Sunday, December 4, 2011

ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply


ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply 


ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ നാലിലെ വിജയി ജോബി ജോണ്‍ കോടി വിലയുള്ള ഫ്ലാറ്റ് സമ്മാനമായി കിട്ടിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാതെ നിയമക്കുരുക്കില്‍. ദൈവം കനിഞ്ഞുനല്‍കിയ ശബ്ദത്തിനുടമയായിട്ടും സമ്മാനമായി കിട്ടിയ ഫ്ലാറ്റിന് ഉടമയാകാന്‍ താണ്ടേണ്ട കടമ്പകള്‍ ഒരുപാട്. നിയമം കണ്ടീഷന്‍സ് അപ്ലൈ എന്നതില്‍ കുരുക്കിയിട്ടും ജോബി ഏഷ്യാനെറ്റുമായി നിയമയുദ്ധത്തിലാണ്. ഫ്ലാറ്റ് സ്വന്തമാക്കാന്‍ ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടത് 34ലക്ഷം രൂപ. വിനോദനികുതിയിനത്തില്‍  ഇത്രയും തുക സര്‍ക്കാറിലേക്ക് അടച്ചാലെ കോടി വിലമതിക്കുന്ന താമസസ്ഥലം ലഭിക്കൂ. ദാരിദ്യ്രം നിറഞ്ഞ ചുറ്റുപാടില്‍ നിന്നും  ഒരു  വര്‍ഷത്തെ കഠിനതപസ്യയുടെ ഫലം ഇത്രയും കയ്പനിറഞ്ഞതാവുമെന്ന് കരുതിയിരിക്കില്ല. തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗര്‍ഷോമിലെ പറയാന്‍ മറന്ന പരിഭവം പാടി വിജയിയായപ്പോഴും വിധി ഇങ്ങനെയൊരു പരീക്ഷണം കൂടി നടത്തുമെന്ന് അയാള്‍ ഓര്‍ത്തിട്ടുകൂടിയുണ്ടാവില്ല. എസ്. പി.ബിയും ചിത്രയും ശ്രീകുമാറുമെല്ലാം വാനോളം പുകഴ്ത്തിയ ആ സ്വരം ഇന്ന് നിയമപാലകരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

പത്രപ്പരസ്യവും ടെലിവിഷനുകളിലെ ഓഫര്‍  പരസ്യങ്ങളെ പോലെ ഏഷ്യാനെറ്റും കൊടുക്കേണ്ടതാണ് കുറച്ച് വലിയ അക്ഷരത്തില്‍ തന്നെ conditions apply എന്ന്. അല്ലെങ്കില്‍  ജോബിക്ക് പറ്റിയപോലെ വിനോദനികുതി കൊടുക്കാന്‍ കഴിയാതെ നിയമപോരാട്ടത്തിന് ഇറങ്ങേണ്ടിവരും. ദരിദ്രനായ ജോബി എന്ന പാട്ടുകാരന്‍ തന്റെ മാന്ത്രിക ശബ്ദത്താല്‍ ലോകത്തിന്റെ കൈയിലെ എസ്.എം.എസ് വാങ്ങി കോടീശ്വരനായിട്ടും അനുഭവിക്കുക എന്നത് വിദൂരമായിരിക്കുകയാണ്. ട്രാവന്‍കൂര്‍ ബില്‍ഡേഴ്സും കൈയ്യൊഴിഞ്ഞ മട്ടാണ്. കോഴിക്കോടുകാരനായ ജോബിക്കാണെങ്കില്‍ ആ ഫ്ലാറ്റ് തന്നെവേണമെന്ന പിടിവാശിയും. ഏഷ്യാനെറ്റുമായി നിയമയുദ്ധം നടക്കുകയാണെങ്കിലും വിനോദനികുതിയെന്നത് അടക്കാതെ കാര്യങ്ങള്‍ പാട്ടുകാരന് അനുകൂലമാവില്ലെന്നാണ് ഭൂരിപക്ഷം. നാട്ടുപുറമ്പോക്കിലെ വര്‍ത്തമാനമിതാണ് ഓന് ആ മുപ്പത്തിനാല് ലക്ഷം കൊടുത്ത് ബാക്കി അറുപത്തിനാല് ലക്ഷം വാങ്ങി ഒരു വീട് വാങ്ങിയാപ്പോരെ, പിന്നേം കിടക്കണ് കാശ് ബാക്കി. നിയമം അറിയില്ലേ ആരേലും ഒന്ന് പറഞ്ഞ് കൊടക്കപ്പാ ആ പഹയന്.
 എന്ന്  ബാക്കി കാത്തിരുന്ന് കാണാം.

