Wednesday, March 30, 2011

പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരൂല്ലേയ്.......


പന്തീരാണ്ട് കാലം കുഴലിലിട്ടാലും നായയുടെ വാല് നിവരൂല്ലേയ്.......

ഈ പഴഞ്ചൊല്ല്  നായകളെ പറ്റിയാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം പക്ഷെ ഇ ത്കൂടുതല്‍ സമയവും യോജിക്കുന്നത് നായയേക്കാള്‍ ബുദ്ധിശൂന്യമായി പെരുമാറുന്ന മനുഷ്യനാണ്.ചില നായയുടെ വാലുകള്‍ കുഴലിലിട്ടാല്‍ കുഴലിനെ തന്നെ വളക്കാനുള്ള പണിയെടുക്കും.ഇതും മനുഷ്യന്റെ തന്നെ വികൃതി.മനുഷ്യനാവട്ടെ മറ്റെന്തു കിട്ടിയാലും എവിടെയെങ്കിലുമിട്ട് വളക്കാനോ? നിവര്‍ത്താനോ നോക്കും. എല്ലാമനുഷ്യരും കാഴ്ചയില്‍ ഏതാണ്ട് ഒരുപോലിരിക്കും കൈ,കാല്, കണ്ണ്,മൂക്ക്,ചെവി,ഇവയെല്ലാം രണ്ടെണ്ണം അങ്ങനെ പറയുമ്പോള്‍ അവന്റെ കഴിവിലും കാഴ്ചപ്പാടിലും ഒരുപാടുണ്ട് വ്യത്യാസങ്ങള്‍. അപ്പോഴും പലരും തമ്മില്‍ പിന്നെയും വ്യത്യസ്തതകള്‍ തന്നെ. നോക്ക്, വാക്ക്,കാഴ്ച, ഗന്ധം.......ഇവയെല്ലാം ഒരുമിച്ചാലോ? പണ്ട് വില്‍സിന്റെ പരസ്യവാക്ക് അപ്പോള്‍ ഓര്‍മ വരും അതുല്യ ജോടി പൂര്‍ണ്ണമായ സങ്കലനം എന്നൊന്ന്. അങ്ങനെയുള്ള ഒരു പറ്റം ഒരുമിക്കുമ്പോള്‍ എല്ലാം കുറെയൊക്കെ ശരിയാവും ചിലത് കൂട്ടത്തില്‍ പുഴുക്കുത്തേറ്റത് ഒരുതരത്തിലും നിവരില്ല. മനുഷ്യന്‍ അവന്‍ വളരുന്ന ചുറ്റുപാടുകളുടെ സാഹചര്യത്തിനനുസരിച്ച് സ്വഭാവം രൂപപ്പെടുത്തുന്നു എന്നത് പരമാര്‍ഥമോ സത്യമോ ആണ്. എന്റെ ലോകവും ഞാനും എന്നു പറയുന്നവരും ഒട്ടും കുറവല്ലതാനും.പക്ഷെ എല്ലാവരും അങ്ങനെയാവണമെന്ന് പറയുന്നത് ശുദ്ധമൂഢത്വവും
. ഈ വാലുകളാവാം പന്തീരാണ്ട് കാലം ഇട്ടാലും നിവരാത്തത് എന്ന് ശാസ്ത്രമതം. ഇവരെല്ലാം കിണറ്റിലെ തവളകള്‍ എന്നത് കവി മതം. ഇവര്‍ വട്ടന്‍മാരോ ഭ്രാന്തന്‍മാരോ എന്നത് മനുഷ്യമതം.മനുഷ്യന്റെ മാനസിക വളര്‍ച്ചയും തളര്‍ച്ചയും എല്ലാം സൂക്ഷ്മസ്വഭാവങ്ങളിലുണ്ടാവുന്ന അവസ്ഥാഭേദങ്ങളാണെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് പറയുന്നു. പക്ഷെ സത്യം അതൊന്നുമല്ലെന്ന് പലരെയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും.ചിലപ്പോഴൊക്കെ നിങ്ങളുടെ കൂടെയുള്ളവരെ തന്നെ നോക്കൂ അവരിലും കാണാം ഈ പറഞ്ഞതെല്ലാം. അങ്ങനെ എങ്കില്‍ നിങ്ങള്‍ അവരെ എന്തുവിളിക്കും...............

Sunday, March 27, 2011

വേനലവധി എത്താറായി..........മണല്‍ക്കുഴികളില്‍ മരണത്തിന്റെ വസന്തവും വിരിയാറായി

 വേനലവധി എത്താറായി..........മണല്‍ക്കുഴികളില്‍ മരണത്തിന്റെ വസന്തവും വിരിയാറായി 


വീണ്ടും ഒരു വേനലവധി ആഗതമാവുകയാണ്. പരീക്ഷാ ചൂട് ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി.അതും കഴിഞ്ഞാല്‍ പോയിരുന്ന് പഠിയെടാ എന്ന് ഇനി ആരും പറയില്ലല്ലോ. റിസല്‍റ്റ് വരുമ്പോഴാണിനി രാപ്പനി പിടിക്കുക അത്രയും നാള്‍ കളിക്കാം സിനിമകാണാം തകര്‍ത്തുല്ലസിക്കാം.ബന്ധുവീടുകളിലേക്ക് പോകാം മാങ്ങ പറിക്കാം എന്തു രസമായിരിക്കും.വേനല്‍കത്തിത്തുടങ്ങാറായിട്ടില്ലെങ്കിലും ഏപ്രില്‍,മെയ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചൂട് കൂടുതലാണ്.രാവിലെ മുഴുവന്‍ ചൂടത്ത് കളിച്ച് രസിച്ച് ഉച്ച സമയത്ത് കൂട്ടുകാരൊത്ത് പുഴയിലോ പാടത്തെ കുഴികളിലോ ഇഷ്ടികക്കളങ്ങളിലെ മണ്ണെടുത്ത കുഴികളിലോ തോട്ടിലോ ഉള്ള കുളിയാണ് ബഹുരസം. ആദ്യ ദിവസം മുതിര്‍ന്നവരുടെ കൂടെ പിന്നെ പിന്നെ സ്വന്തം കൂട്ടുകാരെ വിളിച്ചുവരുത്തുകയായി സൈക്കിളില്‍ കറങ്ങി നടന്നും ക്രിക്കറ്റ് കളിയോ കഴിഞ്ഞ് കുളിയുടെ സമയമായി. നേരെ പോകുന്നതോ പുഴയിലേയോ തോട്ടിലേയോ കുളത്തിലേയോ തണുപ്പിലൊളിഞ്ഞിരിക്കുന്ന മരണത്തിന്റെ കാണാക്കയങ്ങളിലേക്കും.ഇനിയുള്ള ദിവസങ്ങള്‍ പത്രത്താളുകള്‍ പരതുമ്പോള്‍ കണ്ണുകള്‍ ഈറനണിയും. വര്‍ഷങ്ങള്‍ കാത്തിരുന്ന് നിരവധി ചികില്‍സയും വഴിപാടുകളുടെയും ഫലമായി ഉണ്ടായവന്‍ വേനലവധിയില്‍ കുളിക്കാനിറങ്ങി  കയത്തിന്റെ ആഴങ്ങളില്‍ നിന്ന് തണുത്ത് വിറങ്ങലിച്ച് വെള്ള പുതച്ച് വീട്ടുമുറ്റത്തെത്തുന്നത്.
ഹൊ...........ഹൃദയഭേദകം തന്നെ. അന്യനാടുകളില്‍ ജോലിചെയ്യുന്നവരും ഉദ്യോഗസ്ഥരായ മാതാപിതാക്കളും കൂലിപ്പണിക്കാരായ മാതാപിതാക്കളുടെയുമെല്ലാം ആശയും അഭിലാഷവുമാണിവര്‍ എന്നാലും കൂട്ടുകാരുമൊത്തുള്ള വിനോദം പലപ്പോഴും വിളിച്ചുവരുത്തുന്നത് വലിയ ദുരന്തങ്ങളാവാം. സ്കൂള്‍ വിദ്യാര്‍ഥികളിലെ സാങ്കേതികതയുടെ അവസാനവാക്കായ മൊബൈല്‍ ഫോണിന്റെ വരവും ഇതിന് ആക്കം കൂട്ടുന്നു. കൂട്ടുകാരന്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ എവിടുണ്ട് എന്നുചോദിക്കുമ്പോള്‍ ഞങ്ങള്‍ അര്‍മാദിക്കുകയാണ് വരുന്നോ? അങ്ങനെ ആംബുലന്‍സുകളുടെ എണ്ണം ഒന്നുകൂടി കൂടും. പ്ലസ് ടു വിദ്യാര്‍ഥികളാവട്ടെ കൌമാരവിനോദത്തിന്റെ ആവേശത്തിന് ജ്യേഷ്ഠന്‍മാരുടെ ബിയര്‍ ബ്രാന്‍ഡുകളും ഉപയോഗിക്കും ലഹരി തലക്ക് പിടിക്കുമ്പോള്‍ ഒരാള്‍ കുളിക്കാനിറങ്ങും നിലവിടുമ്പോള്‍ എല്ലാവരും രക്ഷകരാവാന്‍ ശ്രമിക്കും ഫലമോ മൂന്നോ നാലോ കുടുംബത്തിന്റെ അത്താണിയാകേണ്ട ജ്യേഷ്ഠാനുജന്‍മാര്‍ വരെ മരണത്തിനടിപ്പെടും.
ഇങ്ങനെ എത്രയെത്ര കുടുംബങ്ങള്‍ സങ്കടക്കടലില്‍ ഉഴറുന്നു.പരീക്ഷാ റിസല്‍റ്റ് വരുമ്പോള്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കുന്നവരും ഏറെ.
ഈ വേനലവധിയിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പരമകാരുണികനായ ദൈവം അവര്‍ക്ക് തുണയാകട്ടെ.

