Wednesday, June 29, 2011

യുവരക്തങ്ങള്‍ ചീന്തട്ടെ വിദ്യാഭ്യാസം തുലയട്ടെ നേതാക്കന്‍മാര്‍ വാഴട്ടെ ...............

യുവരക്തങ്ങള്‍ ചീന്തട്ടെ  വിദ്യാഭ്യാസം തുലയട്ടെ 
നേതാക്കന്‍മാര്‍ വാഴട്ടെ ...............
  അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ അനുസ്യൂതം തുടങ്ങിക്കഴിഞ്ഞു. അതിന്റെ നേര്‍ക്കാഴ്ചകള്‍ ടെലിവിഷനുകള്‍ ലൈവാക്കി ആഘോഷിക്കുന്നു. നേതാക്കള്‍ ചിരിക്കുന്നു കാരണം പണിതുടങ്ങിക്കഴിഞ്ഞു. ഇനി എത്രനാള്‍ തുടരുമിത് കാണാം കണ്ടിരിക്കാം. ഭരണത്തെ പാടെ മറിച്ചിടുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ കാണാക്കളികള്‍ നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. ഈ കളി  നിയന്ത്രിക്കാന്‍ റഫറിമാരോ അമ്പയര്‍മാരോ ഇല്ല. കാരണം കൈവിട്ടകളിയാണേയ്...പോലീസിന് ുനേരെ പ്രയോഗിക്കുന്ന കല്ലും കുപ്പിച്ചില്ലും നടുംപുറംനോക്കി കിട്ടുന്ന ചുട്ട തല്ലാകുമ്പോള്‍ ഓടാനല്ലാതെ വേറെന്ത് ചെയ്യാന്‍.എറിയുന്ന കല്ല് ചെന്ന് വീഴുന്നത് മനുഷ്യരുടെ മേല്‍തന്നെയാണെന്ന് അപ്പോള്‍ മനസ്സിലാകും....എന്തേ പോലീസിന് വേദനിക്കില്ലെന്നുണ്ടോ? കൂലിപ്പണിയെടുത്തും പട്ടിണി വയറില്‍ മുണ്ടുമുറുക്കിയുടുത്തും പഠിക്കാനായ് പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അറിയുന്നില്ലല്ലോ മക്കള്‍ പഠിക്കുകയാണോ പടവെട്ടുകയാണോയെന്ന്. രാഷ്ട്രീയത്തിന്റെ കള്ളക്കളികളില്‍ വിദ്യാഭ്യാസത്തിന്റെ തായ്വേരുകള്‍ അറുത്ത്  രസായനം വെച്ച് കുടിക്കുന്ന കള്ളനാണയങ്ങളെ നമ്മള്‍ തന്നെ വോട്ട് ചെയ്ത് മന്ത്രിമാരാക്കും.
പിന്നെയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങും അപ്പോഴും നേതാക്കള്‍ സുഖമായുറങ്ങും കാരണം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയാല്‍ ഭരിക്കുന്നവരുടെയും പോലീസിന്റെയും ഉറക്കം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. മാറി മാറി ഭരിക്കുന്ന സര്‍ക്കാറിന്റെ വികല വിദ്യാഭ്യാസനയങ്ങളുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കുമ്പോഴേക്കും അടുത്ത സര്‍ക്കാറെത്തുന്നു. ഈ സര്‍ക്കാറുകളാകട്ടെ ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യാതെ അടുത്ത സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിക്കാനായി ഈ ആയുധം തന്നെ ഉപയോഗിക്കും.അധ്യാപന വര്‍ഷാരംഭത്തില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന കുട്ടി സഖാക്കളുടെ തീപ്പൊരി സ്വാഗതപ്രസംഗം കേട്ട് അല്‍പം രാഷ്ട്രീയമാവാം എന്നു കരുതി ആദ്യമിറങ്ങും.പിന്നങ്ങോട്ട് പടയാളിയാവുകയായി അവകാശത്തിന്റെ പോരാട്ടത്തിന്റെ മുന്നണിപോരാളി. അവകാശസംരക്ഷണം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്ക് വര്‍ഷങ്ങള്‍ പാഞ്ഞിട്ടുണ്ടാവും. അപ്പോഴേക്കും നിങ്ങള്‍ അന്ന് കണ്ട നേതാവ് എം.എല്‍.എയോ മന്ത്രിയോ ആയിട്ടുണ്ടാകും.
നഷ്ടം നിങ്ങള്‍ക്കും പാവം രക്ഷിതാക്കള്‍ക്കും മാത്രമാവും. സമരപാതയില്‍ പോടാ പുല്ലേ പോലീസേ പാലക്കാടന്‍ പാടത്ത് അരിഞ്ഞ് തള്ളിക്കോളാം എന്നൊക്കെ മുദ്രാവാക്യങ്ങളുമായി ലാത്തിയടി വാങ്ങുന്നത് മാത്രം മിച്ചമാവുന്ന കാലം അപ്പോള്‍ ഓര്‍ക്കും.ഇപ്പോഴാണേല്‍ ടി.വിയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നതും ലൈവായി കാട്ടുകയും ചെയ്യും. 
ആവേശം സിരകളില്‍ അലയടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ അങ്ങ് ലണ്ടനിലും ആസ്ട്രേലിയയിലും പഠിച്ച് ഉന്നത നിലയിലെത്തി തിരിച്ച് രാഷ്ട്രീയത്തിലെത്തുമ്പോഴും പലരും നോക്കുകൂലിക്കാരായി കവലകളില്‍ തന്നെ  കാണും. വളരെ ചുരുക്കം പേര്‍ തിരിച്ചറിവിന്റെ പാതയിലെത്തുമ്പോഴേക്കും ജീവിത സായന്തനത്തിനടുത്തെത്തിയിട്ടുണ്ടാവും. മക്കളുടെ ഭാവിയെ തുലാസിലേറ്റുന്ന കപടരാഷ്ട്രീയവാദികളെ തുരത്തുവാന്‍ ഇനിയും സമയമായില്ലെന്നുണ്ടോ? ഈ ന്യൂനപക്ഷത്തെ പ്രതിരോധിക്കാനുള്ള വജ്ജ്രായുധവും രക്ഷിതാക്കളുടെ കൈകളില്‍ തന്നെയാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയട്ടെ.

No comments:

Post a Comment