ഇന്ന് പരിസ്ഥിതിദിനമെന്ന
പ്രഹസനദിനം
ജൂണ്‍ 5 പരിസ്ഥിതിദിനം എല്ലാ കേരളീയനും മരംനട്ട് പാപത്തിന് പരിഹാരമെന്ന ഗംഗാസ്നാനം ചെയ്യുന്ന ദിവസം. നാട്ടിലെ സ്കൂളുകളിലും വായനാശാലകളിലും എന്തിന് പൊതുജനം കൂടുന്നകവലകളില്‍ പോലും നാളെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ഇത് നാളത്തേക്ക് മാത്രം നടക്കുന്ന മഹാമഹം.ഒരുവശത്തുനിന്ന് മനുഷ്യന്‍ മരത്തെ വെട്ടി കോണ്‍ക്രീറ്റ് കാടുകള്‍ സൃഷ്ടിക്കുമ്പോള്‍ ജൂണ്‍ അഞ്ചിന് മാത്രം മരംവെച്ച് പിടിപ്പിച്ചും സ്കൂള്‍കുട്ടികളെ നിരത്തിലിറക്കി ഒരു പ്രകടനവും നടത്തുന്നു ഭരണകര്‍ത്താക്കള്‍. ഇത്തവണ വൃക്ഷത്തെകളോടൊപ്പം സീഡിയും കിട്ടും പ്രകൃതിയെ അറിയുവാനും അറിഞ്ഞ് കഴിഞ്ഞാല്‍ പ്രകൃതിയെ നശിപ്പിക്കാനും ഉപയോഗിക്കാം. ഒരിക്കല്‍പോലും പ്രകൃതിയില്‍ അലിയപ്പെടാത്ത പ്ലാസ്റ്റിക് മാലിന്യമാവുന്നു സീഡികള്‍. ഇന്നും നമ്മുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തില്‍ കുറവുവരുത്താതെ അതിരപ്പിള്ളി പോലുളള പദ്ധതിക്കായി മുറവിളി ഉയര്‍ത്തുകയാണ് അധികാരി വര്‍ഗം. നഷ്ടപ്പെടുന്നത് എന്തെന്ന് അറിയാതെ വൈദ്യുതിക്കായി മാത്രം നമ്മളും കാത്തിരിക്കുകയാണ്. ലക്ഷകണക്കിന് വൃക്ഷത്തൈകള്‍ വിതരണം ചെയ്താലും അതില്‍ എത്രയെണ്ണം മരമാവുമെന്ന് കണ്ടറിയുകതന്നെ വേണം. സ്കൂളുകളില്‍ നട്ടാല്‍ തന്നെ പുതിയ കെട്ടിടം പണിതുടങ്ങാന്‍ തടസ്സമാവാതെ വേണം അത് നടാന്‍.അല്ലെങ്കില്‍ വേരോടെ പിഴുതെറിയുന്നത് കാണാം.റോഡരികുകളില്‍ എത്രയെണ്ണം നടും. ഹൈവേകള്‍ക്ക് വീതി കൂട്ടുവാനായി സമരം നടത്തുന്ന ഇക്കാലത്ത് അവിടെകൊണ്ടുപോയി ആല്‍മരം പോലൊന്ന് നട്ടാലത്തെ അവസ്ഥ ആലോചിച്ചാല്‍ മാത്രം മതി.പ്രകൃതിയെ പച്ചപ്പട്ടണിയിക്കുക എന്നൊക്കെ കാവ്യഭാഷയില്‍ പറയാം. അതൊക്കെ അങ്ങനെ നടക്കും.
ഇന്ന് സ്വന്തം പുരയിടത്തില്‍ എത്ര വീട് വെച്ച് വാടകക്ക് നല്‍കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. ശുദ്ധജലവും വായുവും കാശുകൊടുത്തിട്ടാണേലും വാങ്ങി ഉപയോഗിക്കാന്‍ തയാറെടുക്കുന്ന പുത്തന്‍ തലമുറ.അവരോടാണ് പച്ചപ്പട്ടിന്റെ സാഹിത്യം.കേരം തിങ്ങും കേരളമെന്ന ദൈവത്തിന്റെ നാട്ടിലെ കാടുകള്‍ ഒരുതവണയെങ്കിലും കണ്ട ഒരാളും ഇന്നത്തെ ദിനം മറക്കില്ല.കാരണം വൃക്ഷങ്ങളാല്‍ പുതച്ച പച്ചപ്പട്ടില്ലെങ്കില്‍ ഒരു തലമുറയെന്നല്ല ഒന്നും നമുക്ക് സ്വന്തമാക്കാനാവില്ല അത്രയും മനോഹരമാണ് നമ്മുടെ കേരളം.കാര്യങ്ങള്‍ അങ്ങനൊക്കെയാണേലും ഇന്ന് ഒരുമരമെങ്കിലും നടണേ കാരണം വായുവും വെള്ളവും വാങ്ങാന്‍ കൈയില്‍ നയാപൈസയില്ലാത്ത ദരിദ്രരും നമ്മുടെ നാട്ടിലുണ്ട് അവര്‍ക്കായി നമുക്ക് കൈകോര്‍ക്കാം.
No comments:
Post a Comment