Friday, March 25, 2011

KERALA ബംഗാളീസ് own country

KERALA ബംഗാളീസ് own country
ദൈവത്തിന്റെ സ്വന്തം നാട് ^ കേരളം എന്നാണ് പരസ്യ വാചകം.പക്ഷെ കേരളത്തിലേക്ക് റെയില്‍ മാര്‍ഗം വന്നെത്തുന്ന വിദേശികള്‍ക്കും മറ്റ് സംസ്ഥാനക്കാര്‍ക്കും അങ്ങനെ തോന്നാന്‍ ഒരു സാധ്യതയുമില്ല. കാരണം കേരളത്തിലെ നിര്‍മാണമേഖലയിലേക്കായി വന്നെത്തുന്ന അന്യസംസ്ഥാനക്കാരില്‍ അധികവും ബംഗാളികള്‍ തന്നെ. പഴയ തമിഴന്‍മാര്‍(പാണ്ടി) ഇപ്പോള്‍ വിരളം. ഗുജറാത്തില്‍ നിന്നുള്ളവരും ആസാമില്‍ നിന്നുള്ളവരും മാത്രമേയുള്ളൂ.അവരാണിപ്പോള്‍ കേരളത്തിലെ ഫ്ലറ്റ് നിര്‍മാണമേഖല കൈയടക്കി നിയന്ത്രിക്കുന്നത്.നന്ദിഗ്രാം സംഭവത്തോടെ ടാറ്റയുടെ കൈക്കൂലി പട്ടാളം കേറി നാട്ടിലും കൃഷിയിടങ്ങളിലും മേഞ്ഞപ്പോള്‍ സ്വന്തം ഭാര്യമാരെയും മക്കളെ പോലും ഉപേക്ഷിച്ച് നിത്യവൃത്തിതേടി അവര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി. അതിലും ദയനീയം മാവോയിസ്റ്റ് തീവ്രവാദ ബന്ധം പറഞ്ഞ് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൈക്കരുത്തുള്ള കള്ളപ്പട്ടാളമായ സാല്‍വാജുദൂമിന്റെയും സാദാപട്ടാളത്തിന്റെയും തേര്‍വാഴ്ച ഭയന്നോടിയ യുവാക്കളും എത്തിപ്പെട്ടത് ദൈവനാട്ടില്‍ തന്നെ.ഗുജറാത്തിലാകട്ടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്‍ തെരുവ് നായകളുടെ വക തിരിവ് പോലും കാണിക്കുന്നില്ല. തമ്മില്‍ വെട്ടിയും കുത്തിയും കോര്‍ക്കുന്നു. പേടിച്ച് പലായനം ചെയ്തവരും വന്നെത്തിയത് ദൈവത്തിന്റെ നാട്ടില്‍ തന്നെ. ഓരോ സംസ്ഥാനത്തുനിന്നും വന്ന ഇവരെല്ലാം കരുതിയത് ദൈവത്തിന്റെ നാട് എന്നാല്‍ പണിയും സൌകര്യവും ഭക്ഷണവുമെല്ലാം സൌജന്യമായി കിട്ടുമെന്നാണ്.അവര്‍ക്കറിയിലല്ലോ കേരളത്തിലെ സാറന്‍മാര്‍ വൈറ്റ് കോളര്‍ ജോബ് ധാരികളാണെന്ന്.
എതായാലും വീണേടം വിഷ്ണുലോകമെന്ന് അവരും. ഇതില്‍ ഏറ്റവും ഭീകരം ചിലര്‍ മോഷ്ടാക്കളും കുറ്റവാളികളുമാണെന്നതാണ്. ഇവരെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.പതിയിരുന്ന് ആക്രമിച്ച് പണവും ആഭരണങ്ങളും തട്ടുന്നതാണ് ഇവരുടെ രീതി.ഒരു തിരിച്ചറിയല്‍ രേഖപോലുമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ഇവരെ കുറെയൊക്കെ ഭയക്കണം. ഇവരെ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല.ഇവരുടെ താമസമെവിടെ എന്നുപോലും പറയുക വയ്യ.ഓരോ സംസ്ഥാനം കണക്കെ താമസിക്കുകയും രാത്രികളില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതും ഇവരുടെ പതിവ് പരിപാടി തന്നെ.ഓരോ ദിവസവും കേരളത്തിലെ മിക്ക റെയില്‍വേ സ്റ്റേഷനിലേക്കും നൂറുകണക്കിന് അന്യസംസ്ഥാനക്കാരാണ് വന്നിറങ്ങുന്നത്. കുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍വരെ ഇതില്‍പെടുന്നു.ഏതായാലും അവര്‍ക്ക് എല്ലാ ദിവസവും ജോലിയും കൂലിയും ഉറങ്ങാനും ഉണ്ണാനും കിട്ടുമ്പോള്‍ അവര്‍ക്കും നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.

