Tuesday, June 7, 2011

പാടം മുഴുവന്‍ കുഴിക്കുന്നു ഏമാന്‍മാര്‍ ഉറക്കം നടിക്കുന്നു.

പാടം മുഴുവന്‍ കുഴിക്കുന്നു ഏമാന്‍മാര്‍ ഉറക്കം നടിക്കുന്നു.

  കുറച്ച് ദിവസമായി ഏറെ വിവാദമാകുന്ന വാര്‍ത്തകളും പടങ്ങളുമായി പത്രമുഖങ്ങളില്‍ നിറയുന്നത് കുറെ പാടമുഖങ്ങള്‍ മാത്രം. മണ്ണ് കോരിയും വാരിയും മൊത്തം നികത്തിയും കുറച്ചുപേര്‍ മുതലാളിമാരും ലക്ഷപ്രഭുക്കളുമായി മാറി . കര്‍ഷകനാകട്ടെ പാട്ടത്തിനെടുത്തും സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും കൃഷി നടത്തിയിരുന്ന പാടമായിരുന്നു. ഭൂമിയെന്ന മണ്ണ്  അമ്മയെന്നൊക്കെ പഴമക്കാര്‍ പറഞ്ഞത് മാത്രം കൈമുതലാക്കി കൃഷിക്കിറങ്ങി മുടിഞ്ഞു. ആത്മഹത്യകളുടെ എണ്ണം കൂടുമ്പോഴെല്ലാം മുതലാളിമാരും ഈ ലക്ഷപ്രഭുക്കളും സന്തോഷവാന്‍മാരാണ് കാരണം ഇനി കൃഷിയെന്ന് പറഞ്ഞ് ആരും പാട്ടത്തിന് പാടം ചോദിക്കില്ലല്ലോ? അപ്പോള്‍ മണ്ണുമാന്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങും പാടം നികത്തുഭൂമിയാവും ആ മണ്ണ് ഫ്ലാറ്റുകാരുടേതുമാവും. എന്നാല്‍ സ്വന്തം കുഴിമാടത്തിന് കൂട്ടിരിക്കുന്ന ഈ പ്രവൃത്തി കുടിവെള്ള മെന്ന മഹാമേരുവിന്റെ കടക്കല്‍ കത്തിവെക്കുന്നതാണെന്ന് തിരിച്ചറിയുമ്പോഴേക്ക് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ എന്ന നിലയിലേക്കാവും കാര്യങ്ങള്‍. നാട്ടിന്‍ പുറങ്ങള്‍ അടുക്കിവെക്കപ്പെട്ട കോണ്‍ക്രീറ്റ് പെട്ടികളാവാന്‍ എണ്ണപ്പെട്ട ദിവസങ്ങളാകുമ്പോള്‍ പാടവും തണ്ണീര്‍ത്തടങ്ങളും അകാലചരമം പ്രാപിച്ചിരിക്കുമെന്ന് തീര്‍ച്ച.
അഥവാ കൃഷി ചെയ്താലും സമയവും കാലവും തെറ്റിപ്പെയ്യുന്ന മഴയും കൊയ്യാനാളില്ലാതെ  കൊയ്ത്ത്മെഷീന്‍ കിട്ടിയാല്‍ തന്നെ യൂനിയന്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കുമുള്ള കമീഷന്‍ കൊടുക്കാനും പാവം കര്‍ഷകന്‍ നിര്‍ബന്ധിതനാവുന്നു. സര്‍ക്കാറും നേതാക്കളും കൂടി നാട് കുട്ടിച്ചോറാക്കുമ്പോള്‍ നാട്ടിലെ വെള്ളത്തിന്റെ സംഭരണകേന്ദ്രങ്ങളായ തണ്ണീര്‍ത്തടങ്ങളും ഇതോടെ ഇല്ലാതാവുന്നു. ഇനി കോര്‍പറേഷന്‍ കുപ്പിയിലോ പാട്ടയിലോ വെള്ളം നമ്മുടെ വീട്ട് മുറ്റത്തെത്തിക്കും പണമെണ്ണിക്കൊടുത്താല്‍ മാത്രം മതിയാവും. ഇപ്പോള്‍ തന്നെ വിപണിയില്‍ സുലഭമാണെങ്കിലും ഇനി അത് പതിവായി മാറുമെന്ന് തന്നെവേണം കരുതാന്‍. പ്രകൃതിയുടെ ജലസംഭരണകേന്ദ്രങ്ങളായ കുന്നുകള്‍ ഹിറ്റാച്ചി കൈകള്‍കൊണ്ട്  കീറിമുറിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിലേക്ക് വഴിതെളിക്കപ്പെടുന്നു. പ്രകൃതിയുടെ നെഞ്ചും യന്ത്രക്കൈകള്‍കൊണ്ട് മാന്തിപ്പൊളിക്കുമ്പോള്‍ പ്രതികരിക്കുന്നത്
പ്രകൃതിക്ഷോഭമായും ഭൂമികുലുക്കമായുമാവും അപ്പോഴും നമ്മുടെ കാലാവസ്ഥാകേന്ദ്രങ്ങള്‍ പ്രവചിക്കും കാലത്തിന്റെ ഓരോ കളിയാണിതെന്ന്. ഇനിയും ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ നമുക്ക് കാത്തിരിക്കാം വറുതിയുടെ നാളുകളെ.........കണ്ണുനീരുറവകളെ കൊണ്ട് ദാഹം ശമിപ്പിക്കുന്ന നമ്മുടെ നല്ല നല്ല നാളേകള്‍ക്കായി.

No comments:

Post a Comment