Sunday, April 17, 2011

ഓര്‍മകളിലെ വിഷു

ഓര്‍മകളിലെ വിഷു

 ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ കഴിഞ്ഞ വിഷു എന്നാല്‍ ആഘോഷമായിരുന്നു.ജ്യേഷ്ഠന്മാരും അച്ഛനും അമ്മയും ആകെ അടിപൊളി. പടക്കം പൊട്ടുമ്പോള്‍ കട്ടിലിനടിയില്‍ ചെവിയില്‍ കൈതിരുകിയിരുന്ന കാലത്തും വീട്ടില്‍ പടക്കത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഏതോ അമ്പലനടയില്‍ കളിപ്പാട്ടം കൈയില്‍ തന്ന് പടക്കം വഴിപാട് നടത്തി ആ പേടി മാറ്റി അച്ഛനും അമ്മയും ആശ്വസിച്ചു. പിന്നീടെപ്പോഴോ അച്ഛനും തോന്നിയിട്ടുണ്ടാവാം പടക്കപ്പേടി മാറ്റേണ്ടായിരുന്നെന്ന്.കാരണം പിന്നീട് മിനിമം 1000രൂപ കൈയില്‍ വാങ്ങും.പിന്നെ പൊടിപൂരം......... അത് ഓര്‍മകള്‍ ........ ഈ വിഷുദിനം ഒരു റീവൈന്‍ഡിങ് ബട്ടണ്‍ അമര്‍ത്തി. ചാരുകസേരയില്‍ തീര്‍ന്നു. അച്ഛന്‍  ഇല്ലാത്ത വിഷുദിനം. കണികാണാതെയും വിഷുകൈനീട്ടം കൈമാറാതെയും ഒരു പിടി ചാരമായി ആലുവാപുഴയില്‍ അലിഞ്ഞപോയ ആ ഓര്‍മകള്‍ മാത്രം. ഉറ്റവരും ബന്ധുക്കളും തിരശãീലക്ക് പിന്നില്‍ മറയുമ്പോഴും അച്ഛന്‍ പറയും ആഘോഷങ്ങളെ ഇഷ്ടപ്പെടുന്നവരായിരുന്നു അവരെന്ന്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ ഓര്‍മയുടെ പിന്നാമ്പുറങ്ങളിലേക്കോടാതെ അടിച്ചുപൊളിക്കാന്‍. മറ്റേതോ ലോകത്താണെങ്കിലും അവരും സന്തോഷിക്കട്ടെയെന്ന്. ഒരു പക്ഷേ പട്ടാളക്കാരനായത് കൊണ്ടാവാം അങ്ങനെ. ആഘോഷങ്ങളില്‍ മദിരക്കുപ്പികളുടെ മൂടി തുറക്കപ്പെടുമ്പോഴും  അമ്മയുടെ ശാസനയുടെ ശബ്ദം ഉയരുമ്പോഴും അച്ഛന്‍ പറയുമായിരുന്നു തന്നോളം വളര്‍ന്നാല്‍ താനെന്ന് മക്കളെ വിളിക്കണമെന്ന്. സുഹൃദ് വലയങ്ങള്‍ക്കെല്ലാം അതിശയമായിരുന്നു അച്ഛനും മക്കളും ആഘോഷിക്കുകയെന്നത്.ഞങ്ങള്‍ക്ക് വലിയ സംഭവമല്ലായിരുന്നുതാനും. പണ്ടെങ്ങോ അച്ഛന്‍ വലിച്ചു തള്ളിയ ചാര്‍മിനാര്‍ സിഗരറ്റിന്റെയും ബീഡിയുടെയും ബാക്കിപത്രമായിരുന്നു അസുഖം. നേരത്തെ ഹൃദയതാളത്തില്‍ വ്യതിയാനം സംഭവിച്ചപ്പോള്‍ ഇസിജി റിസല്‍റ്റുമായി ഡോക്ടറെ കണ്ടപ്പോള്‍ ആദ്യം ഞെട്ടി.കാരണം രണ്ടു തവണ ഹൃദയാക്രമണം നടന്നിരിക്കുന്നു നിങ്ങള്‍ അറിഞ്ഞില്ലേ? എവിടെ ആരോടെന്ന പോലെ അദ്ഭുതപ്പെടാനെ എനിക്കുമായുള്ളൂ. കാരണം പറഞ്ഞു നിങ്ങള്‍ അമ്മയെ നോക്കിയാല്‍ മതിയെന്ന്. അച്ഛന്‍ ഒരിക്കല്‍ പോലും അമ്മയെ ആശുപത്രിയിലേക്ക് വിളിച്ചിട്ടില്ല. പഞ്ചസാരയുടെ അളവ് കൂടുതലായപ്പോഴാണ് പിന്നെയും അമൃത ആശുപത്രിയിലെത്തിയത്. അതിനിടയില്‍ ഒരു ചെറിയ സ്ട്രോക്കും രക്തക്കുറവ് കണ്ടുപിടിക്കാനുള്ള ശ്രമത്തിനൊടുവില്‍ ആ അസുഖവും കണ്ടെത്തി. അന്നേ അവര്‍ വിധി പുറപ്പെടുവിച്ചു.തുടര്‍ ചികില്‍സക്ക് ഒരു പഴുതും തരാത്തവിധം രോഗാണുക്കള്‍ പട്ടാളക്കാരനെ വിഴുങ്ങിയിരിക്കുന്നു.
മാര്‍ച്ച് ആറിന് ഞായറാഴ്ച രാത്രി പോയിട്ട് നാളെ കാണാം പിള്ളേച്ചാ എന്ന് കളിയോടെ പറഞ്ഞിറങ്ങുമ്പോള്‍ ഓക്കെ നാളെ എന്നു പറഞ്ഞപ്പോള്‍ ഒരിക്കലും കരുതിയില്ല.തിങ്കളാഴ്ച വെള്ളിമേഘത്തില്‍ പുതഞ്ഞുറങ്ങുന്ന അച്ഛനെ കാണാനാണോ വരേണ്ടിയിരുന്നതെന്ന്്്.ഒരു മെഴുകുതിരി ഉരുകിത്തീരും പോലെ. ഉത്തരവാദിത്തങ്ങളെല്ലാം ഞങ്ങളെ കൃത്യമായി ഓര്‍മിപ്പിച്ച്............



No comments:

Post a Comment