Thursday, March 24, 2011

അങ്ങനെ സിന്ധു ജോയിയും കുഞ്ഞൂഞ്ഞിന്റെ മൂന്നാം പുത്രിയായി

അങ്ങനെ സിന്ധു ജോയിയും കുഞ്ഞൂഞ്ഞിന്റെ മൂന്നാം പുത്രിയായി


റണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സഖാവ് സിന്ധു ജോയിയെ കാണുന്നത്. അന്ന് എസ്.എഫ്.ഐയുടെ സമരത്തിന്റെ സമരത്തിന്റെ നെടുന്തൂണോ ? കുന്തമുനയോ യായിരുന്നു അവര്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വിദ്യാര്‍ഥികളുടെ അവകാശങ്ങളെ സമരത്തിലൂടെ പിടിച്ചുവാങ്ങികൊടുത്തിരുന്ന കാലം.ശരിക്കും എസ്.എഫ്.ഐ നേതാക്കളായി അന്ന് മഹാരാജാസില്‍ തിളങ്ങിയിരുന്നത് ഇന്നത്തെ സിനിമാ സംവിധായകന്‍ അമല്‍നീരദ്, കെ.എന്‍.സുരേഷ്, രാജേഷ്, വില്‍സന്‍......അങ്ങനെയൊരു നിര. സിന്ധുവിന്റെയും അമലിന്റെയുമൊക്കെ പ്രസംഗങ്ങള്‍ എസ്.എഫ്.ഐയെ  ചെറുതായൊന്നുമല്ല സഹായിച്ചിരിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങള്‍ എന്നു പറഞ്ഞാല്‍ പോര  വാക്കില്‍ നിന്ന് ചോര തെറിക്കുന്ന വാക്ധോരണികളായിരുന്നു. വിദ്യാര്‍ഥി അവകാശങ്ങള്‍ക്കായി അന്നത്തെ കരുണാകരന്‍ സര്‍ക്കാറിന് മേല്‍ പെയ്ത തീമഴ തന്നെയായിരുന്നു സിന്ധുജോയി. മഹാരാജാസ് കോളജില്‍ പോലീസ് കയറി ഒന്നുമറിയാത്ത കുട്ടികളെ തല്ലിച്ചതക്കുമ്പോള്‍ കൈയ്യില്‍ കിട്ടിയ കല്ലും വടിയും കൊണ്ടുവരെ പോലീസിനെ നേരിട്ട് ഒരു യോദ്ധാവിന്റെ മേലങ്കിയണിയുകയായിരുന്നു അന്ന് അവര്‍.
പിന്നീട് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് പിന്നെ സമരമുഖങ്ങളിലെ സ്ഥിരം കാഴ്ചക്കാരി. സി.പി.എമ്മിന്റെ അനിഷേധ്യ നേതാക്കള്‍ക്കിടയിലേക്ക്. പല വാരികകളിലും പംക്തികള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെയും  വനിതകളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളിലും സംവാദങ്ങളിലെയും സ്ഥിരം സാന്നിധ്യം. അവസാനം ആരാണ് തന്റെ റോള്‍മോഡല്‍ എന്ന് ചോദിച്ചപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ എന്ന് ഒറ്റവാക്കില്‍ പറഞ്ഞ സിന്ധു ഇന്ന് എന്തുപറയുന്നു. കേട്ടപ്പോള്‍ വിഷമം തോന്നി സി.പി.എമ്മിനുണ്ടായ നഷ്ടം അവര്‍ക്കറിയില്ല. എന്നാല്‍ സ്വന്തം ജീവന്‍ വരെ പാര്‍ട്ടിക്കായി പണയപ്പെടുത്തി സമരമുഖത്ത് മിന്നല്‍ 'പിണറായി'രുന്ന സിന്ധു ഇന്ന് ക്രച്ചസില്‍ നടക്കുന്നതും സമരമുഖത്തെ പോലീസ് ഷെല്ലിന്റെ ഒരു കളിമാത്രം. അന്ന് ആശ്വസിപ്പിക്കാനും സിന്ധു പറഞ്ഞതനുസരിച്ച് കെട്ടിപ്പിടിക്കാനും ചുംബിക്കാനും മാധ്യമസംഘത്തിന്റെ മ്ടുന്നില്‍ നീണ്ടനിര തന്നെയുണ്ടായി. പിന്നീട് പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ കോട്ടയില്‍ മല്‍സരിച്ച്  തോറ്റു.അതിന് ശേഷം  എല്‍.ഡി.എഫ് തരംഗമുണ്ടായപ്പോഴും എറണാകുളത്ത് കെ.വി. തോമസില്‍ നിന്നേറ്റ പരാജയവും എല്ലാം പാര്‍ട്ടിക്കുള്ളിലെ ചരടുവലികള്‍ മാത്രമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറിമറിയലുകളില്‍ ജയാ ഡാളി കോണ്‍ഗ്രസില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് മാറി സീറ്റ് നേടിയപ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്കായി പൊരുതിയ സിന്ധു പുറത്ത് ചോദ്യംചെയ്തതിന് വേറെ ശിക്ഷകളും.രാഷ്ട്രീയ സമവാക്യങ്ങള്‍ ഒരിക്കലും അഴിയാത്ത സമസ്യയായി തുടരുമ്പോള്‍ ഇതെല്ലാം സര്‍വസാധാരണം 
എന്നല്ലേ പറയാന്‍ കഴിയൂ.സിന്ധുവിന്റെ തീരുമാനം ശരിയോ തെറ്റോ എന്നറിയില്ല.എന്തായാലും സോണിയാ ഗാന്ധി അടുത്ത തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവെക്കണം എന്നുപറയുമ്പോള്‍ തീര്‍ച്ചയായും സിന്ധു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. പുറത്താക്കിയവരെ തിരിച്ചെടുത്ത് സ്ഥാനാര്‍ഥിയാക്കുന്ന നിലവാരമില്ലാത്ത രാഷ്ട്രീയക്കളി കളിക്കുന്ന ഇപ്പോഴത്തെ സി.പി.എമ്മിന്റെ ചട്ടുകമാവാന്‍ ഇനി സിന്ധുജോയിയും ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.സിന്ധുജോയി സഖാവേ.................ലാല്‍സലാം.

Wednesday, March 23, 2011

ഇവര്‍ ഫീനിക്സ് പക്ഷികളോ ?


ഇവര്‍ ഫീനിക്സ് പക്ഷികളോ ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ ലോകക്രിക്കറ്റ് മാമാങ്കത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെ പച്ചക്ക് പിച്ചിച്ചീന്തി സെമി ബെര്‍ത്ത് ഉറപ്പിച്ച ഇവരെ ചാരത്തില്‍ നിന്ന് ഉയര്‍ന്ന ഫീനിക്സ് എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ പോരാതെ വരും.ലോകകപ്പിന് മുമ്പ് തന്നെ മറ്റേത് ടീ മിനെക്കാളും അപമാനവും ചീത്തപ്പേരും ആവോളം വിമര്‍ശനങ്ങളും കിട്ടി തളര്‍ന്ന ഒരു ടീം മാത്രമായിരുന്നു പാക്കിസ്ഥാന്‍.ശ്രീലങ്കന്‍ താരങ്ങളെ വെടിവെച്ച തീവ്രവാദികള്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിലേക്കായിരുന്നു നിറയൊഴിച്ചത്. ചാരത്തില്‍ നിന്നല്ല അതിലും താഴെ നിന്നാണ് ഈ വിജയത്തിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ്.
കാരണം ആസ്ട്രേലിയ,സൌത്താഫ്രിക്ക എന്നല്ല ക്രിക്കറ്റ് നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളും പാക്കിസ്ഥാനുമായുള്ള മല്‍സരങ്ങള്‍ ഒഴിവാക്കി. അവരെ പുറത്താക്കണമെന്നുവരെ ഐ.സി.സിയില്‍ ആവശ്യമുയര്‍ന്നു. എന്തിന് അതിവേഗക്രിക്കറ്റായ ട്വന്റി 20യില്‍ പോലും അയിത്തം കല്‍പിച്ച് പടിയടച്ച് പിണ്ഡംവെച്ചവരായി മാറി. അയിത്തത്തിന്റെ അതിര്‍വരമ്പുകളും തുടര്‍ച്ചയായ മല്‍സരങ്ങളുടെ ആലസ്യമോ ഇല്ലാതെ തന്നെ ക്രിക്കറ്റിനെ മാത്രം ഉപാസിച്ച പാക്ക് താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യ അടങ്ങുന്ന ലോകോത്തര ടീമുകള്‍ നോക്കി കണ്ടുപഠിക്കേണ്ട കേമന്‍മാരാണ്. ഇത് വീണ്‍വാക്കല്ല മറിച്ച് പ്രയോഗത്തില്‍ നമുക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ മാത്രം. ലോകകപ്പില്‍ എത്തുമ്പോള്‍ വാതുവെപ്പുകാരുടെ തോഴര്‍ എന്ന വിളിപ്പേരുമായി തല താഴ്ത്തി വന്ന പാക്കിസ്ഥാന്‍ ഈ ഫോമിലാണെങ്കില്‍ കപ്പുമായി തല ഉയര്‍ത്തിത്തന്നെ പോകും.ഷാഹിദ് അഫ്രീഡിയുടെ മനക്കരുത്തും ഒരു ടീമെന്ന നിലയിലുള്ള പ്രകടനവും ഇനിയുള്ള അവരുടെ മല്‍സരങ്ങളെ നിര്‍ണായകമാക്കും.ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ ലോകകപ്പ് നേടാന്‍ യോഗ്യര്‍ തന്നെ.
ബാറ്റിങ് മാത്രമല്ല ബോളിങ്ങിലും തനിക്ക് പ്രതിഭ തെളിയിക്കാനുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് എതിരാളികളുടെ വിക്കറ്റില്‍ മുത്തമിട്ട് മൂളി പറക്കുന്ന അഫ്രീഡിയുടെ ബോളുകളും പാക്ക് പടയ്ക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കുന്നത്.ഉമര്‍ഗുല്ലും അബ്ദുറസാഖും ക്യാപ്റ്റന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നു. ചോരുന്ന കൈയുള്ള കമ്രാന്‍ അക്മലും ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നത് ആശ്വാസം പകരുന്നു. അവശ്യസമയത്ത് ഫോമിലേക്കുയരുന്ന മിസ്ബായും യൂനിസ് ഖാനും ചേരുമ്പോള്‍ അവര്‍ അതുല്ല്യശക്തികളാകുന്നു. റാവല്‍പിണ്ടി എക്സ്പ്രസ് വിടവാങ്ങുന്ന ഈ ലോകകപ്പ് പാക്കിസ്ഥാനിലേക്ക് തന്നെ യാത്രയാകുവാന്‍ സാധ്യതകള്‍ ഏറി വരികയാണ്.അപമാനത്തിനും നേരിടേണ്ടി  വന്ന പ്രശ്നങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആത്മസമര്‍പ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും  കേളീമികവുകൊണ്ട് മറുപടി നല്‍കട്ടെ പാക്കിസ്ഥാന്‍.

