Sunday, December 4, 2011

ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply


ഐഡിയാ സ്റ്റാര്‍ സിംഗര്‍: Conditions Apply 


ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ നാലിലെ വിജയി ജോബി ജോണ്‍ കോടി വിലയുള്ള ഫ്ലാറ്റ് സമ്മാനമായി കിട്ടിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാതെ നിയമക്കുരുക്കില്‍. ദൈവം കനിഞ്ഞുനല്‍കിയ ശബ്ദത്തിനുടമയായിട്ടും സമ്മാനമായി കിട്ടിയ ഫ്ലാറ്റിന് ഉടമയാകാന്‍ താണ്ടേണ്ട കടമ്പകള്‍ ഒരുപാട്. നിയമം കണ്ടീഷന്‍സ് അപ്ലൈ എന്നതില്‍ കുരുക്കിയിട്ടും ജോബി ഏഷ്യാനെറ്റുമായി നിയമയുദ്ധത്തിലാണ്. ഫ്ലാറ്റ് സ്വന്തമാക്കാന്‍ ഈ ചെറുപ്പക്കാരന്‍ കൊടുക്കേണ്ടത് 34ലക്ഷം രൂപ. വിനോദനികുതിയിനത്തില്‍  ഇത്രയും തുക സര്‍ക്കാറിലേക്ക് അടച്ചാലെ കോടി വിലമതിക്കുന്ന താമസസ്ഥലം ലഭിക്കൂ. ദാരിദ്യ്രം നിറഞ്ഞ ചുറ്റുപാടില്‍ നിന്നും  ഒരു  വര്‍ഷത്തെ കഠിനതപസ്യയുടെ ഫലം ഇത്രയും കയ്പനിറഞ്ഞതാവുമെന്ന് കരുതിയിരിക്കില്ല. തിരുവന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഗര്‍ഷോമിലെ പറയാന്‍ മറന്ന പരിഭവം പാടി വിജയിയായപ്പോഴും വിധി ഇങ്ങനെയൊരു പരീക്ഷണം കൂടി നടത്തുമെന്ന് അയാള്‍ ഓര്‍ത്തിട്ടുകൂടിയുണ്ടാവില്ല. എസ്. പി.ബിയും ചിത്രയും ശ്രീകുമാറുമെല്ലാം വാനോളം പുകഴ്ത്തിയ ആ സ്വരം ഇന്ന് നിയമപാലകരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

പത്രപ്പരസ്യവും ടെലിവിഷനുകളിലെ ഓഫര്‍  പരസ്യങ്ങളെ പോലെ ഏഷ്യാനെറ്റും കൊടുക്കേണ്ടതാണ് കുറച്ച് വലിയ അക്ഷരത്തില്‍ തന്നെ conditions apply എന്ന്. അല്ലെങ്കില്‍  ജോബിക്ക് പറ്റിയപോലെ വിനോദനികുതി കൊടുക്കാന്‍ കഴിയാതെ നിയമപോരാട്ടത്തിന് ഇറങ്ങേണ്ടിവരും. ദരിദ്രനായ ജോബി എന്ന പാട്ടുകാരന്‍ തന്റെ മാന്ത്രിക ശബ്ദത്താല്‍ ലോകത്തിന്റെ കൈയിലെ എസ്.എം.എസ് വാങ്ങി കോടീശ്വരനായിട്ടും അനുഭവിക്കുക എന്നത് വിദൂരമായിരിക്കുകയാണ്. ട്രാവന്‍കൂര്‍ ബില്‍ഡേഴ്സും കൈയ്യൊഴിഞ്ഞ മട്ടാണ്. കോഴിക്കോടുകാരനായ ജോബിക്കാണെങ്കില്‍ ആ ഫ്ലാറ്റ് തന്നെവേണമെന്ന പിടിവാശിയും. ഏഷ്യാനെറ്റുമായി നിയമയുദ്ധം നടക്കുകയാണെങ്കിലും വിനോദനികുതിയെന്നത് അടക്കാതെ കാര്യങ്ങള്‍ പാട്ടുകാരന് അനുകൂലമാവില്ലെന്നാണ് ഭൂരിപക്ഷം. നാട്ടുപുറമ്പോക്കിലെ വര്‍ത്തമാനമിതാണ് ഓന് ആ മുപ്പത്തിനാല് ലക്ഷം കൊടുത്ത് ബാക്കി അറുപത്തിനാല് ലക്ഷം വാങ്ങി ഒരു വീട് വാങ്ങിയാപ്പോരെ, പിന്നേം കിടക്കണ് കാശ് ബാക്കി. നിയമം അറിയില്ലേ ആരേലും ഒന്ന് പറഞ്ഞ് കൊടക്കപ്പാ ആ പഹയന്.
 എന്ന്  ബാക്കി കാത്തിരുന്ന് കാണാം.