Monday, November 21, 2011

പൊന്നമ്പലമേട്ടില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍


പൊന്നമ്പലമേട്ടില്‍  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 


കലിയുഗവരദനായ അയ്യപ്പസ്വാമി പോസ്റ്റ് മോഡേണായാല്‍ എങ്ങനിരിക്കും? ദര്‍ശനഭാഗ്യം കാത്ത് വരുന്നവര്‍ക്ക്
ഒരു റോപ്പ് വേ സംവിധാനം കിട്ടിയാലോ?  വേറൊന്നുമല്ല ദര്‍ശനത്തിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനെത്തിയിരിക്കുന്നു. അതും  കേരളാ പോലിസ് വക.ശബരിമല അഡ്വാന്‍സ് ക്യൂ പ്ലേസ്മെന്റ് കൂപ്പണ്‍. പണ്ട് തന്ത്രിവക ആളുകള്‍ക്ക് സ്പെഷല്‍ ദര്‍ശനമായിരുന്നു. അതുവഴി മൂപ്പര് കോടികള്‍ അടിച്ചുമാറ്റുന്നു എന്ന് പറഞ്ഞ് അത് നിര്‍ത്തി. പക്ഷേ ഒന്നുണ്ട് ഈ സംവിധാനം തികച്ചും സൌജന്യമാണ്. തിരക്ക് അധികമായാല്‍ ഈ സംവിധാനവും പൊളിയുമെന്ന് ഉറപ്പാണ്. കാരണം നടപ്പന്തല്‍ മുതലാണ് കൂപ്പണ്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളൂ. ഈ നടപ്പന്തല്‍ വരെ എത്തുക എന്നത് കൂടുതല്‍ തിരക്കുണ്ടാക്കും
അത് അപകടവുമുണ്ടാക്കും. മണിക്കൂറുകള്‍ക്കിടയിലുള്ള ഈ സംവിധാനത്തിന്റെ ആനുകൂല്യത്തിനായി അയ്യപ്പഭക്തര്‍ ഇരച്ചുകയറാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാത്തുനില്‍ക്കുമ്പോള്‍ കൂപ്പണുള്ള സ്വാമിമാരുടെ ഈ തിരക്ക് അറിഞ്ഞുകൊണ്ട് ആപത്തിനെ വിളിച്ചു വരുത്തലാവുമോയെന്ന് കണ്ടറിയണം..........മകരവിളക്കിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞെങ്കിലും വിശ്വാസങ്ങളുടെ  അമരത്ത് കുടികൊള്ളുന്ന അയ്യപ്പനെ കാണുന്നതിന് ഭക്തരുടെ ഒഴുക്കിന് കുറവൊന്നുമില്ല. അടിസ്ഥാനസൌകര്യങ്ങളൊരുക്കാതെ ശബരിമലയെ ഇത്തവണ മാലിന്യമലയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പാദബലവും ദേഹബലവും നല്‍കുന്ന പന്തളരാജന്‍ മനസ്സിനും ബലം നല്‍കട്ടെ തിരുനടയില്‍ നിന്ന് തെറിവിളിക്കാതിരിക്കാന്‍..........................