Tuesday, March 22, 2011

എന്റെ വത്തക്ക ,അവരുടെ തണ്ണിമത്തന്‍, നമ്മുടെ water melon


എന്റെ വത്തക്ക ,അവരുടെ തണ്ണിമത്തന്‍, നമ്മുടെ water melonഎന്തായാലും ഏതായാലും വേനല്‍ കത്തിക്കയറി സൂര്യന്‍ നമുക്ക് മേല്‍ കുത്തിക്കയറി സൂര്യാഘാതമുണ്ടാക്കുമ്പോള്‍ കൃതൃസമയത്ത് കര്‍ണാടകയില്‍ നിന്നും  തമിഴ്നാട്ടില്‍ നിന്നും പാണ്ടിലോറിയില്‍ ഇവന്‍ നമ്മുടെ മാര്‍ക്കറ്റുകളിലേക്ക് ഒഴുകിയെത്തും. വെയിലത്തിറങ്ങി നടന്ന് തൊണ്ടയുണങ്ങുമ്പോള്‍ റോഡരികിലെ മാടക്കടകളിലിരുന്ന് മാടി വിളിക്കുമിവന്‍. വത്തക്കയെന്നോ? തണ്ണിമത്തനെന്നോ? വിളിച്ചോള്ളൂ പക്ഷെ ദാഹവും ക്ഷീണവുമകറ്റാന്‍ കുപ്പിയിലടച്ച കീടനാശിനിയേക്കാളും ബെസ്റ്റ് ഇവന്‍ തന്നെ.നെല്ലും മാവും നട്ട് മഴയും മഞ്ഞും വരല്ലേ എന്ന് പ്രാര്‍ഥിക്കുന്ന കേരള കര്‍ഷകര്‍ ഇനിയും പഠിക്കാത്ത പാഠങ്ങളില്‍ നിന്നാണ് നമ്മുടെ അയല്‍ നാട്ടുകാര്‍ നമ്മുടെ ആവശ്യമറിഞ്ഞ് നമ്മുടെ കാശ് വാരുന്നത്. ഇനി പ്രാര്‍ഥനകള്‍ മാറ്റി പ്പിടിക്കേണ്ടുന്ന കാലമാണ് വരുന്നത് മഴ നമ്മുടെ നാട്ടില്‍ പെയ്യരുതെന്നല്ല ആന്ധ്രയില്‍ പെയ്യല്ലേ എന്ന് പ്രാര്‍ഥിക്കേണ്ടിവരും കാരണം നമ്മുടെ അരി അവിടുന്നാണേയ്്. കൂടെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഞ്ഞും മഴയുമുണ്ടാകല്ലേ എന്നും പ്രാര്‍ഥിക്കണം പച്ചക്കറിയും അവരുതന്നെ തരണം. പിന്നെന്താണ് നമ്മള്‍ ചെയ്യുന്നത് എന്ന് ചോദിക്കരുത്.നെല്ല് നട്ടാല്‍ കൊയ്യാന്‍ നോക്കുകൂലി കൊടുക്കേണ്ട കാലമാണിത്.പിന്നെയാണ് തണ്ണിമത്തന്‍. സത്യത്തില്‍ തണ്ണിമത്തന്റെ മികച്ച കായ്ഫലം നല്‍കുന്ന വിത്തുകള്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍ കര്‍ഷകര്‍ക്ക് സൌജന്യമായാണ് നല്‍കുന്നത്്. നമ്മുടെ നാട്ടിലെ കാലാവസ്ഥയും വേണ്ടുന്ന പഴം,പച്ചക്കറിയുടെയും സമയമെല്ലാം അവര്‍ക്ക് കൃത്യമായറിയാം.
നമ്മുടെ നാട്ടിലെ വേനലിന് അവരുടെ നാട്ടില്‍ തണ്ണിമത്തന്റെ വിളവെടുപ്പുല്‍സവം തുടങ്ങുകയായി. വില്‍പന കാണണമെങ്കില്‍ തൃശൂരിലെ ശക്തന്‍മാര്‍ക്കറ്റില്‍ വരണം മോനേ ദിനേശാ. ദിവസം മുപ്പത് ലോഡില്‍ കൂടുതല്‍ തണ്ണിമത്തന്‍ മറ്റ് ജില്ലകളിലേക്കും കയറ്റിപ്പോകുന്നു. ഇത് വാങ്ങി കഴിക്കുന്ന നമുക്കറിയാമോ? ഇത് ഒരു പഴവര്‍ഗമല്ലെന്ന്. പറഞ്ഞാല്‍ ആരും സമ്മതിക്കുകേല്ല. എന്നാല്‍ കേട്ടോളൂ ഇത് ഒരു പച്ചക്കറി മാത്രമാണ് നമ്മുടെ കുമ്പളങ്ങ പോലത്തേത്. തൊണ്ടും കുരുവും എല്ലാം ഭക്ഷ്യയോഗ്യം.ഇവന്റെ ജന്‍മദേശം സൌത്താഫ്രിക്കയാണ്.ഇവനെ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ചൈനയാണ്.താമസിയാതെ ചൈന മൊബൈലും കളിപ്പാട്ടങ്ങളും വിലക്കുറവില്‍ ലഭിക്കുമ്പോള്‍ ഇനി വിലക്കുറവില്‍ തണ്ണിമത്തനും അടുത്തുതന്നെ എത്തും. ഇതില്‍ 92 ശതമാനം വെള്ളവും 8 ശതമാനം ഷുഗറും മാത്രമേയുളളൂ. എന്നാല്‍ അല്‍പം ഫൈബറും വിറ്റാമില്‍ a യും cയും കൂടിയുണ്ട്. ഇതാണ് നമ്മളെ ഉന്‍മേഷവാന്‍മാരാക്കുന്നത്. ലോകപോലീസുകാരായ അമേരിക്കക്കാരാണ് ഉപയോഗത്തില്‍ മുമ്പന്‍മാര്‍.ലോകത്തില്‍ ഏറ്റവും മധുരമുള്ള തണ്ണിമത്തനുള്ളത് ഇസ്രായേലിലും ഈജിപ്തിലുമാണ്. ലോകത്താകമാനം നൂറ് രാജ്യങ്ങളിലായി 1200 തരം വത്തക്കയുണ്ട് കേട്ടോ. നമ്മുടെ കൊച്ചുകേരളത്തിലും ഉല്‍പാദിപ്പിക്കാമെങ്കിലും നടക്കില്ല.
നികത്തിയ പാടങ്ങളും അതിലെ ഫ്ലാറ്റുകളും പൊളിച്ചാലല്ലേ കൃഷി നടക്കൂ. എന്നിരുന്നാലും വേനല്‍ വരുമ്പോഴെല്ലാം നമുക്ക് ഇനിയും കാത്തിരിക്കാം ഇന്റര്‍ നാഷണല്‍ തണ്ണിമത്തങ്ങകള്‍ക്കായി................

Monday, March 21, 2011

ശ്രീശാന്തിനെ ധോണി തഴയുന്നതെന്തുകൊണ്ട് ?

