Tuesday, May 31, 2011

മാഞ്ചസ്റ്ററിന്റെ മഹാമേരു ^ റയന്‍ ഗിഗ്സ്

മാഞ്ചസ്റ്ററിന്റെ മഹാമേരു ^
റയന്‍ ഗിഗ്സ്
ലോകക്ലബ് ഫുട്ബാളിലെ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശക്തിദുര്‍ഗങ്ങളിലെ മഹാമേരുവാണ് സാക്ഷാല്‍ റയാന്‍ ഗിഗ്സ്. ഇപ്പോഴും ഇടതു വിങ്ങിലൂടെ ചാട്ടുളി കണക്കെപ്പായുമ്പോള്‍ പ്രായമെന്നത് ഗിഗ്സിന് പിറകെ യും ഫിറ്റ്നസിന്റെയും കായബലത്തിന്റെയും കേളീമികവുമായി മുന്നേ പായുന്ന ഗിഗ്സിനെയാവും മൈതാനത്ത് നാം കാണുന്നത്. തുടര്‍ച്ചയായി  ഇരുപത്തിനാല് വര്‍ഷം  ഒരു ടീമില്‍ മാത്രം കളിച്ച് ലോകറെക്കോഡുകളുടെ തോഴനാവുകയും ചെയ്തത്  കാല്‍പന്തുകളിയിലെ തന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മാത്രമാണ്. ക്ലബ് ഫുട്ബാള്‍ ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏറ്റവും കൂടുതല്‍ കളിച്ചതും പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ്,യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്നിങ്ങനെയുള്ള പ്രമുഖ മല്‍സരങ്ങളില്‍ പങ്കാളിയായതും ജേതാക്കളായതും ഗിഗ്സുള്ളപ്പോള്‍ തന്നെയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ ഇന്നേവരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രഗല്ഭനായ കളിക്കാരന്‍ എന്ന ബഹുമതിയും അലക്സ് ഫെര്‍ഗൂസണില്‍ നിന്നും സ്വീകരിക്കുകുണ്ടായി.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ പരമാധികാര ബഹുമതിയായ ഓഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ നേടിയ ഏക ഫുട്ബാളര്‍,ഗോളടിപ്പിക്കുകയും ഗോളിനായി വഴിതുറന്നുകൊടുക്കുകയും ചെയ്യുന്ന കളിക്കാരന്‍,നരകയറിയെങ്കിലും കളിയില്‍ അല്‍പം പോലെ  നരബാധിക്കാത്ത  പ്രതിരോധമെന്ന വന്‍മതിലിനെ പൊട്ടിച്ച് വിള്ളലുകളിലൂടെ ഗോളടിക്കാനും ഗോളവസരങ്ങള്‍ ഉണ്ടാക്കാനും ഒരേ സമയം പ്രതിരോധിക്കാനും ആക്രമിക്കാനും ബോള്‍ കൃത്യമായെത്തിക്കാനും ഗിഗ്സിന്റെ മാന്ത്രിക കാലുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ് .ആ കേളീമികവിനെയാണ് അലക്സ് ഫെര്‍ഗൂസന്‍ ഊതി ക്കാച്ചി  തേച്ചുമിനുക്കി പിന്നെയും പിന്നെയും പച്ചപ്പുല്‍ മൈതാനത്തെ പ്രകമ്പനംകൊളളിപ്പിക്കുന്നത്. പ്രായം അതിന്റെ കളി തുടങ്ങിയിരിക്കുന്നു എങ്കിലും ഗിഗ്സ് എന്ന മഹാമേരു പിന്നെയും കാല്‍പന്തുകളി മൈതാനത്ത് വിശ്രമിക്കുന്നില്ല.പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ആരുമില്ലാത്ത വിധം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തായ്വേരിറക്കിയ ഒരാള്‍ വേറെയില്ല.
യുവേഫ കോച്ചിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും കളിക്കാരനായി അറിയപ്പെടുകയെന്നതാണ് റയാന്‍ ജോസഫ് ഗിഗ്സിന് ഇഷ്ടം.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ്ലീഗിലുമെല്ലാം  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഏകതാരമാണ് ഗിഗ്സ്. 38ന്റെ നിറവില്‍ ഇനിയും ചുവപ്പ് ചെകുത്താന്‍ മാരുടെ കുപ്പായത്തില്‍ തന്നെ മൈതാനത്ത് ഇനി ഈ ഫുട്ബോള്‍ മാന്ത്രികനെ കാണുമോ? 

