Wednesday, June 29, 2011

യുവരക്തങ്ങള്‍ ചീന്തട്ടെ വിദ്യാഭ്യാസം തുലയട്ടെ നേതാക്കന്‍മാര്‍ വാഴട്ടെ ...............

യുവരക്തങ്ങള്‍ ചീന്തട്ടെ  വിദ്യാഭ്യാസം തുലയട്ടെ 
നേതാക്കന്‍മാര്‍ വാഴട്ടെ ...............
  അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ അനുസ്യൂതം തുടങ്ങിക്കഴിഞ്ഞു. അതിന്റെ നേര്‍ക്കാഴ്ചകള്‍ ടെലിവിഷനുകള്‍ ലൈവാക്കി ആഘോഷിക്കുന്നു. നേതാക്കള്‍ ചിരിക്കുന്നു കാരണം പണിതുടങ്ങിക്കഴിഞ്ഞു. ഇനി എത്രനാള്‍ തുടരുമിത് കാണാം കണ്ടിരിക്കാം. ഭരണത്തെ പാടെ മറിച്ചിടുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ കാണാക്കളികള്‍ നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. ഈ കളി  നിയന്ത്രിക്കാന്‍ റഫറിമാരോ അമ്പയര്‍മാരോ ഇല്ല. കാരണം കൈവിട്ടകളിയാണേയ്...പോലീസിന് ുനേരെ പ്രയോഗിക്കുന്ന കല്ലും കുപ്പിച്ചില്ലും നടുംപുറംനോക്കി കിട്ടുന്ന ചുട്ട തല്ലാകുമ്പോള്‍ ഓടാനല്ലാതെ വേറെന്ത് ചെയ്യാന്‍.എറിയുന്ന കല്ല് ചെന്ന് വീഴുന്നത് മനുഷ്യരുടെ മേല്‍തന്നെയാണെന്ന് അപ്പോള്‍ മനസ്സിലാകും....എന്തേ പോലീസിന് വേദനിക്കില്ലെന്നുണ്ടോ? കൂലിപ്പണിയെടുത്തും പട്ടിണി വയറില്‍ മുണ്ടുമുറുക്കിയുടുത്തും പഠിക്കാനായ് പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അറിയുന്നില്ലല്ലോ മക്കള്‍ പഠിക്കുകയാണോ പടവെട്ടുകയാണോയെന്ന്. രാഷ്ട്രീയത്തിന്റെ കള്ളക്കളികളില്‍ വിദ്യാഭ്യാസത്തിന്റെ തായ്വേരുകള്‍ അറുത്ത്  രസായനം വെച്ച് കുടിക്കുന്ന കള്ളനാണയങ്ങളെ നമ്മള്‍ തന്നെ വോട്ട് ചെയ്ത് മന്ത്രിമാരാക്കും.
പിന്നെയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങും അപ്പോഴും നേതാക്കള്‍ സുഖമായുറങ്ങും കാരണം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയാല്‍ ഭരിക്കുന്നവരുടെയും പോലീസിന്റെയും ഉറക്കം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. മാറി മാറി ഭരിക്കുന്ന സര്‍ക്കാറിന്റെ വികല വിദ്യാഭ്യാസനയങ്ങളുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കുമ്പോഴേക്കും അടുത്ത സര്‍ക്കാറെത്തുന്നു. ഈ സര്‍ക്കാറുകളാകട്ടെ ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യാതെ അടുത്ത സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിക്കാനായി ഈ ആയുധം തന്നെ ഉപയോഗിക്കും.അധ്യാപന വര്‍ഷാരംഭത്തില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന കുട്ടി സഖാക്കളുടെ തീപ്പൊരി സ്വാഗതപ്രസംഗം കേട്ട് അല്‍പം രാഷ്ട്രീയമാവാം എന്നു കരുതി ആദ്യമിറങ്ങും.പിന്നങ്ങോട്ട് പടയാളിയാവുകയായി അവകാശത്തിന്റെ പോരാട്ടത്തിന്റെ മുന്നണിപോരാളി. അവകാശസംരക്ഷണം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്ക് വര്‍ഷങ്ങള്‍ പാഞ്ഞിട്ടുണ്ടാവും. അപ്പോഴേക്കും നിങ്ങള്‍ അന്ന് കണ്ട നേതാവ് എം.എല്‍.എയോ മന്ത്രിയോ ആയിട്ടുണ്ടാകും.
നഷ്ടം നിങ്ങള്‍ക്കും പാവം രക്ഷിതാക്കള്‍ക്കും മാത്രമാവും. സമരപാതയില്‍ പോടാ പുല്ലേ പോലീസേ പാലക്കാടന്‍ പാടത്ത് അരിഞ്ഞ് തള്ളിക്കോളാം എന്നൊക്കെ മുദ്രാവാക്യങ്ങളുമായി ലാത്തിയടി വാങ്ങുന്നത് മാത്രം മിച്ചമാവുന്ന കാലം അപ്പോള്‍ ഓര്‍ക്കും.ഇപ്പോഴാണേല്‍ ടി.വിയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നതും ലൈവായി കാട്ടുകയും ചെയ്യും. 
ആവേശം സിരകളില്‍ അലയടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ അങ്ങ് ലണ്ടനിലും ആസ്ട്രേലിയയിലും പഠിച്ച് ഉന്നത നിലയിലെത്തി തിരിച്ച് രാഷ്ട്രീയത്തിലെത്തുമ്പോഴും പലരും നോക്കുകൂലിക്കാരായി കവലകളില്‍ തന്നെ  കാണും. വളരെ ചുരുക്കം പേര്‍ തിരിച്ചറിവിന്റെ പാതയിലെത്തുമ്പോഴേക്കും ജീവിത സായന്തനത്തിനടുത്തെത്തിയിട്ടുണ്ടാവും. മക്കളുടെ ഭാവിയെ തുലാസിലേറ്റുന്ന കപടരാഷ്ട്രീയവാദികളെ തുരത്തുവാന്‍ ഇനിയും സമയമായില്ലെന്നുണ്ടോ? ഈ ന്യൂനപക്ഷത്തെ പ്രതിരോധിക്കാനുള്ള വജ്ജ്രായുധവും രക്ഷിതാക്കളുടെ കൈകളില്‍ തന്നെയാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയട്ടെ.