കേരളത്തിലെ ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിലേക്ക് തന്റെ പരിശ്രമംകൊണ്ട് നടന്നുകയറിയ ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് എസ്.ശ്രീശാന്ത്. ലോകക്രിക്കറ്റ് വിശാരദന്‍മാരില്‍ നിന്ന് വരെ അഭിനന്ദനവും വിമര്‍ശനങ്ങളും നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരുകളി പോലും കളിക്കാതെ ടീമില്‍ ഇടം പിടിച്ച ഈ മലയാളി പഴയ സുനില്‍ വില്‍സനെപോലെയാവും എന്നാണ് കരുതിയത്.പക്ഷേ തന്റെ കഠിനപ്രയത്നം കൊണ്ടും പ്രവീണ്‍കുമാര്‍ എന്ന മീററ്റ് കാരന്റെ ദൌര്‍ഭാഗ്യവും ശ്രീശാന്തിന് അര്‍ഹതപ്പെട്ട സ്ഥാനം നേടിക്കൊടുത്തു. കളിക്കളത്തിലെ അമിതാവേശം മൂലം പലകുറി നോട്ടപുള്ളിയായ ശ്രീ അവസാനം ടീം ക്യാപ്റ്റന്റെ ശാസനക്ക് വരെ വിധേയനായി. എന്നാല്‍ പലപ്പോഴും ഈ ക്യാപ്റ്റന്റെ തന്നെ അഭിനന്ദനത്തിന് അര്‍ഹനായിട്ടുമുണ്ട്.
എന്നിട്ടും എന്തേ? ധോണി ശ്രീയെ തഴയുന്നു. ഈകുറച്ചുകാലം കൊണ്ടുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷനിലും ശ്രീ യുടെ വാക് പ്രകടനങ്ങള്‍ വിവാദമായിരുന്നു. പയ്യന്‍സിന് കുറച്ചൊന്നുമല്ല അഹങ്കാരം എന്നായിരുന്നു മലയാളി ചൊല്ല്. ശരിയാണ് മുംബൈ സ്വാമിയെ കണ്ട് സംഖ്യാശാസ്ത്ര പ്രകാരം തന്റെ പേര് തന്നെ ശ്രീസന്ദ് എന്നാക്കി. ലോകട്വന്റി 20 യില്‍ ടര്‍ബണേറ്റര്‍ ഹര്‍ബജന്റെ അടി മുഖത്തുവാങ്ങി. അരിയും തിന്ന് ആശാരിയെയും കടിച്ചിട്ടും പട്ടിയുടെ മുറുമുറുപ്പ് മാറാതെ ശ്രീ ആസ്ട്രേലിയയുടെ സൈമണ്ട്സുമായി കൊരുത്തു. ചുരുക്കി പറഞ്ഞാല്‍ കളിച്ച കളികളില്‍ ആരൊക്കെയായി അടിയുണ്ടാക്കിയെന്ന് ആ ചങ്ങാതിക്ക് പോലും അറിയില്ല.ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിട്ടും ഈലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത് ധോണിയുടെ കളി തന്നെയായിരുന്നു എന്ന് വ്യക്തം.ഏറ്റവും രസം കൊച്ചിയിലെ കളിക്കിടെ ശ്രീയുടെ വീട്ടില്‍ നാക്കിലയില്‍ സദ്യയുണ്ട ധോണി കൊടുത്ത എട്ടിന്റെ പണി.  ബംഗ്ലാദേശുമായുള്ള ആദ്യകളിയില്‍ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയ ശ്രീയെ പിന്നീട്  കളിപ്പിച്ചതുമില്ല. ബംഗ്ലാദേശന്നെല്ല മറ്റ് ഏത് ടീമായിരുന്നാലും ബോളര്‍ അടിവാങ്ങും കാരണം 300 ന് മേല്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ക്രിക്കറ്റിലിത് പതിവാണെന്ന് ധോണിക്ക് മാത്രം മനസ്സിലാവില്ല. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് കളി മതിയാക്കി രാജ്യം വിടേണ്ടി വന്നേനെ.ആറുബോളും സിക്സ് മേടിച്ചതല്ലേ പയ്യന്‍
മറ്റു ടീ മുകളില്‍ ഒരോവറില്‍ 25ഉം 30ഉം റണ്‍സ് വിട്ടുകൊടുത്ത ബോളര്‍മാരെ പരീക്ഷിക്കുമ്പോള്‍ ധോണി തോറ്റാലും അതിന് മുതിരുന്നില്ല. മുനാഫ് പട്ടേലെന്ന് മീഡിയം പേസറും ചൌളയും അവസാന ഓവറുകളില്‍ സിക്സറുകള്‍ വാങ്ങിക്കൂട്ടി ജയിക്കേണ്ടകളി സമനിലയില്‍ പിടിച്ചപ്പോള്‍ ക്യാപ്റ്റന് കണ്ണുണ്ടായി കാണില്ല. ദക്ഷിണാഫ്രിക്കയുമായുള്ള കളിയിലും ജയിക്കേണ്ട കളി തോറ്റമ്പിയപ്പോഴും ക്യാപ്റ്റന്‍ മിണ്ടിയില്ല. നെഹ്റയെപോലെ കായികക്ഷമതയില്ലാത്ത ബോളറെ ഉപയോഗിച്ചപ്പോള്‍ ഡിവില്ലിയേഴ്സ് കാര്യങ്ങള്‍ അവരുടെ വരുതിയിലാക്കി. സിക്സറുകള്‍ വാങ്ങിക്കൂട്ടുമ്പോഴും ദേശസ്നേഹമോ വാശിയോ ടീം സ്പിരിറ്റോ കാണിക്കാതെ മുഴു നീളെ ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ ബോളര്‍മാരെക്കാളും ഏറെ വ്യത്യസ്തനാണ് കേരളത്തിന്റെ ശ്രീ.ആക്രമണോല്‍സുകത കളിയുടെ ഭാഗമാണ്. നിസ്സംഗരായി ബാറ്റ് ചെയ്ത് വിക്കറ്റുകള്‍ തുലക്കുന്ന ബാറ്റ്സ്മാന്‍ മാരെക്കാളും എത്രയോ വലുതാണ് വാശിയും ദേശസ്നേഹവും.കളി കഴിയുമ്പോള്‍ ചോദിക്കുന്നത് ഇന്ത്യ ജയിച്ചോ? തോറ്റോ ? എന്നാണ് അല്ലാതെ ശ്രീശാന്ത് ആരെ തല്ലി എന്നല്ല.
ഇന്നും ശ്രീശാന്തിന്റെ ഏറിന്റെ വേഗം മറ്റൊരു ഇന്ത്യന്‍ ബോളര്‍ക്കുമില്ല എന്നത് യാഥാര്‍ഥ്യം മാത്രം.

Sunday, March 20, 2011

ഓടിയ ഹേമയെ കണ്ടവരുണ്ടോ?.............................


