Friday, April 29, 2011

എന്‍ഡോസള്‍ഫാന്റെ പേരില്‍ ഹര്‍ത്താല്‍ മഹോല്‍സവം

 എന്‍ഡോസള്‍ഫാന്റെ പേരില്‍ ഹര്‍ത്താല്‍ മഹോല്‍സവം 
 
ബാന്‍ എന്‍ഡോസള്‍ഫാന്‍ എന്നും പറഞ്ഞ് സിപിഎം സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ അടിപൊളി.ഒപ്പുമരത്തേലൊപ്പിട്ടും കോലം കത്തിച്ചും കത്തുന്ന പ്രതിഷേധങ്ങള്‍.സംഗതി കേന്ദ്രസര്‍ക്കാര്‍ എന്ന അണ്ണന്‍മാര്‍ മാരകവിഷം നിരോധിക്കില്ല എന്ന് പറയുമ്പോള്‍ പ്രതിഷേധിക്കുക തന്നെ വേണം. വെറുതെ പ്രതിഷേധിച്ചാല്‍ പോര. സംഭവം സീരിയസാണെങ്കിലും പാവപ്പെട്ട കൂലിപ്പണിക്കാര്‍ മുതല്‍ എല്ലാ മേഖലയിലുള്ളവരും പണിമുടക്കി  പ്രതിഷേധിച്ചു.പ്രതിഷേധം ഒരു തരത്തില്‍ ആഘോഷമാക്കിയവരാണ് കൂടുതല്‍. തലേന്ന് തന്നെ ആവശ്യമുള്ള സാധനം വീട്ടില്‍ സ്റ്റോക്ക് ചെയ്ത് അടിയോടടി.നാലുകാലേല്‍ നാട്ടിലൂടെ ധൈര്യപൂര്‍വം നടക്കാം കാരണം ഹര്‍ത്താലല്ലിയോ? ഇരുചക്രവാഹനം പോയിട്ട് ഒരുത്തനും വണ്ടി പുറത്തിറക്കിയിട്ടില്ല. ബന്ദ് എന്നത് ഹര്‍ത്താലാക്കിയപ്പോള്‍ ജനങ്ങള്‍ കുറെ കൂടി ആഘോഷങ്ങളാക്കുകയാണ്.അത്യാവശ്യം ബന്ധുക്കളുടെ വീടുകളില്‍ പോകാം,
കുടുംബവുമായി കറങ്ങാന്‍ പോകാം ഒരു സ്ഥലത്തും കാര്യമായ ജനക്കൂട്ടവും ഉണ്ടാവില്ല. ബൈക്ക് ഓടിക്കാന്‍ ഹെല്‍മറ്റും വേണ്ട. അല്ലേല്‍ മുക്കിലും മൂലയില്‍ ഏമാന്‍മാര്‍ നില്‍പ്പുണ്ടാവും ഹര്‍ത്താലായാല്‍ അവരെയും പേടിക്കണ്ടല്ലോ?  സര്‍ക്കാറിനും ഗുണം തന്നെ ഹര്‍ത്താല്‍ തലേന്ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ കാര്യമായ വില്‍പനയും നടക്കും. ഇരുപത്തിനാല് മണിക്കൂര്‍ ഹര്‍ത്താലാണേല്‍ ബഹുരസം അടിച്ച് പാമ്പായി വീട്ടില്‍ തന്നെ കൂടാം. നേരെ മറിച്ച് പന്ത്രണ്ട് മണിക്കൂറാണേല്‍ വൈകുന്നേരം പിന്നേം ക്യൂ നില്‍ക്കാന്‍ ഓടണം.ഈ പൊതുജനസംസ്കാരം എത്തിയിട്ട് അധികകാലമായിട്ടില്ല.എന്നിരുന്നാലും പാര്‍ട്ടിയുടേയോ സംഘടനകളുടെയോ നിറം നോക്കാതെയുള്ള ഈ  ഐക്യദാര്‍ഢ്യം സമ്മതിക്കാതെ വയ്യ
.പോയി പോയി വിദ്യാര്‍ഥികള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ കാത്തിരിക്കുകയാണ്
ഹര്‍ത്താലിനെ.വലിയ വലിയ ഉദ്യോഗസ്ഥരുടെ ദര്‍ബാറുകളായ ക്ലബുകളിലും തിരക്കേറുന്നത് ഇരുപോലുള്ള ദിവസങ്ങളിലാണത്രേ. കാര്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ദിനങ്ങള്‍ മദ്യപാനത്തിനുള്ള ദിനമായി മാറുകയാണ്.ഭാവിയിലെങ്കിലും മാറുന്ന മലയാളിയുടെ മനസ്സറിയുന്ന ഹര്‍ത്താല്‍ ദിനങ്ങള്‍ മദ്യത്തില്‍ മുങ്ങിയുള്ള പ്രതിഷേധങ്ങളാവാതിരിക്കട്ടെ. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിലുള്ള സന്തോഷം അറിയിക്കട്ടെ.


