Friday, May 20, 2011

പെട്രോള്‍ വിലയെന്ന ഇരുട്ടടി പുത്തരിയാകുമ്പോള്‍

പെട്രോള്‍ വിലയെന്ന ഇരുട്ടടി  പുത്തരിയാകുമ്പോള്‍

പെട്രോളിയം എണ്ണക്കമ്പനികളും സര്‍ക്കാറും ഒത്തുകളിക്കുമ്പോള്‍ പൊതുജനം വീണ്ടും അമിത വിലക്കയറ്റമെന്ന നിലയില്ലാ കയത്തിന്  മുന്നിലാവുകയാണ്. ഒരു ഹര്‍ത്താലോ വാഹനപ്പണിമുടക്കോ കൊണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ കൂടെ അവനും പങ്കാളിയാകുന്നു. പക്ഷേ അതുകൊണ്ടൊന്നും വരുന്ന വിലക്കയറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം.  വില കൂട്ടിയിട്ടും കൂട്ടിയിട്ടും നഷ്ടത്തിന്റെ കണക്ക് തീരാതെ എണ്ണക്കമ്പനികളും കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കൂപ്പുകുത്തുന്ന സാധാരണക്കാരനും ഇനി ഇതിന് എന്തു പരിഹാരം എന്നറിയാതെ രാഷ്ട്രീയ നേതാക്കളും മാത്രമാവുന്നു. 1989 ല്‍ വെറും 8.30 പൈസയായിരുന്ന പെട്രോളിന് 2011 മേയ് 15ന് വില 67.06 രൂപയിലെത്തി. ഇതിനിടയില്‍ എത്ര തവണ വില കൂട്ടിയെന്നത് സര്‍ക്കാറിനോ എണ്ണക്കമ്പനിക്കോ മാത്രം അറിയാം.വില നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം 2010 ജൂലൈ 6ന് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ എത്ര വില കൂട്ടുന്നു എന്ന് മാത്രം സര്‍ക്കാറിനെ അറിയിക്കണം എന്നു മാത്രമായിരുന്നു നിബന്ധന.
അതിനു ശേഷം വിദേശത്ത് ക്രൂഡോയില്‍ വില ഉയരുമ്പോഴൊക്കെ രാപകല്‍ ഭേദമന്യേ പെട്രോള്‍ വില വര്‍ധിപ്പിക്കുമായിരുന്നു. നമ്മള്‍ അതൊന്നും അറിഞ്ഞിരുന്നില്ലെന്ന് മാത്രം.നമ്മള്‍ അറിഞ്ഞ വര്‍ധന വെറും ഏഴുതവണമാത്രം അപ്പോഴെല്ലാം വിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില ഉയര്‍ന്നിരുന്നു. ബസ് ചാര്‍ജ് അടക്കം പലതവണ വില വര്‍ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രചെയ്യാന്‍ സൌജന്യപാസുകള്‍ അനുവദിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ അവരുടെ യാത്രാസൌജന്യങ്ങള്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ് നമ്മുടെ നാട്ടില്‍ തന്നെയെന്നത് യാഥാര്‍ഥ്യം തന്നെ.മറ്റ് സംസ്ഥാനങ്ങളെപോലെ കിലോമീറ്ററിനനുസരിച്ചാണ് ബസ് ചാര്‍ജിന് പോയന്റ് നിശ്ചയിക്കുന്നതെങ്കില്‍ വര്‍ധനകള്‍ നമുക്കും അംഗീകരിക്കാവുന്നതാണ്. ഏറ്റവും ലാഭകരമായ ബിസിനസായിരുന്ന ബസ് വ്യവസായം നഷ്ടത്തിലാണെന്നാണ് അടക്കം പറച്ചില്‍.എന്നിരുന്നാലും നമ്മുടെ നാട്ടിലേക്കൊഴുകുന്ന നാലുചക്ര ഇരുചക്ര വാഹന വിപണിയുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധന പ്രശ്നമേയല്ലെന്ന് തോന്നും. നാട്ടിലെ ഇടവഴികളില്‍ പോലും ഓടുന്നത് ഹോണ്ടയും ബുള്ളറ്റും 220 സി.സി പള്‍സര്‍ബൈക്കുകളും യമഹയുടെ ആര്‍വണ്ണും ഇതിനെല്ലാം കിട്ടുന്ന മൈലേജിന്റെ കണക്കെടുത്താല്‍ കഷ്ടി 35കി.മീയും.
എന്നാല്‍ നാലുചക്ര വാഹനവിപണിയിലാകട്ടെ ലോകോത്തര കാറുകളുടെ പ്രളയവും കോടികള്‍ വിലയുളള കാറുകള്‍ നഗര ഗ്രാമവീഥികള്‍ കൈയ്യടക്കുമ്പോഴും പെട്രോള്‍ വില വര്‍ധന ആര് ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയുണ്ടായപ്പോള്‍ സര്‍ക്കാര്‍ അധികവില്‍പന നികുതി വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് അനുകൂലമായേനെ.ഇന്ന് ഉമ്മന്‍ചാണ്ടി സാര്‍ കഷ്ടപ്പെട്ട് കുറച്ചത് കണ്ടില്ലേ 1.22രൂപ എന്നാലും 4.17രൂപയുടെ വര്‍ധന തന്നെ.ഇതുവഴി സംസ്ഥാനത്തിന് 131.94 കോടിയുടെ വരുമാനനഷ്ടം ഉണ്ടാവുമെന്നും പറയുന്നു. അത് ഏതുനികുതിയില്‍ പെടുത്തി പിഴിഞ്ഞെടുക്കുമെന്ന് കണ്ടറിയണം.
അടുത്തയാഴ്ച പിന്നെയും പെട്രോള്‍ വില വര്‍ധിക്കുമെന്ന് എണ്ണക്കമ്പനികള്‍ തന്നെ പറയുന്നു. ഏതായാലും പൊരി വെയിലില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന നിലയിലേക്കാണ് എണ്ണക്കാര്യങ്ങള്‍.

No comments:

Post a Comment