Monday, May 23, 2011

അങ്ങനെ ഒരു വേനലവധിയും പോകയായി

അങ്ങനെ ഒരു വേനലവധിയും പോകയായി 

ഓര്‍മകള്‍ മധുരമൂറുന്നതും വേദനകളുമായി  മാറുന്ന വിദ്യാര്‍ഥി ജീവിതത്തിലെ  ഒരേട് എന്നു പറയുന്ന വേനലവധി കഴിയുകയായി. ഇനി അച്ചടക്കത്തിന്റെയും പുത്തന്‍ സൌഹൃദത്തിന്റേയും അതിലേറെ മഴയുടെയും നാളുകള്‍ വരവായി.  വേനലവധികളില്‍ കൂടുതല്‍ കോച്ചിങ് ക്ലാസുകളിലേക്കും കമ്പ്യൂട്ടറിന് മുന്നിലും തളച്ചിടപ്പെടുന്ന നവമുകുളങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് അവര്‍ക്ക് തന്നെ അറിയില്ല. വിശാലമായ കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ നാലുചുമരുകള്‍ക്കുള്ളില്‍ തള്ടയ്ക്കപ്പെടുകയാണിന്നവര്‍.നാട്ടിന്‍പുറമെന്ന യാഥാര്‍ഥ്യം വിസ്മൃതിയിലാവുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ ചോദിക്കും അതെന്താണെന്ന്?
പണ്ട് വേനലവധിക്ക് നാട്ടിലെ മാവിലും പറങ്കിമാവിലും കല്ലെറിഞ്ഞും ഓടിച്ചിട്ടും വട്ടാര്‍ കളിച്ചും നടക്കുമ്പോള്‍ ഏറിയാല്‍ ഫുട്ബാള്‍കളിക്കും അന്ന് ക്രിക്കറ്റ് കളി ഇത്രയും വ്യാപകമായിരുന്നില്ല. പിന്നെ ഗോലികളി,രാശികളി തോറ്റാല്‍ കൈവിരലുകളില്‍ ഗോലികൊണ്ടുള്ള അടികൊള്ളും, കുഴിയില്‍ വീണാലോ മുകളില്‍ കൊണ്ടാലോ തിരിച്ചടിക്കാം. പിന്നെയങ്ങോട്ട്  നാട്ടിലെ കൈത്തോട്ടിലോ കുളത്തി ലോ ഒരു കുളി പാസാക്കലായി. നേരം വൈകുന്നേരമായാല്‍ പിന്നെയും മൈതാനത്തേക്ക് അപ്പോള്‍ ഫുട്ബാളാവും കളി. പിറ്റേന്ന് കുഴിപ്പന്തിലാവും ഭ്രമം പിന്നെ കുഴിയില്‍ നിന്ന് മാറി വട്ട് (സാധാ മണ്‍പാത്രത്തിന്റെ കഷണം)പെറുക്കി അടുക്കി വെക്കുന്ന കളി പന്തിനേറ് കൊള്ളുന്നതിന് മുമ്പ് പെറുക്കി അടുക്കിവെക്കണം ഒരു നോര്‍ത്ത് ഇന്ത്യന്‍ കളിയോടിതിന് സാമ്യമുണ്ട് താനും. ഇന്നത്തെ കുട്ടികള്‍ക്ക് കൃത്യമായി ഒരുമാങ്ങക്ക് നേരെ എറിയാന്‍ പോലുമറിയില്ല.
ഗോലികളിയും രാശിയും വട്ടറും എബിസിയും പോലെ കായികമായുള്ള കളികളൊന്നും അവര്‍ക്ക് കേട്ടറിവ് മാത്രം. കാരണം മനസ്സുറപ്പിച്ച് ഓടാന്‍ പോലുമാവാതെ ചോക്ലേറ്റ് ബേബികളായി ഒരിടത്തിരുന്ന് തിന്ന്തിന്ന് വീര്‍ത്തിരിക്കുകയാണവര്‍. ബാല്യത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും ഇരകള്‍.
തൊടിയിലും തുറയിലും വെള്ളമെത്തുമ്പോള്‍ ഇറങ്ങുകയായി ചൂണ്ടയുമായി മീന്‍പിടിത്തത്തിന്. ജൂണ്‍ ആദ്യം പുത്തന്‍മണവുമായി യൂനിഫോമിട്ട് പുതുമഴയും  നനഞ്ഞ് സ്കൂളിലേക്ക് പുത്തന്‍കുടയും ബാഗുമായി എത്ര സുന്ദരമായിരുന്നു ആ വിദ്യാര്‍ഥി ജീവിതം. പക്ഷേ ഇന്നോ കാലംതെറ്റിയും  സ്കൂള്‍ തുറന്നാലും പെയ്യാത്ത മഴക്കാലം. എന്തായാലും  ഇനിയും അങ്ങനൊന്ന് ഇനിയുള്ള കുട്ടികള്‍ക്ക് കേട്ടുകേള്‍വി മാത്രമാകും...............................................


