വെറുതെ ഒരെഴുത്ത്
ഇന്നത്തെ നാട്ടിലേക്കുള്ള യാത്ര എന്റെ പോറ്റമ്മയുടെ മരണവാര്‍ത്ത അറിഞ്ഞുള്ളതായിരുന്നു. ഫോണിലൂടെ കേട്ടപ്പോള്‍ യാന്ത്രികതയുടെ ലോകത്തെ ഒരു യന്ത്രംപോലെയായി.വെറുതെ കണ്ണിന് പകരം മനസ്സിലൂടെ ഒരു വിങ്ങല്‍.ഞാന്‍ ഇങ്ങനെ ജീവിക്കുന്നതില്‍ നിര്‍ണായക ഭാഗഥേയം അവരുടേതായിരുന്നു.അസുഖം കൂടുതലാണെന്ന് പെറ്റമ്മ പറഞ്ഞപ്പോള്‍ ഒരിക്കലും കരുതിയില്ല മരിക്കുമെന്ന്. പെറ്റുവീണപ്പോള്‍ മുതല്‍ അസുഖത്തിന്റെ കൂടായിരുന്ന എന്നെ പരിചരിച്ചതും അവര്‍ തന്നെ.നാട്ടില്‍ ചെല്ലുമ്പോള്‍ മുണ്ടും നേരിയതും കുറച്ച് വെറ്റിലയും നൂറുരൂപയും അതായിരുന്നു കടം വീട്ടലിന്റെ ആദ്യപടി. കടം വീട്ടലല്ല പക്ഷെ അതിന് തിരിച്ചുകിട്ടിയ സ്നേഹം ഇപ്പോഴാണ് അറിയുന്നത്. എത്തിയപ്പോള്‍ തന്നെ സമുദായബോര്‍ഡില്‍ സമയം എഴുതി തൂക്കിയിരിക്കുന്നു.കൈയിലെ സമയസുചിയില്‍ കഷ്ടി പത്തുമിനിറ്റ് മാത്രം ഒരു നോക്കുകാണാന്‍ ഓടുക തന്നെ യായിരുന്നു.എത്തുമ്പോഴേക്ക് അവസാനവട്ട വിളിച്ചുചൊല്ലല്‍ ഇനിയാരെങ്കിലുമുണ്ടോ കാണാന്‍ എന്ന ചോദ്യം ഉണ്ടെന്ന് മതിലിന് പുറത്തുനിന്നേ ഞാന്‍ പറഞ്ഞു. വെള്ളി മേഘത്തില്‍ പൊതിഞ്ഞ് കസവ് പുടവയുടുത്ത് ശാന്തമായുറങ്ങുന്നു എന്റെ ആ അമ്മ. അറിയില്ല കാല്‍മുട്ട് താഴ്ത്തി ആ കാലില്‍ തൊട്ടപ്പോള്‍ കണ്ണുകളില്‍ കണ്ണുനീര്‍ വറ്റിയിരുന്നു. കൂടിയിരുന്നവര്‍ ആശ്ചര്യപ്പെട്ടു അവരോട് എനിക്കെന്ത് ബന്ധമെന്ന് പറഞ്ഞറിയിക്കാന്‍ നില്‍ക്കാതെ തിരിച്ചിറങ്ങി അപ്പോഴാണ് അമ്മ ചോദിക്കുന്നത് നീ വരുമെന്ന് കരുതിയില്ലെന്ന്. ഒറ്റയാനായിരുന്നപ്പോഴൊന്നും ആരുടെയടുത്തും ചെല്ലാതിരുന്നപ്പോളെല്ലാം ഞാന്‍ ആ അമ്മമ്മയുടെ അടുത്തെത്തുമായിരുന്നു. ഇനി അങ്ങനൊന്ന് ഇല്ല. അഗ്നിയുടെ കരങ്ങള്‍ അമ്മമ്മയെ കൊണ്ടുപോകുമ്പോഴും കണ്ണ് വറ്റി തന്നെ നിന്നു.ബന്ധങ്ങളുടെ കണ്ണികള്‍ ഒരു വശത്ത് അകലുമ്പോള്‍ വന്നുചേരുന്നതും ബന്ധങ്ങള്‍ തന്നെ.
ബന്ധങ്ങളുടെ ആഴപ്പരപ്പിലേക്ക് ഊളിയിടുമ്പോള്‍ എനിക്കും കിട്ടി ഒരു അനുജത്തിയെ എന്നു കാണുമെന്നറിയാത്ത പാവയെപോലിരിക്കുന്ന അനിയത്തിക്കുട്ടിയെ.
No comments:
Post a Comment