Thursday, April 28, 2011

ആവശ്യമുണ്ട് പിന്‍ഗാമികളെ

ആവശ്യമുണ്ട് 
പിന്‍ഗാമികളെ 
പിന്‍ഗാമിയില്ലാതെ സായി ബാബ പോയി. പക്ഷെ  ഇനി  അമൃതാനന്ദമയിക്ക്  ഒരു പിന്‍ഗാമി വേണമെന്ന് തോന്നിത്തുടങ്ങും. കാരണം  ഏകലവ്യന്‍ എന്ന സിനിമയില്‍ അമൂര്‍ത്താനന്ദ സ്വാമിയെ പോലെ  സായി ബാബ പുട്ടപര്‍ത്തിയിലിരുന്ന്  മുഷ്ടി ചുരുട്ടി വായുവില്‍ നിന്ന് വിഭൂതിയും ആപ്പിളും കൊടുത്ത് പകരം ലക്ഷങ്ങളുടെ ചെക്കുകള്‍ ഭക്തരില്‍ നിന്ന് നേരിട്ട് കളക്ട് ചെയ്ത് നാല്‍പതിനായിരം കോടിയുണ്ടാക്കിയിട്ട് എന്തുണ്ടായി. നത്തിംഗ് ഒന്നുമുണ്ടായില്ല. ആന്ധ്രാ സര്‍ക്കാറും കുറെ പഹന്‍മാരും അടിച്ചുമാറ്റാനും കണ്ടുകെട്ടാനും തക്കം പാര്‍ത്തിരിക്കുന്നു. പണ്ടാരാണ്ട് പറഞ്ഞപോലെ പോയപ്പോ യൂദാസിന് പോയി. യേശു മൂന്നാംദിവസം എണീറ്റങ്ങ് പോയി.യൂദാസോ തൂങ്ങി. പോയപ്പോ നമ്മടെ ബാബയ്ക്ക് പോയി. ഏതായാലും അമൃതാ ചാനലില്‍ പരസ്യം വരാതിരുന്നാല്‍ മതിയായിരുന്നു. അത്യാവശ്യം മാജിക്കും  അല്‍പ്പസ്വല്‍പം മലയാളവും കുറച്ച് കീര്‍ത്തനങ്ങളും  അറിയാവുന്നവരെ തേടുന്നു എന്ന്. അതിനി പെണ്ണിനെതന്നെ വേണോ എന്നാണ് സംശയം. ബാബ വിഭൂതി എടുക്കുന്നു. അമ്മയാകട്ടെ  വെള്ളം പാലാക്കി ഭക്തര്‍ക്ക് നല്‍കും.ഇങ്ങനൊരു സംഗതി കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ അമൃത ആശുപത്രിയില്‍ ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്കായി ഒരു വീഡിയോ ക്ലിപ്പിങ് കാണിക്കും. അതിലാണ് ഇത്തരം മാജിക്കുകള്‍ വിഭുതിയും മോതിരവും നാരങ്ങ മിഠായിയുമെല്ലാം വരും ഇതില്‍. ബാബ നാട്ടിലിരുന്ന് സമ്പാദിച്ചതിനേക്കാള്‍ ഒരുപക്ഷേ ഇരട്ടിയുണ്ടാവും അമ്മയുടെ  സമ്പാദ്യത്തില്‍ കാരണം വേള്‍ഡ്വൈഡ് ടൂറിലാണല്ലോ ആള്‍ദൈവ അമ്മച്ചി.നാടായ നാടുമുഴുവന്‍ അമ്പലങ്ങള്‍ ഉണ്ടാക്കി ഉല്‍സവവും ദര്‍ശനവും നടത്തുന്ന ഇവര്‍ ഏതു തരത്തിലാണ് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്.
വെയ് രാജ വെയ് രണ്ട് വെച്ചാ പത്ത് എന്ന ഇടപാട് തന്നെ നടക്കുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴി തന്നെ കോടികള്‍ മറിയുന്നു. സൌജന്യങ്ങള്‍ തൊഴിലാളികള്‍ക്ക് മാത്രം. അപ്പോഴും ലാഭം കമ്പനിക്ക് തന്നെ. കാരണം ആറായിരം വൌച്ചറില്‍ ഒപ്പിടുവെച്ച്  അറുനൂറ് നല്‍കുന്ന ശമ്പളവിദ്യ  നടത്തുന്നു. അമൃത വിദ്യാലയം സ്കൂളിന്റെ പേരിലും വാങ്ങുന്നു ഡൊണേഷന്‍ പിന്നെവിടെയാണ് സേവനവും ഇളവുകളും. ഇടപ്പള്ളി അമൃതവിദ്യാലയത്തില്‍  അധ്യാപികമാര്‍ സംഘടിച്ചപ്പോള്‍ കൊടുത്തു  അന്തര്‍ സംസ്ഥാന സ്ഥലം മാറ്റം അതോടെ സമരം പൊളിഞ്ഞ് പാളീസായി. കുട്ടികളെ പഠിപ്പിക്കുന്നതോ സ്റ്റേറ്റ് സിലബസ് തന്നെ. വാങ്ങുന്നതോ ആയിരങ്ങളും ലക്ഷങ്ങളും ഫലം കുട്ടിക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ല. ആശുപത്രിയിലെ കണക്കുകളില്‍ കൃത്രിമത്വം കൂടിയപ്പോള്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കി അമ്മയുടെ രക്തബന്ധുക്കള്‍ മാത്രമുള്ള ഒരു ട്രസ്റ്റ്. ദൈവവിളിയുണ്ടായ  സുധാമണി വാരിക്കൂട്ടിയ സമ്പാദ്യത്തിന്റെ ഏകദേശകണക്ക് പുറംലോകം അറിയുന്ന ഒരു ദിവസം വരും. അന്ന് മുതല്‍ നമുക്കും കാണാം ഇപ്പോള്‍ ബാബയുടെ അടുത്തുണ്ടായ സത്യജിത്തിനെപോലെ അമ്മയുടെ നിഴലായി നടക്കുന്ന അമൃത സ്വരൂപാനന്ദയുടെ കാര്യവും.ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ സഞ്ചരിക്കുന്ന വാഹനമോ ബെന്‍സ് കാരവന്‍.
അമ്മയെ പുണരാനടുക്കുന്ന ഭക്തന്റെ വിയര്‍പ്പിലൂടെ അമ്മ അസുഖബാധിതയാവാതിരിക്കാന്‍  നാലംഗസംഘം  ഭക്തനെ തുടച്ച് വൃത്തിയാക്കും. കൈലാസത്തില്‍ വിലസിയ പരമശിവന്‍ വരെ ഞെട്ടും ദിവസം മുഴുവന്‍ ഒരേ ഇരിപ്പില്‍ ഭക്തനെ പുണരുന്ന അമ്മയെ കാണുമ്പോള്‍. എന്തായാലും ആത്മീയത എന്ന കച്ചവട വസ്തുവിനെ മാര്‍ക്കറ്റ് ചെയ്യുവാനറിയാവുന്നവര്‍ക്ക് ഏതായാലും അവസരം ലഭിക്കും തീര്‍ച്ച. 