Wednesday, November 16, 2011

മലകയറിയ ദൈവങ്ങള്‍


മലകയറിയ ദൈവങ്ങള്‍
ദൈവവിശ്വാസ  പ്രമാണങ്ങളുടെ കെട്ടുകള്‍ അഴിക്കുമ്പോള്‍ അതിശയം തോന്നിപ്പോവുകയാണ് പലപ്പോഴും. ഇനി അവരുടെ കാലമാണ് മലകയറ്റക്കാരുടെ!
ദൈവചൈതന്യങ്ങള്‍ തേടിയുള്ള യാത്രകള്‍. നൊയമ്പ് നോറ്റും ഊരുതെണ്ടിയും കടങ്ങള്‍ വീട്ടിയും മലകയറുന്നത് ആരുടെ കാരുണ്യം തേടിയാണ് മനുഷ്യന്‍.
ഈ ദൈവങ്ങള്‍ മലദൈവങ്ങളല്ല എന്ന് വിശ്വസിക്കുന്നെങ്കിലും എന്തുകൊണ്ട് ഈ ചൈതന്യങ്ങള്‍ മലകളില്‍ കുടികൊള്ളുന്നു. ജാതി മത വര്‍ഗ വര്‍ണ ദേശ ഭാഷകള്‍
എല്ലാം തന്നെ വ്യത്യസ്തങ്ങളാണെങ്കിലും ആ യാത്രയില്‍ ഏവരും ഒരേ രൂപത്തില്‍ ഭാവത്തില്‍. ദൈവത്തിന് മുന്നിലേക്ക് എന്തിനായി ? കൈലാസനാഥനും ശബരിഗിരീശനും പഴനി ആണ്ടവനും  ഗാഗുല്‍ത്താ മലയിലും സഫയിലും മര്‍വയിലും അറഫയിലും പോയി മനുഷ്യന്‍ തേടുന്നത്  എന്താണ് ? കാരുണ്യമോ? പാപമുക്തിയോ? കുടിവെളളത്തിനായി ഓടി നടന്ന പ്രവാചകനായ നബിയും മലമുകളില്‍ കുടിയിരുന്ന ധര്‍മശാസ്താവും നന്‍മക്കായി ക്രൂശിതനായ യേശുവും മനുഷ്യന്റെ നന്മയെയാണ് ആഗ്രഹിച്ചതെങ്കില്‍ ഇപ്പോഴുള്ള മനുഷ്യചെയ്തികളെ എങ്ങനെ വിലയിരുത്തണം? സമ്പത്തുള്ളവന്‍ അത് നഷ്ടപ്പെടുത്തരുതേ എന്നും താഴേക്കിടയിലുള്ളവന്‍ എന്നെ സമ്പത്ത്  തന്ന് അനുഗ്രഹിക്കണമെന്നും ഇതിന്
രണ്ടിനുമിടയിലുള്ളവന്‍ ഇങ്ങനെ തട്ടിയും മുട്ടിയും പോകട്ടെ എന്നും  ദൈവസന്നിധിയിലെത്തി പ്രാര്‍ഥിക്കുന്നു. എന്തായാലും ദൈവത്തിന് കോളുതന്നെ പെട്ടിയില്‍ വീഴുന്നത് പണം
തന്നെ.
 വര്‍ഷത്തില്‍ കൊക്കോടികള്‍ കൊയ്യുന്ന വ്യവസായമായി വളരുന്ന ആരാധനാലയങ്ങളെ സര്‍ക്കാറുകളും മുതലാക്കുന്നു. ഒരു വിഭാഗം റോമിലേക്കും ഒഴുക്കുന്നു അത്രമാത്രം.
കുറച്ച് ദിവസങ്ങള്‍ മാത്രമുളള ഹജ്ജും ശബരിമലയുമെല്ലാം ഒരുകാലത്ത് ജീവനോടെ തിരിച്ചെത്താത്ത വിശ്വാസത്തിന്റെ പരകോടിയായിരുന്നു. ഇന്നതെല്ലാം  എത്രമാത്രം സുഗമമായിരിക്കുന്നു. അതു പറയുമ്പോള്‍ വിശ്വാസങ്ങളുടെ ചുവട്ടില്‍ കത്തിവെച്ച സംഭവമാകുന്നു മകരവിളക്ക് മനുഷ്യന്റെ കാടത്തത്തിന് അവന്റെ ജീവനെടുത്ത സംഭവം. ലക്ഷക്കണക്കിന് വിശ്വാസികള്‍  മകരജ്യോതി കാത്തിരിക്കുമ്പോള്‍ ദാ തെളിയുന്നു ദീപം നല്ല ടെക്നിക്ക് ദൈവം തിരിനാളമായി.