Monday, November 21, 2011

പൊന്നമ്പലമേട്ടില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍


പൊന്നമ്പലമേട്ടില്‍  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 


കലിയുഗവരദനായ അയ്യപ്പസ്വാമി പോസ്റ്റ് മോഡേണായാല്‍ എങ്ങനിരിക്കും? ദര്‍ശനഭാഗ്യം കാത്ത് വരുന്നവര്‍ക്ക്
ഒരു റോപ്പ് വേ സംവിധാനം കിട്ടിയാലോ?  വേറൊന്നുമല്ല ദര്‍ശനത്തിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനെത്തിയിരിക്കുന്നു. അതും  കേരളാ പോലിസ് വക.ശബരിമല അഡ്വാന്‍സ് ക്യൂ പ്ലേസ്മെന്റ് കൂപ്പണ്‍. പണ്ട് തന്ത്രിവക ആളുകള്‍ക്ക് സ്പെഷല്‍ ദര്‍ശനമായിരുന്നു. അതുവഴി മൂപ്പര് കോടികള്‍ അടിച്ചുമാറ്റുന്നു എന്ന് പറഞ്ഞ് അത് നിര്‍ത്തി. പക്ഷേ ഒന്നുണ്ട് ഈ സംവിധാനം തികച്ചും സൌജന്യമാണ്. തിരക്ക് അധികമായാല്‍ ഈ സംവിധാനവും പൊളിയുമെന്ന് ഉറപ്പാണ്. കാരണം നടപ്പന്തല്‍ മുതലാണ് കൂപ്പണ്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളൂ. ഈ നടപ്പന്തല്‍ വരെ എത്തുക എന്നത് കൂടുതല്‍ തിരക്കുണ്ടാക്കും
അത് അപകടവുമുണ്ടാക്കും. മണിക്കൂറുകള്‍ക്കിടയിലുള്ള ഈ സംവിധാനത്തിന്റെ ആനുകൂല്യത്തിനായി അയ്യപ്പഭക്തര്‍ ഇരച്ചുകയറാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാത്തുനില്‍ക്കുമ്പോള്‍ കൂപ്പണുള്ള സ്വാമിമാരുടെ ഈ തിരക്ക് അറിഞ്ഞുകൊണ്ട് ആപത്തിനെ വിളിച്ചു വരുത്തലാവുമോയെന്ന് കണ്ടറിയണം..........മകരവിളക്കിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞെങ്കിലും വിശ്വാസങ്ങളുടെ  അമരത്ത് കുടികൊള്ളുന്ന അയ്യപ്പനെ കാണുന്നതിന് ഭക്തരുടെ ഒഴുക്കിന് കുറവൊന്നുമില്ല. അടിസ്ഥാനസൌകര്യങ്ങളൊരുക്കാതെ ശബരിമലയെ ഇത്തവണ മാലിന്യമലയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പാദബലവും ദേഹബലവും നല്‍കുന്ന പന്തളരാജന്‍ മനസ്സിനും ബലം നല്‍കട്ടെ തിരുനടയില്‍ നിന്ന് തെറിവിളിക്കാതിരിക്കാന്‍..........................