റിപ്പബ്ലിക് ദിനമായ ജനുവരി 26മുതല്‍ ഫെബ്രുവരി 26 വരെ അങ്ങ് കാസര്‍കോട്ടുനിന്ന് ആരംഭിച്ച്  കന്യാകുമാരിയില്‍ അവസാനിച്ച. അറിയില്ല അവസാനിച്ചോ അതോ അവസാനിപ്പിച്ചതോ ആയ ഹേമലത ഹെല്‍ത്ത് അവയര്‍നസ് റേസ്^ 2011 നുശേഷം നമ്മുടെ ഗിന്നസ് ഹേമലതയെപ്പറ്റി ഒരു വിവരവുമില്ല. നാട്ടിലെ കാട്ടിലും തോട്ടിലും മതിലിലും മുഴുക്കെ ചിരിക്കുന്ന ഫ്ലക്സ് പോലും കാണാനില്ല.പൊതുജനാരോഗ്യം അപകടത്തിലാണെന്നും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപാലനത്തിനായി മാത്രമാണ് താന്‍ ഓടുന്നതെന്നുമായിരുന്നു പറച്ചില്‍. കൂടെ ഓടിയ പൊറിഞ്ചു വലപ്പാട് എന്ന 65കാരനെ കുറിച്ചും വിവരമില്ല.രാവിലെ ആറ് മുതല്‍ പതിനൊന്ന് വരെ മാത്രമേ ഓടിയിരുന്നുള്ളൂ. ഇല്ലേല്‍ സൌന്ദര്യം വെയിലില്‍ ഉരുകിയൊലിക്കും. സ്കൂളുകള്‍ വായനശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സെമിനാറുകള്‍ ഡാന്‍സ് പരിപാടികള്‍ ഇങ്ങനായിരുന്നു ഷെഡ്യൂള്‍ പക്ഷേ വലിയ വാര്‍ത്താപ്രാധാന്യം കിട്ടാതെ അത് കെട്ടടങ്ങി.പരിപാടിയുടെ വിജയത്തിനായി ഈ ഭൂമി മലയാളത്തിലെ എല്ലാ രാഷ്ട്രീയ മാധ്യമ സാംസ്കാരിക നാനാതുറകളിലുള്ള എല്ലാ തറകളെയും കുത്തിത്തിരുകി 1001 പേരുടെ കമ്മിറ്റിയുമുണ്ടാക്കി. ഹേമയുടെ കൂടെ ഓടാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കാനും നമ്പര്‍ നല്‍കിയിരുന്നു എന്നിട്ടും കൂടെ ഓട്ടക്കാരെയാരെയും കണ്ടില്ല.
ലോകത്തിലെ കലാസാംസ്കാരിക സംഘടനയുടെ പ്രതിനിധികളടക്കം ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ താങ്കളും പങ്കെടുക്കണമെന്ന ക്ഷണപത്രികയും.ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനം സംഘാടക കമ്മിറ്റിയില്‍ കിട്ടിയവരെല്ലാം പെട്ടു എന്ന് സാരം. ഇതില്‍ ഏറ്റവും വിരോധാഭാസം പൊതുജനാരോഗ്യപരിപാലനത്തിന്റെ പേരുപറഞ്ഞുള്ള ഓട്ടം എന്തിനായിരുന്നെന്ന് അറിയുമ്പോഴാണ്. ആഗോളനിലവാരത്തിലുള്ള ഡാന്‍സ് ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനും. ലോകോത്തര അത്ലറ്റുകള്‍ക്ക് താമസിച്ച് കേരളത്തിന്റെ ആയുര്‍വേദ,പഞ്ചകര്‍മ ചികില്‍സ നടത്തി വരുമാനം നേടാനും നടത്തിയ കച്ചവടം മാത്രമാണ് ഈ റേസ് .ജീവകാരുണ്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും മറവില്‍ വിദേശനാണ്യം അടിച്ചുമാറ്റാന്‍ നടത്തുന്ന ശുദ്ധകപടത.ഇനിയും ഗിന്നസിന്റെ മറവില്‍ എന്തെല്ലാം കാണേണ്ടിവരുമോ ആവോ?

Friday, March 18, 2011

ദൈവമുണ്ടേയ്.........................................

ദേവലോകാധിപന്‍ ദേവേന്ദ്രന്റെ രാജധാനിയില്‍ ദേവന്‍മാരെല്ലാം ഒരു പ്രശ്നത്തിന് പരിഹാരം കാണാനാവാത്ത വിധം ആലോചനയില്‍ വ്യാപൃതരാണ്. ആര് പരിഹാരം നിര്‍ദേശിക്കുമെന്ന് ദേവന്‍മാര്‍ക്ക് അറിയില്ല. കാരണമെന്തെന്നാല്‍ ഭൂമിദേവിയുടെ കരങ്ങള്‍ രണ്ടും തളര്‍ന്നിരിക്കുന്നു.ദേവന്‍മാരെ ദൈവമായി ആരാധിക്കുന്നവരും ശിക്ഷ്യരുമെല്ലാം ഭൂമിയില്‍ തന്നെയാണ്. ദേവിയുടെ കൈകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവും.മനുഷ്യകുലത്തിന്റെ കാര്യം എന്താവും? സംഭവം അതിഗൌരവം നിറഞ്ഞതുതന്നെ.ദേവഗണങ്ങളെല്ലാം ഇന്ദ്രന്റെ മുന്നിലെത്തി നാരദരാണ് വിഷയം അവതരിപ്പിക്കുന്നത്്. ഇതിനാരാണ് പരിഹാരം പറയുക.വിഷയം ദേവന്‍മാരെല്ലാവരും കൂടി കൈലാസത്തിലെത്തിച്ചു.എന്താണ് ഭൂമിദേവിയുടെ കൈകള്‍ക്ക് സംഭവിച്ചതെന്ന്  പരമേശ്വരന്‍ ചോദിച്ചു. ഭൂമിയില്‍ ദുഷ്ടന്‍മാര്‍ വര്‍ധിച്ചിരിക്കുന്നു.ദുഷ്പ്രവൃത്തികള്‍ മൂലം തങ്ങളുടെ ഭക്തരുടെ ജീവിതം താറുമാറായിരിക്കുന്നു.ദുഷ്ചെയ്തികള്‍  അവസാനിപ്പിക്കാന്‍ ഇവരെ തുരത്തണം അല്ലെങ്കില്‍ നിഗ്രഹിക്കണം.കോടിക്കണക്കിന് ജീവജാലങ്ങളില്‍ നിന്ന് ദുഷ്ടന്‍മാരെ മാത്രം തെരഞ്ഞുപിടിച്ച് വധിക്കുക അസംഭവ്യമാണ് . പക്ഷേ പരമശിവന്‍ വഴങ്ങിയില്ല കാരണം സംഹാരമൂര്‍ത്തിക്ക് സ്ഥിതിയുടെയും സൃഷ്ടിയുടെയും അനുവാദമുണ്ടെങ്കിലേ  സംഹരിക്കാനാവൂ. മാത്രമല്ല മനുഷ്യരിലെ തന്നെ നല്ലവനെയും ദുഷ്ടനെയും പെട്ടെന്ന് കണ്ടെത്തുകയും നടക്കുന്ന കാര്യമല്ല. ശിവഭഗവാനും അവരോടൊത്ത് വിഷ്ണുലോകത്തേക്ക് വിഷ്ണുവിനെ കാണാനായി പുറപ്പെട്ടു. സ്ഥിതി പരിപാലകനായ ദേവാ ഭൂമിദേവിയുടെ കൈകള്‍ തളര്‍ന്നിരിക്കുന്നു. ദുഷ്ടന്‍മാര്‍ പിന്നെയും പിന്നെയും വര്‍ധിച്ചിരിക്കുന്നു. എന്തെങ്കിലും ചെയ്യൂ. സ്ഥിതിയുടെ ദേവനായ വിഷ്ണു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ കാണാന്‍ ദേവന്‍മാരെയും കൂട്ടി ബ്രഹ്മലോകത്തേക്ക് യാത്രയായി. ഇതിനിടെ ഭൂമിദേവിയുടെ കൈകള്‍ക്ക് ശക്തിപകരാന്‍ മറ്റു ദേവിമാരുമെത്തി എന്നിട്ടും രക്ഷയില്ലാത്ത അവസ്ഥ.
എങ്ങനെയും ദുഷ്ടന്‍മാരെ കുറക്കുക. ബ്രഹ്മലോകത്തില്‍ താമര മുകളിലിരുന്ന ബ്രഹ്മാവ് ദേവന്‍മാരുടെ വരവ് നേരത്തെ അറിഞ്ഞമട്ടില്‍ ചിരിച്ചു. ബ്രഹ്മാവും പറഞ്ഞു ദുഷ്ടന്‍മാരെ മാത്രം നിഗ്രഹിക്കാന്‍  സാധ്യമല്ല. ദേവന്‍മാരുടെ മുഖവും വാടി.സൃഷ്ടി,സ്ഥിതി.,സംഹാരപാലകന്‍മാരുണ്ടായിട്ടും........ ബ്രഹ്മാവ് അവസാനം ഒരുവഴി പറഞ്ഞു....... ദേ കിട്ടിപ്പോയേ.....വഴി കിട്ടിപ്പോയേ.......കിട്ടിയേ........എന്താടാ? ഈ വെളുപ്പാന്‍കാലത്ത് നിനക്ക് കിട്ടിയത്? കേട്ട് പരിചയമുള്ള ശബ്ദം നോക്കിയപ്പോള്‍ അമ്മ അരികത്ത് തന്നെ നിക്കുന്നു. മൊബൈലെടുത്ത് നോക്കിയപ്പോള്‍ സമയം ആറ് മണി .എണീറ്റ് പോടാ എന്ന് കേട്ടപ്പോള്‍ മനസ്സിലായി എല്ലാം സ്വപ്നമായിരുന്നെന്ന്. പല്ലുതേച്ച് പുറത്ത് സിറ്റൌട്ടിലിരുന്ന് പത്രമെടുത്ത് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ജപ്പാനില്‍ ഭൂകമ്പം,സൂനാമി പതിനായിരങ്ങള്‍ മരിച്ചു.