 ചതിയെന്നോ വിശ്വാസവഞ്ചനയെന്നോ പറയാം. പക്ഷെ അപ്പോള്‍ അവിടെ വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തും നക്ഷത്രവും ഏതു ഭാഗമാണെന്ന് മനസ്സിലാകുന്നില്ല. ഹജ്ജിന് പോകുമ്പോള്‍ കടം തീര്‍ത്ത് പോസ്റ്റ്ഡേറ്റഡ് ചെക്കുകള്‍ നല്‍കി ഹജ്ജ് ചെയ്യും തിരിച്ചെത്തുമ്പോള്‍ പാസാകാത്ത ചെക്കുമായി വീട്ടുമുറ്റത്ത് പണം ചോദിക്കാനെത്തുന്നവര്‍. മിനായില്‍ സാത്താന്റെ രൂപത്തിന് നേരെ കല്ലെറിയുമ്പോള്‍ ആരോ എറിഞ്ഞ കല്ല് ദേഹത്തു വീണത്  അപ്പോള്‍ അവന്‍ തിരിച്ചറിയുന്നു. ദൈവങ്ങളുടെ ഓരോ കളികള്. ക്രൂശിതനായ യേശുവിന്റെ ഓര്‍മക്കായി കുരിശുമായി മലയാറ്റൂര്‍ മലകയറുന്നവര്‍ തന്നെക്കാള്‍ ഭാരമുള്ളതും വലുപ്പമുള്ള കുരിശുമായി നഗരത്തിന്റെ ഓരംചേര്‍ന്ന് നടന്നപ്പോഴാണ് ചൂടുകൊണ്ട് തളര്‍ന്ന് വീണത് നടുറോഡിലേക്ക്. ഗതാഗതത്തിന് തടസ്സമായി തലയില്‍ ചുറ്റിയ മുള്ള് താഴ്ന്നിറങ്ങി മുറിവുമായി. ട്രാഫിക് പോലീസുകാരന്‍ കുരിശ് എടുത്ത് മാറ്റാന്‍ നോക്കി നടന്നില്ല. അന്നേരം പിറന്നു കമന്റ് തനിയെ നടക്കാന്‍ ശേഷിയില്ലാത്തോനക്കെ ചുമക്കുന്നത് ടണ്‍കണക്കിന് ഭാരമുള്ള കുരിശ് നീ ഇത്ര പാപിയാണോടാ എന്ന് . വിശ്വാസങ്ങള്‍ അമിതമാവുമ്പോഴോ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുന്ന ഇമേജിനുവേണ്ടിയോ വിശ്വാസങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ അനുഭവങ്ങള്‍
ഉണ്ടാകുന്നു. ഇതാവാം ഒരുപക്ഷേ  കൈകൂപ്പുവാനും കൈകള്‍ മേലോട്ടുയര്‍ത്താനും മുട്ടുമടക്കി നെറ്റിതാഴെ മുട്ടിച്ച് നമസ്കരിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന വിശ്വാസം ദൈവമെന്ന അനിര്‍വചനീയമായ ചൈതന്യം.ഇതൊരു കളിയാക്കലല്ല .
 മനുഷ്യന്റെ ചെയ്തികളുടെ നേര്‍ക്കാഴ്ച മാത്രം.
എന്തൊക്കെ ആയാലും ശരി ദൈവങ്ങള്‍ മലമുകളിലല്ല വേറെ എവിടെ പോയാലും മനുഷ്യര്‍ അവിടെയെത്തും പാപമുക്തിയും ജീവിതാഭിലാഷങ്ങളും ദൈവസന്നിധിയില്‍ എന്നു
വിശ്വസിക്കുന്നവര്‍ എവിടെയും എത്തും തീര്‍ച്ച.