Wednesday, November 16, 2011

മലകയറിയ ദൈവങ്ങള്‍


മലകയറിയ ദൈവങ്ങള്‍
ദൈവവിശ്വാസ  പ്രമാണങ്ങളുടെ കെട്ടുകള്‍ അഴിക്കുമ്പോള്‍ അതിശയം തോന്നിപ്പോവുകയാണ് പലപ്പോഴും. ഇനി അവരുടെ കാലമാണ് മലകയറ്റക്കാരുടെ!
ദൈവചൈതന്യങ്ങള്‍ തേടിയുള്ള യാത്രകള്‍. നൊയമ്പ് നോറ്റും ഊരുതെണ്ടിയും കടങ്ങള്‍ വീട്ടിയും മലകയറുന്നത് ആരുടെ കാരുണ്യം തേടിയാണ് മനുഷ്യന്‍.
ഈ ദൈവങ്ങള്‍ മലദൈവങ്ങളല്ല എന്ന് വിശ്വസിക്കുന്നെങ്കിലും എന്തുകൊണ്ട് ഈ ചൈതന്യങ്ങള്‍ മലകളില്‍ കുടികൊള്ളുന്നു. ജാതി മത വര്‍ഗ വര്‍ണ ദേശ ഭാഷകള്‍
എല്ലാം തന്നെ വ്യത്യസ്തങ്ങളാണെങ്കിലും ആ യാത്രയില്‍ ഏവരും ഒരേ രൂപത്തില്‍ ഭാവത്തില്‍. ദൈവത്തിന് മുന്നിലേക്ക് എന്തിനായി ? കൈലാസനാഥനും ശബരിഗിരീശനും പഴനി ആണ്ടവനും  ഗാഗുല്‍ത്താ മലയിലും സഫയിലും മര്‍വയിലും അറഫയിലും പോയി മനുഷ്യന്‍ തേടുന്നത്  എന്താണ് ? കാരുണ്യമോ? പാപമുക്തിയോ? കുടിവെളളത്തിനായി ഓടി നടന്ന പ്രവാചകനായ നബിയും മലമുകളില്‍ കുടിയിരുന്ന ധര്‍മശാസ്താവും നന്‍മക്കായി ക്രൂശിതനായ യേശുവും മനുഷ്യന്റെ നന്മയെയാണ് ആഗ്രഹിച്ചതെങ്കില്‍ ഇപ്പോഴുള്ള മനുഷ്യചെയ്തികളെ എങ്ങനെ വിലയിരുത്തണം? സമ്പത്തുള്ളവന്‍ അത് നഷ്ടപ്പെടുത്തരുതേ എന്നും താഴേക്കിടയിലുള്ളവന്‍ എന്നെ സമ്പത്ത്  തന്ന് അനുഗ്രഹിക്കണമെന്നും ഇതിന്
രണ്ടിനുമിടയിലുള്ളവന്‍ ഇങ്ങനെ തട്ടിയും മുട്ടിയും പോകട്ടെ എന്നും  ദൈവസന്നിധിയിലെത്തി പ്രാര്‍ഥിക്കുന്നു. എന്തായാലും ദൈവത്തിന് കോളുതന്നെ പെട്ടിയില്‍ വീഴുന്നത് പണം
തന്നെ.
 വര്‍ഷത്തില്‍ കൊക്കോടികള്‍ കൊയ്യുന്ന വ്യവസായമായി വളരുന്ന ആരാധനാലയങ്ങളെ സര്‍ക്കാറുകളും മുതലാക്കുന്നു. ഒരു വിഭാഗം റോമിലേക്കും ഒഴുക്കുന്നു അത്രമാത്രം.
കുറച്ച് ദിവസങ്ങള്‍ മാത്രമുളള ഹജ്ജും ശബരിമലയുമെല്ലാം ഒരുകാലത്ത് ജീവനോടെ തിരിച്ചെത്താത്ത വിശ്വാസത്തിന്റെ പരകോടിയായിരുന്നു. ഇന്നതെല്ലാം  എത്രമാത്രം സുഗമമായിരിക്കുന്നു. അതു പറയുമ്പോള്‍ വിശ്വാസങ്ങളുടെ ചുവട്ടില്‍ കത്തിവെച്ച സംഭവമാകുന്നു മകരവിളക്ക് മനുഷ്യന്റെ കാടത്തത്തിന് അവന്റെ ജീവനെടുത്ത സംഭവം. ലക്ഷക്കണക്കിന് വിശ്വാസികള്‍  മകരജ്യോതി കാത്തിരിക്കുമ്പോള്‍ ദാ തെളിയുന്നു ദീപം നല്ല ടെക്നിക്ക് ദൈവം തിരിനാളമായി.
 ചതിയെന്നോ വിശ്വാസവഞ്ചനയെന്നോ പറയാം. പക്ഷെ അപ്പോള്‍ അവിടെ വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തും നക്ഷത്രവും ഏതു ഭാഗമാണെന്ന് മനസ്സിലാകുന്നില്ല. ഹജ്ജിന് പോകുമ്പോള്‍ കടം തീര്‍ത്ത് പോസ്റ്റ്ഡേറ്റഡ് ചെക്കുകള്‍ നല്‍കി ഹജ്ജ് ചെയ്യും തിരിച്ചെത്തുമ്പോള്‍ പാസാകാത്ത ചെക്കുമായി വീട്ടുമുറ്റത്ത് പണം ചോദിക്കാനെത്തുന്നവര്‍. മിനായില്‍ സാത്താന്റെ രൂപത്തിന് നേരെ കല്ലെറിയുമ്പോള്‍ ആരോ എറിഞ്ഞ കല്ല് ദേഹത്തു വീണത്  അപ്പോള്‍ അവന്‍ തിരിച്ചറിയുന്നു. ദൈവങ്ങളുടെ ഓരോ കളികള്. ക്രൂശിതനായ യേശുവിന്റെ ഓര്‍മക്കായി കുരിശുമായി മലയാറ്റൂര്‍ മലകയറുന്നവര്‍ തന്നെക്കാള്‍ ഭാരമുള്ളതും വലുപ്പമുള്ള കുരിശുമായി നഗരത്തിന്റെ ഓരംചേര്‍ന്ന് നടന്നപ്പോഴാണ് ചൂടുകൊണ്ട് തളര്‍ന്ന് വീണത് നടുറോഡിലേക്ക്. ഗതാഗതത്തിന് തടസ്സമായി തലയില്‍ ചുറ്റിയ മുള്ള് താഴ്ന്നിറങ്ങി മുറിവുമായി. ട്രാഫിക് പോലീസുകാരന്‍ കുരിശ് എടുത്ത് മാറ്റാന്‍ നോക്കി നടന്നില്ല. അന്നേരം പിറന്നു കമന്റ് തനിയെ നടക്കാന്‍ ശേഷിയില്ലാത്തോനക്കെ ചുമക്കുന്നത് ടണ്‍കണക്കിന് ഭാരമുള്ള കുരിശ് നീ ഇത്ര പാപിയാണോടാ എന്ന് . വിശ്വാസങ്ങള്‍ അമിതമാവുമ്പോഴോ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുന്ന ഇമേജിനുവേണ്ടിയോ വിശ്വാസങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ അനുഭവങ്ങള്‍
ഉണ്ടാകുന്നു. ഇതാവാം ഒരുപക്ഷേ  കൈകൂപ്പുവാനും കൈകള്‍ മേലോട്ടുയര്‍ത്താനും മുട്ടുമടക്കി നെറ്റിതാഴെ മുട്ടിച്ച് നമസ്കരിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന വിശ്വാസം ദൈവമെന്ന അനിര്‍വചനീയമായ ചൈതന്യം.ഇതൊരു കളിയാക്കലല്ല .
 മനുഷ്യന്റെ ചെയ്തികളുടെ നേര്‍ക്കാഴ്ച മാത്രം.
എന്തൊക്കെ ആയാലും ശരി ദൈവങ്ങള്‍ മലമുകളിലല്ല വേറെ എവിടെ പോയാലും മനുഷ്യര്‍ അവിടെയെത്തും പാപമുക്തിയും ജീവിതാഭിലാഷങ്ങളും ദൈവസന്നിധിയില്‍ എന്നു
വിശ്വസിക്കുന്നവര്‍ എവിടെയും എത്തും തീര്‍ച്ച.

