Friday, February 25, 2011

koi jab tumhara hriday thod de tadaptha hua jab koi chod de

 koi jab tumhara hriday thod de tadaptha hua jab koi chod de


കൊയി ജബ് തുമാര ഹൃദയ് തോട് ദേ തടപ്താ ഹുവാ ജബ് കൊയി ഛോട്  ദേ തബ് തും മെരേ പാസ് ആനാ പ്രിയേ മെരാ ദര്‍ ഖുലാ ഹെ ഖുലാഹി രഹേഗാ തെരേ  ലി യേ..............
വലിയ പാട്ടുകാരനൊന്നുമല്ലെങ്കിലും ഒരു വലിയ ഗാനാസ്വാദകനെന്ന നിലയില്‍ കേട്ടപ്പോള്‍ കുറച്ചുനേരം അങ്ങ് ഇരുന്ന് പോയി. കേള്‍ക്കാന്‍ ഇമ്പമുള്ള നല്ല സംഗീതം കേട്ടാലും ചുണ്ടില്‍ വീണ്ടും വരുന്ന വരികള്‍. മലയാളത്തില്‍ ഉണ്ടായതുപോലെ മനസ്സിനുള്ളില്‍ തങ്ങി നില്‍ക്കുന്ന പ്രണയഗാനം പോലെയുള്ള ഒന്ന്. കേട്ടപ്പോള്‍ ഒരുകാര്യം ഓര്‍മവന്നത് പെട്ടെന്നാണ് ഫെബ്രുവരി 14ന് എത്ര കാമുകന്‍മാര്‍ ഇത് പാടിക്കാണും. ഞാന്‍ ഈ അടുത്ത് കേട്ടത് എന്റെ കാമുക സുഹൃത്ത് തന്റെ പ്രാണപ്രിയക്ക് ഫോണിലൂടെ പാടിക്കൊടുക്കുന്നു അവള്‍ അങ്ങേത്തലക്കല്‍ സുഖമായുറങ്ങുന്നു.എതായാലും എഴുപതുകളില്‍ ഈപാട്ടെഴുതിയ ഇന്ദീവര്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല  കല്ല്യാണ്‍ജി ആനന്ദ്ജിമാരുടെ മാസ്മരിക സംഗീതത്താല്‍ തലമുറകള്‍ കൈമാറി കൈമാറി സജീവമാകുമെന്ന്. മുകേഷ് ദായുടെ ആലാപനം കൂടിയായപ്പോള്‍ ആപൊന്നും കുടത്തിന് ഒരു പൊട്ടുമായി. അന്നത്തെ ബോളിവുഡ് ചക്രവര്‍ത്തി അശോക്കുമാറും മനോജ്കുമാറും സൈരാഭാനുവും അഭിനയിച്ച പൂരബ് പശ്ചിം എന്ന സിനിമയിലേതാണ് ഗാനം.പാടുന്നവനുണ്ടോ വല്ലതും അറിയുന്നു.
തകര്‍ന്ന ഹൃദയവുമായി കാമിനി പിണങ്ങിയാലും ഈ പാട്ടുംപാടി നടക്കും. ഈ പാട്ടെന്നല്ല ഹിന്ദി സിനിമയിലെ പ്രണയഗാനങ്ങളില്‍ പലതും കാമുകഹൃദയങ്ങള്‍ക്ക് അഭിനിവേശം നല്‍കുന്നതാണ്. ഒരുപക്ഷേ തകര്‍ന്ന പ്രണയിതാക്കള്‍ക്കും മലയാള ഗാനങ്ങളേക്കാളേറെ ഹിന്ദിഗാനങ്ങളോടാണ് താല്‍പര്യം. പ്രണയിക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വം വീട്ടുകാരില്‍ നിന്ന് കിട്ടുന്നതിനും മേലെയാണെന്നാണ് കാമിനിമാരുടെ പക്ഷം. അര്‍ഥമറിയില്ലെങ്കില്‍ കൂടിയും ഹിന്ദി ഗാനങ്ങളോടാണ് കാമുകീകാമുകന്‍മാര്‍ക്കിഷ്ടം.മലയാളത്തിലെ ഗാനങ്ങളില്‍ കാവ്യാത്മകത കൂടി ചേരുമ്പോള്‍ അര്‍ഥതലങ്ങളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവുന്നതാണ് ഇത്തരക്കാര്‍ക്ക് അസ്വീകാര്യമാവുന്നത്. എന്നാല്‍ ഹിന്ദിയിലാവട്ടെ വാമൊഴിയായുള്ളതെല്ലാം നല്ല സംഗീതത്തിന്റെ മേമ്പൊടി ചേര്‍ത്ത് മധുരിതമാക്കും. അത്തരത്തിലുള്ള തെരഞ്ഞെടുത്ത ഗാനങ്ങളാണ് കിഷോര്‍കുമാറിന്റേത്. മേരെ നേനാ...... ,ഹമേ തുംസെ പ്യാര്‍........,അങ്ങനെയൊരു നീണ്ടനിര തന്നെയുണ്ട്. തികച്ചും മധുരതരമായ ഗാനങ്ങള്‍. ഇനിയും പ്രണയം തകര്‍ന്ന കാമുക,കാമുകി ഹൃദയങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാം മേരാ ദര്‍ ഖുലാ ഹെ ഖുലാ ഹി രഹേഗാ തുമാരെലിയേ.............