Monday, June 27, 2011

ലോ വേസ്റ്റ് എന്ന ചഡ്ഡി പ്രദര്‍ശനം

ലോ വേസ്റ്റ് എന്ന ചഡ്ഡി പ്രദര്‍ശനം

പോയി പോയി യൌവനത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കൌമാരക്കാരായ കോളജ് കുമാരന്‍മാരുടെ ഒരു കാര്യം നോക്കണേ. മാറുന്ന മറുനാടന്‍ വസ്ത്രധാരണം ഒരു മടിയും കൂടാതെ സ്വീകരിച്ച് നാടന്‍ സായിപ്പന്‍മാരാകുന്നവര്‍ ജാഗ്രതൈ. പോലീസുകാര്‍ പിറകില്‍തന്നെയുണ്ട്്്................മുംബൈയിലെയും ബാംഗ്ലൂരിലെയും പെണ്‍കൊടികള്‍ ഉപയോഗിച്ചു കണ്ട ലോവേസ്റ്റ് ജീന്‍സുകള്‍ പിന്നീട് നമ്മുടെ പുത്തന്‍ പുരുഷകേസരികളുടെ സംസ്കാരത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു. അമേരിക്കയിലും ബ്രിട്ടണിലുമെല്ലാം സ്കേറ്റിങ് ചാമ്പ്യന്‍മാര്‍ ജേഴ്സിയായി ഉപയോഗിക്കുന്ന ഡെനിം ട്രൌസറുകള്‍ ലോവേസ്റ്റാണ്. ആ വസ്ത്രധാരണ രീതിയെ അപ്പാടെ പകര്‍ത്തുകയാണ് നമ്മുടെ ജിമ്മന്‍ കേശവന്‍മാര്‍. തീര്‍ത്തും ആഭാസമായ അടിവസ്ത്രപ്രദര്‍ശനമാണിത്  ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും എന്തിനേറെ ആശുപത്രിയിലെ രോഗിയെ കാണാന്‍ വരെ വരുമ്പോള്‍ ഉപയോഗിക്കുന്നത് ഇത്തരം സദാചാരബോധം തൊട്ടുതീണ്ടാത്ത വേഷവിധാനമാണ്. അരയോളം എത്താത്ത ഷര്‍ട്ടോ ടീഷര്‍ട്ടോ ഇട്ട്  ബസിലെ കമ്പിയില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവര്‍ക്ക് വായിക്കാവുന്നവിധം നൈക്കി എന്നോ ജോക്കി, അഡിഡാസ് അങ്ങനെ ഡ്യൂപ്ലിക്കേറ്റ് ബ്രാന്‍ഡുകള്‍ കാണാം.
ഇത്തരം വസ്ത്രധാരണം കൊണ്ട് സ്ത്രീ ജനങ്ങളെ വശീകരിക്കാമെന്ന ധാരണയാണ് പാവം കുട്ടികള്‍ക്ക്. പുരുഷസൌന്ദര്യത്തിന്റെ അവസാനവാക്കായ ആറുപെട്ടി  (സിക്സ് പാക്ക്) യുടെ അവസാനത്തെ പെട്ടി വയര്‍ മസിലും കാണുന്ന വിധമാണ് ജീന്‍സ്.ഇത്തരം അബദ്ധജഡിലമായ പ്രകടനങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടേണ്ടതാണ്. ലോവേസ്റ്റ് ജീന്‍സിട്ട് ചഡ്ഡി പ്രദര്‍ശനം നടത്തിയാല്‍ പോലീസ് പിഴ വാങ്ങിത്തുടങ്ങി കൂടെ രണ്ട് അടിയും സൌജന്യം.പൊതുജനമധ്യത്തില്‍ ബ്രാന്‍ഡഡ് അടിവസ്ത്രങ്ങള്‍ അണിയുന്നവരാണ് ഞങ്ങള്‍ എന്നുകാണിക്കാനാണ് പുരുഷകേസരികളുടെ ശ്രമമെങ്കില്‍ ഭുതകാലത്തില്‍ മറഞ്ഞ ഐതിഹ്യങ്ങളില്‍ നിറഞ്ഞ കോമിക്സ് താരം സൂപ്പര്‍മാന്‍മാര്‍ വീണ്ടും പിറവികൊള്ളുമെന്ന് ഉറപ്പ്. ഏതായാലും കാത്തിരുന്ന് കാണാം..........