Monday, October 3, 2011

.: അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്

.: അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്: അങ്ങനെ ഗ ന്ധര്‍വനും എത്തിപ്പോയ് ഗാനസൂത്രങ്ങള്‍ കൊണ്ട് നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ലോകമലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും സ്ഥാനം പിടിച...

.: salt n pepper

.: salt n pepper: salt n pepper ഇ ന്ന് അവിചാരിതമായി ഒരു സിനിമ കണ്ടു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഹായ് നല്ല സിനിമ. നല്ല അവതരണരീതി ആഷിക് അബു വളരെ മനോഹരമായി ചെ...

salt n pepper


salt n pepper
ന്ന് അവിചാരിതമായി ഒരു സിനിമ കണ്ടു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഹായ് നല്ല സിനിമ. നല്ല അവതരണരീതി  ആഷിക് അബു വളരെ മനോഹരമായി ചെയ്തിരിക്കുന്നു. പ്രമേയത്തെ കൂടുതല്‍ കാട് കയറാനനുവദിക്കാതെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. കഥയോടുള്ള മൃദുസമീപനം തന്നെ ഉദാഹരണം. മേമ്പൊടിയായി  കാളിദാസന്‍ എന്ന ലാലിന്റെ തികച്ചും അനിതരസാധാരണമായ അഭിനയം തികച്ചും ലളിതമായ അവതരണം വേറൊരു നടനും സാധിക്കാത്തത്  എന്ന്  കൃത്യമായി പറയാന്‍ കഴിയും. അതിരുവിടാത്ത ഹാസ്യവും ആസിഫ് അലിയും മോശമാക്കിയില്ല. പക്ഷെ ഒന്ന് സമ്മതിക്കണം ബാബുരാജ് എന്ന വില്ലന്‍ വേഷം മാത്രം ചെയ്തിരുന്ന നടന്റെ കോമഡി പരിവേഷം. നൂറുശതമാനം വിജയം എന്ന് എനിക്ക് തോന്നിയില്ല. ഭാവങ്ങളില്ലാതെ വെറുതെ ഡയലോഗുകളില്‍ മാത്രമേ തമാശകള്‍ നിഴലിക്കുന്നുള്ളൂ. ഒരു തുടക്കക്കാരനായ വില്ലന്റെ എല്ലാ കുറവുകളും കാണാമെങ്കിലും ഹാസ്യനടനിലേക്ക്  കടമ്പകള്‍ ഇനിയും കടക്കേണ്ടിയിരിക്കുന്നു.
പുതിയ നടി മൈഥിലിയും കൊള്ളാം. ശ്വേത തന്റെ റേഞ്ച് എന്താണെന്ന് അറിഞ്ഞുതന്നെ അഭിനയിച്ചിരിക്കുന്നു. ഭക്ഷണസിനിമയായതിനാലാണ് ഇതേക്കുറിച്ച് ഇങ്ങനൊരു അഭിപ്രായം. എന്തായാലും വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയത്തെ ഇത്ര സിംപിള്‍ ആയി ചിത്രീകരിച്ച ആഷിക്കില്‍ പ്രതിഭയുടെ നിഴലാട്ടം കാണാം.