Wednesday, February 23, 2011

അപകടകരമീ യാത്ര.......... കാണാന്‍ കണ്ണുണ്ടായാല്‍ മാത്രം പോര...................



അപകടകരമീ യാത്ര..........
കാണാന്‍ കണ്ണുണ്ടായാല്‍ മാത്രം പോര...................


വാഹനങ്ങള്‍ പെരുകുന്ന നഗര സംസ്കാരം  നമ്മുടെ ജീവനു തന്നെ ഭീഷണിയാവുമ്പോള്‍
ഈ സംസ്കാരത്തെ പുല്ലുപോലെ നേരിടുകയാണ് തൃശൂര്‍ ജില്ലക്കാര്‍.ദിനംപ്രതി വാഹനങ്ങള്‍ നഗരത്തിലേക്ക് കുത്തൊഴുക്ക് പോലെയെത്തുമ്പോഴും ഇവിടത്തുകാര്‍ക്ക് പേടിയില്ല. ഒരുപക്ഷേ ആശുപത്രികള്‍ നഗരപ്രദേശത്ത് കൂടുതലുള്ളതും ഈ പേടിയില്ലായ്മ കൊണ്ടാവാം.സാംസ്കാരിക നഗരമായതുകൊണ്ടും ഉല്‍സവങ്ങളുടെയും പൂരങ്ങളുടെയും പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെയും നാട്ടില്‍ റോഡിലിറങ്ങിയാല്‍ ആനയെമാത്രമേ പേടിക്കൂ.എന്നാല്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആനയായ കെ.എസ്.ആര്‍.ടി.സി ബസിനെപ്പോലും ഇവിടെ ഇവര്‍ നിലക്കുനിര്‍ത്തുന്നു. എന്നാല്‍ ഏറ്റവും അപകടകാരി  ഇടുക്കിക്കാരന്‍ നാട്ടുവഴിയിലൂടെ ഒറ്റക്കുവന്നപ്പോള്‍  മലവണ്ട് എന്നുപറഞ്ഞ് ഓടിയ സാക്ഷാല്‍ ഓട്ടോറിക്ഷ. ഒരു ലക്കും ലഗാനുമില്ലാതെ ഇടതടവില്ലാതെ ഇക്കൂട്ടര്‍ സസുഖം വാഴുന്നു.തൃശൂര്‍ജില്ലയിലെ റോഡുകളുടെ അവകാശികള്‍ എന്ന അഹങ്കാരവും ഇവര്‍ക്ക് തന്നെ.ഇവര്‍ക്കും മേലെയാണ് കാല്‍നടക്കാര്‍ ആനയോ മലവണ്ടോ വന്നോട്ടെ കണ്ടുകളയാം എന്നമട്ടാണ് ഈ ഇരുകാലികള്‍ക്ക്.ഹൈദരാബാദ്,ബാംഗ്ലൂര്‍ പോലുള്ള ഹൈടെക് നഗരങ്ങളില്‍ പോലും ലക്ഷക്കണക്കിന് വാഹനങ്ങള്‍ക്കിടയിലൂടെ വീടണയുന്നവര്‍ എങ്ങാനും തൃശൂരിലെത്തിയാല്‍ മൂക്കത്ത്് വിരല്‍ വെക്കാന്‍ സമയം കിട്ടാതെ തലകറങ്ങി വീണുപോകും.ചിലപ്പോഴൊക്കെ നഗരവീഥികള്‍ കൈയ്യടക്കാറുള്ള വടക്കുന്നാഥന്‍ അമ്പലത്തിലെ കാളകള്‍ വരെ ഗതാഗത നിയമങ്ങള്‍ അനുസരിച്ചാലും മനുഷ്യന്‍ എന്ന കാല്‍നടക്കാരന്‍ അഹങ്കാരത്തിന്റെ ശബ്ദമുയര്‍ത്തി ഗതാഗതതടസ്സമുണ്ടാക്കുന്നു. വട്ടങ്ങളുടെ (റൌണ്ട്) നഗരമായ ഇവിടെ വണ്ടിയോടിക്കാന്‍ മറ്റു നാടുകളിലെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് മാത്രം പോര, കുറച്ച് അധികം ക്ഷമകൂടി വേണം.നഗരഹൃദയത്തിലെ റൌണ്ടില്‍ സ്വകാര്യബസുകള്‍ പാമ്പിനെ പോലെ വളഞ്ഞും പുളഞ്ഞും സര്‍വീസ് നടത്തുന്നു. ചിലപ്പോഴൊക്കെ ഒരു തീവണ്ടിയുടെ മെയ്വഴക്കത്തോടെ വീശിവരുന്നത് കാണുമ്പോള്‍ ജീവനെടുത്ത് ബാങ്ക് ലോക്കറില്‍ വെച്ചാലോ എന്ന് തോന്നും.വാശിക്കാര്‍ വേറെയുമുണ്ട് ഇരുചക്രവിഭാഗക്കാര്‍ കുന്തമുനപോലെ എവിടെയും അവര്‍ കുത്തിക്കയറും. പക്ഷേ പലപ്പോഴും ഇവര്‍ ആനയിടിച്ചോ മലവണ്ട് ഇടിച്ചോ ആശുപത്രികളില്‍ കുത്തിക്കീറാന്‍ പാകത്തിലെത്താറാണ് പതിവ്.എന്നാണാവോ ഇതിന് ഒരറുതി ഉണ്ടാവുക.കഴിഞ്ഞ ദിവസം ഐ.ജി ബി.സന്ധ്യമേഡം പറഞ്ഞു ഞാന്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ഇരുചക്രവാഹനം നിരോധിക്കുമെന്ന് എന്തെളുപ്പം പറഞ്ഞു. സത്യത്തില്‍ ഈ ജില്ലയില്‍ ആരാണ് അപകടകാരികള്‍. റോഡവികൃതരുടെ വിക്രിയകള്‍ വേറെ. ഏതാണ്ട് എല്ലാ നാല്‍ക്കവലകളിലും ദൂരം കണക്കാക്കാതെ സീബ്രാ ക്രോസിങ്ങുകള്‍  വരച്ചിരിക്കുന്നു.തെളിയാത്ത നിയന്ത്രണ ലൈറ്റുകള്‍,പോലീസില്ലാത്ത എയ്ഡ്പോസ്റ്റുകള്‍. സമയംതെറ്റി പാഞ്ഞുവരുന്ന സ്വാകാര്യബസുകള്‍ക്ക് മുന്നില്‍ വരെ കൂസലില്ലാതെ റോഡ് മുറിച്ച് കടക്കുന്ന വൃദ്ധന്‍മാര്‍.കോടികള്‍ മുടക്കി നഗരത്തില്‍ നിര്‍മിച്ച സബ്വേകള്‍ നഗരത്തിന് അലങ്കാരവും കൊതുകുകള്‍ക്ക് അഭയവുമാകുന്നു.എന്തായാലും ആശുപത്രികള്‍ക്ക് നല്ലകാലം തന്നെ.ഇവിടെ ആരാണ് കുറ്റക്കാര്‍ നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസോ? അതോ സ്വബോധമില്ലാതെ വരയന്‍കുതിരയെ അവഗണിച്ച് റോഡ് മുറിച്ച് കടക്കുന്ന പൊതുജനമോ?കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന്റെ അഴിമതി കേസ് അന്വേഷണം പോലെ നാളെ നാളെ നീളെ നീളെ............