Tuesday, June 14, 2011

അപ്പോള്‍ ഇന്ന് മുതല്‍ മത്തിക്ക് വില കൂടും അല്ലേ?

അപ്പോള്‍ ഇന്ന് മുതല്‍ മത്തിക്ക് വില കൂടും അല്ലേ? 

അങ്ങനെ അടുത്ത ഒരു ട്രോളിങ് കാലം കൂടി വന്നു. ഇനി കടപ്പുറത്ത് വറുതിയുടെ നാളുകള്‍. അവസാന മല്‍സ്യക്കൊയ്ത്തും കഴിഞ്ഞ് വഞ്ചികളും ബോട്ടുകളും കരക്ക് കയറി. ഇനിയാണേ മല്‍സ്യത്തൊഴിലാളികള്‍ കാത്തിരിപ്പ് തുടങ്ങുന്നത്. ഒരു വലിയ ചാകരക്കൊയ്ത്ത് കാത്ത് നീണ്ട നാല്‍പത്തഞ്ച് ദിവസങ്ങള്‍. അതിനിടെ സൌജന്യ റേഷനുവേണ്ടി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ നിരങ്ങാനായും സമരത്തിന്റെ പുത്തന്‍മേച്ചില്‍പുറങ്ങള്‍ തേടാനുമായി കടപ്പുറം സജീവമാകും. ബോട്ടും വലയും കേടുപാടുകള്‍ തീര്‍ത്ത് വരുന്ന ചാകരയുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുകയാണവര്‍.
സ്കൂളുകള്‍ തുറന്ന് കുട്ടികള്‍ പോയിത്തുടങ്ങുമ്പോള്‍ തന്നെ പണിപോയ അവസ്്ഥ ആരറിയുന്നു ഇവരുടെ ആധി. കേള്‍ക്കേണ്ട സര്‍ക്കാറിന്റെ ബധിര കര്‍ണങ്ങള്‍ മനപ്പൂര്‍വമെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കുന്നു. മല്‍സ്യങ്ങളുടെ പ്രജനനകാലമാണിത് കടലില്‍ നമ്മുടെ മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ കാണില്ലെങ്കിലും അന്യസംസ്ഥാനക്കാര്‍ അവസരം മുതലാക്കി കൈയ്യേറുന്നത് തടയാനായും കാവല്‍ക്കാരുമാവണം. മഴ ആര്‍ത്തലച്ച് പെയ്യുമ്പോള്‍ ഒരുപക്ഷേ ഇവര്‍ക്ക് തലചായ്ക്കാനുള്ള ഇടമായ കൂരപോലും കടല്‍ക്ഷോഭത്തില്‍ നഷ്ടമായേക്കാം ഒരുതരം ഞാണിന്‍മേല്‍ കളിതന്നെ. നമ്മുടെ തീന്‍മേശകളില്‍ മല്‍സ്യമെത്തിക്കുന്ന ഇവരുടെ പ്രാരാബ്ധങ്ങളെ ആരറിയുന്നു. കടലിലിറങ്ങുന്ന അന്യസംസ്ഥാന വള്ളങ്ങളെ തുരത്താന്‍ സര്‍ക്കാര്‍ ഇത്തവണയും വിമുഖതകാട്ടിയാല്‍ നഷ്ടം നമ്മുടെ കടലിന്റെ മക്കള്‍ക്ക് തന്നെയാവും. കട്ടയും വഞ്ചിയും ബോട്ടുമെല്ലാം കരക്കുവെച്ചും കുളച്ചലുകാരും തമിഴരുമെല്ലാം നാട്ടിലേക്ക് മടക്കം തുടങ്ങി.
നാല്‍പത്തഞ്ച് ദിവസമാകുന്നതിന് മുമ്പ് തന്നെ തിരികെവരാം എന്ന് പറഞ്ഞ്.