Sunday, September 25, 2011

അങ്ങനെ ഗന്ധര്‍വനും എത്തിപ്പോയ്


അങ്ങനെ ന്ധര്‍വനും എത്തിപ്പോയ്
ഗാനസൂത്രങ്ങള്‍ കൊണ്ട്  നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ലോകമലയാളികളുടെ സ്വീകരണമുറികളിലും മനസ്സിലും സ്ഥാനം പിടിച്ച ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയില്‍ അവസാനം  വെള്ളിവെളിച്ചത്തില്‍ വെള്ളിനക്ഷത്രമായി ഗാനഗന്ധര്‍വനും എത്തി. മലയാളം എന്ന ഭാഷയെ മംഗ്ലീഷില്‍ അവതരിപ്പിക്കുന്ന അവതാരക രഞ്്ജിനി ഹരിദാസും സംഘവും അവസാനം ആ ഉദ്യമത്തില്‍ വിജയിച്ചു എന്നു വേണം കരുതാന്‍ .സംഗീതലോകത്തേക്ക് എന്നു പറയുമ്പോള്‍ സംഗീതം കൊണ്ട് നേടുന്ന ഫാന്റസിയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ചൂണ്ടുപലകയാണിപ്പോള്‍ സ്റ്റാര്‍സിംഗര്‍ മെഗാഷോ. നേരത്തെ പാട്ടുമാത്രം മതിയായിരുന്നെങ്കില്‍ ഇന്ന് അതുമാത്രം പോര നന്നായി നടിക്കാനറിയണം നടനവുമറിയണം.എന്നാലെ ചെറുസന്ദേശങ്ങളിലൂടെ വലിയ ലോകത്തേക്ക് പറന്നുയരാനാവൂ. തീര്‍ന്നില്ല ജനകീയനാവണമെങ്കില്‍ നാടായ നാടുമുഴുവന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ വെക്കണം സന്ദേശമാപിനികളിലെ എണ്ണം കുറയാതെ നോക്കുകയും വേണം. പുത്തന്‍ സംഗീത താരങ്ങളെ പിന്നീട് കാണണമെങ്കില്‍ മഷിനോട്ടക്കാരെ തന്നെ വേണ്ടിവരും.
 സംഗീതാധിഷ്ഠിത റിയാലിറ്റി ഷോകള്‍ക്കെതിരെ വിമര്‍ശങ്ങളഴിച്ചു വിട്ട ദാസേട്ടന്‍ തന്നെ ദാസ്യവേല ചെയ്തതുകണ്ടപ്പോള്‍ ശെã! എന്നുതോന്നി. പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ക്ക് വേദിയൊരുക്കുന്നവര്‍ തന്നെ അവരെ സമ്മര്‍ദത്തിലാക്കുന്നത് കണ്ട് പ്രതികരിച്ചിരുന്നവരെയൊക്കെ ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഏഷ്യാനെറ്റിനു കഴിഞ്ഞു എന്നുള്ളത് പണത്തിനു മീതെ പരുന്തും പറക്കില്ല എന്നതിന് അടിവരയിട്ടപോലെയായി. അതിലുപരി യുവതീ യുവാക്കളെ നസീര്‍സാറും ഷീലയുമൊക്കെയായി അഭിനയിപ്പിച്ച് ഒരു വിവാഹജീവിതം തന്നെ അവര്‍ക്കൊരുക്കിക്കൊടുക്കയും ചെയ്യുന്നു എന്നതും നമ്മള്‍ കാണേണ്ടതാണ്. ഒരു എപ്പിസോഡിന് ലക്ഷങ്ങള്‍ എണ്ണിവാങ്ങുന്നതും സംഗതികള്‍ മാത്രം ഇല്ലാത്തതുമായ ജഡ്ജ്മാര്‍ പട്ടിണിക്കാരനോ കാരിയോ പാടുമ്പോള്‍ കരയുകയും ആശ്ലേഷിക്കുകയും ആഭരണങ്ങള്‍ വരെ ഊരിക്കൊടുമ്പോള്‍ ഈ പരിപാടിയുടെ ജനകീയത ചാനല്‍ നേരത്തെ ആസൂത്രണം ചെയ്തതുപോലെ എന്നു തോന്നിപ്പോകുന്നു. സന്ദേശങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന കമ്പനിക്കെതിരെ കോടതിയില്‍ വരെ പരാതിപ്പെട്ടവര്‍ ഇന്നില്ല.
ഏതായാലും സ്റ്റാര്‍ സിംഗറിന്റെ കാലം.  ഓരോ ഭാഗങ്ങളും കഴിയുന്തോറും ഉടുതുണിയുടെ നീളം കുറച്ചുവരുന്ന രഞ്ജിനി ഹരിദാസിനെ കുറച്ചു ഭാഗങ്ങള്‍ക്ക് ശേഷം എങ്ങനെ കാണേണ്ടിവരും കാത്തിരിക്കുക. പുതിയ സംഗീത പ്രതിഭകളെ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇനിയിപ്പോള്‍ നമ്മുടെ ഗാനഗന്ധര്‍വനെ തന്നെ ജഡ്ജിന്റെ റോളില്‍ കാണേണ്ടി വരുമോ.........................

Monday, September 12, 2011

പുലികളിറങ്ങി...................


പുലികളിറങ്ങി...................