Monday, April 25, 2011

അങ്ങനെ സായി ബാബ പോയി

അങ്ങനെ സായി ബാബ പോയി

തുടര്‍ച്ച അവകാശപ്പെടാന്‍ ആരെയും ചൂണ്ടിക്കാണിക്കാതെ ബാബ പിന്‍വാങ്ങി. ബാക്കിയാവുന്നത് എണ്ണിയാലൊടുങ്ങാത്ത കോടികളും അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും അവകാശത്തിന്റെ പുതിയതോ പഴയതോ ആയവരും. എന്തായാലും  അണിയറയില്‍ വിവാദങ്ങളുടെ ചുഴിയില്‍ കറങ്ങാനും കറക്കാനും ആന്ധ്രാ സര്‍ക്കാറും ഉണ്ടാവുമെന്ന് അവരും നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. പുട്ടപര്‍ത്തിക്ക് ചുറ്റും കറുത്തുരുണ്ട വിവാദങ്ങളുടെ കരി മേഘങ്ങളുടെ പേമാരിപ്പെയ്ത്ത്  എന്നാണെന്ന് മാത്രം കണ്ടറിയണം. അതേതായാലും അടക്കം കഴിഞ്ഞാവാനാണ് സാധ്യതകള്‍. ആത്മീയതയുടെ  മറവില്‍ നടത്തിയ മാജിക്കുകള്‍ മജീഷ്യന്‍മാര്‍ പൊളിച്ചടുക്കിയപ്പോഴും സധൈര്യം നേരിട്ട ബാബ മാജിക്കിലും താന്‍ അജയ്യനെന്ന് തെളിയിച്ച് വിശ്വാസികളെന്ന കഴുത ജനത്തെ കൈയ്യിലെടുത്തു.
എല്ലാ ആള്‍ ദൈവങ്ങളുടെയും ബിസിനസിന്റെ ആദ്യ പടിയായ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന  അറവുശാല  തന്നെ ബാബയും തുടങ്ങി. നൂറുപേരുടെ പോക്കറ്റടക്കം ഹൃദയം കീറിമുറിക്കുമ്പോള്‍ ഒന്നോ രണ്ടോ പേരുടെ ഹൃദയം സൌജന്യമായി തുന്നും. പിന്നെ ആര്‍ക്കും വേണ്ടാത്ത കുറച്ച് വൃക്കയും എടുക്കും എല്ലാം സൌജന്യം. കോടികളുടെ വിദേശപ്പണം ഉപയോഗിച്ച് രാജ്യങ്ങള്‍തോറും ആശ്രമവും മെഡിറ്റേഷന്‍ സെന്ററുകളും ഉണ്ടാക്കി ആത്മീയതയെ കച്ചവടച്ചരക്കാക്കി വെറും കോടിപതിയല്ല കൊക്കോടിപതിയായി പാവം ബാബ. സ്വന്തം സഹോദര പുത്രനും  തന്റെ അനുയായിയും തമ്മിലുള്ള സാമ്രാജ്യയുദ്ധം തന്നെയാവും ഇനി നടക്കുക. നാല്‍പതിനായിരം കോടിക്കായുള്ള അവകാശത്തിന്റെയും അധികാരത്തിന്റെയും കിടമല്‍സരത്തിന്റെ റിയാലിറ്റി ഷോകള്‍ ഇനി ചാനലുകളില്‍ കാണാനാകും.ബാബയില്ലാത്ത പുട്ടപര്‍ത്തിയിലെ സേവനപ്രവര്‍ത്തനങ്ങള്‍ മുമ്പ് ഓഷോയുടേത് പോലെയാവുമെന്ന് ഇപ്പോള്‍ തന്നെ അടക്കം പറച്ചിലുകളുണ്ട്.

