Monday, April 25, 2011

അങ്ങനെ സായി ബാബ പോയി

അങ്ങനെ സായി ബാബ പോയി

തുടര്‍ച്ച അവകാശപ്പെടാന്‍ ആരെയും ചൂണ്ടിക്കാണിക്കാതെ ബാബ പിന്‍വാങ്ങി. ബാക്കിയാവുന്നത് എണ്ണിയാലൊടുങ്ങാത്ത കോടികളും അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും അവകാശത്തിന്റെ പുതിയതോ പഴയതോ ആയവരും. എന്തായാലും  അണിയറയില്‍ വിവാദങ്ങളുടെ ചുഴിയില്‍ കറങ്ങാനും കറക്കാനും ആന്ധ്രാ സര്‍ക്കാറും ഉണ്ടാവുമെന്ന് അവരും നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. പുട്ടപര്‍ത്തിക്ക് ചുറ്റും കറുത്തുരുണ്ട വിവാദങ്ങളുടെ കരി മേഘങ്ങളുടെ പേമാരിപ്പെയ്ത്ത്  എന്നാണെന്ന് മാത്രം കണ്ടറിയണം. അതേതായാലും അടക്കം കഴിഞ്ഞാവാനാണ് സാധ്യതകള്‍. ആത്മീയതയുടെ  മറവില്‍ നടത്തിയ മാജിക്കുകള്‍ മജീഷ്യന്‍മാര്‍ പൊളിച്ചടുക്കിയപ്പോഴും സധൈര്യം നേരിട്ട ബാബ മാജിക്കിലും താന്‍ അജയ്യനെന്ന് തെളിയിച്ച് വിശ്വാസികളെന്ന കഴുത ജനത്തെ കൈയ്യിലെടുത്തു.
എല്ലാ ആള്‍ ദൈവങ്ങളുടെയും ബിസിനസിന്റെ ആദ്യ പടിയായ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്ന  അറവുശാല  തന്നെ ബാബയും തുടങ്ങി. നൂറുപേരുടെ പോക്കറ്റടക്കം ഹൃദയം കീറിമുറിക്കുമ്പോള്‍ ഒന്നോ രണ്ടോ പേരുടെ ഹൃദയം സൌജന്യമായി തുന്നും. പിന്നെ ആര്‍ക്കും വേണ്ടാത്ത കുറച്ച് വൃക്കയും എടുക്കും എല്ലാം സൌജന്യം. കോടികളുടെ വിദേശപ്പണം ഉപയോഗിച്ച് രാജ്യങ്ങള്‍തോറും ആശ്രമവും മെഡിറ്റേഷന്‍ സെന്ററുകളും ഉണ്ടാക്കി ആത്മീയതയെ കച്ചവടച്ചരക്കാക്കി വെറും കോടിപതിയല്ല കൊക്കോടിപതിയായി പാവം ബാബ. സ്വന്തം സഹോദര പുത്രനും  തന്റെ അനുയായിയും തമ്മിലുള്ള സാമ്രാജ്യയുദ്ധം തന്നെയാവും ഇനി നടക്കുക. നാല്‍പതിനായിരം കോടിക്കായുള്ള അവകാശത്തിന്റെയും അധികാരത്തിന്റെയും കിടമല്‍സരത്തിന്റെ റിയാലിറ്റി ഷോകള്‍ ഇനി ചാനലുകളില്‍ കാണാനാകും.ബാബയില്ലാത്ത പുട്ടപര്‍ത്തിയിലെ സേവനപ്രവര്‍ത്തനങ്ങള്‍ മുമ്പ് ഓഷോയുടേത് പോലെയാവുമെന്ന് ഇപ്പോള്‍ തന്നെ അടക്കം പറച്ചിലുകളുണ്ട്.

No comments:

Post a Comment