Friday, June 10, 2011

ഗിന്നസ് ഹേമലത ആടി രജനി അണ്ണന് വേണ്ടി

ഗിന്നസ് ഹേമലത ആടി രജനി അണ്ണന് വേണ്ടി
കഷ്ടം! നമ്മുടെ നാട്ടിലെ എത്രയോ അവശകലാകാരന്‍മാരും രോഗിണികളായ അവശകലാകാരികള്‍ ഉണ്ടായിട്ടും അവരുടെ രോഗശാന്തിക്കായി ആടാന്‍ സമയമില്ലാത്ത ഗിന്നസ് ഹേമലത രജനീകാന്തിന്റെ രോഗമുക്തിക്കായി ഗുരുപവനപുരിയില്‍ മോഹിനിയാട്ടം നടത്തി. കേരളത്തിലെ സകലമാന ജനങ്ങളുടെയും ആയുരാരോഗ്യ സൌഖ്യത്തിനായി  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടിത്തളര്‍ന്ന ലത രജനീകാന്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയല്ലേ? അല്ലെങ്കില്‍ പറയും മോഹിനിയാട്ടത്തിന്റെ പുരോഗതിക്കും പബ്ലിസിറ്റിക്കും വേണ്ടിയാണെന്ന്. കലാകാരന്‍മാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് അതിലൊരാള്‍ക്ക് വേദനിച്ചാല്‍ ആശ്വാസം കണ്ടെത്താന്‍ മറ്റെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സന്ദേശം നൃത്താവതരണത്തിലൂടെ ഹേമലത നല്‍കുന്നു.അതാവാം കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ കീര്‍ത്തനം തന്നെ ആദ്യം തെരഞ്ഞെടുത്തത്. ഏതായാലും ഹേമലത ചെയ്തപോലെ കലാകാരി കുടുംബത്തിലെ അംഗങ്ങളായ നയന്‍താരയും തമന്നയുമൊക്കെ അവരാല്‍ കഴിയുന്ന രീതിയില്‍ ആടിയാല്‍ രജനി അണ്ണന്‍ ഒരുപക്ഷേ പെട്ടെന്ന് ഉണര്‍ന്നേനെ. രോഗശാന്തിക്കായി പ്രാര്‍ഥനകളും വചനപ്രഘോഷണങ്ങളും നടത്തുന്ന  ദിവ്യാജോഷിയെ പോലുള്ള ആള്‍ ദൈവങ്ങളെ പോലെ മോഹിനിയാട്ടത്തിലൂടെ രോഗമുക്തി സ്തോത്രപരിപാടികള്‍ നടത്തുമോ ഈ ഗിന്നസ് കലാകാരി.ഏതായാലും കാത്തിരുന്ന് കാണുക തന്നെ.......................