Friday, May 20, 2011

പെട്രോള്‍ വിലയെന്ന ഇരുട്ടടി പുത്തരിയാകുമ്പോള്‍

പെട്രോള്‍ വിലയെന്ന ഇരുട്ടടി  പുത്തരിയാകുമ്പോള്‍

പെട്രോളിയം എണ്ണക്കമ്പനികളും സര്‍ക്കാറും ഒത്തുകളിക്കുമ്പോള്‍ പൊതുജനം വീണ്ടും അമിത വിലക്കയറ്റമെന്ന നിലയില്ലാ കയത്തിന്  മുന്നിലാവുകയാണ്. ഒരു ഹര്‍ത്താലോ വാഹനപ്പണിമുടക്കോ കൊണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ കൂടെ അവനും പങ്കാളിയാകുന്നു. പക്ഷേ അതുകൊണ്ടൊന്നും വരുന്ന വിലക്കയറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം.  വില കൂട്ടിയിട്ടും കൂട്ടിയിട്ടും നഷ്ടത്തിന്റെ കണക്ക് തീരാതെ എണ്ണക്കമ്പനികളും കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കൂപ്പുകുത്തുന്ന സാധാരണക്കാരനും ഇനി ഇതിന് എന്തു പരിഹാരം എന്നറിയാതെ രാഷ്ട്രീയ നേതാക്കളും മാത്രമാവുന്നു. 1989 ല്‍ വെറും 8.30 പൈസയായിരുന്ന പെട്രോളിന് 2011 മേയ് 15ന് വില 67.06 രൂപയിലെത്തി. ഇതിനിടയില്‍ എത്ര തവണ വില കൂട്ടിയെന്നത് സര്‍ക്കാറിനോ എണ്ണക്കമ്പനിക്കോ മാത്രം അറിയാം.വില നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം 2010 ജൂലൈ 6ന് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ എത്ര വില കൂട്ടുന്നു എന്ന് മാത്രം സര്‍ക്കാറിനെ അറിയിക്കണം എന്നു മാത്രമായിരുന്നു നിബന്ധന.
അതിനു ശേഷം വിദേശത്ത് ക്രൂഡോയില്‍ വില ഉയരുമ്പോഴൊക്കെ രാപകല്‍ ഭേദമന്യേ പെട്രോള്‍ വില വര്‍ധിപ്പിക്കുമായിരുന്നു. നമ്മള്‍ അതൊന്നും അറിഞ്ഞിരുന്നില്ലെന്ന് മാത്രം.നമ്മള്‍ അറിഞ്ഞ വര്‍ധന വെറും ഏഴുതവണമാത്രം അപ്പോഴെല്ലാം വിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില ഉയര്‍ന്നിരുന്നു. ബസ് ചാര്‍ജ് അടക്കം പലതവണ വില വര്‍ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രചെയ്യാന്‍ സൌജന്യപാസുകള്‍ അനുവദിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ അവരുടെ യാത്രാസൌജന്യങ്ങള്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് നമ്മുടെ നാട്ടില്‍ തന്നെയെന്നത് യാഥാര്‍ഥ്യം തന്നെ.മറ്റ് സംസ്ഥാനങ്ങളെപോലെ കിലോമീറ്ററിനനുസരിച്ചാണ് ബസ് ചാര്‍ജിന് പോയന്റ് നിശ്ചയിക്കുന്നതെങ്കില്‍ വര്‍ധനകള്‍ നമുക്കും അംഗീകരിക്കാവുന്നതാണ്. ഏറ്റവും ലാഭകരമായ ബിസിനസായിരുന്ന ബസ് വ്യവസായം നഷ്ടത്തിലാണെന്നാണ് അടക്കം പറച്ചില്‍.എന്നിരുന്നാലും നമ്മുടെ നാട്ടിലേക്കൊഴുകുന്ന നാലുചക്ര ഇരുചക്ര വാഹന വിപണിയുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധന പ്രശ്നമേയല്ലെന്ന് തോന്നും. നാട്ടിലെ ഇടവഴികളില്‍ പോലും ഓടുന്നത് ഹോണ്ടയും ബുള്ളറ്റും 220 സി.സി പള്‍സര്‍ബൈക്കുകളും യമഹയുടെ ആര്‍വണ്ണും ഇതിനെല്ലാം കിട്ടുന്ന മൈലേജിന്റെ കണക്കെടുത്താല്‍ കഷ്ടി 35കി.മീയും.
എന്നാല്‍ നാലുചക്ര വാഹനവിപണിയിലാകട്ടെ ലോകോത്തര കാറുകളുടെ പ്രളയവും കോടികള്‍ വിലയുളള കാറുകള്‍ നഗര ഗ്രാമവീഥികള്‍ കൈയ്യടക്കുമ്പോഴും പെട്രോള്‍ വില വര്‍ധന ആര് ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയുണ്ടായപ്പോള്‍ സര്‍ക്കാര്‍ അധികവില്‍പന നികുതി വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് അനുകൂലമായേനെ.ഇന്ന് ഉമ്മന്‍ചാണ്ടി സാര്‍ കഷ്ടപ്പെട്ട് കുറച്ചത് കണ്ടില്ലേ 1.22രൂപ എന്നാലും 4.17രൂപയുടെ വര്‍ധന തന്നെ.ഇതുവഴി സംസ്ഥാനത്തിന് 131.94 കോടിയുടെ വരുമാനനഷ്ടം ഉണ്ടാവുമെന്നും പറയുന്നു. അത് ഏതുനികുതിയില്‍ പെടുത്തി പിഴിഞ്ഞെടുക്കുമെന്ന് കണ്ടറിയണം.
അടുത്തയാഴ്ച പിന്നെയും പെട്രോള്‍ വില വര്‍ധിക്കുമെന്ന് എണ്ണക്കമ്പനികള്‍ തന്നെ പറയുന്നു. ഏതായാലും പൊരി വെയിലില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന നിലയിലേക്കാണ് എണ്ണക്കാര്യങ്ങള്‍.