Thursday, April 21, 2011

കൊച്ചിയുടെ കൊമ്പനില്ലേലും കേരള കൊമ്പന്‍മാര്‍ തന്നെ വമ്പന്‍മാര്‍

കൊച്ചിയുടെ കൊമ്പനില്ലേലും കേരള കൊമ്പന്‍മാര്‍ തന്നെ വമ്പന്‍മാര്‍

കൊച്ചിയുടെ കൊമ്പനായ ശ്രീശാന്ത് കളിച്ചില്ലെങ്കിലെന്ത്?    ഗുജറാത്ത്,മറാട്ടക്കാരുടെ സ്വന്തം ടീമായ കൊച്ചി ടസ്ക്കേഴ്സ് കേരള  ജൈത്രയാത്ര തുടരുകയല്ലേ? അങ്ങനെയെങ്കിലും കൊച്ചിയും കേരളവും കോടികള്‍ മറിയുന്ന ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായി. കേരളത്തില്‍ ഒരു ഐപിഎല്‍ടീം എന്ന്  ലക്ഷ്യംവെച്ച കേന്ദ്രമന്ത്രി ശശിതരൂര്‍ മന്ത്രിസ്ഥാനം തെറിച്ച് പെരുവഴിയിലായി. നമ്മുടെ കൊച്ചിയുടെ കൊമ്പനായ ശ്രീശാന്ത് കളിച്ചില്ലെങ്കിലെന്ത്  ബാക്കിയുള്ളവര്‍ നന്നായി കളിച്ച് പേരും പ്രശസ്തിയും വേണ്ടുവോളം ഉണ്ടാക്കുന്നുണ്ട്. മിക്കവാറും ആ സാറിനേയും പുറത്താക്കാവുന്നതാണല്ലേ?  ഇന്ത്യന്‍ ടീമിന് ഒരു ഭാഗ്യതാരമാണെങ്കില്‍ ടസ്ക്കേഴ്സിന് ശ്രീശാന്ത് കളിക്കാതിരിക്കുന്നതാണ് നല്ലത്. ശ്രീശാന്ത് കളിക്കാതിരുന്ന മൂന്ന് കളിയും കൊമ്പന്‍മാര്‍ തകര്‍ത്തത് ഐപിഎല്ലിലെ മുടിചൂടാമന്നന്‍മാരെ തന്നെയാണ്.
ക്രിക്കറ്റ് മതമായും റണ്‍സും റെക്കോഡും മജ്ജയും മാംസവുമാക്കിയ ക്രിക്കറ്റിന്റെ കൊച്ചുദൈവമായ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഗ്ലാമറും കേളീകൌശലവും  കായികതന്ത്രവും സിദ്ധിച്ച സാക്ഷാല്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്സിനെയും താരമികവുകൊണ്ട് സമ്പന്നമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും  യുദ്ധത്തിലേത് പോലെ തകര്‍ത്ത കൊമ്പന്‍മാരെ ഐപിഎല്‍ ലോകത്തിന് അംഗീകരിക്കാതിരിക്കാനാവില്ല.
എന്തായാലും ഈ സീസണ്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്നു തന്നെയായിരിക്കും പേരെങ്കിലും അടുത്ത സീസണില്‍ ഈ ടീം ഉണ്ടാവുമോ എന്ന് കണ്ടുതന്നെ അറിയണം. കാരണം കൊച്ചിക്കാര്‍  തന്നെ ടീമിന് പാരയായാലോ? ബാക്കി എല്ലാ സംസ്ഥാനവും നികുതിയില്‍ ഇളവ് നല്‍കുമ്പോള്‍  കേരളം മാത്രം അതിന് അനുവാദം നല്‍കുന്നില്ല. നഗരസഭയാണെങ്കില്‍ ഓരോ കൌണ്‍സിലര്‍ക്കും നൂറ് ടിക്കറ്റ് വെറുതെ കിട്ടണമെന്ന വാശിയിലാണ്. ആയിരത്തി അഞ്ഞൂറ് കോടി മുടക്കി കൊച്ചിയുടെ പേരില്‍ ടീം ഉണ്ടാക്കിയവന്‍മാര്‍ എന്തുചെയ്യും.കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്നവരും വിരളം .ടിക്കറ്റ് വില ഏറ്റവും കൂടുതല്‍ വാങ്ങുന്നതും നമ്മള്‍ തന്നെ നാനൂറ് രൂപ മറ്റ് സംസ്ഥാനങ്ങളില്‍ ഇരുനൂറ്റിയമ്പത് രൂപ മാത്രമേയുള്ളൂ താനും. വിദ്യാര്‍ഥികള്‍ക്ക് ഇളവും . ഐപിഎല്ലിലെ കൊച്ചി ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ് അവിശ്വസനീയമാണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ജയവര്‍ധനെയുടെ പ്രകടനം ഗംഭീരം. രവീന്ദ്ര ജഡേജ എന്ന നാണം കുണുങ്ങി പയ്യന്‍ തന്റെ പക്വമായ ഷോട്ടുകള്‍ കൊണ്ട് ഏത് ബോളറെയും അനായാസം അതിര്‍ത്തിക്കപ്പുറത്തേക്ക് പായിക്കുന്നതും നയനാനന്ദകരമാണ്.താരപ്രഭയില്ലാതെ വന്ന ടീമിന്റെ പ്രകടനം രണ്ടാം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
അന്ന് അസ്നോദ്കര്‍ ആണെങ്കില്‍ ഇന്ന് രവീന്ദ്ര ജഡേജ. ഈ ടീമിന്റെ കളികാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്നതാണ് ശ്രീശാന്തിനെ കൊച്ചി ടസ്ക്കേഴ്സിന് ഇനി വേണോ എന്ന്.