Thursday, June 9, 2011

കൂതറ ഓട്ടോക്കാരും അലമ്പ് പോലീസുകാരും പിന്നെ കച്ചറ കാല്‍നടക്കാരും

കൂതറ ഓട്ടോക്കാരും അലമ്പ് പോലീസുകാരും പിന്നെ കച്ചറ കാല്‍നടക്കാരും 

കേരള സംസ്ഥാനത്തിന്റെ തന്നെ മുക്കിലും മൂലയിലും കാണുന്ന മഞ്ഞയും കറുപ്പുനിറവുമുള്ള മലവണ്ടുകളായ ഓട്ടോക്കാര്‍ ഏറെ സഹായികള്‍ തന്നെ.ഓട്ടോയില്‍ നഷ്ടപ്പെട്ട പണമാകട്ടെ പണ്ടമാകട്ടെ യഥാര്‍ഥ ഉടമയെ കണ്ടെത്തി നല്‍കും വരെ ഇവര്‍ക്ക് ഉറക്കമില്ല.നിരവധി കുറ്റ കൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിയുവാന്‍ സഹായിക്കുന്നതും ഈ ഓട്ടോക്കാര്‍ തന്നെ. നന്മയുടെ മാലാഖമാരായി വേണം ഇവരെ കാണാന്‍. പക്ഷേ ഇവരില്‍ തന്നെയുള്ളവര്‍ കാണിക്കുന്ന അഭ്യാസങ്ങളോ പറഞ്ഞറിയിക്കാന്‍ വയ്യ. നാട്ടിലിറങ്ങിയാല്‍ ,നീട്ടിവിളിച്ചാല്‍ ,സിനിമയില്‍ കാണുമ്പോലെ വിസിലടിച്ചാല്‍ ഓടിയെത്തുമെന്ന് കരുതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി ഈ പറഞ്ഞ പരിപാടിയൊക്കെ കാണിച്ചാലും ഒരുത്തനും വരികേല. ലോ ദവന് വട്ടാണ് എന്നു പറയും. സ്ഥലവും കാശും കൃത്യമായി പറയാതെ ഈ പറഞ്ഞ ഓട്ടോക്കാരന്‍മാരായ സാറന്‍മാര്‍ വണ്ടിനെ ഓട്ടിക്കുകേല.
ഇനി ഓട്ടിച്ചാല്‍ തന്നെ  അടുത്താണ് പോകാനുള്ളത് എന്നുപറഞ്ഞാലും വേറെ എന്തെങ്കിലുമൊക്കെ കേള്‍ക്കേണ്ടിവരും. അല്ലെങ്കില്‍ ഇറക്കിവിടും ആരോട് ചോദിക്കും ഇത് ന്യായമാണോ അല്ലയോ എന്ന്. എന്നാല്‍ റോഡിലേക്കിറങ്ങിയാല്‍ പറയാനാവില്ല ഇവര്‍ ഏതു ദിശയിലേക്ക് എപ്പോള്‍ തിരിയും,വെട്ടിക്കും എന്നൊന്നും അത്ര വേഗത്തിലും അലസമായുമാണ് ഇവരുടെ അഭ്യാസപ്രകടനം. ബൈക്കിലെങ്ങാന്‍ തട്ടിയാല്‍ അപ്പോഴിറങ്ങിത്തുടങ്ങും പൂരപ്പാട്ട്. കുറ്റം അടിച്ചേല്‍പിക്കാന്‍ കൂടെ അപ്പോള്‍ തന്നെ കൂട്ടംകൂടും മലവണ്ടന്‍മാര്‍. പാവം ബൈക്കുകാരന് പണനഷ്ടം മാനനഷ്ടം.എന്നാല്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ നഗരത്തില്‍ നിലയുറപ്പിച്ച കാക്കിയിട്ട രാജാപ്പാര്‍ട്ട് കൊച്ചാപ്പിമാരുണ്ട്. രാവിലെ മുതല്‍ ജോലിഭാരത്തിന്റെ കണക്കുപറഞ്ഞ് റോഡരികിലെ മരത്തിനു കീഴെ വയര്‍ലെസുമായി ചിലപ്പോള്‍ ഒരു കൂളിങ് ഗ്ലാസൊക്കെ ഫിറ്റ് അങ്ങനെ നില്‍ക്കും. എന്താ പണി ആവോ? നഗരഹൃദയം ഗതാഗതക്കുരുക്കില്‍ നിശ്ചലമായാലും ഞങ്ങള്‍ അനങ്ങുകേല്ല എന്ന വിധം ഒറ്റ നില്‍പ്പാണ് ആശാന്‍മാര്‍. ഇപ്പോള്‍ പണി കുരുക്കഴിക്കലല്ല തലയില്‍ ചട്ടിയില്ലാത്തവരെ പിടിക്കലാണ്. മുക്കിലും മൂലയിലും കള്ളന്‍മാരെപ്പോലെ പതിയിരുന്ന് ഹെല്‍മറ്റ് വേട്ട നടത്തുകയാണ് പോലീസ് ഏമാന്‍മാരുടെ പണി. എന്നാല്‍ എതിരെ വരുന്ന മണല്‍മാഫിയയുടെ ലോറിയെ തൊടില്ല ചെന്നാല്‍ പിറ്റേന്ന് നെഞ്ചത്ത് വീരചക്രം മോഡല്‍ പുഷ്പചക്രം കിട്ടും പിന്നെ പെട്ടിയിലും കിടക്കാം. എന്തിനിങ്ങനെയുള്ള നിയമപാലനം. അമ്പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ബൈക്കും കാറും വാങ്ങുമ്പോള്‍ റോഡിലിറക്കാന്‍ നികുതിയെന്ന പേരില്‍ പതിനായിരങ്ങള്‍ സര്‍ക്കാറും  വാങ്ങും. വണ്ടി റോഡിലേക്കിറക്കിയാല്‍ അവസ്ഥ ഭീകരമാണ്
.തൃശൂര്‍ നഗരത്തിലാണെങ്കില്‍ അതി ഭീകരമാണ്  റോഡില്‍ എന്റെ നടത്തം കഴിഞ്ഞിട്ട് മതി അവന്റെ വണ്ടിയോട്ടമെന്ന വിധത്തിലാണ് കാല്‍നടക്കാരന്റെ നടപ്പ്.അപകടം ചോദിച്ച് വാങ്ങുന്ന ഒരു കൂട്ടം. അശ്രദ്ധയുടെ മൂര്‍ത്തീഭാവങ്ങളാണ് ഇക്കൂട്ടര്‍. നികുതി നല്‍കി റോഡിലൂടെ വാഹനമോടിക്കുന്നവന് എന്തൊക്കെ പേടിക്കണം. എങ്ങാനും ഹെല്‍മറ്റ് വച്ചില്ലെങ്കില്‍  പോലിസ് പിടിച്ച് കാശ് വാങ്ങും വണ്ടി കാല്‍ നടക്കാരന്റെ മേല്‍ തട്ടിയാല്‍ മാനനഷ്ടം ധനനഷ്ടം അടിവേറെയും. സകലനിയമങ്ങളെയും കാറ്റില്‍പറത്തി അലക്ഷ്യമായും എങ്ങും നോക്കാതെയും  നഗരവീഥികളെ മുറിച്ച് കടക്കുന്നവന് എല്ലാ നിയമപരിരക്ഷയും. ഇതെന്ത് നിയമം.