Wednesday, May 18, 2011

കൊമ്പന്‍മാരുടെ കാലം ഇനി കാത്തിരുന്ന് കാണണം

കൊമ്പന്‍മാരുടെ കാലം  ഇനി  
കാത്തിരുന്ന് കാണണം 

കൊച്ചിയുടെ കൊച്ചിന്‍ ടസ്ക്കേഴ്സ് ഇനി വിസ്മൃതിയിലേക്ക്. കൊച്ചി താരങ്ങള്‍ക്ക് അവസരങ്ങള്‍ വാരിയെറിഞ്ഞ് ഗുജറാത്തികളും മറാട്ടക്കാരും ശശി തരൂരിലൂടെ കൊച്ചിയിലെത്തിച്ച ടസ്ക്കേഴ്സിന്റെ ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേതുമായ ഈ സീസണിന് അന്ത്യം കുറിച്ചു. ഇനി ഐ.പി.എല്ലില്‍ കൊച്ചിയുടെ പേരെടുത്ത് പറയാന്‍ കഴിയില്ലെന്നത് യാഥാര്‍ഥ്യം മാത്രമായവശേഷിക്കും. താരപരിവേഷം കുറവായിരുന്നെങ്കിലും അങ്കച്ചേകവന്‍മാരുടെ കരുത്ത് കാട്ടിയാണ് തോറ്റമ്പിയത്. അണയാന്‍ പോയത് ആളിക്കത്തിയും ആളിക്കത്തിയതിനെ ഊതിക്കെടുത്തിയുമാണ് കൊച്ചിയുടെ കൊമ്പന്‍മാര്‍ തറപറ്റിച്ചത്.എടുത്ത് പറയാന്‍ ആ ഊതിക്കെടുത്തലുകളെ ഉണ്ടായുള്ളൂ എന്നത് വാസ്തവം മാത്രം. കള്ളപ്പണത്തെ വെളുപ്പിക്കാനായി മറാട്ടകള്‍ കേരളത്തില്‍ ടീമിറക്കിയപ്പോള്‍ കാറ്റുളളപ്പോഴേ പാറ്റാനൊക്കൂ എന്ന രീതിയില്‍ കൊച്ചി കോര്‍പറേഷനും പിടിമുറുക്കി.
ടിക്കറ്റിന് അമിതവില ഈടാക്കുന്നുവെന്ന് ടീമുടമകളും നികുതി മാത്രമേയുള്ളൂവെന്ന് കോര്‍പറേഷനും വാശിപിടിച്ചപ്പോള്‍ ടിക്കറ്റുകള്‍ ബാങ്കില്‍ തന്നെ ഭദ്രമായിരുന്നു. ഫലമോ ഗാലറികളില്‍ ആരുമില്ല. ടീം ഉടമകളും ചിയര്‍ ഗേള്‍സും മാത്രം തുള്ളിക്കളിച്ചു.അവസരങ്ങള്‍ മുതലാക്കാനറിയാത്ത കേരളതാരങ്ങളെ വള്ളിച്ചൂരലിന് അടികൊടുക്കേണ്ട സമയം അതിക്രമിച്ചെന്ന് തുറന്നുകാണിക്കുന്നതായിരുന്നു ആദ്യ മല്‍സരങ്ങള്‍.ബെഞ്ചിലിരുന്നെങ്കിലും കളിപഠിക്കുന്ന ശ്രീശാന്തിനെ സമ്മതിക്കണം. മന്ത്രി സ്ഥാനം ത്യജിച്ചും കേരളത്തില്‍ ഐപിഎല്‍ എത്തിച്ച ശശിതരൂര്‍ സില്‍ സിലാഹെ സില്‍സില ഇനി പാടും. കാരണം മധ്യപ്രദേശോ ഇന്ദോറോ ആണ് ഇനി മറാട്ടകളുടെ ടീമിന്റെ ഹോം ഗ്രൌണ്ട് എന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ ഏതായാലും ടസ്ക്കേഴ്സ് എന്ന പേരില്‍ തീര്‍ച്ചയായും മാറ്റം പ്രതീക്ഷിക്കാം.ഒരു മഹേള ജയവര്‍ധനയെയും മക്കല്ലത്തെയും കൊണ്ട്  പയറ്റിത്തെളിഞ്ഞു ഇനി കേരളത്താരങ്ങളുടെ കാര്യം കണ്ടറിയണം.
അങ്ങനെ വമ്പന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെയും മുംബൈ ഇന്ത്യന്‍സിനെയും നൈറ്റ് റൈഡേഴ്സിനെയും മലര്‍ത്തിയടിച്ചു എന്ന ലേബലില്‍ കളരിപ്പയറ്റ് നടത്തി  പരസ്യങ്ങളില്‍ കണ്ണും നട്ടിരിക്കാം നമ്മുടെ ചുണക്കുട്ടന്‍മാര്‍ക്ക്. ഇനി കൊച്ചി സ്റ്റേഡിയം  ആള്‍ ദൈവങ്ങള്‍ക്ക് വാടകക്ക് കൊടുത്തും സിനിമാ ഫെസ്റ്റുകള്‍ക്ക് കൊടുത്തും കോര്‍പറേഷന് കാശുണ്ടാക്കാം. കാത്തിരുന്ന് കാണാം ഇനിയെന്തെന്ന്.