Sunday, April 17, 2011

ഓര്‍മകളിലെ വിഷു

ഓര്‍മകളിലെ വിഷു

 ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കഴിഞ്ഞ വിഷു എന്നാല്‍ ആഘോഷമായിരുന്നു.ജ്യേഷ്ഠന്മാരും അച്ഛനും അമ്മയും ആകെ അടിപൊളി. പടക്കം പൊട്ടുമ്പോള്‍ കട്ടിലിനടിയില്‍ ചെവിയില്‍ കൈതിരുകിയിരുന്ന കാലത്തും വീട്ടില്‍ പടക്കത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഏതോ അമ്പലനടയില്‍ കളിപ്പാട്ടം കൈയില്‍ തന്ന് പടക്കം വഴിപാട് നടത്തി ആ പേടി മാറ്റി അച്ഛനും അമ്മയും ആശ്വസിച്ചു. പിന്നീടെപ്പോഴോ അച്ഛനും തോന്നിയിട്ടുണ്ടാവാം പടക്കപ്പേടി മാറ്റേണ്ടായിരുന്നെന്ന്.കാരണം പിന്നീട് മിനിമം 1000രൂപ കൈയില്‍ വാങ്ങും.പിന്നെ പൊടിപൂരം......... അത് ഓര്‍മകള്‍ ........ ഈ വിഷുദിനം ഒരു റീവൈന്‍ഡിങ് ബട്ടണ്‍ അമര്‍ത്തി. ചാരുകസേരയില്‍ തീര്‍ന്നു. അച്ഛന്‍  ഇല്ലാത്ത വിഷുദിനം. കണികാണാതെയും വിഷുകൈനീട്ടം കൈമാറാതെയും ഒരു പിടി ചാരമായി ആലുവാപുഴയില്‍ അലിഞ്ഞപോയ ആ ഓര്‍മകള്‍ മാത്രം. ഉറ്റവരും ബന്ധുക്കളും തിരശãീലക്ക് പിന്നില്‍ മറയുമ്പോഴും അച്ഛന്‍ പറയും ആഘോഷങ്ങളെ ഇഷ്ടപ്പെടുന്നവരായിരുന്നു അവരെന്ന്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളിലേക്കോടാതെ അടിച്ചുപൊളിക്കാന്‍. മറ്റേതോ ലോകത്താണെങ്കിലും അവരും സന്തോഷിക്കട്ടെയെന്ന്. ഒരു പക്ഷേ പട്ടാളക്കാരനായത് കൊണ്ടാവാം അങ്ങനെ. ആഘോഷങ്ങളില്‍ മദിരക്കുപ്പികളുടെ മൂടി തുറക്കപ്പെടുമ്പോഴും  അമ്മയുടെ ശാസനയുടെ ശബ്ദം ഉയരുമ്പോഴും അച്ഛന്‍ പറയുമായിരുന്നു തന്നോളം വളര്‍ന്നാല്‍ താനെന്ന് മക്കളെ വിളിക്കണമെന്ന്. സുഹൃദ് വലയങ്ങള്‍ക്കെല്ലാം അതിശയമായിരുന്നു അച്ഛനും മക്കളും ആഘോഷിക്കുകയെന്നത്.ഞങ്ങള്‍ക്ക് വലിയ സംഭവമല്ലായിരുന്നുതാനും. പണ്ടെങ്ങോ അച്ഛന്‍ വലിച്ചു തള്ളിയ ചാര്‍മിനാര്‍ സിഗരറ്റിന്റെയും ബീഡിയുടെയും ബാക്കിപത്രമായിരുന്നു അസുഖം. നേരത്തെ ഹൃദയതാളത്തില്‍ വ്യതിയാനം സംഭവിച്ചപ്പോള്‍ ഇസിജി റിസല്‍റ്റുമായി ഡോക്ടറെ കണ്ടപ്പോള്‍ ആദ്യം ഞെട്ടി.കാരണം രണ്ടു തവണ ഹൃദയാക്രമണം നടന്നിരിക്കുന്നു നിങ്ങള്‍ അറിഞ്ഞില്ലേ? എവിടെ ആരോടെന്ന പോലെ അദ്ഭുതപ്പെടാനെ എനിക്കുമായുള്ളൂ. കാരണം പറഞ്ഞു നിങ്ങള്‍ അമ്മയെ നോക്കിയാല്‍ മതിയെന്ന്. അച്ഛന്‍ ഒരിക്കല്‍ പോലും അമ്മയെ ആശുപത്രിയിലേക്ക് വിളിച്ചിട്ടില്ല. പഞ്ചസാരയുടെ അളവ് കൂടുതലായപ്പോഴാണ് പിന്നെയും അമൃത ആശുപത്രിയിലെത്തിയത്. അതിനിടയില്‍ ഒരു ചെറിയ സ്ട്രോക്കും രക്തക്കുറവ് കണ്ടുപിടിക്കാനുള്ള ശ്രമത്തിനൊടുവില്‍ ആ അസുഖവും കണ്ടെത്തി. അന്നേ അവര്‍ വിധി പുറപ്പെടുവിച്ചു.തുടര്‍ ചികില്‍സക്ക് ഒരു പഴുതും തരാത്തവിധം രോഗാണുക്കള്‍ പട്ടാളക്കാരനെ വിഴുങ്ങിയിരിക്കുന്നു.
മാര്‍ച്ച് ആറിന് ഞായറാഴ്ച രാത്രി പോയിട്ട് നാളെ കാണാം പിള്ളേച്ചാ എന്ന് കളിയോടെ പറഞ്ഞിറങ്ങുമ്പോള്‍ ഓക്കെ നാളെ എന്നു പറഞ്ഞപ്പോള്‍ ഒരിക്കലും കരുതിയില്ല.തിങ്കളാഴ്ച വെള്ളിമേഘത്തില്‍ പുതഞ്ഞുറങ്ങുന്ന അച്ഛനെ കാണാനാണോ വരേണ്ടിയിരുന്നതെന്ന്്്.ഒരു മെഴുകുതിരി ഉരുകിത്തീരും പോലെ. ഉത്തരവാദിത്തങ്ങളെല്ലാം ഞങ്ങളെ കൃത്യമായി ഓര്‍മിപ്പിച്ച്............



Friday, April 8, 2011

പീഡനസഖാക്കളുടെ നാട്

 പീഡനസഖാക്കളുടെ നാട്

പീഡനപര്‍വങ്ങള്‍ തുടര്‍ക്കഥയാവുന്ന കേരള രാഷ്ട്രീയത്തില്‍ എന്നു മുതലാണ് പീഡനമെന്നത് കുറ്റകരമാണെന്ന് കണ്ടെത്താന്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണങ്ങള്‍ തുടങ്ങിയതാവോ? എന്തായാലും പാര്‍ട്ടി ഏതായാലും നേതാവായാലും സഖാവായാലും തലക്കുമീതെ വളരാന്‍  തുടങ്ങുമ്പോള്‍ കടയോടെ വെട്ടാനുപയോഗിക്കുന്ന വജ്രായുധമാണ് പീഡനകഥകള്‍.ചിലത് സത്യങ്ങളാവാം ചിലത് കുരുക്കുവാനായി ഉണ്ടാക്കിയെടുക്കുന്നതാവാം എന്തായാലും പിടിക്കപ്പെട്ടാല്‍ മുഖത്ത്്  കരിയല്ല കരിഓയില്‍ ഒഴിക്കുന്നതിനേക്കാളും ഭീകരമാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ അകപ്പെടുക എന്നത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ കുന്നുംപുറം നാട്ടിലിറങ്ങിയാല്‍ പാര്‍ട്ടിക്കാരായ പീഡകരുടെ നിര തന്നെ കാണാനാവും. പക്ഷെ തെരഞ്ഞെടുപ്പ് എന്ന കുംഭമേള എത്തുമ്പോള്‍ ഈ ചെന്നായ്ക്കള്‍ കുഞ്ഞാടിന്റെ തോലെടുത്ത് അണിയും.എന്തിന് റസിഡന്റ് അസോസിയേഷന്‍ വരെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ശ്രമിക്കുന്നു.ഒരു 15 വര്‍ഷം പിറകോട്ടുപോയാല്‍ സി.പി.എമ്മിന് എറണാകുളം ജില്ലയില്‍ തന്നെ കിട്ടാവുന്ന പ്രസംഗകരില്‍ മുന്തിയ ഒരു സഖാവ് ഇന്ന് ചിത്രത്തിലില്ല. കാരണം പുറത്താക്കപ്പെട്ടു.
അതിന്റെ കാരണം ഒരു സുപ്രഭാതത്തില്‍ നാടുണര്‍ന്നത് ഈ സഖാവിനെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞാണ്. നാട്ടാരും വീട്ടുകാരും ഓടി എന്തുപറ്റി എന്നറിയാന്‍. വേറൊന്നുമല്ല സ്കൂളില്‍ രാത്രി  ഒരു പെണ്ണുമായി കള്ളന്‍കയറി സെക്യൂരിറ്റിയും  നാട്ടുകാരും പാര്‍ട്ടിക്കാരും പിടികൂടി. ആളാരെന്ന് മനസ്സിലാക്കി തന്നെയായിരുന്നു കുടുക്കിയത്. വളര്‍ന്നെങ്കില്‍ ചന്ദ്രന്‍പിള്ളച്ചേട്ടന്‍ എം.പി പോയിട്ട് ഏലൂരില്‍ നിന്ന്  ആരുമാവില്ലായിരുന്നു.അടുത്ത ഇഷ്ടന്‍ പി.ടി.എ പ്രസിഡന്റായിരുന്നു. നോട്ടം അവിടെയുള്ള അധ്യാപികയെ തോണ്ടും മാന്തും തുടര്‍ച്ചയായപ്പോള്‍ പി.ടി.എ മീറ്റിങ്ങില്‍ ടീച്ചര്‍ പൊട്ടിത്തെറിച്ചു. സഖാവ് പാര്‍ട്ടിക്ക് പുറത്തേക്കും തെറിച്ചു.പലപ്പോഴും പലരും ഊഴം വെച്ച് തെറിച്ചെങ്കിലും മുകളില്‍ പറഞ്ഞ കുംഭമേളകള്‍ രക്ഷാമാര്‍ഗമായി.അവസാനം വന്നപ്പോള്‍ പീഡനം ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു.കുട്ടി സഖാവ് നടത്തുന്ന ട്യൂഷന്‍ സെന്ററിലായിരുന്നു മാഷിന്റെ പ്രകടനം. ഏറ്റവും രസകരം കണ്ടുപിടിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നതാണ്. റസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് ഈ മാന്യദ്ദേഹം . ഇപ്പോള്‍ വീണ്ടും വരുന്നു കുംഭമേള നാട്ടില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചൂട്ട് പിടിക്കുന്നതും കുട പിടിക്കുന്നതും പാര്‍ട്ടി പുറത്താക്കിയതും തിരിച്ചെടുക്കാന്‍ കത്ത് വിട്ട് കാത്തിരിക്കുന്നവരുമായ പീഡകസഖാക്കളും. ഏതായാലും ഇതുപോലൊരു നാട്ടിലാണ് പി.ശശിയെങ്കില്‍ നാടുമുഴുവന്‍ കുറെ പാര്‍ട്ടി കിടാവുമാരെ കാണാനാവുമായിരുന്നു.
അപ്പോഴും പി.ബിയും സംസ്ഥാന നേതൃത്വവും ചിലപ്പോള്‍ അന്വേഷണ പ്രക്രിയയിലാവും....................................