Wednesday, June 8, 2011

ഇത് കാലം തെറ്റി പെയ്തതോ

ഇത് കാലം തെറ്റി പെയ്തതോ
ഇത് കാലം തെറ്റി പെയ്തതോ അതോ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് മേലുള്ള അനുഗ്രഹസ്പര്‍ശമോ ഏതായാലും പുത്തന്‍ മണം മാറാത്ത യൂണിഫോമും പുത്തന്‍ ബാഗും കുഞ്ഞിക്കുടയും നനച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിന്റെ കടം തീര്‍ത്ത് മഴപെയ്തു തിമിര്‍ത്തു.പഴമയുടെ ഓര്‍മകളിയൂടെ ഒരു മിന്നലാട്ടം നടത്തികടന്നുപോകും വിധത്തിലായിരുന്നു മഴപ്പെയ്ത്ത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ വിദ്യാലയങ്ങളിലെ പുതിയ ഏര്‍പ്പാടായ പ്രവേശനോല്‍സവത്തെ മഴ മുക്കിക്കളഞ്ഞു. എങ്കിലും മധുരവും പാട്ടും കളികളുമായി അധ്യാപകര്‍ വിദ്യാര്‍ഥികളെ വരവേറ്റു. പണ്ട് രണ്ടുവള്ളി റബറിന്റെ ചെരുപ്പുമിട്ട് തോടും വെള്ളവും നിറഞ്ഞവഴിയിലൂടെ കുടചൂടി സ്കൂളിലെത്തുന്ന കാലത്തില്‍ നിന്ന് റെയിന്‍ സ്യൂട്ടുമിട്ട് ഓട്ടോയിലോ ഒമ്നിയിലോ സ്കൂള്‍ബസിലോ കയറി സ്കൂളിലേക്കെത്തുന്നു. ഇന്ന് കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വണ്ടിയിലേക്ക് കയറ്റി വിടുന്നത്്  മുതല്‍ സ്കൂളില്‍ എത്തും വരെ ആധിയാണ്. അ പ്പോഴാണ് മൊബൈല്‍ വിപ്ലവം നമ്മെ സഹായിക്കുന്നത്. മഴ പണ്ട് അനുഗ്രഹമായെങ്കില്‍ ഇന്ന് മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന കരുണയില്ലായ്മ പ്രകൃതിയും തിരിച്ചു കാണിച്ചു തുടങ്ങി എന്നുവേണം കരുതാന്‍. പ്രകൃതിയുടെ രക്ത ധമനികളും സിരകളുമായ പുഴയും കൈത്തോടുകളും മനുഷ്യന്‍ ബണ്ടുകളും ചെക്കുഡാമുകളുമെന്ന കൊളസ്ട്രോള്‍കൊണ്ട് തടയുമ്പോള്‍ അതിന്റെ സ്വാഭാവികമായ ഒഴുക്ക് നിലക്കും. എല്ലാം പെട്ടെന്ന് അടിഞ്ഞുകൂടി ഒഴുകുമ്പോള്‍ തകര്‍ച്ച പലപ്പോഴും മനുഷ്യന് താങ്ങാനാവുന്നതിന് അപ്പുറമായിരിക്കും.
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കായി  പ്രകൃതിയുടെ മഴസംഭരണിയായ തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുമ്പോഴും സംഭവിക്കുന്നതും മേല്‍പറഞ്ഞതെല്ലാമാണ്. നഷ്ടം അപ്പോഴും മനുഷ്യന് തന്നെ തിരിച്ചറിവില്ലാതെ പിന്നെയും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രകൃതി മുന്നറിയിപ്പുകള്‍ തന്ന് ഓര്‍മ്മപ്പെടുത്തുന്നു.
കാലം തെറ്റിപ്പെയ്യുമ്പോള്‍ വിളനാശമായും രോഗങ്ങളുടെ വരവും അപ്രതീക്ഷിതമെന്ന് നാം പറയും സൂനാമികള്‍ ആഞ്ഞടിക്കുമ്പോള്‍ ഭാഷാനിഘണ്ടുവില്‍ പുതിയ വാക്ക് കിട്ടിയ സന്തോഷം കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയ സന്തോഷം.പഴമയെ സ്വീകരിക്കാന്‍ വീണ്ടും നമ്മള്‍ നിര്‍ബന്ധിതരാവട്ടെ......അപ്പോഴും മുന്നറിയിപ്പുകള്‍ വേണം മനുഷ്യകുലത്തിന്്്്്്്്്്്്്്്്്്്്്്്..........................

Tuesday, June 7, 2011

പാടം മുഴുവന്‍ കുഴിക്കുന്നു ഏമാന്‍മാര്‍ ഉറക്കം നടിക്കുന്നു.

പാടം മുഴുവന്‍ കുഴിക്കുന്നു ഏമാന്‍മാര്‍ ഉറക്കം നടിക്കുന്നു.