Tuesday, May 17, 2011

അങ്ങനെ തൃശൂര്‍പൂരമെന്ന മഹോല്‍സവം കഴിഞ്ഞു

അങ്ങനെ തൃശൂര്‍പൂരമെന്ന മഹോല്‍സവം കഴിഞ്ഞു
പൂരങ്ങളില്‍ വലിയ പൂരം ആറാട്ടുപുഴ പൂരമാണെങ്കിലും തൃശൂര്‍പൂരം ആ പറയുന്ന പൂരത്തില്‍ പെടുന്ന ഒന്നല്ല. ഉല്‍സവമാണോ അല്ല എന്നാല്‍ മഹോല്‍സവവുമല്ല. ഇവനല്ലേ പുലി പപ്പുലി എന്നുപറയുമ്പോലെ ഇതാണ് പൂരം പുപ്പൂരം. താള മേള ലയ വാദ്യ വര്‍ണ വിസ്മയങ്ങള്‍ നിറഞ്ഞ പൂരമാണ് തൃശൂര്‍പൂരം....................ഒരിക്കലെങ്കിലും ഈപൂരം കാണാത്തവരുണ്ടോ ഉണ്ടാവാം പക്ഷെ പൂരം കാണാതെ തൃശൂര്‍ വഴി പോയെങ്കില്‍ അത് നഷ്ടമെന്നല്ല വന്‍ നഷ്ടം തന്നെ. കഴിഞ്ഞ തവണയാണ് ആദ്യമായി തൃശൂരില്‍ ട്രാന്‍സ്ഫറായി എത്തിയത്. അപ്പോഴാണ് പൂരങ്ങളുടെ നാടാണിത് എന്ന് മനസ്സിലായത്. എന്റെ നാട്ടില്‍ ഉല്‍സവങ്ങളേയുള്ളൂ  ഏറിയാല്‍ രണ്ടോ മൂന്നോ ആനകളെ നിര്‍ത്തി ഒരു എഴുന്നള്ളിപ്പ്.അത് പേരുകേട്ട അമ്പലത്തിലായാല്‍ ആനകളുടെ എണ്ണം ഏഴോ ഒമ്പതോ ആവും. എന്നാലും കാണാന്‍  ആയിരങ്ങളേ വരൂ.ഒരു ഇരുപത്തഞ്ച ് മീറ്റര്‍ നീളത്തില്‍ ഓലപടക്കം അതില്‍ സീറോ ബള്‍ബ് പോലെ ചുവപ്പിലും വയലറ്റ് നിറത്തിലും അമിട്ടുകള്‍ (തൃശൂരിലേതല്ല) കെട്ടിയിട്ടുണ്ടാവും അതു കാണാനും ഒരായിരം പേര്‍.30 ഓ 40 സെക്കന്‍ഡ് കൊണ്ട് എല്ലാം ക്ലോസ്. ഇവിടെ വന്ന് ആദ്യം കണ്ടത്് ആറാട്ടുപുഴപൂരം കണ്ടപ്പോളെ കണ്ണുതള്ളി.ഇത്രയും ആനകള്‍ കേരളത്തിലുണ്ടോ എന്നുതന്നെ തോന്നി അന്നാണ് പൂരം എന്തെന്ന് മനസ്സിലായത്. തുടര്‍ന്നങ്ങോട്ട് ഉത്രാളിക്കാവ് പൂരം കാണാന്‍ പോയി. അവിടെയും ഞാന്‍ ഞെട്ടി. വെടിക്കെട്ട് കണ്ടപ്പോള്‍ ഇത് തീരാത്തത് എന്തെന്ന് തോന്നി ഇത്രയും നീളമോ ഞാന്‍ അമിട്ട് എന്ന് കരുതിയത് ഇവിടെ സാധാ കുട്ടികള്‍ വരെ പൊട്ടിക്കുന്ന ഒന്ന്.എന്തായാലും പിന്നെ വരുന്നു തൃശൂര്‍പൂരം. എന്തോ അന്നാളുകളില്‍ പനിപിടിച്ച് ലീവ് എടുത്തു.