Monday, February 21, 2011

think about this on THIS THINKING DAY

think about this on THIS THINKING DAY



ലോകസ്കൌട്ട് സംഘടനയുടെ സ്ഥാപകന്‍ ബേഡന്‍ പവലിന്റെ 154ാം ജന്മദിനമാണ് ഇന്ന്.എല്ലാ സ്കൌട്ടുകളും ഗൈഡുകളും ശുചീകരണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടും സേവന സന്നദ്ധതയിലൂന്നിയ പരിപാടികള്‍ ആവിഷ്കരിച്ചും തിങ്കിങ് ഡേ ആചരിക്കുന്നു. ലോകത്തിലെ യൂണിഫോം അണിയുന്ന ഏറ്റവും വലിയ സേവന സംഘടനയായ സ്കൌട്ടിങ്ങിലും നമ്മള്‍ ദൈനംദിന ജീവിതത്തില്‍ കേള്‍ക്കുന്ന പീഡനകഥകള്‍ ഉണ്ട്. സേവനത്തിന്റെ പേരില്‍ ഇത്തരം സംഘടനയെ അഴിമതിയുടെ കൂത്തരങ്ങാക്കപ്പെടുകയും ചെയ്യുന്നുണ്ട്. സേവനം എന്നതിലുപരി 60 മാര്‍ക്ക് വെറുതെ കിട്ടുന്നു എന്നതാണ് കുട്ടികളെയും രക്ഷിതാവിനെയും ആകര്‍ഷിക്കുന്ന വസ്തുത. അങ്ങ് തിരുവനന്തപുരം സംസ്ഥാന ഹെഡ് ക്വാര്‍ട്ടേഴ്സ് മുതല്‍ അഴിമതിയുടെ കറപുരണ്ട കഥകള്‍ കേള്‍ക്കാം.മുമ്പന്തിയില്‍ എറണാകുളം പോലെ സമ്പന്നമായ ജില്ലയും. ക്യാമ്പുകള്‍ക്ക് കുട്ടികളില്‍ നിന്ന് ഉയര്‍ന്ന തുകയീടാക്കുകയും മോശമായ ഭക്ഷണം നല്‍കുകയും ചെയ്യുന്നു.രാത്രി അധ്യാപകന്‍മാര്‍ ഈ പണം കൊണ്ട് കള്ളുകുടിച്ച് പൂസാകുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പറ്റുന്നു. ജില്ലാ ഓഫിസിലെ തന്നെ ലക്ഷക്കണക്കിന് രൂപയുടെ സ്ഥാവര ജംഗമവസ്തുക്കള്‍ വിറ്റ് കാശുണ്ടാക്കുന്നു. ദേശീയ ക്യാമ്പുകള്‍ നടത്തി വീടും സ്ഥലവും വാങ്ങുന്നു.കൊല്ലത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകവരെയുണ്ടായി. രാജപുരസ്കാറും രാഷ്ട്രപതി അവാര്‍ഡുകള്‍ രൂപക്ക് തൂക്കി വില്‍ക്കപ്പെടുന്ന ഇക്കാലത്തും നോര്‍ത്ത് ഇന്ത്യയില്‍ ഈ പ്രസ്ഥാനം ഒരു വട വൃക്ഷം പോലെ പന്തലിച്ചു നില്‍ക്കുന്നു. മുന്‍ സംസ്ഥാന സെക്രട്ടറി  22ലക്ഷം രൂപ അടിച്ചുമാറ്റി വീട് വെച്ചു.പിടിക്കപ്പെട്ട കുറച്ച് പണം തിരികെ കൊടുത്ത് തടിയൂരി. കൂട്ട് നിന്ന ക്ലര്‍ക്കിന്റെ പണിപോയി.എറണാകുളം ജില്ലയില്‍ സ്കൌട്ട് മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. പ്രമുഖ വ്യാപാരിയുടെ കൈവെട്ടി ലക്ഷങ്ങള്‍ കവര്‍ന്നതും  ഇവര്‍തന്നെ. ഇവരെ എതിര്‍ത്താല്‍ വീട്ടില്‍ കയറിയാണ് ഭീഷണി. ഇത് ഭീകര സംഘടനയോ അതോ സേവന സംഘടനയോ? ഈ ചിന്താദിനത്തിലെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.എസ്.എസ്.എല്‍.സി പഠിക്കാതെ തന്നെ  ജയിക്കാന്‍ ഒറ്റമൂലിയായിരുന്നു സ്കൌട്ടിങ്. ലോകരാജ്യങ്ങള്‍ ഈ സംഘടനയെ നല്ലതിനായി ഉപയോഗിക്കുമ്പോള്‍ എന്തിന് നമ്മുടെ  അയല്‍സംസ്ഥാനങ്ങളില്‍ തന്നെ ഇത് ഫലപ്രദമാകുമ്പോള്‍ നമ്മുടെ കേരളത്തില്‍ ലൈംഗികപീഡനങ്ങള്‍ക്കുവരെ ഈ സംഘടനയെ ഉപയോഗിക്കുന്നു. ചിന്തിക്കൂ ഒരുമാറ്റം അനിവാര്യമല്ലേ?

Sunday, February 20, 2011

ഇതില്‍ ഏതാണ് നാടിന്റെ വികാരം? ഏതാണ് രാജ്യത്തിന്റേത്?

ഇതില്‍ ഏതാണ് നാടിന്റെ വികാരം? ഏതാണ് രാജ്യത്തിന്റേത്?

