ലോകസമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും
സേവനസന്നദ്ധതയുടെയും പാലകന്‍
വിശ്വസഹോദര്യവും ലോകസമാധാനവും ഉയര്‍ത്തിപ്പിടിക്കുന്ന യൂണിഫോം അണിയുന്ന ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡന്‍ പൌവ്വല്‍ എന്ന ബി.പിയുടെ 154ാമത് ജന്മദിനമാണ് ഫെബ്രുവരി 22.
1857 ഫെബ്രുവരി 22ന് എച്ച്.ജി.ബേഡന്‍ പൌവ്വലിന്റെയും ഹെന്റീത്താ സ്മിത്തിന്റെയും മകനായി സര്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പൌവ്വല്‍ സ്റ്റാന്‍ഹോപ്പില്‍ ജനിച്ചു.ബാല്യകാലവും തന്റെ സ്കൂള്‍ ജീവിതവും ജ്യേഷ്ഠന്‍മാരോടും അമ്മയോടൊപ്പവുമായിരുന്നു മൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു.ജ്യേഷ്ഠന്‍മാര്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും മാറ്റി വേറെ സ്കൂളിലായിരുന്നു ബി.പിയെന്ന കൊച്ചു സ്റ്റെഫിയെ പഠിപ്പിച്ചിരുന്നത്. ഒറ്റക്കുള്ള വനയാത്രയും പ്രകൃതിപഠനവും സ്റ്റെഫിയുടെ വിനോദമായിരുന്നു. പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ലെങ്കിലും സ്കൂളിലെ മറ്റ് പ്രവൃത്തികളിലും സ്പോര്‍ട്സ് രംഗത്തും സ്റ്റെഫിയെ വെല്ലാന്‍ ആരുംതന്നെയില്ലായിരുന്നു.ഫുട്ബാളും ബാസ്ക്കറ്റ് ബാളും സൈക്കിളിങ്ങും ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്റ്റെഫി അഭിനയത്തിലും നേതൃപാടവത്തിലും ഏറെ തിളങ്ങിയിരുന്നു. ഒറ്റക്കുള്ള വനയാത്രകളില്‍ കുന്തംപോലുള്ള ആയുധമുണ്ടാക്കി മുയലുകളെ വേട്ടയാടി ഭക്ഷിച്ചിരുന്നു.യുവാവായ ബി.പി അച്ഛനെ പോലെ പട്ടാളത്തിലേക്ക് ചേക്കേറി.
പട്ടാളത്തിലും ബി.പി തന്റേതായ ഇടം കണ്ടെത്തിയിരുന്നു. കേണലായ ബി.പിയെ ലോകം അദ്ഭുതത്തോടെ സ്വീകരിച്ചത് മേഫ്കിങ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.അന്നത്തെ ട്രാന്‍വാല്‍ ഗവണ്‍മെന്റും ബ്രിട്ടിഷ് ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം വഷളായതോടെ ദക്ഷിണാഫ്രിക്കയുടെ ഹൃദയഭാഗമായ മേഫ്കിങ് പ്രദേശത്തിന്റെ നിയന്ത്രണം ലഭിക്കുന്നവര്‍ ദക്ഷിണാഫ്രിക്കയില്‍ അധികാരം നടത്തുമെന്നായി. ട്രാന്‍വാല്‍ പട്ടാളം മേഫ്കിങ് വളഞ്ഞ് 217 ദിവസം ഉപരോധിച്ചു. ഉപരോധത്തിന്റെ നാളുകളില്‍ അവിടുത്തെ കുട്ടികളെ സംരക്ഷിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ബി.പിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ലോര്‍ഡ് എഡ്വേഡ് സിസില്‍ ഒമ്പത് വയസ്സിന് മുകളിലുള്ള കുട്ടികളെ സംഘടിപ്പിച്ച് മേഫ്കിങ് കോപ്സ് എന്നപേരില്‍ ഒരുസംഘത്തെ രൂപപ്പെടുത്തി ഉപരോധത്തിനിടയില്‍ രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിനും ചാരപ്രവൃത്തികള്‍ക്കുമായി ഉപയോഗിച്ചു. ബി.പി അതില്‍ ഏറെ ആകൃഷ്ടനായി.ഈ സംഭവമായിരുന്നു പിന്നീട് സ്കൌട്ടിങ് ആരംഭിക്കാന്‍ പ്രചോദനമായത്.
