Wednesday, April 6, 2011

പിന്തുണകള്‍ എന്ന പിന്‍ തുളകള്‍

പിന്തുണകള്‍ എന്ന പിന്‍ തുളകള്‍
 ഇനി ഏഴ് ദിവസം കൂടി കാത്തിരുന്നാല്‍ വാഗ്ദാനങ്ങള്‍ പെരുമഴയായും പേമാരിയായും പെയ്ത കേരള രാഷ്ട്രീയത്തിലെ  സൂനാമിയെന്ന തെരഞ്ഞെടുപ്പ് എത്തും. അതുവരെ സകലമാന വായനോക്കികളെയും ജീവിതത്തില്‍ ഇനി കാണില്ലെന്നുറപ്പുള്ളവനെ വരെ നോക്കി ഒരുവോട്ടിനായി വെളുക്കെ ചിരിക്കുന്ന സ്ഥാനാര്‍ഥികളെയും കാണാം.നാട്ടിടവഴിയിലോ പട്ടണത്തിലോ കാല്‍നടക്കാരനെ പോലും വെറുതെ വിടാതെ കൈക്ക് ഇവന്‍മാര്‍ കടന്നുപിടിക്കും ചേട്ടാ ഒരു വോട്ട്. പഴമക്കാരായ സ്ഥാനാര്‍ഥികള്‍ പറയുന്നതാണ് ബഹുരസം ഒരു സൈക്കിളില്‍ ഉച്ചഭാഷിണി കെട്ടിവെച്ച് കവലകളില്‍ നിന്നങ്ങ് തകര്‍ക്കും. വാഗ്ദാനങ്ങളൊന്നും അധികമില്ല പാര്‍ട്ടിക്കാരനേതെന്ന് ഒന്നുമില്ല എല്ലാവരും സന്തോഷമാവുന്ന വിധത്തില്‍ അങ്ങ് ഭരിക്കണം. പക്ഷേ ഇന്ന് സ്ഥിതിമാറി കൈയ്യില്‍ ചെമ്പില്ലാത്തവനൊന്നും മല്‍സരം സ്വപ്നംപോലും കാണാനാവില്ല.
പണ്ട് ചെലവ് മുഴുവന്‍ പാര്‍ട്ടി നോക്കികൊള്ളുമായിരുന്നു. അന്ന് സ്ഥാനാര്‍ഥിയുടെ വ്യക്തി പ്രഭാവമായിരുന്നെങ്കില്‍ ഇന്ന് സ്ഥാനാര്‍ഥിയുടെ പോക്കറ്റിന്റെ കനവും കൊടുക്കുന്ന വാഗ്ദാനങ്ങളുടെ അളവുമാണ് മാനദണ്ഡം. മുന്‍ എം.എല്‍.എമാര്‍, മന്ത്രിമാര്‍  തുടങ്ങി ഭരണത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്നും സ്ഥാനാര്‍ഥികള്‍. ഇവരുടെ സത്യവാങ്മൂലം മാത്രംമതി ഈ പറഞ്ഞതിന് തെളിവിനായി.കോടിപതികള്‍ മാത്രമാണിവര്‍ കൊടിയുടെ നിറം നോക്കിയാലും ഇല്ലെങ്കിലും ഇവരാണ് ഇല്ലായ്മയും പട്ടിണിയും പരിവട്ടവും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങുന്നത്.വര്‍ഷങ്ങളോളം കേരളം ഭരിച്ച് സ്വന്തം കാര്യങ്ങള്‍ കരയ്ക്കാക്കി ബാക്കിയുള്ളവരെ മറുകരക്കും പെരുവഴിയിലുമാക്കുന്ന രാഷ്ട്രീയത്തിലെ കള്ളക്കളികള്‍ ഇനിയും മനസ്സിലാക്കപ്പെടുന്നില്ല.വികസനത്തിന്റെ പേരിലുള്ള കൊടുക്കല്‍ വാങ്ങലുകളും ന്യൂനപക്ഷ ഭൂരിപക്ഷ മേലാളത്തവും എല്ലാം വിരല്‍ ചൂണ്ടുന്നത് ചൂണ്ടുവിരലില്‍ പതിയുന്ന നീലമഷിയിലേക്കാണ് താനും.കാശിട്ട് കാശ് വാരാന്‍ ഭൂട്ടാന്‍ ഡാറ്റ എന്നു പറയും പോലെ കാശ് ചെലവഴിച്ച് എം.എല്‍.എയോ മന്ത്രിയോ ആയാലോ ചെലവിട്ട ആയിരം പതിനായിരമോ ലക്ഷങ്ങള്‍ കോടികളോ ആക്കുന്ന മണിമാജിക്ക് രാഷ്ട്രീയക്കാരന്റെ മാത്രം കുത്തകയാവുന്നു. പിന്തുണതേടി പള്ളികളും അമ്പലങ്ങളും മോസ്കുകളും കയറിയിറങ്ങുമ്പോള്‍ നേരത്തെ വമ്പ് കാട്ടി വിളിച്ചുപറഞ്ഞതൊന്നും വെള്ളം തൊടാതെ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കുമ്പോള്‍ വെടിയുണ്ട ഏല്‍ക്കാത്ത തൊലിയുള്ള ഇന്ത്യന്‍ കണ്ടാമൃഗങ്ങള്‍ വരെ നാണിക്കും
പറഞ്ഞതൊന്നും പറഞ്ഞില്ലെന്നും ചോദ്യങ്ങള്‍ക്ക് മുന്നില്‍ കൊഞ്ഞനം കുത്തുന്നതും അത്യാവശ്യം നിഘണ്ടുവില്‍ ഇല്ലാത്ത പുതിയ വാക്കുകള്‍ പ്രയോഗിക്കുന്നതും ബഹുരസം.എന്നിട്ടുമെന്തേ? പൊതുജനം മനസ്സിലാക്കുന്നില്ല. മിന്നുന്നതെല്ലാം പൊന്നല്ലെന്ന്.ഇതു തന്നെ രാജ്യതന്ത്രമെന്ന രാഷ്ട്രീയതന്ത്രം...........

No comments:

Post a Comment