2010 ജൂണ്‍ 26ന് ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലെ നെല്‍സണ്‍മണ്ടേല ബേയില്‍ ലോകകാല്‍പ്പന്തുകളിക്ക് പന്തുരുണ്ടപ്പോള്‍ ഇങ്ങ് നമ്മുടെ കൊച്ചുകേരളവും അക്ഷരാര്‍ഥത്തില്‍ കോരിത്തരിക്കുകയായിരുന്നു.കേരളത്തില്‍ എത്തിയ വിദേശികള്‍ ഞെട്ടിക്കാണണം. ഒരു ലോകതെരഞ്ഞെടുപ്പിന്റെ പ്രതീതിതന്നെ കാരണം. എവിടെ തിരിഞ്ഞുനോക്കിയാലും സ്പെയിന്‍,ഹോളണ്ട്,ബ്രസീല്‍,അര്‍ജന്റീന,ഇംഗ്ലണ്ട്...........  കൊടിയും തോരണങ്ങളും, സ്ഥാനാര്‍ഥികളെപോലെ കക്കാ,മെസ്സി,ലാംപാഡ്..........അങ്ങനെയും നമ്മള്‍ കാല്‍പന്തുകളിയെ വരവേറ്റു. കൊച്ചുകേരളത്തിലെ കണ്ണൂരിലെ  സി.പി.എം,ആര്‍.എസ്.എസ്
ഗ്രാമങ്ങള്‍പോലെ  ഇംഗ്ലണ്ടും സ്പെയിനും ബ്രസീലും അര്‍ജന്റീനയും ഫ്രാന്‍സും ജര്‍മനിയും ഉണ്ടായി.നാട്ടിലെ ഇടവഴികള്‍ പോലും റിയോഡി ജനീറോയും,പോര്‍ട്ട് എലിസബത്തുമായി.മാര്‍ക്കറ്റ് തെരുവോരങ്ങളിലാകട്ടെ ജേഴ്സികളണിഞ്ഞവരും സ്വന്തം വാഹനംവരെ ഇഷ്ട ടീമിന്റെ നിറംചാര്‍ത്തിയും ആവേശമറിയിച്ചു. ലോകഫുട്ബാള്‍ റാങ്കിങ്ങില്‍ സെഞ്ച്വറിക്ക് മുകളിലുള്ള ഇന്ത്യയിലെ കേരളത്തിലാണ് ഈ ആവേശത്തിരയിളക്കമെന്നോര്‍ക്കുമ്പോള്‍ മലയാളികള്‍ കാല്‍പന്തുകളിയെ എത്രമാത്രം നെഞ്ചേറ്റിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.
എന്നാല്‍ 2011 ഫെബ്രുവരി 19 ശനിയാഴ്ച ബംഗ്ലാദേശിലെ ധാക്കയില്‍ ലോകക്രിക്കറ്റിന് പന്ത് എറിഞ്ഞുതുടങ്ങിയപ്പോള്‍ എവിടെപ്പോയി കേരളക്കരയിലെ ആളുകളുടെ ആവേശം.എവിടെയാണ് ഇന്ത്യയുടേതായ തോരണങ്ങള്‍? ഉണ്ട് വമ്പന്‍ പരസ്യക്കമ്പനികള്‍ പ്രതിദിനം ദിനപത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും ആശംസകള്‍ നേരുന്നു.അതിനും ടീമിനും കോടികള്‍ മുടക്കുമ്പോഴും പാവം കാല്‍പന്തുകളി ഇവിടെ ഊര്‍ധ്വന് അവസരം കാത്ത് കിടക്കുന്നു.