Friday, March 4, 2011

വാതുവെപ്പ് CUP എന്ന ലോക ക്രിക്കറ്റ് കപ്പ്

വാതുവെപ്പ് CUP എന്ന ലോക ക്രിക്കറ്റ് കപ്പ്

ന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ആതിഥ്യമരുളുന്ന ലോകക്രിക്കറ്റ് മാമാങ്കത്തിന് മുകളിലും വാതുവെപ്പിന്റെ കരിനിഴല്‍ വീണിരിക്കുന്നു. അതും കളികളുടെ പ്രാഥമിക റൌണ്ടില്‍ തന്നെ. ഇന്ത്യയുടെ ദേശീയഗെയിമായ ഹോക്കിയെ രണ്ടാം നിരയിലേക്ക് തള്ളി ലോകത്തിന്റെ നെറുകയില്‍ തന്നെ ചിരപ്രതിഷ്ഠ നേടിയ ക്രിക്കറ്റ് ഇന്ന് സംശയത്തിന്റെ മുള്‍മുനയില്‍ തന്നെ. ഏകദിനക്രിക്കറ്റ് മല്‍സരങ്ങളില്‍ കോഴയും വാതുവെപ്പും തുടര്‍ക്കഥയായത് കൊണ്ടാവാം ഇത്തവണ തുടക്കം മുതലേ നിറം മങ്ങിയത്. വാതുവെപ്പിന്റെ അവസാന ഇരകളായത് പാക്കിസ്ഥാന്റെ യുവനിരയിലെ താരങ്ങളായ മുഹമ്മദ് ആസിഫും ആമിറും സല്‍മാന്‍ ബട്ടും. പക്ഷെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സിക്രോണ്യ,മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍,മനോജ് പ്രഭാകര്‍, അജയ് ജഡേജ,പാക്താരം സലീംമാലിക് വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍ അങ്ങനെ നീളുന്നു കോഴവലയില്‍ വീണ വന്‍മല്‍സ്യങ്ങളുടെ പേരുകള്‍. ഒരു പക്ഷേ ഈ ലോകകപ്പോടെ പേരുകളുടെ നിര ഇനിയും നീണ്ടേക്കാം. തുടര്‍ച്ചയായ എട്ടുമണിക്കൂര്‍ ടി.വിക്ക് മുന്നിലിരുന്ന് ആവേശം കൊണ്ടും കൂക്കിവിളിച്ചും ഹര്‍ഷാരവും കൊണ്ടും വീട്ടിലുള്ളവരെ ബുദ്ധിമുട്ടിക്കുന്ന നമ്മള്‍ പിന്നീട് ഈ കണ്ടത് മുഴുവന്‍ മുമ്പേ കരാര്‍ ഉറപ്പിച്ചതിന്റെ ബാക്കിപത്രമാണെന്ന്  അറിയുന്നത് പിന്നീടാണ്. ലക്ഷങ്ങള്‍ വിലപറഞ്ഞ് നോബോളുകളും വിക്കറ്റുകളും വലിച്ചെറിഞ്ഞ് രാജ്യത്തെയും സ്വത്വത്തെയും പണയപ്പെടുത്തുന്നവരെ ആജീവനാന്തവിലക്ക് മാത്രം ഏര്‍പ്പെടുത്താതെ അവരുടെ സ്വത്തും കണ്ടുകെട്ടേണ്ടത് തന്നെയാണ്. ഈ ലോകകപ്പിലും മുന്‍ ലോകചാമ്പ്യന്‍മാരായ ആസ്ട്രേലിയയുടെ മല്‍സരം തന്നെയാണ് കോഴയുടെ സംശയത്തില്‍ നില്‍ക്കുന്നത്. ഇങ്ങനെ മല്‍സരങ്ങളെ വിലയിരുത്തുമ്പോള്‍ അയര്‍ലാന്‍ഡിനെപ്പോലെ പൊരുതി ജയിച്ച ടീമുകളുടെ പ്രകടനത്തെയും വാതുവെപ്പിന്റെ നിഴലിലേക്ക് നീക്കിനിര്‍ത്തുമ്പോള്‍ ആ ടീമിനെ തന്നെ മോശമായി ബാധിക്കുന്നു. വമ്പന്‍ ടീമുകളുടെ പരാജയങ്ങളെ അംഗീകരിക്കാത്ത ആരാധകരുടെ വൃത്തികെട്ട സൃഷ്ടികളെയും കോഴക്കളി എന്ന നിറം ചാര്‍ത്തി തമസ്കരിക്കുന്നു.പ്രാഥമിക റൌണ്ടില്‍ തന്നെ കോഴയും വാതുവെപ്പും നിറയുമ്പോള്‍ തുടര്‍ന്നങ്ങോട്ട്  എത്രയെത്ര വമ്പന്‍സ്രാവുകള്‍ ഈ മാസ്മരിക വലയത്തിലെ വലയില്‍ കുടുങ്ങുമെന്ന് കണ്ടറിയാം...............