Wednesday, April 6, 2011

പിന്തുണകള്‍ എന്ന പിന്‍ തുളകള്‍

പിന്തുണകള്‍ എന്ന പിന്‍ തുളകള്‍
 ഇനി ഏഴ് ദിവസം കൂടി കാത്തിരുന്നാല്‍ വാഗ്ദാനങ്ങള്‍ പെരുമഴയായും പേമാരിയായും പെയ്ത കേരള രാഷ്ട്രീയത്തിലെ  സൂനാമിയെന്ന തെരഞ്ഞെടുപ്പ് എത്തും. അതുവരെ സകലമാന വായനോക്കികളെയും ജീവിതത്തില്‍ ഇനി കാണില്ലെന്നുറപ്പുള്ളവനെ വരെ നോക്കി ഒരുവോട്ടിനായി വെളുക്കെ ചിരിക്കുന്ന സ്ഥാനാര്‍ഥികളെയും കാണാം.നാട്ടിടവഴിയിലോ പട്ടണത്തിലോ കാല്‍നടക്കാരനെ പോലും വെറുതെ വിടാതെ കൈക്ക് ഇവന്‍മാര്‍ കടന്നുപിടിക്കും ചേട്ടാ ഒരു വോട്ട്. പഴമക്കാരായ സ്ഥാനാര്‍ഥികള്‍ പറയുന്നതാണ് ബഹുരസം ഒരു സൈക്കിളില്‍ ഉച്ചഭാഷിണി കെട്ടിവെച്ച് കവലകളില്‍ നിന്നങ്ങ് തകര്‍ക്കും. വാഗ്ദാനങ്ങളൊന്നും അധികമില്ല പാര്‍ട്ടിക്കാരനേതെന്ന് ഒന്നുമില്ല എല്ലാവരും സന്തോഷമാവുന്ന വിധത്തില്‍ അങ്ങ് ഭരിക്കണം. പക്ഷേ ഇന്ന് സ്ഥിതിമാറി കൈയ്യില്‍ ചെമ്പില്ലാത്തവനൊന്നും മല്‍സരം സ്വപ്നംപോലും കാണാനാവില്ല.
പണ്ട് ചെലവ് മുഴുവന്‍ പാര്‍ട്ടി നോക്കികൊള്ളുമായിരുന്നു. അന്ന് സ്ഥാനാര്‍ഥിയുടെ വ്യക്തി പ്രഭാവമായിരുന്നെങ്കില്‍ ഇന്ന് സ്ഥാനാര്‍ഥിയുടെ പോക്കറ്റിന്റെ കനവും കൊടുക്കുന്ന വാഗ്ദാനങ്ങളുടെ അളവുമാണ് മാനദണ്ഡം. മുന്‍ എം.എല്‍.എമാര്‍, മന്ത്രിമാര്‍  തുടങ്ങി ഭരണത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്നും സ്ഥാനാര്‍ഥികള്‍. ഇവരുടെ സത്യവാങ്മൂലം മാത്രംമതി ഈ പറഞ്ഞതിന് തെളിവിനായി.കോടിപതികള്‍ മാത്രമാണിവര്‍ കൊടിയുടെ നിറം നോക്കിയാലും ഇല്ലെങ്കിലും ഇവരാണ് ഇല്ലായ്മയും പട്ടിണിയും പരിവട്ടവും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങുന്നത്.വര്‍ഷങ്ങളോളം കേരളം ഭരിച്ച് സ്വന്തം കാര്യങ്ങള്‍ കരയ്ക്കാക്കി ബാക്കിയുള്ളവരെ മറുകരക്കും പെരുവഴിയിലുമാക്കുന്ന രാഷ്ട്രീയത്തിലെ കള്ളക്കളികള്‍ ഇനിയും മനസ്സിലാക്കപ്പെടുന്നില്ല.വികസനത്തിന്റെ പേരിലുള്ള കൊടുക്കല്‍ വാങ്ങലുകളും ന്യൂനപക്ഷ ഭൂരിപക്ഷ മേലാളത്തവും എല്ലാം വിരല്‍ ചൂണ്ടുന്നത് ചൂണ്ടുവിരലില്‍ പതിയുന്ന നീലമഷിയിലേക്കാണ് താനും.കാശിട്ട് കാശ് വാരാന്‍ ഭൂട്ടാന്‍ ഡാറ്റ എന്നു പറയും പോലെ കാശ് ചെലവഴിച്ച് എം.എല്‍.എയോ മന്ത്രിയോ ആയാലോ ചെലവിട്ട ആയിരം പതിനായിരമോ ലക്ഷങ്ങള്‍ കോടികളോ ആക്കുന്ന മണിമാജിക്ക് രാഷ്ട്രീയക്കാരന്റെ മാത്രം കുത്തകയാവുന്നു. പിന്തുണതേടി പള്ളികളും അമ്പലങ്ങളും മോസ്കുകളും കയറിയിറങ്ങുമ്പോള്‍ നേരത്തെ വമ്പ് കാട്ടി വിളിച്ചുപറഞ്ഞതൊന്നും വെള്ളം തൊടാതെ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കുമ്പോള്‍ വെടിയുണ്ട ഏല്‍ക്കാത്ത തൊലിയുള്ള ഇന്ത്യന്‍ കണ്ടാമൃഗങ്ങള്‍ വരെ നാണിക്കും
പറഞ്ഞതൊന്നും പറഞ്ഞില്ലെന്നും ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൊഞ്ഞനം കുത്തുന്നതും അത്യാവശ്യം നിഘണ്ടുവില്‍ ഇല്ലാത്ത പുതിയ വാക്കുകള്‍ പ്രയോഗിക്കുന്നതും ബഹുരസം.എന്നിട്ടുമെന്തേ? പൊതുജനം മനസ്സിലാക്കുന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ലെന്ന്.ഇതു തന്നെ രാജ്യതന്ത്രമെന്ന രാഷ്ട്രീയതന്ത്രം...........

