലാതിരുന്നപ്പോളെല്ലാം ഞാന്‍ ആ അമ്മമ്മയുടെ അടുത്തെത്തുമായിരുന്നു. ഇനി അങ്ങനൊന്ന് ഇല്ല. അഗ്നിയുടെ കരങ്ങള്‍ അമ്മമ്മയെ കൊണ്ടുപോകുമ്പോഴും കണ്ണ് വറ്റി തന്നെ നിന്നു.ബന്ധങ്ങളുടെ കണ്ണികള്‍ ഒരു വശത്ത് അകലുമ്പോള്‍ വന്നുചേരുന്നതും ബന്ധങ്ങള്‍ തന്നെ.
ബന്ധങ്ങളുടെ ആഴപ്പരപ്പിലേക്ക് ഊളിയിടുമ്പോള്‍ എനിക്കും കിട്ടി ഒരു അനുജത്തിയെ എന്നു കാണുമെന്നറിയാത്ത പാവയെപോലിരിക്കുന്ന അനിയത്തിക്കുട്ടിയെ.

അണ്ണായെന്ന കള്ളനാണയം


അണ്ണായെന്ന കള്ളനാണയം
അണ്ണാ ഹസാരേ സ്വതന്ത്ര ഇന്ത്യയിലെ അഭിനവ ഗാന്ധിയെന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യക്കരനെന്ന നിലയില്‍ പറയാനും പറഞ്ഞുകേള്‍ക്കാനും അത്ര സുഖമുള്ള ഒന്നല്ല. ആരാണീ ഹസാരേ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്കുനേരെ ആളുകളെ കൂട്ടി  വാളോങ്ങി നില്‍ക്കുന്ന ഫിനോമിനന്‍ (മലയാളം അതിയാന് ചേരില്ല). ആഗോളവത്കരണത്തിന്റേയും സവര്‍ണമേധാവിത്വത്തിന്റെയും പട കൊടികുത്തിവാഴുന്ന നമ്മുടെ ഇന്ത്യയില്‍ അഴിമതിക്കെതിരെ മാത്രം ശബ്ദിക്കാന്‍ നമുക്ക് എന്തിന് ഇനിയൊരു ഹസാരേ ഗാന്ധി. ജനാധിപത്യ സംഹിതയിലെ അമരക്കാര്‍ക്കുനേരെ വെല്ലുവിളി ഉയര്‍ത്താന്‍മാത്രം ആരാണ് ഈ ഹസാരേ. മറാത്താ ദര്‍ബാറില്‍ നിന്ന്  തികച്ചും ഫ്യൂഡല്‍ വ്യവസ്ഥിതി പുലര്‍ത്തിപ്പോരുന്ന ഹിന്ദുമതത്തിന്റെ വക്താവാണ് ഈ മഹാന്‍.  
നാട്ടിലെ കുറ്റങ്ങള്‍ക്ക് പ്രാകൃത രീതിയിലുള്ള ശിക്ഷകള്‍ നല്‍കി ഒറ്റയാള്‍ ഭരണം നടത്തുന്ന ഹസാരേ എങ്ങനെ ഗാന്ധിയനാവും.കോര്‍പറേറ്റുകളുടെയും കുറച്ച് ഹിന്ദുമത വക്താക്കളുടെയും നോമിനിയും ദലിതരായ നാട്ടുകാരില്‍ ജാതിവ്യവസ്ഥയുടെയും കപട രാജ്യസ്നേഹത്തിന്റെ വര്‍ണവിഷം കുത്തിവെക്കുന്ന ഈ നാട്ടുരാജാവിനെ കപടം മുഖം തിരിച്ചറിയണമെങ്കില്‍ റാലിഗന്‍ സിദ്ദി എന്ന ഗ്രാമത്തെപറ്റിമാത്രം അറിഞ്ഞാല്‍ മതി.visit madhyamam.com

Saturday, August 20, 2011

അങ്ങനെ ജോണ്‍സന്‍ മാഷും പോയി


അങ്ങനെ ജോണ്‍സന്‍ മാഷും പോയി


മലയാള സിനിമാരംഗത്ത് ശുദ്ധസംഗീതത്തിന്റെ തായ്വേരായ ജോണ്‍സന്‍ മരിച്ചു കാലയവനികക്കുള്ളിലായി. പക്ഷെ അപദാനങ്ങളും വാഴ്ത്തലുകളുമായി കേരളത്തിലെ താര,സാംസ്കാരിക,നേതാക്കളുമെത്തി. ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാതെ കപടതയുടെ മുഖംമൂടിയണിഞ്ഞവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിത്തുടങ്ങി.എപ്പോഴും മനുഷ്യന്റെ കാര്യം അങ്ങനെയാണല്ലോ. ജീവിച്ചിരുന്നപ്പോള്‍ മലയാള സിനിമാലോകത്തിന്റെ ഗാനപശ്ചാത്തലങ്ങളിലേക്ക് കോറിയിട്ട സംഗീതം അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. റോക്കും പോപ്പും ഡിജെയും ആസ്വദിക്കുന്ന ഇന്നത്തെ തലമുറ എന്തുപറയാന്‍. നഷ്ടം മലയാളത്തിന്റെ ഗന്ധമുള്ള സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം. മലയാളസിനിമാലോകം നന്ദികേട് കാട്ടി കോപ്പ് കൊടചക്രം അങ്ങനെ തുടരുന്നു അഭിപ്രായപ്രകടനങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ എവിടെയായിരുന്നു ഈ മഹാന്‍മാരെല്ലാവരും മരിച്ചപ്പോള്‍ ഒരു പുഷ്പചക്രവുമായി ക്ള്ളക്കണ്ണീരുമായി എത്തുന്നു കപട സദാചാരവാദികള്‍.
ഏതായാലും പത്രങ്ങള്‍ക്കും തലക്കെട്ടുകള്‍ക്കും ഒരു കുറവും വരുത്തിയില്ല അദ്ദേഹം. ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകമായും, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടിയ പൂത്തുമ്പിയായും ജോണ്‍സന്‍മാഷ് ജീവിക്കട്ടെ ശുദ്ധസംഗീതത്തിന്റെ ലോകത്ത്..........................