  കുറച്ച് ദിവസമായി ഏറെ വിവാദമാകുന്ന വാര്‍ത്തകളും പടങ്ങളുമായി പത്രമുഖങ്ങളില്‍ നിറയുന്നത് കുറെ പാടമുഖങ്ങള്‍ മാത്രം. മണ്ണ് കോരിയും വാരിയും മൊത്തം നികത്തിയും കുറച്ചുപേര്‍ മുതലാളിമാരും ലക്ഷപ്രഭുക്കളുമായി മാറി . കര്‍ഷകനാകട്ടെ പാട്ടത്തിനെടുത്തും സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും കൃഷി നടത്തിയിരുന്ന പാടമായിരുന്നു. ഭൂമിയെന്ന മണ്ണ്  അമ്മയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞത് മാത്രം കൈമുതലാക്കി കൃഷിക്കിറങ്ങി മുടിഞ്ഞു. ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴെല്ലാം മുതലാളിമാരും ഈ ലക്ഷപ്രഭുക്കളും സന്തോഷവാന്‍മാരാണ് കാരണം ഇനി കൃഷിയെന്ന് പറഞ്ഞ് ആരും പാട്ടത്തിന് പാടം ചോദിക്കില്ലല്ലോ? അപ്പോള്‍ മണ്ണുമാന്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങും പാടം നികത്തുഭൂമിയാവും ആ മണ്ണ് ഫ്ലാറ്റുകാരുടേതുമാവും. എന്നാല്‍ സ്വന്തം കുഴിമാടത്തിന് കൂട്ടിരിക്കുന്ന ഈ പ്രവൃത്തി കുടിവെള്ള മെന്ന മഹാമേരുവിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്ന് തിരിച്ചറിയുമ്പോഴേക്ക് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ എന്ന നിലയിലേക്കാവും കാര്യങ്ങള്‍. നാട്ടിന്‍ പുറങ്ങള്‍ അടുക്കിവെക്കപ്പെട്ട കോണ്‍ക്രീറ്റ് പെട്ടികളാവാന്‍ എണ്ണപ്പെട്ട ദിവസങ്ങളാകുമ്പോള്‍ പാടവും തണ്ണീര്‍ത്തടങ്ങളും അകാലചരമം പ്രാപിച്ചിരിക്കുമെന്ന് തീര്‍ച്ച.
അഥവാ കൃഷി ചെയ്താലും സമയവും കാലവും തെറ്റിപ്പെയ്യുന്ന മഴയും കൊയ്യാനാളില്ലാതെ  കൊയ്ത്ത്മെഷീന്‍ കിട്ടിയാല്‍ തന്നെ യൂനിയന്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കുമുള്ള കമീഷന്‍ കൊടുക്കാനും പാവം കര്‍ഷകന്‍ നിര്‍ബന്ധിതനാവുന്നു. സര്‍ക്കാറും നേതാക്കളും കൂടി നാട് കുട്ടിച്ചോറാക്കുമ്പോള്‍ നാട്ടിലെ വെള്ളത്തിന്റെ സംഭരണകേന്ദ്രങ്ങളായ തണ്ണീര്‍ത്തടങ്ങളും ഇതോടെ ഇല്ലാതാവുന്നു. ഇനി കോര്‍പറേഷന്‍ കുപ്പിയിലോ പാട്ടയിലോ വെള്ളം നമ്മുടെ വീട്ട് മുറ്റത്തെത്തിക്കും പണമെണ്ണിക്കൊടുത്താല്‍ മാത്രം മതിയാവും. ഇപ്പോള്‍ തന്നെ വിപണിയില്‍ സുലഭമാണെങ്കിലും ഇനി അത് പതിവായി മാറുമെന്ന് തന്നെവേണം കരുതാന്‍. പ്രകൃതിയുടെ ജലസംഭരണകേന്ദ്രങ്ങളായ കുന്നുകള്‍ ഹിറ്റാച്ചി കൈകള്‍കൊണ്ട്  കീറിമുറിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിലേക്ക് വഴിതെളിക്കപ്പെടുന്നു. പ്രകൃതിയുടെ നെഞ്ചും യന്ത്രക്കൈകള്‍കൊണ്ട് മാന്തിപ്പൊളിക്കുമ്പോള്‍ പ്രതികരിക്കുന്നത്
പ്രകൃതിക്ഷോഭമായും ഭൂമികുലുക്കമായുമാവും അപ്പോഴും നമ്മുടെ കാലാവസ്ഥാകേന്ദ്രങ്ങള്‍ പ്രവചിക്കും കാലത്തിന്റെ ഓരോ കളിയാണിതെന്ന്. ഇനിയും ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ നമുക്ക് കാത്തിരിക്കാം വറുതിയുടെ നാളുകളെ.........കണ്ണുനീരുറവകളെ കൊണ്ട് ദാഹം ശമിപ്പിക്കുന്ന നമ്മുടെ നല്ല നല്ല നാളേകള്‍ക്കായി.