ഫുട്ബാള്‍ ലോകത്തിന്റെ തന്നെ വികാരമാണെങ്കിലും കേരളത്തിന് അതിനും മേലെയാണത്.ക്രിക്കറ്റാകട്ടെ ഒരുപണിയുമില്ലാതെ ഇരിക്കുന്നവന്റെ നേരമ്പോക്ക് മാത്രമാവുന്നു ഇവിടെ.തുടര്‍ച്ചയായി 8 മണിക്കൂര്‍ ടെലിവിഷന്റെ മുന്നിലിരുന്ന് 11 പേരില്‍ ഒരാളുടെ പ്രകടനം മാത്രം വണ്‍മാന്‍ഷോയായി മാറുമ്പോള്‍ വെറും ഒന്നരമണിക്കൂര്‍ നേരം നമ്മുടെ ഹൃദയമിടിപ്പിനെ തന്നെ നിയന്ത്രിക്കുന്ന ഐക്യത്തിന്റെ സംഘടിത ആക്രമണമായി മാറുകയാണ് ഫുട്ബാള്‍. നൃത്തച്ചുവടുകള്‍പോലെ മനോഹരമായ ഡോഡ്ജിങ്ങും ഡ്രിബിളിങ്ങും  വൈഡുകളും നോബോളുകളും പോലെ നമ്മെ അലോസരപ്പെടുത്തുന്നില്ല.പെനാല്‍റ്റികള്‍ തന്നെ നമ്മുടെ ഹൃദയമാപിനികളെ ഉയര്‍ത്തുമ്പോള്‍ തുടക്കത്തിലെ വിക്കറ്റുവീഴ്ചകള്‍ നമ്മുടെ ദിവസത്തെ തന്നെ നശിപ്പിക്കുന്നു. പക്ഷെ സിക്സറുകള്‍ അത്മാറ്റിമറിക്കുന്നുമുണ്ട്.ഇതെല്ലാം മാണെങ്കില്‍ കൂടി ഇന്ത്യക്കാരന്‍ എന്ന രാജ്യസ്നേഹമുണരുമ്പോള്‍ അഹങ്കാരിയായ കേരളത്തിന്റെ അശാന്തകുമാരന്‍ ശ്രീശാന്തും റെക്കോര്‍ഡുകളുടെ തോഴന്‍ സച്ചിനേയും പരസ്യകുമാരനായ ധോനിയെയും പാര്‍ട്ടികളുടെ വിഷവിത്തായ യുവരാജിനെയും സിക്സറുകളുടെ ദൈവമായ പത്താനെയും വീരനായ വീരുവും വിരാടനായ കോഹ്ലിയെയും ടര്‍ബണേറ്റര്‍ ഹര്‍ബജനേയുമെല്ലാം നമുക്ക് കൈവിടാനൊക്കുമോ? ഇല്ല ഒരിക്കലുമില്ല  1973 ലോകകപ്പിന്റെ തുടച്ചപോലെ എല്ലാ വിജയങ്ങളും ആശംസിക്കാം.നേരത്തേ തീരുമാനിച്ചുറപ്പിച്ച പോലെയാവില്ല ഈ ക്രിക്കറ്റ് മാമാങ്കം എന്ന് വിശ്വസിക്കാനും സാധിക്കില്ല. രൂപകൊടുത്ത് നോബോളും വൈഡും എറിയുമ്പോഴും നാലുവര്‍ഷം കാത്തിരുന്ന് വിഡ്ഢിപ്പെട്ടിക്ക് മുന്നിലിരിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മളും പമ്പര വിഡ്ഢിയാവുന്നു.ഇനിയും സെഞ്ച്വറിക്ക് മുകളിലുള്ള ലോകഫുട്ബാള്‍ റാങ്കും ഒരിക്കലെങ്കിലും താഴേക്ക് എത്തുമോയെന്ന സംശയത്തെ തല്‍ക്കാലം മറക്കാം

