Monday, March 21, 2011

ശ്രീശാന്തിനെ ധോണി തഴയുന്നതെന്തുകൊണ്ട് ?

കേരളത്തിലെ ക്രിക്കറ്റ് ചരിത്രത്തിന്റെ താളുകളിലേക്ക് തന്റെ പരിശ്രമംകൊണ്ട് നടന്നുകയറിയ ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് എസ്.ശ്രീശാന്ത്. ലോകക്രിക്കറ്റ് വിശാരദന്‍മാരില്‍ നിന്ന് വരെ അഭിനന്ദനവും വിമര്‍ശനങ്ങളും നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരുകളി പോലും കളിക്കാതെ ടീമില്‍ ഇടം പിടിച്ച ഈ മലയാളി പഴയ സുനില്‍ വില്‍സനെപോലെയാവും എന്നാണ് കരുതിയത്.പക്ഷേ തന്റെ കഠിനപ്രയത്നം കൊണ്ടും പ്രവീണ്‍കുമാര്‍ എന്ന മീററ്റ് കാരന്റെ ദൌര്‍ഭാഗ്യവും ശ്രീശാന്തിന് അര്‍ഹതപ്പെട്ട സ്ഥാനം നേടിക്കൊടുത്തു. കളിക്കളത്തിലെ അമിതാവേശം മൂലം പലകുറി നോട്ടപുള്ളിയായ ശ്രീ അവസാനം ടീം ക്യാപ്റ്റന്റെ ശാസനക്ക് വരെ വിധേയനായി. എന്നാല്‍ പലപ്പോഴും ഈ ക്യാപ്റ്റന്റെ തന്നെ അഭിനന്ദനത്തിന് അര്‍ഹനായിട്ടുമുണ്ട്.
എന്നിട്ടും എന്തേ? ധോണി ശ്രീയെ തഴയുന്നു. ഈകുറച്ചുകാലം കൊണ്ടുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷനിലും ശ്രീ യുടെ വാക് പ്രകടനങ്ങള്‍ വിവാദമായിരുന്നു. പയ്യന്‍സിന് കുറച്ചൊന്നുമല്ല അഹങ്കാരം എന്നായിരുന്നു മലയാളി ചൊല്ല്. ശരിയാണ് മുംബൈ സ്വാമിയെ കണ്ട് സംഖ്യാശാസ്ത്ര പ്രകാരം തന്റെ പേര് തന്നെ ശ്രീസന്ദ് എന്നാക്കി. ലോകട്വന്റി 20 യില്‍ ടര്‍ബണേറ്റര്‍ ഹര്‍ബജന്റെ അടി മുഖത്തുവാങ്ങി. അരിയും തിന്ന് ആശാരിയെയും കടിച്ചിട്ടും പട്ടിയുടെ മുറുമുറുപ്പ് മാറാതെ ശ്രീ ആസ്ട്രേലിയയുടെ സൈമണ്ട്സുമായി കൊരുത്തു. ചുരുക്കി പറഞ്ഞാല്‍ കളിച്ച കളികളില്‍ ആരൊക്കെയായി അടിയുണ്ടാക്കിയെന്ന് ആ ചങ്ങാതിക്ക് പോലും അറിയില്ല.ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിട്ടും ഈലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത് ധോണിയുടെ കളി തന്നെയായിരുന്നു എന്ന് വ്യക്തം.ഏറ്റവും രസം കൊച്ചിയിലെ കളിക്കിടെ ശ്രീയുടെ വീട്ടില്‍ നാക്കിലയില്‍ സദ്യയുണ്ട ധോണി കൊടുത്ത എട്ടിന്റെ പണി.  ബംഗ്ലാദേശുമായുള്ള ആദ്യകളിയില്‍ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയ ശ്രീയെ പിന്നീട്  കളിപ്പിച്ചതുമില്ല. ബംഗ്ലാദേശന്നെല്ല മറ്റ് ഏത് ടീമായിരുന്നാലും ബോളര്‍ അടിവാങ്ങും കാരണം 300 ന് മേല്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ക്രിക്കറ്റിലിത് പതിവാണെന്ന് ധോണിക്ക് മാത്രം മനസ്സിലാവില്ല. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് കളി മതിയാക്കി രാജ്യം വിടേണ്ടി വന്നേനെ.ആറുബോളും സിക്സ് മേടിച്ചതല്ലേ പയ്യന്‍
മറ്റു ടീ മുകളില്‍ ഒരോവറില്‍ 25ഉം 30ഉം റണ്‍സ് വിട്ടുകൊടുത്ത ബോളര്‍മാരെ പരീക്ഷിക്കുമ്പോള്‍ ധോണി തോറ്റാലും അതിന് മുതിരുന്നില്ല. മുനാഫ് പട്ടേലെന്ന് മീഡിയം പേസറും ചൌളയും അവസാന ഓവറുകളില്‍ സിക്സറുകള്‍ വാങ്ങിക്കൂട്ടി ജയിക്കേണ്ടകളി സമനിലയില്‍ പിടിച്ചപ്പോള്‍ ക്യാപ്റ്റന് കണ്ണുണ്ടായി കാണില്ല. ദക്ഷിണാഫ്രിക്കയുമായുള്ള കളിയിലും ജയിക്കേണ്ട കളി തോറ്റമ്പിയപ്പോഴും ക്യാപ്റ്റന്‍ മിണ്ടിയില്ല. നെഹ്റയെപോലെ കായികക്ഷമതയില്ലാത്ത ബോളറെ ഉപയോഗിച്ചപ്പോള്‍ ഡിവില്ലിയേഴ്സ് കാര്യങ്ങള്‍ അവരുടെ വരുതിയിലാക്കി. സിക്സറുകള്‍ വാങ്ങിക്കൂട്ടുമ്പോഴും ദേശസ്നേഹമോ വാശിയോ ടീം സ്പിരിറ്റോ കാണിക്കാതെ മുഴു നീളെ ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ ബോളര്‍മാരെക്കാളും ഏറെ വ്യത്യസ്തനാണ് കേരളത്തിന്റെ ശ്രീ.ആക്രമണോല്‍സുകത കളിയുടെ ഭാഗമാണ്. നിസ്സംഗരായി ബാറ്റ് ചെയ്ത് വിക്കറ്റുകള്‍ തുലക്കുന്ന ബാറ്റ്സ്മാന്‍ മാരെക്കാളും എത്രയോ വലുതാണ് വാശിയും ദേശസ്നേഹവും.കളി കഴിയുമ്പോള്‍ ചോദിക്കുന്നത് ഇന്ത്യ ജയിച്ചോ? തോറ്റോ ? എന്നാണ് അല്ലാതെ ശ്രീശാന്ത് ആരെ തല്ലി എന്നല്ല.
ഇന്നും ശ്രീശാന്തിന്റെ ഏറിന്റെ വേഗം മറ്റൊരു ഇന്ത്യന്‍ ബോളര്‍ക്കുമില്ല എന്നത് യാഥാര്‍ഥ്യം മാത്രം.

No comments:

Post a Comment