വെടിക്കെട്ട് ദിവസം എങ്ങനെയോ വെടിക്കെട്ട് കാണാന്‍ പോയി  ആളുകളെ കണ്ട് തിരിച്ചു പോന്നു. പുലര്‍ച്ചെ വീട് കുലുങ്ങും വിധത്തില്‍ ശബ്ദം കുട്ടി ഞെട്ടിയുണര്‍ന്ന് കരച്ചിലോ കരച്ചില്‍ അപ്പോഴാണ് തൃശൂര്‍പൂരത്തിന്റെ ഗാംഭീര്യം മനസ്സിലായത്. അപ്പോഴെ തീരുമാനിച്ചതാണ് ഇത്തവണ പൂരം കാണണമെന്ന്. പൂരപ്പറമ്പിലെ പൊലീസും അന്യജില്ലക്കാരായവരും ആകെ മൊത്തം ബഹളം. പൂരത്തിന് മുന്നോടിയായുള്ള ചെറുപൂരങ്ങളുടെ വരവും അവയെല്ലാം  ഒരുമിക്കുന്ന കാഴ്ചയും .പിന്നെ  ശബ്ദ ഗാംഭീര്യത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും.പിറ്റേന്ന്  രാവിലെ മുതല്‍  തുടങ്ങിയ മേളാചാര്യന്‍മാരുടെ മേളപ്പൂരം പൂരത്തിന്റെ ആസ്വാദകവൃന്ദത്തെ പൂരപ്പാരമ്യത്തിലെത്തിച്ചു.പ്രസിദ്ധമായ ഇലഞ്ഞിത്തറമേളവും മഠത്തില്‍ വരവും ഉല്‍സവക്കാഴ്ചയുടെ ഇന്നുവരെ ഞാന്‍ കാണാത്ത മഹോല്‍സവത്തിന്റെ ആസ്വാദനമായിരുന്നു. വൈകുന്നേരം നിറങ്ങളുടെ നിറക്കാഴ്ചയായ കുടമാറ്റവും ഇത്രയും വലിയ ഒരുപുരുഷാരത്തിന്  നടുവില്‍പെടുമെന്ന് ഒരിക്കല്‍പോലും കരുതിയിട്ടില്ല. ജനസാഗരമെന്നോ അതിന്നുമപ്പുറമാണീ പൂരസാഗരം.തിരുവമ്പാടിക്കാര്‍ ആദ്യം മുതല്‍ നീലയുടെ വിവിധങ്ങളായ കുടകള്‍ ഉയര്‍ത്തിയപ്പോള്‍ വര്‍ണവൈവിധ്യത്തിന്റെ മാസ്മരികത തുടക്കം മുതലേ പാറമേക്കാവുകാര്‍ നിലനിര്‍ത്തി. ദേവീ ദേവന്‍മാരുടെ രൂപങ്ങള്‍ മാറിമാറി കുടരൂപത്തില്‍ കാണപ്പെട്ടപ്പോഴും ആവേശമതിന്റെ കൊടുമുടിയേറിക്കഴിഞ്ഞിരുന്നു.
പാറമേക്കാവുകാര്‍ വിജയചിഹ്നമായി എല്‍ഇഡി കുടയുയര്‍ത്തിയപ്പോള്‍ ആരവമുയര്‍ന്നു കേട്ടു.എപ്പോഴോ ആ ആരവത്തില്‍ ഞാനും പങ്കാളിയായി. പുലര്‍ച്ചെ തിരുവമ്പാടിക്കാര്‍ ആകാശത്ത് വര്‍ണങ്ങളിലും ശബ്ദങ്ങളിലും തീര്‍ത്ത അഗ്നിപുഷ്പങ്ങള്‍ വിരിഞ്ഞപ്പോള്‍ താഴെ ആംബുലന്‍സിന്റെ സൈറണ്‍ മുഴങ്ങുന്നു. പിന്നീട് ഒരു മണിക്കൂര്‍ കാത്തിരിപ്പ് പാറമേക്കാവുകാര്‍ തിരികൊളുത്തി വീണ്ടും വിരിയുന്നു വിണ്ണിലെ കരവിരുതിന്റെ അഗ്നിപുഷ്പങ്ങള്‍ കാതടപ്പന്‍ അമിട്ടുകള്‍. മഴത്തുള്ളികള്‍ അകമ്പടിയായെത്തിയെങ്കിലും മണ്ണും വിണ്ണും പൂരലഹരിയില്‍ അവരെ തീര്‍ത്തും നിഷ്പ്രഭരാക്കി.വരവായി ദേശപ്പൂരമെന്ന പെണ്‍പൂരം രാവിലെ കുട്ടിയുമായി പൂരമൈതാനിയില്‍ എത്തി ആനകളും കുടമാറ്റവും പിന്നെ ഉപചാരം ചൊല്ലി ദേവിമാര്‍ പിരിയുംമുമ്പ്
ഈട് വെടിക്കെട്ട് ഭൂമി വിറച്ച് വിറങ്ങലിച്ച് കാണും ഏതായാലും ഇനി തൃശൂര്‍പൂരം കാണുവാനും പൂരം കൊള്ളുവാനും ഞാനെത്തുമെന്നുറപ്പിച്ചു.