Thursday, February 17, 2011

ലോകസമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സേവനസന്നദ്ധതയുടെയും പാലകന്‍

ലോകസമാധാനത്തിന്റെയും 
സാഹോദര്യത്തിന്റെയും
സേവനസന്നദ്ധതയുടെയും പാലകന്‍


വിശ്വസഹോദര്യവും ലോകസമാധാനവും ഉയര്‍ത്തിപ്പിടിക്കുന്ന  യൂണിഫോം അണിയുന്ന ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡന്‍ പൌവ്വല്‍ എന്ന ബി.പിയുടെ 154ാമത് ജന്മദിനമാണ് ഫെബ്രുവരി 22.
1857 ഫെബ്രുവരി 22ന് എച്ച്.ജി.ബേഡന്‍ പൌവ്വലിന്റെയും ഹെന്റീത്താ സ്മിത്തിന്റെയും മകനായി  സര്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പൌവ്വല്‍ സ്റ്റാന്‍ഹോപ്പില്‍  ജനിച്ചു.ബാല്യകാലവും തന്റെ സ്കൂള്‍ ജീവിതവും ജ്യേഷ്ഠന്‍മാരോടും അമ്മയോടൊപ്പവുമായിരുന്നു മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു.ജ്യേഷ്ഠന്‍മാര്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും മാറ്റി  വേറെ സ്കൂളിലായിരുന്നു ബി.പിയെന്ന കൊച്ചു സ്റ്റെഫിയെ പഠിപ്പിച്ചിരുന്നത്. ഒറ്റക്കുള്ള വനയാത്രയും പ്രകൃതിപഠനവും സ്റ്റെഫിയുടെ വിനോദമായിരുന്നു. പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ലെങ്കിലും സ്കൂളിലെ മറ്റ് പ്രവൃത്തികളിലും സ്പോര്‍ട്സ് രംഗത്തും സ്റ്റെഫിയെ വെല്ലാന്‍ ആരുംതന്നെയില്ലായിരുന്നു.ഫുട്ബാളും ബാസ്ക്കറ്റ് ബാളും സൈക്കിളിങ്ങും ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്റ്റെഫി അഭിനയത്തിലും നേതൃപാടവത്തിലും ഏറെ തിളങ്ങിയിരുന്നു. ഒറ്റക്കുള്ള വനയാത്രകളില്‍ കുന്തംപോലുള്ള ആയുധമുണ്ടാക്കി മുയലുകളെ വേട്ടയാടി ഭക്ഷിച്ചിരുന്നു.യുവാവായ ബി.പി അച്ഛനെ പോലെ പട്ടാളത്തിലേക്ക് ചേക്കേറി.
പട്ടാളത്തിലും ബി.പി തന്റേതായ ഇടം കണ്ടെത്തിയിരുന്നു. കേണലായ ബി.പിയെ ലോകം അദ്ഭുതത്തോടെ സ്വീകരിച്ചത് മേഫ്കിങ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അന്നത്തെ ട്രാന്‍വാല്‍ ഗവണ്‍മെന്റും ബ്രിട്ടിഷ് ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം വഷളായതോടെ ദക്ഷിണാഫ്രിക്കയുടെ ഹൃദയഭാഗമായ മേഫ്കിങ് പ്രദേശത്തിന്റെ നിയന്ത്രണം ലഭിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയില്‍ അധികാരം നടത്തുമെന്നായി.  ട്രാന്‍വാല്‍ പട്ടാളം മേഫ്കിങ് വളഞ്ഞ് 217 ദിവസം ഉപരോധിച്ചു. ഉപരോധത്തിന്റെ നാളുകളില്‍ അവിടുത്തെ കുട്ടികളെ സംരക്ഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ബി.പിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലോര്‍ഡ് എഡ്വേഡ് സിസില്‍ ഒമ്പത് വയസ്സിന് മുകളിലുള്ള കുട്ടികളെ സംഘടിപ്പിച്ച് മേഫ്കിങ് കോപ്സ് എന്നപേരില്‍ ഒരുസംഘത്തെ രൂപപ്പെടുത്തി ഉപരോധത്തിനിടയില്‍ രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിനും ചാരപ്രവൃത്തികള്‍ക്കുമായി ഉപയോഗിച്ചു. ബി.പി അതില്‍ ഏറെ ആകൃഷ്ടനായി.ഈ സംഭവമായിരുന്നു പിന്നീട് സ്കൌട്ടിങ് ആരംഭിക്കാന്‍ പ്രചോദനമായത്.
പട്ടാളജീവിതം കഴിഞ്ഞാണ് കുട്ടികള്‍ക്കായി ഒരു സംഘടന ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി ബി.പി സ്കൂളുകളിലേക്ക് ഒരു വിജ്ഞാപനമിറക്കി  കുട്ടികള്‍ക്കായി ഒരു ക്യാമ്പ് നടത്തപ്പെടുന്നു താല്‍പര്യമുള്ള കുട്ടികള്‍ എത്തുക. ക്യാമ്പിന് ബി.പിയുടെ സുഹൃത്തായ ചാള്‍സ്വാന്‍ റാള്‍ട്ടിന്റെ സ്വന്തം ദ്വീപായ ഇംഗ്ലണ്ടിന്റെ തെക്കെക്കരയില്‍ പൂള്‍ തുറമുഖത്തില്‍ നിന്ന് രണ്ടുമൈല്‍ അകലെ 500 ഏക്കറുള്ള ബ്രൌണ്‍സി ഐലന്റ് തെരഞ്ഞെടുത്തു. സ്കൌട്ടിങ്ങിനായി ആദ്യമായി നടന്ന പരീക്ഷണക്യാമ്പായിരുന്നു അത്.1907 ജൂലൈ28 ന് 21കുട്ടികളും ബി.പിയും സുഹൃത്ത് മക്ലാരനും ചേര്‍ന്ന ക്യാമ്പ് ചരിത്രമാവുകയായിരുന്നു.55 പവനും 2ഷില്ലിങും 8പെന്‍സുമായിരുന്നു ക്യാമ്പിന്റെ ആകെ ചെലവ്. ബോയ് സ്കൌട്ട് വിജയകരമായ പരീക്ഷണം എന്ന പേരില്‍ 32പേജുള്ള പുസ്തകമിറക്കി ബി.പി കുട്ടികളെയും രക്ഷിതാക്കളെയും ഇതിലേക്ക് ആകര്‍ഷിച്ചു. സ്കൌട്ട് നിയമവും പ്രതിജ്ഞയും നിര്‍മിച്ച് 1908 ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഹംസ് ഓഫ് എന്ന സ്ഥലത്തായിരുന്നു ആദ്യ ഔദ്യേഗിക സ്കൌട്ട് ക്യാമ്പ്. പിന്നീട് ലോകത്തിന്റെ നാനാരാജ്യങ്ങളിലും സ്കൌട്ടിങ് വ്യാപിച്ചു. 1909 ല്‍ ഇന്ത്യയിലും സ്കൌട്ടിങ് തുടങ്ങുകയുണ്ടായി. ബോയ് സ്കൌട്ടിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബി.പിയുടെ ഭാര്യ പെണ്‍കുട്ടികള്‍ക്കായി ഗൈഡിംങ്ങും ആരംഭിച്ചു. ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ ബേഡന്‍ പൌവ്വലിന്റെ നാമം കുറിക്കപ്പെട്ടു.1941 ജനുവരി 8 ന് പുലര്‍ച്ചെ 5.45ന് ആ മഹാത്മാവ് തന്റെ രണ്ടാം ജീവിതവും തീര്‍ത്ത് മടങ്ങി.ബി.പിയുടെ ആഗ്രഹപ്രകാരം കെനിയയിലെ പ്രകൃതി സുന്ദരമായ നയേരിയിലായിരുന്നു അടക്കം ചെയ്തത്.ശാരീരികമായും മാനസികമായും എന്തിനും എപ്പോഴും തയാര്‍ എന്ന ആപ്തവാക്യം  ഇന്നും എന്നും നിലനില്‍ക്കും.ഞാന്‍  വീട്ടിലേകെത്തി എന്ന സ്കൌട്ടിലുപയോഗിക്കുന്ന ചിഹ്നം കല്ലറയില്‍ പതിച്ചതും കാണാം.

