Wednesday, March 23, 2011

ഇവര്‍ ഫീനിക്സ് പക്ഷികളോ ?


ഇവര്‍ ഫീനിക്സ് പക്ഷികളോ ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ ലോകക്രിക്കറ്റ് മാമാങ്കത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ വെസ്റ്റ് ഇന്‍ഡീസിനെ പച്ചക്ക് പിച്ചിച്ചീന്തി സെമി ബെര്‍ത്ത് ഉറപ്പിച്ച ഇവരെ ചാരത്തില്‍ നിന്ന് ഉയര്‍ന്ന ഫീനിക്സ് എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ പോരാതെ വരും.ലോകകപ്പിന് മുമ്പ് തന്നെ മറ്റേത് ടീ മിനെക്കാളും അപമാനവും ചീത്തപ്പേരും ആവോളം വിമര്‍ശനങ്ങളും കിട്ടി തളര്‍ന്ന ഒരു ടീം മാത്രമായിരുന്നു പാക്കിസ്ഥാന്‍.ശ്രീലങ്കന്‍ താരങ്ങളെ വെടിവെച്ച തീവ്രവാദികള്‍ യഥാര്‍ഥത്തില്‍ പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിലേക്കായിരുന്നു നിറയൊഴിച്ചത്. ചാരത്തില്‍ നിന്നല്ല അതിലും താഴെ നിന്നാണ് ഈ വിജയത്തിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ്.
കാരണം ആസ്ട്രേലിയ,സൌത്താഫ്രിക്ക എന്നല്ല ക്രിക്കറ്റ് നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളും പാക്കിസ്ഥാനുമായുള്ള മല്‍സരങ്ങള്‍ ഒഴിവാക്കി. അവരെ പുറത്താക്കണമെന്നുവരെ ഐ.സി.സിയില്‍ ആവശ്യമുയര്‍ന്നു. എന്തിന് അതിവേഗക്രിക്കറ്റായ ട്വന്റി 20യില്‍ പോലും അയിത്തം കല്‍പിച്ച് പടിയടച്ച് പിണ്ഡംവെച്ചവരായി മാറി. അയിത്തത്തിന്റെ അതിര്‍വരമ്പുകളും തുടര്‍ച്ചയായ മല്‍സരങ്ങളുടെ ആലസ്യമോ ഇല്ലാതെ തന്നെ ക്രിക്കറ്റിനെ മാത്രം ഉപാസിച്ച പാക്ക് താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യ അടങ്ങുന്ന ലോകോത്തര ടീമുകള്‍ നോക്കി കണ്ടുപഠിക്കേണ്ട കേമന്‍മാരാണ്. ഇത് വീണ്‍വാക്കല്ല മറിച്ച് പ്രയോഗത്തില്‍ നമുക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ മാത്രം. ലോകകപ്പില്‍ എത്തുമ്പോള്‍ വാതുവെപ്പുകാരുടെ തോഴര്‍ എന്ന വിളിപ്പേരുമായി തല താഴ്ത്തി വന്ന പാക്കിസ്ഥാന്‍ ഈ ഫോമിലാണെങ്കില്‍ കപ്പുമായി തല ഉയര്‍ത്തിത്തന്നെ പോകും.ഷാഹിദ് അഫ്രീഡിയുടെ മനക്കരുത്തും ഒരു ടീമെന്ന നിലയിലുള്ള പ്രകടനവും ഇനിയുള്ള അവരുടെ മല്‍സരങ്ങളെ നിര്‍ണായകമാക്കും.ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ ലോകകപ്പ് നേടാന്‍ യോഗ്യര്‍ തന്നെ.
ബാറ്റിങ് മാത്രമല്ല ബോളിങ്ങിലും തനിക്ക് പ്രതിഭ തെളിയിക്കാനുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് എതിരാളികളുടെ വിക്കറ്റില്‍ മുത്തമിട്ട് മൂളി പറക്കുന്ന അഫ്രീഡിയുടെ ബോളുകളും പാക്ക് പടയ്ക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം നല്‍കുന്നത്.ഉമര്‍ഗുല്ലും അബ്ദുറസാഖും ക്യാപ്റ്റന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നു. ചോരുന്ന കൈയുള്ള കമ്രാന്‍ അക്മലും ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നത് ആശ്വാസം പകരുന്നു. അവശ്യസമയത്ത് ഫോമിലേക്കുയരുന്ന മിസ്ബായും യൂനിസ് ഖാനും ചേരുമ്പോള്‍ അവര്‍ അതുല്ല്യശക്തികളാകുന്നു. റാവല്‍പിണ്ടി എക്സ്പ്രസ് വിടവാങ്ങുന്ന ഈ ലോകകപ്പ് പാക്കിസ്ഥാനിലേക്ക് തന്നെ യാത്രയാകുവാന്‍ സാധ്യതകള്‍ ഏറി വരികയാണ്.അപമാനത്തിനും നേരിടേണ്ടി  വന്ന പ്രശ്നങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആത്മസമര്‍പ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും  കേളീമികവുകൊണ്ട് മറുപടി നല്‍കട്ടെ പാക്കിസ്ഥാന്‍.

No comments:

Post a Comment