Saturday, June 4, 2011

ഇന്ന് പരിസ്ഥിതിദിനമെന്ന പ്രഹസനദിനം

ഇന്ന് പരിസ്ഥിതിദിനമെന്ന
പ്രഹസനദിനം 

ജൂണ്‍ 5 പരിസ്ഥിതിദിനം എല്ലാ കേരളീയനും മരംനട്ട് പാപത്തിന് പരിഹാരമെന്ന ഗംഗാസ്നാനം ചെയ്യുന്ന ദിവസം. നാട്ടിലെ സ്കൂളുകളിലും വായനാശാലകളിലും എന്തിന് പൊതുജനം കൂടുന്നകവലകളില്‍ പോലും നാളെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ഇത് നാളത്തേക്ക് മാത്രം നടക്കുന്ന മഹാമഹം.ഒരുവശത്തുനിന്ന് മനുഷ്യന്‍ മരത്തെ വെട്ടി കോണ്‍ക്രീറ്റ് കാടുകള്‍ സൃഷ്ടിക്കുമ്പോള്‍ ജൂണ്‍ അഞ്ചിന് മാത്രം മരംവെച്ച് പിടിപ്പിച്ചും സ്കൂള്‍കുട്ടികളെ നിരത്തിലിറക്കി ഒരു പ്രകടനവും നടത്തുന്നു ഭരണകര്‍ത്താക്കള്‍. ഇത്തവണ വൃക്ഷത്തെകളോടൊപ്പം സീഡിയും കിട്ടും പ്രകൃതിയെ അറിയുവാനും അറിഞ്ഞ് കഴിഞ്ഞാല്‍ പ്രകൃതിയെ നശിപ്പിക്കാനും ഉപയോഗിക്കാം. ഒരിക്കല്‍പോലും പ്രകൃതിയില്‍ അലിയപ്പെടാത്ത പ്ലാസ്റ്റിക് മാലിന്യമാവുന്നു സീഡികള്‍. ഇന്നും നമ്മുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവുവരുത്താതെ അതിരപ്പിള്ളി പോലുളള പദ്ധതിക്കായി മുറവിളി ഉയര്‍ത്തുകയാണ് അധികാരി വര്‍ഗം. നഷ്ടപ്പെടുന്നത് എന്തെന്ന് അറിയാതെ വൈദ്യുതിക്കായി മാത്രം നമ്മളും കാത്തിരിക്കുകയാണ്. ലക്ഷകണക്കിന് വൃക്ഷത്തൈകള്‍ വിതരണം ചെയ്താലും അതില്‍ എത്രയെണ്ണം മരമാവുമെന്ന് കണ്ടറിയുകതന്നെ വേണം. സ്കൂളുകളില്‍ നട്ടാല്‍ തന്നെ പുതിയ കെട്ടിടം പണിതുടങ്ങാന്‍ തടസ്സമാവാതെ വേണം അത് നടാന്‍.അല്ലെങ്കില്‍ വേരോടെ പിഴുതെറിയുന്നത് കാണാം.റോഡരികുകളില്‍ എത്രയെണ്ണം നടും. ഹൈവേകള്‍ക്ക് വീതി കൂട്ടുവാനായി സമരം നടത്തുന്ന ഇക്കാലത്ത് അവിടെകൊണ്ടുപോയി ആല്‍മരം പോലൊന്ന് നട്ടാലത്തെ അവസ്ഥ ആലോചിച്ചാല്‍ മാത്രം മതി.പ്രകൃതിയെ പച്ചപ്പട്ടണിയിക്കുക എന്നൊക്കെ കാവ്യഭാഷയില്‍ പറയാം. അതൊക്കെ അങ്ങനെ നടക്കും.
ഇന്ന് സ്വന്തം പുരയിടത്തില്‍ എത്ര വീട് വെച്ച് വാടകക്ക് നല്‍കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. ശുദ്ധജലവും വായുവും കാശുകൊടുത്തിട്ടാണേലും വാങ്ങി ഉപയോഗിക്കാന്‍ തയാറെടുക്കുന്ന പുത്തന്‍ തലമുറ.അവരോടാണ് പച്ചപ്പട്ടിന്റെ സാഹിത്യം.കേരം തിങ്ങും കേരളമെന്ന ദൈവത്തിന്റെ നാട്ടിലെ കാടുകള്‍ ഒരുതവണയെങ്കിലും കണ്ട ഒരാളും ഇന്നത്തെ ദിനം മറക്കില്ല.കാരണം വൃക്ഷങ്ങളാല്‍ പുതച്ച പച്ചപ്പട്ടില്ലെങ്കില്‍ ഒരു തലമുറയെന്നല്ല ഒന്നും നമുക്ക് സ്വന്തമാക്കാനാവില്ല അത്രയും മനോഹരമാണ് നമ്മുടെ കേരളം.കാര്യങ്ങള്‍ അങ്ങനൊക്കെയാണേലും ഇന്ന് ഒരുമരമെങ്കിലും നടണേ കാരണം വായുവും വെള്ളവും വാങ്ങാന്‍ കൈയില്‍ നയാപൈസയില്ലാത്ത ദരിദ്രരും നമ്മുടെ നാട്ടിലുണ്ട് അവര്‍ക്കായി നമുക്ക് കൈകോര്‍ക്കാം.