Monday, October 3, 2011

.: അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്

.: അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്: അങ്ങനെ ഗ ന്ധര്‍വനും എത്തിപ്പോയ് ഗാനസൂത്രങ്ങള്‍ കൊണ്ട് നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ലോകമലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും സ്ഥാനം പിടിച...

.: salt n pepper

.: salt n pepper: salt n pepper ഇ ന്ന് അവിചാരിതമായി ഒരു സിനിമ കണ്ടു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഹായ് നല്ല സിനിമ. നല്ല അവതരണരീതി ആഷിക് അബു വളരെ മനോഹരമായി ചെ...

salt n pepper


salt n pepper
ന്ന് അവിചാരിതമായി ഒരു സിനിമ കണ്ടു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഹായ് നല്ല സിനിമ. നല്ല അവതരണരീതി  ആഷിക് അബു വളരെ മനോഹരമായി ചെയ്തിരിക്കുന്നു. പ്രമേയത്തെ കൂടുതല്‍ കാട് കയറാനനുവദിക്കാതെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. കഥയോടുള്ള മൃദുസമീപനം തന്നെ ഉദാഹരണം. മേമ്പൊടിയായി  കാളിദാസന്‍ എന്ന ലാലിന്റെ തികച്ചും അനിതരസാധാരണമായ അഭിനയം തികച്ചും ലളിതമായ അവതരണം വേറൊരു നടനും സാധിക്കാത്തത്  എന്ന്  കൃത്യമായി പറയാന്‍ കഴിയും. അതിരുവിടാത്ത ഹാസ്യവും ആസിഫ് അലിയും മോശമാക്കിയില്ല. പക്ഷെ ഒന്ന് സമ്മതിക്കണം ബാബുരാജ് എന്ന വില്ലന്‍ വേഷം മാത്രം ചെയ്തിരുന്ന നടന്റെ കോമഡി പരിവേഷം. നൂറുശതമാനം വിജയം എന്ന് എനിക്ക് തോന്നിയില്ല. ഭാവങ്ങളില്ലാതെ വെറുതെ ഡയലോഗുകളില്‍ മാത്രമേ തമാശകള്‍ നിഴലിക്കുന്നുള്ളൂ. ഒരു തുടക്കക്കാരനായ വില്ലന്റെ എല്ലാ കുറവുകളും കാണാമെങ്കിലും ഹാസ്യനടനിലേക്ക്  കടമ്പകള്‍ ഇനിയും കടക്കേണ്ടിയിരിക്കുന്നു.
പുതിയ നടി മൈഥിലിയും കൊള്ളാം. ശ്വേത തന്റെ റേഞ്ച് എന്താണെന്ന് അറിഞ്ഞുതന്നെ അഭിനയിച്ചിരിക്കുന്നു. ഭക്ഷണസിനിമയായതിനാലാണ് ഇതേക്കുറിച്ച് ഇങ്ങനൊരു അഭിപ്രായം. എന്തായാലും വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയത്തെ ഇത്ര സിംപിള്‍ ആയി ചിത്രീകരിച്ച ആഷിക്കില്‍ പ്രതിഭയുടെ നിഴലാട്ടം കാണാം.