പട്ടാളജീവിതം കഴിഞ്ഞാണ് കുട്ടികള്‍ക്കായി ഒരു സംഘടന ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി ബി.പി സ്കൂളുകളിലേക്ക് ഒരു വിജ്ഞാപനമിറക്കി കുട്ടികള്‍ക്കായി ഒരു ക്യാമ്പ് നടത്തപ്പെടുന്നു താല്‍പര്യമുള്ള കുട്ടികള്‍ എത്തുക. ക്യാമ്പിന് ബി.പിയുടെ സുഹൃത്തായ ചാള്‍സ്വാന്‍ റാള്‍ട്ടിന്റെ സ്വന്തം ദ്വീപായ ഇംഗ്ലണ്ടിന്റെ തെക്കെക്കരയില്‍ പൂള്‍ തുറമുഖത്തില്‍ നിന്ന് രണ്ടുമൈല്‍ അകലെ 500 ഏക്കറുള്ള ബ്രൌണ്‍സി ഐലന്റ് തെരഞ്ഞെടുത്തു. സ്കൌട്ടിങ്ങിനായി ആദ്യമായി നടന്ന പരീക്ഷണക്യാമ്പായിരുന്നു അത്.1907 ജൂലൈ28 ന് 21കുട്ടികളും ബി.പിയും സുഹൃത്ത് മക്ലാരനും ചേര്‍ന്ന ക്യാമ്പ് ചരിത്രമാവുകയായിരുന്നു.55 പവനും 2ഷില്ലിങും 8പെന്‍സുമായിരുന്നു ക്യാമ്പിന്റെ ആകെ ചെലവ്. ബോയ് സ്കൌട്ട് വിജയകരമായ പരീക്ഷണം എന്ന പേരില്‍ 32പേജുള്ള പുസ്തകമിറക്കി ബി.പി കുട്ടികളെയും രക്ഷിതാക്കളെയും ഇതിലേക്ക് ആകര്‍ഷിച്ചു. സ്കൌട്ട് നിയമവും പ്രതിജ്ഞയും നിര്‍മിച്ച് 1908 ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഹംസ് ഓഫ് എന്ന സ്ഥലത്തായിരുന്നു ആദ്യ ഔദ്യേഗിക സ്കൌട്ട് ക്യാമ്പ്. പിന്നീട് ലോകത്തിന്റെ നാനാരാജ്യങ്ങളിലും സ്കൌട്ടിങ് വ്യാപിച്ചു. 1909 ല്‍ ഇന്ത്യയിലും സ്കൌട്ടിങ് തുടങ്ങുകയുണ്ടായി. ബോയ് സ്കൌട്ടിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബി.പിയുടെ ഭാര്യ പെണ്‍കുട്ടികള്‍ക്കായി ഗൈഡിംങ്ങും ആരംഭിച്ചു. ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ ബേഡന്‍ പൌവ്വലിന്റെ നാമം കുറിക്കപ്പെട്ടു.1941 ജനുവരി 8 ന് പുലര്‍ച്ചെ 5.45ന് ആ മഹാത്മാവ് തന്റെ രണ്ടാം ജീവിതവും തീര്‍ത്ത് മടങ്ങി.ബി.പിയുടെ ആഗ്രഹപ്രകാരം കെനിയയിലെ പ്രകൃതി സുന്ദരമായ നയേരിയിലായിരുന്നു അടക്കം ചെയ്തത്.ശാരീരികമായും മാനസികമായും എന്തിനും എപ്പോഴും തയാര്‍ എന്ന ആപ്തവാക്യം ഇന്നും എന്നും നിലനില്‍ക്കും.ഞാന്‍ വീട്ടിലേകെത്തി എന്ന സ്കൌട്ടിലുപയോഗിക്കുന്ന ചിഹ്നം കല്ലറയില്‍ പതിച്ചതും കാണാം.
No comments:
Post a Comment