Thursday, March 3, 2011

എന്തുകൊണ്ട് ? GeArLeSs............SCOOOOOTER

എന്തുകൊണ്ട് ? 
GeArLeSs............SCOOOOOTER
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ നഗരവീഥികളും എന്തിന് ഗ്രാമവീഥികളിലടക്കം ആണ്‍,പെണ്‍,കുന്‍ (കുഞ്ഞുങ്ങള്‍) വരെ വളരെ ലാഘവത്തോടെ ചീറിപ്പായുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പണ്ട് റാലിയും ഹെര്‍ക്കുലീസും ബി.എസ്.എയുമൊക്കെ കൈയടക്കിയ ബാല്യ,കൌമാര,യൌവന,വാര്‍ദ്ധക്യങ്ങളെ ഇന്ന് തൊട്ടുതലോടുന്നത് പ്രിയങ്കചോപ്രയും കരീന കപൂറുമൊക്കെയാണ്.സൈക്കിളുകള്‍ ഇപ്പോള്‍ ചക്രങ്ങളില്ലാത്തതാണ് ഉപയോഗിക്കുന്നത്. കാരണം ഹൃദ്രോഗം,കൊളസ്ട്രോള്‍,ഷുഗര്‍, ബി.പി ഇവരെ അകറ്റാനും ബി.പി (ഭാര്യയെപേടി) കാരണം വീട്ടിനകത്തിരുന്ന് ആരോഗ്യം ഉണ്ടാക്കുകയാണിവര്‍. ഇന്ന് വീടുകളുടെ പിറകുവശത്തോ ഉപയോഗശൂന്യമായ കാര്‍ ഷെഡുകളിലും ഊര്‍ധ്വന്‍ വലിക്കുകയാണ് പാവം ബൈസിക്കിളുകള്‍.എന്നിരുന്നാലും സ്കൂള്‍കുട്ടികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. പണ്ടൊക്കെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന വാഗ്ദാനമായിരുന്നു സൈക്കിള്‍ ഇന്നത് എന്തൊക്കെയാണെന്ന് പറയുക വയ്യ.
തുടര്‍ന്നായിരുന്നു കൈനറ്റിക് ഹോണ്ടയുടെ വരവ് അതൊരു ഒന്നൊന്നര വരവായിരുന്നു.എല്ലാത്തരം വിഭാഗക്കാരെയും കൊതിപ്പിച്ച് രാജവാഴ്ചതന്നെ നടത്തി.ആബാലവൃദ്ധം ജനങ്ങളും രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് പരീക്ഷണങ്ങളായിരുന്നു.മാര്‍വല്‍ വരുന്നു. ബജാജും ടി.വി.എസും മറ്റു ഇരുചക്രവാഹന നിര്‍മാതാക്കളും വാശിക്ക് മോഡലുകളിറക്കി പൊളിഞ്ഞു പാളീസായി. എന്നാല്‍ ഹോണ്ട ആക്ടിവ എന്ന ഫോര്‍സ്ട്രോക്ക്  ഗിയര്‍ലെസ് സ്കൂട്ടറിന്റെ വരവോടെ ഒരു പുതിയ യുഗം തന്നെ തുറന്നു എന്നുവേണം കരുതാന്‍.കരുത്തും കാണാനുള്ള അഴകും ഉപയോഗിക്കാനുള്ള  സൌകര്യവും വിപണിയില്‍ ഏറെ മുമ്പന്തിയിലെത്തിച്ചു. തുടര്‍ന്ന് ഇപ്പോഴും പുതിയ മോഡലുകളുടെ പെരുമഴ തന്നെ വിപണിയിലുണ്ട്. അവസാനം കൈനറ്റിക്കില്‍നിന്ന് മഹീന്ദ്ര ഏറ്റെടുത്ത യൂനിറ്റുകള്‍ പല പേരുകളില്‍ വിപണിയിലുണ്ട്.
എന്തുകൊണ്ട് ഗിയര്‍ലെസ് എന്നുചോദിച്ചാല്‍ ഉപയോഗിക്കാനുള്ള സൌകര്യം മാത്രം. ഒന്നാമത് ബൈക്കുകളെ പോലെ ക്ലച്ച് പിടിച്ച്് ഗിയര്‍മാറ്റണ്ട, വെറുതെ ബട്ടണ്‍ അമര്‍ത്തി കൈകൊടുത്താല്‍ പായുംപുലിയാണിത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം വഹിച്ച് ഏത് തിരക്കുകള്‍ക്കിടയിലൂടെയും സഞ്ചരിക്കാം,സ്ത്രീകള്‍ക്കും  ഉപയോഗിക്കാം,ഗിയര്‍ലെസ് സ്കൂട്ടര്‍ കൈകാര്യം ചെയ്യാനും എളുപ്പമായതിനാല്‍ യൂസര്‍ഫ്രണ്ട്ലിയാണുതാനും.പെട്രോള്‍ തീരാറാകുമ്പോള്‍ ഫ്യുവല്‍ഗേജ് നോക്കി മാനേജ് ചെയ്യാം.ഒരു സ്ത്രൈണതയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിലും കരുത്ത് കൂട്ടി ആ പ്രശ്നവും അവസാനിപ്പിച്ചു. ഇന്നത്തെ നഗരാന്തരീക്ഷങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പവുമാണ്. ചെത്ത് പയ്യന്‍മാരും പയ്യത്തിമാരും മുതല്‍ വല്ല്യപ്പന്‍മാര്‍ വരെ ഏതു തിരക്കിനിടയിലൂടെയും പറപറക്കുകയാണ്. ഇലക്ട്രിക് യുഗത്തിന്റെ വരവ് പ്രതീക്ഷിച്ചത്ര മാര്‍ക്കറ്റ് പിടിച്ചിട്ടില്ല കാരണം ഉയരുന്ന വൈദ്യുതി ബില്ലാവാം വില്ലന്‍. എന്തായാലും ഇപ്പോഴെന്നല്ല വാഹനപ്പെരുപ്പത്തിന്റെ ഇക്കാലത്ത് ഗിയര്‍ലെസ് സ്കൂട്ടറാണ് താരം.

Tuesday, March 1, 2011

കവലപ്രസംഗങ്ങള്‍ക്ക് ഇനി കാതോര്‍ക്കാം

 കവലപ്രസംഗങ്ങള്‍ക്ക്  ഇനി കാതോര്‍ക്കാം
ന്ന് മുതല്‍ വീണ്ടും ദിനപത്രങ്ങള്‍ വായിക്കാം കാരണം കഴിഞ്ഞ മൂന്നാഴ്ചയായി  ഭരണാധികാരികളുടെ ഭരണപരിഷ്കാരങ്ങളുടെയും മന്ത്രി പുംഗവന്‍മാരുടെയും ഉദ്ഘാടനമാമാങ്കങ്ങളുടെയും പരസ്യഘോഷയാത്രയായിരുന്നു.ചെയ്തു കൂട്ടിയ വീരസ്യങ്ങളുടെയും ചെയ്യാനുള്ള ആഭാസങ്ങളുടെയും വില വിവരപ്പട്ടിക. ഇതിന്റെയെല്ലാം കൂട്ടിക്കിഴിക്കലിന്റെയും ശിഷ്ടങ്ങളുടെയും ആകെ മൊത്തം ടോട്ടല്‍ തുക കണ്ടെത്തേണ്ടത് നാമാണെന്ന് ഓര്‍ക്കണം. ദിനപത്രങ്ങളെയും ചാനലുകളെയും മാധ്യമ സിന്‍ഡിക്കേറ്റ് എന്നു വിളിച്ചും തോന്നുന്നതെല്ലാം വളച്ചൊടിച്ചെഴുതുന്നവര്‍ എന്നും വിളിച്ചവര്‍ തന്നെ മാധ്യമങ്ങളുടെ സഹായം തന്നെ തേടുന്നു.എന്തൊരു വിരോധാഭാസം. ഒരു ഭാഗത്ത് അങ്ങ് മുകള്‍തട്ടില്‍ നിന്ന് 2ജി 3ജി മുതല്‍ തുടങ്ങുകയായി അഴിമതിയുടെ കാണാച്ചരടുകള്‍.അവസാനം തലപ്പത്ത് നിന്ന് തുടങ്ങി വാലറ്റമായ നമ്മുടെ നാട്ടിലെത്തുമ്പോള്‍ പരസ്പരം ചെളിവാരിയേറ് സ്വന്തം പല്ലിന്റിട കുത്തി നാറ്റിക്കല്‍ അങ്ങനെ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി പയറ്റുന്നു അടവുകള്‍. ലാവലിനില്‍ തുടങ്ങി ലോട്ടറിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഐസ്ക്രീമില്‍ തുടങ്ങി  ജുഡീഷ്യറിയെ അപമാനിക്കലില്‍ വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. വാരിയെറിയാന്‍ തക്ക അഴിമതിക്കഥകളും ധൂര്‍ത്തും അനധികൃത നിയമനവും വഴിനീളെ പത്രത്താളുകളില്‍ പൊതുജനം വായിച്ചറിയുമ്പോഴും ചിലര്‍ പറയും ഇവര്‍ കഴുതകളാണെന്ന്.കൊട്ടിഘോഷിക്കപ്പെടുന്ന ഉദ്ഘാടനങ്ങള്‍ക്ക് പിറകില്‍ പാവപ്പെട്ടവന്റെ രക്ഷാമാര്‍ഗം കൊട്ടിയടക്കലാവുകയാണ് പലപ്പോഴും. വികസനത്തിന്റെ പേരില്‍ കിടപ്പാടം വരെ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. ജലസ്രേതസ്സുകള്‍ കുഴിച്ച് ചെളിക്കുളങ്ങളും അപകടമേഖലയുമാക്കി നാട്ടില്‍ കൊലവിളിച്ച് പായുകയാണ് മണല്‍ലോറികള്‍.അവര്‍ക്കും അകമ്പടി നല്‍കാന്‍ പൊലീസും. എന്നാല്‍ അത്യാവശ്യം മരുന്നുവാങ്ങാന്‍ ഹെല്‍മറ്റില്ലാതെ പോകുന്നവനെ ചേസ് ചെയ്ത് പിടിക്കുന്ന പൊലീസിന്റെ കഴിവ് അപാരം തന്നെ. മണല്‍ ലോറിയെ ചേസ് ചെയ്താല്‍ പിറ്റേന്ന് ഫ്രെയിമിലായി ചിരിച്ചുകൊണ്ടഎ ചുമരിലിരിക്കും. വോട്ട് നേടി ഭരിക്കാനിറങ്ങുന്നവര്‍ ഭരിക്കുകയല്ല മറിച്ച് മുന്‍ ഭരണക്കാരുടെ ഭരണത്തെ താറടിക്കുമ്പോഴേക്കും വര്‍ഷം 5 കഴിയും. ഇനി നാല്‍ക്കവലകളില്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കാതോര്‍ക്കാം. കാറ്റ് ഇടത്തോട്ട് വീശിയാലും വലത്തോട്ട് വീശിയാലും കോരന് കഞ്ഞി കുമ്പിളിലെങ്കിലും കിട്ടുമോ? കണ്ടറിയണം.............