Sunday, February 13, 2011

At last അതിജീവനകലയുടെ ആചാര്യനെത്തി

At last അതിജീവനകലയുടെ ആചാര്യനെത്തി

പണ്ട് എന്നുപറഞ്ഞാല്‍ ഏതാണ്ട് 25 വര്‍ഷം മുമ്പ്  ഈ അതിജീവനകലയുടെ മുതലാളി എന്റെ നാട്ടിലെത്തുമ്പോള്‍ ഒരു സ്വമിജിയുടെ ലുക്ക് ഒന്നും ഉണ്ടായിരുന്നില്ല. സ്ഥലം എറണാകുളം ജില്ലയില്‍ ചേരാനല്ലൂരിനടുത്ത്  പള്ളിക്കവലയില്‍ നിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെ കോക്കേരി (എന്റെ അമ്മായിയുടെ വീട്ട് പേര്) തറവാട്ട് മുറ്റത്തെത്തുമ്പോള്‍ ശ്രീരവിശങ്കര്‍ മാത്രമായിരുന്നു. അന്ന് വേഷം ഒരു എക്സിക്യൂട്ടീവ് സ്റ്റൈല്‍.ഒരു സ്ത്രീ ലൈനിലുള്ള അംഗവിക്ഷേപം കണ്ടാല്‍ ഒരു പെണ്ണന്‍.അന്ന് ആവശ്യം ഒരു ഇടത്താവളം മാത്രമായിരുന്നു. പക്ഷെ അവിടെ നിന്നു തന്നെയായിരുന്നു ശങ്കര്‍ജിയുടെ വളര്‍ച്ചയും. എന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും തന്നെയായിരുന്നു അതിജീവനകലയുടെ ആദ്യ ഉപാസകര്‍. അതില്‍ പ്രായം ചെന്ന അമ്മായിയുടെ നടുവേദന പൂര്‍ണമായും മാറിയത് എക്സിക്യൂട്ടീവ് ശങ്കര്‍ജിയുടെ സുദര്‍ശനക്രിയ എന്ന ശ്വസനക്രിയയിലൂടെയായിരുന്നു.  അതായിരുന്നു  ഞങ്ങളുടെ നാട്ടിലെ തുടക്കം.പിന്നീട് ബന്ധുക്കളെല്ലാം ശിഷ്യരും ആരാധകരും അധ്യാപകരുമായി. ഇന്നും അവരുടെ വീടുകളില്‍ ദൈവസമനായി നില്‍ക്കുന്നത് ഇവരെല്ലാം ചേര്‍ന്ന് വളര്‍ത്തിയ ശ്രീരവിശങ്കര്‍.പിന്നീട് ആചാര്യനായി മാറിയപ്പോള്‍ ശ്രീയുടെ എണ്ണം കൂട്ടി ശ്രീശ്രീരവിശങ്കറായി. എങ്ങനെ ദൈവമായി എന്നത് അതിശയം തന്നെയാണ്.ഇന്ന് ബംഗളൂരു അടക്കം സ്വദേശത്തും വിദേശത്തും ശ്രീശ്രീയുടെ വേരോട്ടവും വിളയാട്ടും തന്നെ. ആധുനിക വൈദ്യശാസ്ത്രത്തില്‍ പറയുന്നത് ഈ സുദര്‍ശനക്രിയ എന്ന ശ്വസനക്രിയ പലരിലും പലരീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നാണ്.ആരോഗ്യമേഖലയിലൂടെ ആത്മീയത കച്ചവടച്ചരക്കാക്കുന്നവരുടെ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇയാള്‍.ഇന്ന് അതിജീവനകലാകാരന്റെ പേരില്‍ സ്കൂളുകളും തപോവനങ്ങളും മുളച്ചുപൊങ്ങുന്നു.  ഒരു കാര്യം എന്റെ നാട്ടിലുമുണ്ട് ഇന്ന് അതിജീവകന്റെ ഒരു സ്കൂള്‍. ഒരു പണിയുമെടുക്കാതെ തിന്ന് തിന്ന് ജീവിതം അറ്റാക്കിലേക്ക് നയിക്കുന്ന ലക്ഷങ്ങള്‍ക്ക് വ്യായാമമായി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അതിജീവനകലയുടെ ആചാര്യനും ആള്‍ദൈവവുമായ ഇന്നും സംസാരത്തിലും ചേഷ്ടകളിലും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറയാനാവാത്ത ശ്രീശ്രീരവിശങ്കര്‍ജിയോട് കടപ്പാടുണ്ട്.