അത്തം കറുത്തപ്പോള്‍  മലയാളികള്‍ ഒന്നടങ്കം പറഞ്ഞു ഓ ഇനി ഓണം വെളുക്കുമെന്ന്. എന്നിട്ട്  എന്തായി  അത്തോം കറുത്തു ഓണോം കറുത്തു. അടുത്ത ചോദ്യം ഇത് മാത്രമായിരുന്നു ഇനി പുലിക്കളിയുടെ അന്ന് എന്താവോ? ആവോ. മഴമേഘങ്ങള്‍ മാറി നിന്ന് തൃശൂരില്‍ പുലകളിറങ്ങി നാടിനെയും നാട്ടാരെയും പുളകം കൊള്ളിച്ച് അങ്ങിനെ ഒരാവൃത്തികൂടി  അരമണി കിലുങ്ങിയൊഴിഞ്ഞു. കുമ്പ കുടവയര്‍ കുലുക്കിയും അരമണി ഇളക്കിയും മദിച്ചും ആര്‍ത്തുല്ലസിച്ചും ആര്‍പ്പുവിളിച്ചും രാത്രിയുടെ കരിനിഴലില്‍ കരിമ്പുലികളും ചെമ്പുലികളും നാട്ടിലിറങ്ങി.ഇത് തൃശൂരിന്റെ മാത്രം പ്രത്യേകത തന്നെ.ലോകത്തിന്റെ ഏതുകോണിലിരുന്നും ഓണമാഘോഷിക്കുന്ന മലയാളികളുടെ മനസ്സില്‍ നിറയുന്ന പുലിക്കളി തൃശൂരില്‍ മല്‍സരരൂപത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ മഴമേഘങ്ങള്‍ പേടിച്ചുതന്നെ ഓടിയൊളിച്ചതാവണം. പൂരത്തിനാണോ പുലിക്കളിക്കാണോ കൂടുതല്‍ പുരുഷാരം എന്നുചോദിച്ചാല്‍ ഇത്തവണ കുറച്ച് ബുദ്ധിമുട്ടിപ്പോയേനെ അത്രയ്ക്ക് തിരക്ക്. പക്ഷെ സാധാരണയില്‍ കുറവ് പുലിക്കളി സംഘങ്ങളേ ഇത്തവണ രംഗത്തുണ്ടായിരുന്നുള്ളൂ. കോട്ടപ്പുറം, സീതാറാം മില്‍, കൊക്കാലെ, കാനാട്ടുകര ഇങ്ങനെ പോകുന്നു ഇക്കുറി ലിസ്റ്റിലുള്ളവര്‍.സര്‍ക്കാര്‍ നല്‍കുന്ന സഹായധനം തീരെ കുറവ്. ഇത്രയും ജനസഞ്ചയം മാറോടണക്കുമ്പോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം ഇവരെയും ഇവരുടെ ദുരിതവും കാണുന്നില്ല. തലേന്നാള്‍ രാത്രി മുതല്‍ ദേഹത്തെ രോമം മുഴുവന്‍ കളഞ്ഞ്  വിയര്‍പ്പ് സുഷിരങ്ങള്‍ വരെ അടച്ചുകൊണ്ടുള്ള ചായമിടലും പെയിന്റടിയും പുലിക്കൊട്ടിന്റെ ആരോഹണാവരോഹണത്തിനനുസരിച്ച് കുടവയറും
അരമണിയും കുലുക്കിയുള്ള ചുവടും കിലോമീറ്റര്‍ താണ്ടിയുള്ള നടപ്പും പാടേ തളര്‍ത്തുന്നതൊന്നും ആരും അറിയുന്നില്ല. ഇതിനുശേഷം ഈചായമെല്ലാം കഴുകി വൃത്തിയാക്കാന്‍ മണ്ണെണ്ണ വേണം ലിറ്ററിന് 40രൂപ. മണ്ണെണ്ണയില്‍ കുളിച്ചാലും നിറം മാറാന്‍ പിന്നെയും സമയമെടുക്കും. ഇതൊന്നും കാണാന്‍ ആരുമുണ്ടാവില്ല. ആരോ പറയും പോലെ തിരശãീലക്കു പിന്നില്‍ എന്ത് നടന്നാലും അറിയാന്‍ ആരും ശ്രമിക്കില്ല. പുലികള്‍ പിന്നെയും കാത്തിരിക്കും മഴയില്ലാത്ത തെളിഞ്ഞമാനത്തിനായും കാണാനും നെഞ്ചേറ്റാനും ഒരു പുരുഷാരത്തെ.......

Thursday, September 1, 2011

മഴ പെയ്യുകയാണ്..........................


മഴ പെയ്യുകയാണ്..........................
ഓര്‍മകളില്‍ പെയ്യുന്ന മഴകള്‍ക്ക് തീര്‍ത്തും ശബ്ദം കുറവാണ് അത് ഒരു ചാറ്റല്‍മഴയാണ്. കാറ്റില്‍ ചരിഞ്ഞും പാറിപ്പറന്നും പതിക്കുമ്പോള്‍ രോമകൂപങ്ങളില്‍ വരെ തണുപ്പിന്റെ ഒരു മൃദുസ്പര്‍ശം മാത്രം. അത് ഹൃദയം കൊണ്ട് തൊട്ടറിയുമ്പോള്‍ ചിലപ്പോള്‍ പ്രണയമാവാം വിരഹമാവാം വേദനകളാവാം ഓര്‍മകളുടെ ഉണര്‍ത്തലാവാം തലോടലാവാം എന്തുമാവാം.ആകാശമേലാപ്പിന് കീഴെ പ്രകൃതി വരക്കുന്ന ഈ നേര്‍രേഖകള്‍ നമ്മില്‍ ഉണര്‍ത്തുന്നത് ഏതു വികാരമായാലും അത് ചിലപ്പോഴൊക്കെ ഒരു സാന്ത്വനം തന്നെ നല്‍കുന്നു. ഓര്‍മകളുടെ ജാലകം തുറന്നിടുമ്പോഴെല്ലാം ആരോടും ചോദിക്കാതെ നനവായി തന്നെ മഴത്തുള്ളിയെത്തുന്നു പിന്നീട് കവിളിലൂടെ ചുടുചാലുകള്‍ തീര്‍ക്കുമ്പോഴും മഴയുടെ സ്നേഹം നാം തിരിച്ചറിയുന്നു.
 കാത്തിരിപ്പുകളും കൂടിച്ചേരലുകളും പിന്നെയുള്ള യാത്രാമൊഴികളും മഴയില്‍ അലിയുമ്പോള്‍ മഴ പലരിലും വെറുപ്പുകളുടെ വിദ്വേഷത്തിന്റെ അലകളുയര്‍ത്തുന്നു. പാതിവഴിയില്‍ പിരിയുന്ന യാത്രകള്‍ പ്രതീക്ഷകളെ ചവിട്ടിമെതിച്ച് വിശ്വാസമെന്ന പാലത്തെ തകര്‍ത്തെറിഞ്ഞ് പായുമ്പോഴും വികാരവായ്പുകളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുകയാണീ മഴ.

