നിനക്കായ് ഒരായുസ്സിന്റെ കണക്ക് പുസ്തകം നിവര്‍ത്തി ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോഴും ശൂന്യത മാത്രം. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഓര്‍മയുടെ നേര്‍ത്ത വെളിച്ചത്തില്‍ ഇനിയും തുറക്കാത്ത പുസ്തകത്താളില്‍ പെറ്റുപെരുകി കാത്തിരിക്കുകയാണ് മയില്‍പ്പീലികള്‍.എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിക്കുമെന്നോ എന്നറിയാതെ യാത്രകള്‍. വാക്കുകളില്‍ കിനിയാത്ത നോവിന്റെ ഭാഷ്യം അത് ആരെ കുറിച്ചായിരിക്കും. അതെ നിന്നെ കുറിച്ചു തന്നെ. മണലാരണ്യത്തിലെ നിന്റെ മൌനസഞ്ചാരത്തെ കുറിച്ചുതന്നെ. വാചാലതയുടെ വിശാലലോകം മറച്ചുവച്ച് മൌനത്തിന്റെ മുഖപടമണിഞ്ഞ് നീ പിന്നെയും ഒളിക്കുന്നു. ഉയരുന്ന മണല്‍കാറ്റിലും കാലം തെറ്റി മണ്ണിനെ നനക്കാന്‍ പോലുമാവാതെ കടന്നുപോവുന്ന മഴയുടെ ഔദാര്യം പോലെ.വഴിപിരിഞ്ഞൊഴുകുന്ന നദികളെപോലെ തീരമണയാത്ത കുത്തൊഴുക്ക് എവിടെ ചെന്ന് എത്തുമീ യാത്ര.
തകര്‍ന്നു വീണ വിശ്വാസങ്ങളുടെ പ്രണയപ്രമാണത്തിന്റെ ബാക്കിപത്രം കനല്‍പോലെ നെരിപ്പോടില്‍ സൂക്ഷിക്കുന്നതെന്തിന്. ആരും വിളിക്കില്ലയെങ്കിലും കാത്തിരിപ്പിന്റെ ഒരു പിന്‍വിളിക്കായോ ഈ മൌനത്തിന്റെ യാത്ര.

No comments:
Post a Comment