Wednesday, February 23, 2011

അപകടകരമീ യാത്ര.......... കാണാന്‍ കണ്ണുണ്ടായാല്‍ മാത്രം പോര...................



അപകടകരമീ യാത്ര..........
കാണാന്‍ കണ്ണുണ്ടായാല്‍ മാത്രം പോര...................


വാഹനങ്ങള്‍ പെരുകുന്ന നഗര സംസ്കാരം  നമ്മുടെ ജീവനു തന്നെ ഭീഷണിയാവുമ്പോള്‍
ഈ സംസ്കാരത്തെ പുല്ലുപോലെ നേരിടുകയാണ് തൃശൂര്‍ ജില്ലക്കാര്‍.ദിനംപ്രതി വാഹനങ്ങള്‍ നഗരത്തിലേക്ക് കുത്തൊഴുക്ക് പോലെയെത്തുമ്പോഴും ഇവിടത്തുകാര്‍ക്ക് പേടിയില്ല. ഒരുപക്ഷേ ആശുപത്രികള്‍ നഗരപ്രദേശത്ത് കൂടുതലുള്ളതും ഈ പേടിയില്ലായ്മ കൊണ്ടാവാം.സാംസ്കാരിക നഗരമായതുകൊണ്ടും ഉല്‍സവങ്ങളുടെയും പൂരങ്ങളുടെയും പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെയും നാട്ടില്‍ റോഡിലിറങ്ങിയാല്‍ ആനയെമാത്രമേ പേടിക്കൂ.എന്നാല്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആനയായ കെ.എസ്.ആര്‍.ടി.സി ബസിനെപ്പോലും ഇവിടെ ഇവര്‍ നിലക്കുനിര്‍ത്തുന്നു. എന്നാല്‍ ഏറ്റവും അപകടകാരി  ഇടുക്കിക്കാരന്‍ നാട്ടുവഴിയിലൂടെ ഒറ്റക്കുവന്നപ്പോള്‍  മലവണ്ട് എന്നുപറഞ്ഞ് ഓടിയ സാക്ഷാല്‍ ഓട്ടോറിക്ഷ. ഒരു ലക്കും ലഗാനുമില്ലാതെ ഇടതടവില്ലാതെ ഇക്കൂട്ടര്‍ സസുഖം വാഴുന്നു.തൃശൂര്‍ജില്ലയിലെ റോഡുകളുടെ അവകാശികള്‍ എന്ന അഹങ്കാരവും ഇവര്‍ക്ക് തന്നെ.ഇവര്‍ക്കും മേലെയാണ് കാല്‍നടക്കാര്‍ ആനയോ മലവണ്ടോ വന്നോട്ടെ കണ്ടുകളയാം എന്നമട്ടാണ് ഈ ഇരുകാലികള്‍ക്ക്.ഹൈദരാബാദ്,ബാംഗ്ലൂര്‍ പോലുള്ള ഹൈടെക് നഗരങ്ങളില്‍ പോലും ലക്ഷക്കണക്കിന് വാഹനങ്ങള്‍ക്കിടയിലൂടെ വീടണയുന്നവര്‍ എങ്ങാനും തൃശൂരിലെത്തിയാല്‍ മൂക്കത്ത്് വിരല്‍ വെക്കാന്‍ സമയം കിട്ടാതെ തലകറങ്ങി വീണുപോകും.ചിലപ്പോഴൊക്കെ നഗരവീഥികള്‍ കൈയ്യടക്കാറുള്ള വടക്കുന്നാഥന്‍ അമ്പലത്തിലെ കാളകള്‍ വരെ ഗതാഗത നിയമങ്ങള്‍ അനുസരിച്ചാലും മനുഷ്യന്‍ എന്ന കാല്‍നടക്കാരന്‍ അഹങ്കാരത്തിന്റെ ശബ്ദമുയര്‍ത്തി ഗതാഗതതടസ്സമുണ്ടാക്കുന്നു. വട്ടങ്ങളുടെ (റൌണ്ട്) നഗരമായ ഇവിടെ വണ്ടിയോടിക്കാന്‍ മറ്റു നാടുകളിലെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് മാത്രം പോര, കുറച്ച് അധികം ക്ഷമകൂടി വേണം.നഗരഹൃദയത്തിലെ റൌണ്ടില്‍ സ്വകാര്യബസുകള്‍ പാമ്പിനെ പോലെ വളഞ്ഞും പുളഞ്ഞും സര്‍വീസ് നടത്തുന്നു. ചിലപ്പോഴൊക്കെ ഒരു തീവണ്ടിയുടെ മെയ്വഴക്കത്തോടെ വീശിവരുന്നത് കാണുമ്പോള്‍ ജീവനെടുത്ത് ബാങ്ക് ലോക്കറില്‍ വെച്ചാലോ എന്ന് തോന്നും.വാശിക്കാര്‍ വേറെയുമുണ്ട് ഇരുചക്രവിഭാഗക്കാര്‍ കുന്തമുനപോലെ എവിടെയും അവര്‍ കുത്തിക്കയറും. പക്ഷേ പലപ്പോഴും ഇവര്‍ ആനയിടിച്ചോ മലവണ്ട് ഇടിച്ചോ ആശുപത്രികളില്‍ കുത്തിക്കീറാന്‍ പാകത്തിലെത്താറാണ് പതിവ്.എന്നാണാവോ ഇതിന് ഒരറുതി ഉണ്ടാവുക.കഴിഞ്ഞ ദിവസം ഐ.ജി ബി.സന്ധ്യമേഡം പറഞ്ഞു ഞാന്‍ അധികാരത്തിലെത്തിയാല്‍ ആദ്യം ഇരുചക്രവാഹനം നിരോധിക്കുമെന്ന് എന്തെളുപ്പം പറഞ്ഞു. സത്യത്തില്‍ ഈ ജില്ലയില്‍ ആരാണ് അപകടകാരികള്‍. റോഡവികൃതരുടെ വിക്രിയകള്‍ വേറെ. ഏതാണ്ട് എല്ലാ നാല്‍ക്കവലകളിലും ദൂരം കണക്കാക്കാതെ സീബ്രാ ക്രോസിങ്ങുകള്‍  വരച്ചിരിക്കുന്നു.തെളിയാത്ത നിയന്ത്രണ ലൈറ്റുകള്‍,പോലീസില്ലാത്ത എയ്ഡ്പോസ്റ്റുകള്‍. സമയംതെറ്റി പാഞ്ഞുവരുന്ന സ്വാകാര്യബസുകള്‍ക്ക് മുന്നില്‍ വരെ കൂസലില്ലാതെ റോഡ് മുറിച്ച് കടക്കുന്ന വൃദ്ധന്‍മാര്‍.കോടികള്‍ മുടക്കി നഗരത്തില്‍ നിര്‍മിച്ച സബ്വേകള്‍ നഗരത്തിന് അലങ്കാരവും കൊതുകുകള്‍ക്ക് അഭയവുമാകുന്നു.എന്തായാലും ആശുപത്രികള്‍ക്ക് നല്ലകാലം തന്നെ.ഇവിടെ ആരാണ് കുറ്റക്കാര്‍ നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസോ? അതോ സ്വബോധമില്ലാതെ വരയന്‍കുതിരയെ അവഗണിച്ച് റോഡ് മുറിച്ച് കടക്കുന്ന പൊതുജനമോ?കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന്റെ അഴിമതി കേസ് അന്വേഷണം പോലെ നാളെ നാളെ നീളെ നീളെ............

No comments:

Post a Comment