Sunday, September 25, 2011

അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്


അങ്ങനെ ന്ധര്‍വനും എത്തിപ്പോയ്
ഗാനസൂത്രങ്ങള്‍ കൊണ്ട്  നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ലോകമലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും സ്ഥാനം പിടിച്ച ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയില്‍ അവസാനം  വെള്ളിവെളിച്ചത്തില്‍ വെള്ളിനക്ഷത്രമായി ഗാനഗന്ധര്‍വനും എത്തി. മലയാളം എന്ന ഭാഷയെ മംഗ്ലീഷില്‍ അവതരിപ്പിക്കുന്ന അവതാരക രഞ്്ജിനി ഹരിദാസും സംഘവും അവസാനം ആ ഉദ്യമത്തില്‍ വിജയിച്ചു എന്നു വേണം കരുതാന്‍ .സംഗീതലോകത്തേക്ക് എന്നു പറയുമ്പോള്‍ സംഗീതം കൊണ്ട് നേടുന്ന ഫാന്റസിയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ചൂണ്ടുപലകയാണിപ്പോള്‍ സ്റ്റാര്‍സിംഗര്‍ മെഗാഷോ. നേരത്തെ പാട്ടുമാത്രം മതിയായിരുന്നെങ്കില്‍ ഇന്ന് അതുമാത്രം പോര നന്നായി നടിക്കാനറിയണം നടനവുമറിയണം.എന്നാലെ ചെറുസന്ദേശങ്ങളിലൂടെ വലിയ ലോകത്തേക്ക് പറന്നുയരാനാവൂ. തീര്‍ന്നില്ല ജനകീയനാവണമെങ്കില്‍ നാടായ നാടുമുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ വെക്കണം സന്ദേശമാപിനികളിലെ എണ്ണം കുറയാതെ നോക്കുകയും വേണം. പുത്തന്‍ സംഗീത താരങ്ങളെ പിന്നീട് കാണണമെങ്കില്‍ മഷിനോട്ടക്കാരെ തന്നെ വേണ്ടിവരും.
 സംഗീതാധിഷ്ഠിത റിയാലിറ്റി ഷോകള്‍ക്കെതിരെ വിമര്‍ശങ്ങളഴിച്ചു വിട്ട ദാസേട്ടന്‍ തന്നെ ദാസ്യവേല ചെയ്തതുകണ്ടപ്പോള്‍ ശെã! എന്നുതോന്നി. പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ക്ക് വേദിയൊരുക്കുന്നവര്‍ തന്നെ അവരെ സമ്മര്‍ദത്തിലാക്കുന്നത് കണ്ട് പ്രതികരിച്ചിരുന്നവരെയൊക്കെ ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഏഷ്യാനെറ്റിനു കഴിഞ്ഞു എന്നുള്ളത് പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതിന് അടിവരയിട്ടപോലെയായി. അതിലുപരി യുവതീ യുവാക്കളെ നസീര്‍സാറും ഷീലയുമൊക്കെയായി അഭിനയിപ്പിച്ച് ഒരു വിവാഹജീവിതം തന്നെ അവര്‍ക്കൊരുക്കിക്കൊടുക്കയും ചെയ്യുന്നു എന്നതും നമ്മള്‍ കാണേണ്ടതാണ്. ഒരു എപ്പിസോഡിന് ലക്ഷങ്ങള്‍ എണ്ണിവാങ്ങുന്നതും സംഗതികള്‍ മാത്രം ഇല്ലാത്തതുമായ ജഡ്ജ്മാര്‍ പട്ടിണിക്കാരനോ കാരിയോ പാടുമ്പോള്‍ കരയുകയും ആശ്ലേഷിക്കുകയും ആഭരണങ്ങള്‍ വരെ ഊരിക്കൊടുമ്പോള്‍ ഈ പരിപാടിയുടെ ജനകീയത ചാനല്‍ നേരത്തെ ആസൂത്രണം ചെയ്തതുപോലെ എന്നു തോന്നിപ്പോകുന്നു. സന്ദേശങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന കമ്പനിക്കെതിരെ കോടതിയില്‍ വരെ പരാതിപ്പെട്ടവര്‍ ഇന്നില്ല.
ഏതായാലും സ്റ്റാര്‍ സിംഗറിന്റെ കാലം.  ഓരോ ഭാഗങ്ങളും കഴിയുന്തോറും ഉടുതുണിയുടെ നീളം കുറച്ചുവരുന്ന രഞ്ജിനി ഹരിദാസിനെ കുറച്ചു ഭാഗങ്ങള്‍ക്ക് ശേഷം എങ്ങനെ കാണേണ്ടിവരും കാത്തിരിക്കുക. പുതിയ സംഗീത പ്രതിഭകളെ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇനിയിപ്പോള്‍ നമ്മുടെ ഗാനഗന്ധര്‍വനെ തന്നെ ജഡ്ജിന്റെ റോളില്‍ കാണേണ്ടി വരുമോ.........................