Monday, April 4, 2011

നമുക്ക് തെറ്റി ധോനിയാണ് ശരി

നമുക്ക് തെറ്റി ധോനിയാണ് ശരി


പ്രില്‍നാലിന് ഒരു പ്രമുഖ ദിനപത്രത്തില്‍ കായികം പേജില്‍ ലോകക്രിക്കറ്റ് മാമാങ്കം വിജയിച്ച ടീമംഗങ്ങള്‍ക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പൂച്ചെണ്ട് നല്‍കുന്ന ചിത്രമുണ്ട് അതില്‍ നമ്മുടെ മലയാളി താരം ശ്രീശാന്തും ലോകക്രിക്കറ്റിലെ കൊച്ചുദൈവമെന്ന സച്ചിനും. ആ ചിത്രം ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ എന്തുകൊണ്ടാണ് പകരക്കാരന്റെ റോള്‍ മാത്രം ശ്രീശാന്തിന് ലഭിച്ചതെന്ന് മനസ്സിലാവും. നമ്മള്‍ ചിത്രം കണ്ട് മനസ്സിലാക്കിയ കാര്യം ധോനിക്ക് നേരത്തെതന്നെ മനസ്സിലായി എന്നു വേണം കരുതാന്‍. ഇന്ത്യന്‍ ടീമിന് ആവശ്യം സിനാമാതാരത്തിന്റെ ഗ്ലാമറോ ബോഡി ബില്‍ഡറുടെ കായബലമോ അല്ല. ഒരു ശരാശരി ബോളര്‍ മാത്രമാവാനും ഈ മലയാളിക്കായില്ല താനും. ഒരു ലോകകപ്പ് നിലവാരത്തിലുള്ള ബോളറുടെ പ്രകടനം കാഴ്ചവെക്കാതെ ലോക്കല്‍ ബോളിങ് മാത്രമേ ഉണ്ടായുള്ളൂ. അരിയും തിന്ന് ആശാരിയേയും കടിച്ചിട്ടും നായയുടെ മുറുമുറുപ്പ്  തീര്‍ന്നില്ല എന്നു പറയും പോലെ തിലകരത്നെ ദില്‍ഷനില്‍ നിന്നും ജയവര്‍ധനയില്‍ നിന്നും ബൌണ്ടറികള്‍ കിട്ടിയിട്ടും മുറുമുറുപ്പ് മാറാതെ കണ്ണുകൊണ്ടും വായകൊണ്ടും എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ശ്രീ. ലോകകപ്പിന് മുമ്പ് മികച്ച ബോളിങ് കാഴ്ചവെച്ചിട്ടും ടീമിലിടം കിട്ടാതെ വന്നപ്പോള്‍ ഭാഗ്യം പ്രവീണിന്റെ പരുക്കിന്റെ രൂപത്തില്‍ അവതരിച്ചിട്ടും അത് മുതലാക്കാനായില്ല.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ബോള്‍ എറിയാനും ഭാഗ്യം കിട്ടിയത് ഇയാള്‍ക്കായിരുന്നു.അവിടെയും ഭാഗ്യം നെഹ്റയുടെ പരുക്കിന്റെ രൂപത്തിലെത്തി. ആദ്യ കളിയില്‍ അടി വാങ്ങിക്കൂട്ടിയിട്ടും രണ്ടാമതും നെഹ്റ ഭാഗ്യമായപ്പോഴും തികച്ചും മോശമായ പ്രകടനം തന്നെയാണ് ശ്രീ കാഴ്ചവെച്ചത്.ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ തുടര്‍ച്ചയായി സിംഗിളുകള്‍ എടുത്തപ്പോഴും അത് തടയാനുള്ള ഒരു ശ്രമവും ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഹര്‍ഭജന്‍ അവിടെ നിന്ന് അയാളെ മാറ്റി നിര്‍ത്തുകയും ചെയ്തു.ഏതായാലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല ഭാഗ്യമായി തന്നെ ഇയാളെ  കരുതാം.ഏതായാലും കളി നിര്‍ത്തിയാലും സിനിമയിലോ  മോഡലിങ്ങിലോ കാണാം അതിനായാണെന്നു  തോന്നുന്നു ഈമസില്‍ പെരുപ്പിക്കലും ഗ്ലാമര്‍ ശ്രദ്ധിക്കലും.മറ്റു താരങ്ങള്‍ക്ക് കോടികള്‍ വാഗ്ദാനം പെരുമഴയാകുമ്പോഴും ഇഷ്ടന് ഒന്നും ആരും നല്‍കിയില്ലല്ലോ?
ഇനി ഇന്ത്യന്‍ ടീമിന്റെ വാതില്‍ ഇയാള്‍ക്ക് മുമ്പില്‍ തുറക്കുമോ എന്ന് കാത്തിരുന്ന് കാണാം..............................