Tuesday, May 3, 2011

അങ്ങനെ ഒബാമ ഒസാമയെ കൊന്നു

അങ്ങനെ ഒബാമ ഒസാമയെ കൊന്നു

ലോകചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടതും ചെലവേറിയതുമായ ഒരു ഭീകരവേട്ട അവസാനിച്ചു. ലോകപോലീസിന്റെ കള്ളനും പോലീസ് കളിക്ക് അറുതിയാവുന്നില്ല. കാരണം നീണ്ട ലിസ്റ്റിലെ ഒന്നാമനെ മാത്രമേ വധിക്കാന്‍ കഴിഞ്ഞുള്ളൂ. ഇനി അല്‍ സവാഹിരി .......അങ്ങനെ പോകുന്നു. അമേരിക്കയുടെ  സ്വച്ഛമായ ഉറക്കത്തിലെ  പേടി സ്വപ്നങ്ങള്‍. ഏതായാലും ലോകത്തിലെ അമേരിക്കക്കെതിരായ പോരാട്ടങ്ങള്‍ക്ക് ചെറിയ ഒരിടവേള പ്രതീക്ഷിക്കാം. ഒബാമക്ക് പ്രസിഡന്റ് പദത്തിലേക്ക് മൈലേജ് നല്‍കുന്ന സംഭവവുമായി മാറി ഈ ഭീകരവാദ വധം.ചങ്കുറപ്പിന്റെ ആള്‍ രൂപമായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ശേഷമുള്ള മറ്റൊരു തിരിച്ചടിയായി വേണം ഈ സംഭവത്തെ കരുതാന്‍. പണ്ട്  അഫ്ഗാനിസ്ഥാനിലേക്കുള്ള  സോവിയറ്റ് യൂനിയന്റെ അധിനിവേശത്തെ ചെറുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന് പണവും ആധുനിക യുദ്ധോപകരണങ്ങളും നല്‍കിയ അമേരിക്കക്ക് തന്നെ ആ അധ്യായം അവസാനിപ്പിക്കേണ്ടിവന്നു. അന്ന് സോവിയറ്റ് യൂനിയനെ ഭയന്ന അമേരിക്ക നില്‍നില്‍പ്പിനായി കൂട്ടുപിടിച്ചത് ലാദനെ തന്നെയായിരുന്നു. 88^ലെഅല്‍ഖ്വൈദയുടെ ജനനത്തെ അമേരിക്കയും ഭയന്നു. ഇറാഖ് കുവൈത്ത് യുദ്ധത്തില്‍ സൌദിയുടെ അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത ലാദന്‍ അമേരിക്കക്കെത്തിരെ
വിശുദ്ധയുദ്ധം^ജിഹാദ് ^പ്രഖ്യാപിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ സ്ഫോടനം,സ്പെയിനിലെ സ്ഫോടനം, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കല്‍ ലാദന്‍ തുടങ്ങിയ സ്ഫോടനപരമ്പരകള്‍ അമേരിക്കയെയെന്നല്ല ലോകരാജ്യങ്ങളെ തന്നെ വിറളിപിടിപ്പിച്ചു.ഉപഗ്രഹ മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി ലാദനെതിരെ മിസൈല്‍ പ്രയോഗിച്ചെങ്കിലും ഭാഗ്യം ലാദനൊപ്പമായിരുന്നു.  