Monday, August 29, 2011

കാക്ക കുളിച്ചാല്‍ കൊക്കാവുമോ


കാക്ക കുളിച്ചാല്‍ കൊക്കാവുമോ
ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യന് മൃഗങ്ങളേക്കാള്‍ വിവേചനബുദ്ധി കുറയുന്നതിന് കാരണമെന്താണാവോ.അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന തോന്നലാവാം അപകര്‍ഷബോധമോ ഈഗോയുമാകാം എന്തെങ്കിലും ആണെന്ന തോന്നലുമാവാം.സ്വന്തം സ്വത്വം എന്തെന്നറിയാത്തവന്റെ ഒരു പുലമ്പലാവാം.
 പണ്ടത്തെ കാരണവന്‍മാരുടെ ഭാഷയില്‍ പട്ടികുരച്ചാല്‍  പടി തുറക്കുമോ എന്നൊക്കെ ചോദിക്കാം. ഇല്ലേല്‍ ആലുമുളച്ച കഥപോലെ. അതും തണലായികാണുന്നവരുമാവാം.ഏതായാലും സംഗതി കലക്കി.പുലമ്പലുകളിലൂടെ കിട്ടുന്നതും സ്വത്വബോധത്തിന്റെ തിരിച്ചറിവിലൂടെ കിട്ടുന്നതും ഇവര്‍ക്ക് ഒന്നുതന്നെ. ലക്ഷണമൊത്ത കൈയ്യാല്‍ ഒന്നുകിട്ടിയാല്‍ തീരുന്നതെന്ന് ശാസ്ത്രമതം .
കൊടുക്കുന്ന കൈയുടെ ബലമാണ് പ്രധാനം ചില തൊഴിലിടങ്ങള്‍ ഇങ്ങനാണ് പോലും.കൊടുക്കുന്നവനും കിട്ടുന്നവനും സമ്മാനം കിട്ടുമത്രേ.എന്നാല്‍ അങ്ങനൊന്ന് നോക്കാന്‍ തീരുമാനിക്കുന്നു. ഈദ് മുബാറക്ക്

Friday, August 26, 2011

നിനക്കായ്


നിനക്കായ് 
ഒരായുസ്സിന്റെ കണക്ക് പുസ്തകം നിവര്‍ത്തി ജീവിതത്തിന്റെ വാതായനങ്ങള്‍ തുറന്നിടുമ്പോഴും ശൂന്യത മാത്രം. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഓര്‍മയുടെ നേര്‍ത്ത വെളിച്ചത്തില്‍ ഇനിയും തുറക്കാത്ത പുസ്തകത്താളില്‍ പെറ്റുപെരുകി കാത്തിരിക്കുകയാണ് മയില്‍പ്പീലികള്‍.എവിടെ തുടങ്ങണമെന്നോ എവിടെ അവസാനിക്കുമെന്നോ എന്നറിയാതെ യാത്രകള്‍. വാക്കുകളില്‍ കിനിയാത്ത നോവിന്റെ ഭാഷ്യം അത് ആരെ കുറിച്ചായിരിക്കും. അതെ നിന്നെ കുറിച്ചു തന്നെ. മണലാരണ്യത്തിലെ നിന്റെ മൌനസഞ്ചാരത്തെ കുറിച്ചുതന്നെ. വാചാലതയുടെ വിശാലലോകം മറച്ചുവച്ച് മൌനത്തിന്റെ മുഖപടമണിഞ്ഞ് നീ പിന്നെയും ഒളിക്കുന്നു. ഉയരുന്ന മണല്‍കാറ്റിലും  കാലം തെറ്റി മണ്ണിനെ നനക്കാന്‍ പോലുമാവാതെ കടന്നുപോവുന്ന മഴയുടെ ഔദാര്യം പോലെ.വഴിപിരിഞ്ഞൊഴുകുന്ന നദികളെപോലെ തീരമണയാത്ത കുത്തൊഴുക്ക് എവിടെ ചെന്ന് എത്തുമീ യാത്ര.
തകര്‍ന്നു വീണ വിശ്വാസങ്ങളുടെ പ്രണയപ്രമാണത്തിന്റെ ബാക്കിപത്രം കനല്‍പോലെ നെരിപ്പോടില്‍ സൂക്ഷിക്കുന്നതെന്തിന്. ആരും വിളിക്കില്ലയെങ്കിലും കാത്തിരിപ്പിന്റെ ഒരു പിന്‍വിളിക്കായോ ഈ മൌനത്തിന്റെ യാത്ര.