Friday, April 1, 2011

ഇന്ത്യ, ലങ്ക കടക്കുമോ??????????



ഇന്ത്യ, 
ലങ്കകടക്കുമോ?????????? 



ഹിന്ദു ഇതിഹാസകാവ്യമായ രാമായണത്തില്‍ അയോധ്യാ രാജാവിന്റെ മകന്‍ രാമന്റെ ഭാര്യയായ ജനകപുത്രി സീതയെ അന്നത്തെ ലങ്കാരാജ്യം ഭരിച്ചിരുന്ന അസുരരാജാവ് രാവണന്‍ അടിച്ചോണ്ട് പോയപ്പോള്‍ രാമദൂതനായ വായുപുത്രന്‍ ഹനുമാന്‍ ലങ്ക കടന്നിരുന്നു. പിന്നെ കത്തിച്ച് ലങ്കയെ നശിപ്പിച്ച് ഘോരയുദ്ധം നടത്തി രാവണനെയും കൊന്ന് സീതയെ സ്വന്തമാക്കി.ഇത് ഇതിഹാസകഥ പക്ഷെ ഇന്നത്തെ കഥ ഇതൊന്നുമല്ല. നായകര്‍ മാറി  കഥയും പശ്ചാത്തലവും മാറി. ഇതിഹാസത്തിന്റെ കടല്‍കടന്ന് പുതുയുഗത്തിന്റെ വരവിലെ ക്രിക്കറ്റിന്റെ മാസ്മരവലയത്തില്‍ വിലയം പ്രാപിച്ച പട്ടിണിപ്പാവങ്ങളുടെ ഒരു ചിന്ത നോക്കണേ. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ജൈത്രയാത്രക്ക് ലങ്കന്‍ സിംഹങ്ങള്‍ തടയിടുമോ അതോ സിംഹള ജൈത്ര യാത്രക്ക് ഇന്ത്യ തടയിടുമോ കാത്തിരുന്ന് കാണാന്‍ ഇനിയും സമയം ബാക്കി
.1996 ലോകകപ്പില്‍ സെമിഫൈനല്‍ മല്‍സരത്തില്‍ സിംഹളവീര്യത്തില്‍ ഇന്ത്യ കത്തിയമര്‍ന്നത് കണ്ടതാണ്.പക്ഷേ സാങ്കേതികത വളര്‍ന്ന് മുറ്റി നില്‍ക്കുന്ന ഇത്തവണത്തെ മല്‍സരങ്ങളില്‍ പുറത്താക്കലുകള്‍ പോലും ചോദ്യംചെയ്യപ്പെടാന്‍ അവസരവുമുണ്ട്.അന്ന് 257 നെതിരെ 120 ല്‍ ഇന്ത്യ ഒടുങ്ങിയിരുന്നു. എന്നിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് സച്ചിനും വിക്കറ്റുവേട്ടയില്‍ അനില്‍ കുംബ്ലെയും മുമ്പന്‍മാരായി.അന്ന് അരവിന്ദ ഡിസില്‍വ ഔട്ടായിട്ടും ഔട്ട് അനുവദിക്കാതെ നിന്ന അമ്പയര്‍ സ്റ്റീവ് ഡണ്ണിന്റെ തീരുമാനം കളിയുടെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ഗാഡനിലേറ്റ പരാജയത്തിന്റെ മുറിവുണക്കാനാവും ഇന്ത്യയുടെ ശ്രമം. 121കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ കൈമുതലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കോടിപതികള്‍ക്ക് അങ്ങ് താഴേക്കിടയില്‍ ചേരികളില്‍ താമസിക്കുന്നവന്റെ ക്രിക്കറ്റ് ആവേശം അവനില്‍ സന്നിവേശിപ്പിക്കാനായാല്‍ ജയം ഉറപ്പ്.
ഈ ക്രിക്കറ്റ് ദൈവങ്ങള്‍ വിളിച്ച് പറയുന്നതെല്ലാം മൈതാനത്ത് കാണിക്കാതാവുമ്പോള്‍ പാവപ്പെട്ട ജനത മാറത്തലക്കാനും മറക്കുന്നില്ല. നമ്മുടെ ദൈവങ്ങള്‍ ജയിച്ചാല്‍ കാത്തിരിക്കുന്ന സമ്മാനപ്പെരുമഴ കേട്ടാല്‍ കേരളത്തിലെ തന്നെ ഒരു ജില്ലതന്നെ വാങ്ങാനാവും. എന്നിരുന്നാലും ആരാധനമൂത്ത ദരിദ്രന്‍ അവന്റെ അന്നത്തെ അന്നം മുടങ്ങിയാലും ദിവസം മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകും. ഇനി വരാനിരിക്കുന്നത് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ ഞെട്ടും. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും  ക്ലബ് ഫുട്ബാളില്‍ മരിച്ച് കളിക്കുകയും ചെയ്യുന്ന  താരങ്ങളെ പോലെ നമ്മുടെ ക്രിക്കറ്റ് ദൈവങ്ങളും ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ കോടി ജനത എന്തുപറയും. ഇവര്‍ തന്നെയാണോ നമ്മള്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ എന്ന് മറിച്ച് ആലോചിക്കുന്ന കാലം വിദൂരമല്ലെന്നോര്‍ക്കുക. എന്നിരുന്നാലും  ഇന്ത്യ ലങ്കന്‍ സിംഹത്തെ പിടിച്ചുകെട്ടട്ടെ എന്നു തന്നെ പ്രാര്‍ഥിക്കാം.