നേരത്തെ ഇറാന്‍ ഭീഷണിയാകുമെന്ന് പറഞ്ഞ് ഇറാഖിന് ആയുധങ്ങള്‍ നല്‍കി ഇറാന്‍^ ഇറാഖ് യുദ്ധം നടത്തിച്ച അമേരിക്ക പിന്നീട് ഇറാഖാണ് ഭീഷണിയെന്നു വരുത്തി സദ്ദാമിനെതിതെ പടനയിച്ചു. ഇന്ത്യന്‍ നിലപാടുകളിലും അമേരിക്കക്ക് ഉണ്ടായ നീരസം പാക്കിസ്ഥാന് ആയുധം നല്‍കിക്കൊണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും പാക്കിസ്ഥാന്‍ ഭീകരന്‍മാര്‍ വാഴുന്ന രാജ്യമെന്ന നിലയിലേക്ക് മാറിയിരുന്നു. അത്രകണ്ട് താലിബാന്‍ ഭരണം പാക്കിസ്ഥാനില്‍ നിലയുറപ്പിച്ചിരുന്നു. ഇന്നാകട്ടെ ഇസ്രായേലും ഇറാനും ഉത്തര കൊറിയയും ചൈനയും അമേരിക്കക്ക് പേടിസ്വപ്നമായ രാജ്യങ്ങളാണ്. അവരെ ഒതുക്കാനായി  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തില്‍ ചൂട്ട് പിടിക്കുകയാണ് സമാധാനത്തിന്റെ മേലങ്കിയണിയുന്ന ബറാക്ക് ഒബാമയും. മറ്റു രാജ്യങ്ങളില്‍ സഹാത്തിന്റെ പേരുപറഞ്ഞ് സൈനിക കോളനികള്‍ നിര്‍മിക്കുന്ന അമേരിക്കക്കെതിരെയുള്ള താക്കീതുകള്‍ മാത്രമായിരുന്നു ലാദന്റെ പ്രത്യാക്രമണങ്ങള്‍.  ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും ഒസാമ ബിന്‍ ലാദനും  നടത്തിയത് ജിഹാദ് തന്നെയായിരുന്നു.
ലോകപോലീസായ അമേരിക്കന്‍ പട്ടാളം ഇറാഖില്‍ കാട്ടുന്ന പീഡനങ്ങള്‍ മാത്രം മതി അതിന് തെളിവ്. ഇല്ലാത്ത അണുവായുധത്തിന്റെ പേരിലുള്ള യുദ്ധം,
ഇപ്പോള്‍ ഇറാഖിലും അഫ്ഗാനിലും കൂട്ട ബലാല്‍സംഗം നടത്തി ഒബാമ പട്ടാളം രസിക്കുന്നു. ഒസാമയെ കണ്ടെത്തലിന്റെ പേരില്‍ കൃഷി സ്ഥലങ്ങളും വീടുകളും മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നു. എന്തായാലും ഒരുവിഭാഗം ആശ്വസിക്കുമ്പോഴും ആരൊക്കെയോ ലാദനുവേണ്ടിയും കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവും തീര്‍ച്ച. ഇന്ത്യയും അത്ര ആശ്വസിക്കേണ്ട കാലമല്ലിത്. അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഓരോ രാജ്യത്തിന് നേരെയും തൂങ്ങിയാടുന്ന ഇരുതല മൂര്‍ച്ചയുള്ള വാള്‍ തന്നെയാണ് യു.എസ്.എ.