Sunday, August 21, 2011

വെറുതെ ഒരെഴുത്ത്



വെറുതെ ഒരെഴുത്ത് 
ഇന്നത്തെ നാട്ടിലേക്കുള്ള യാത്ര എന്റെ പോറ്റമ്മയുടെ മരണവാര്‍ത്ത അറിഞ്ഞുള്ളതായിരുന്നു. ഫോണിലൂടെ കേട്ടപ്പോള്‍ യാന്ത്രികതയുടെ ലോകത്തെ ഒരു യന്ത്രംപോലെയായി.വെറുതെ കണ്ണിന് പകരം മനസ്സിലൂടെ ഒരു വിങ്ങല്‍.ഞാന്‍ ഇങ്ങനെ ജീവിക്കുന്നതില്‍ നിര്‍ണായക ഭാഗഥേയം അവരുടേതായിരുന്നു.അസുഖം കൂടുതലാണെന്ന് പെറ്റമ്മ പറഞ്ഞപ്പോള്‍ ഒരിക്കലും കരുതിയില്ല മരിക്കുമെന്ന്. പെറ്റുവീണപ്പോള്‍ മുതല്‍ അസുഖത്തിന്റെ കൂടായിരുന്ന എന്നെ പരിചരിച്ചതും അവര്‍ തന്നെ.നാട്ടില്‍ ചെല്ലുമ്പോള്‍ മുണ്ടും നേരിയതും കുറച്ച് വെറ്റിലയും നൂറുരൂപയും അതായിരുന്നു കടം വീട്ടലിന്റെ ആദ്യപടി. കടം വീട്ടലല്ല പക്ഷെ അതിന് തിരിച്ചുകിട്ടിയ സ്നേഹം ഇപ്പോഴാണ് അറിയുന്നത്. എത്തിയപ്പോള്‍ തന്നെ സമുദായബോര്‍ഡില്‍ സമയം എഴുതി തൂക്കിയിരിക്കുന്നു.കൈയിലെ സമയസുചിയില്‍ കഷ്ടി പത്തുമിനിറ്റ് മാത്രം ഒരു നോക്കുകാണാന്‍ ഓടുക തന്നെ യായിരുന്നു.എത്തുമ്പോഴേക്ക് അവസാനവട്ട വിളിച്ചുചൊല്ലല്‍ ഇനിയാരെങ്കിലുമുണ്ടോ കാണാന്‍ എന്ന ചോദ്യം ഉണ്ടെന്ന് മതിലിന് പുറത്തുനിന്നേ ഞാന്‍ പറഞ്ഞു. വെള്ളി മേഘത്തില്‍ പൊതിഞ്ഞ് കസവ് പുടവയുടുത്ത് ശാന്തമായുറങ്ങുന്നു എന്റെ ആ അമ്മ. അറിയില്ല  കാല്‍മുട്ട് താഴ്ത്തി ആ കാലില്‍ തൊട്ടപ്പോള്‍ കണ്ണുകളില്‍ കണ്ണുനീര്‍ വറ്റിയിരുന്നു. കൂടിയിരുന്നവര്‍ ആശ്ചര്യപ്പെട്ടു അവരോട് എനിക്കെന്ത് ബന്ധമെന്ന്  പറഞ്ഞറിയിക്കാന്‍ നില്‍ക്കാതെ തിരിച്ചിറങ്ങി അപ്പോഴാണ് അമ്മ ചോദിക്കുന്നത് നീ വരുമെന്ന് കരുതിയില്ലെന്ന്. ഒറ്റയാനായിരുന്നപ്പോഴൊന്നും ആരുടെയടുത്തും ചെല്ലാതിരുന്നപ്പോളെല്ലാം ഞാന്‍ ആ അമ്മമ്മയുടെ അടുത്തെത്തുമായിരുന്നു. ഇനി അങ്ങനൊന്ന് ഇല്ല. അഗ്നിയുടെ കരങ്ങള്‍ അമ്മമ്മയെ കൊണ്ടുപോകുമ്പോഴും കണ്ണ് വറ്റി തന്നെ നിന്നു.ബന്ധങ്ങളുടെ കണ്ണികള്‍ ഒരു വശത്ത് അകലുമ്പോള്‍ വന്നുചേരുന്നതും ബന്ധങ്ങള്‍ തന്നെ.
ബന്ധങ്ങളുടെ ആഴപ്പരപ്പിലേക്ക് ഊളിയിടുമ്പോള്‍ എനിക്കും കിട്ടി ഒരു അനുജത്തിയെ എന്നു കാണുമെന്നറിയാത്ത പാവയെപോലിരിക്കുന്ന അനിയത്തിക്കുട്ടിയെ.

അണ്ണായെന്ന കള്ളനാണയം


അണ്ണായെന്ന കള്ളനാണയം
അണ്ണാ ഹസാരേ സ്വതന്ത്ര ഇന്ത്യയിലെ അഭിനവ ഗാന്ധിയെന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യക്കരനെന്ന നിലയില്‍ പറയാനും പറഞ്ഞുകേള്‍ക്കാനും അത്ര സുഖമുള്ള ഒന്നല്ല. ആരാണീ ഹസാരേ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്കുനേരെ ആളുകളെ കൂട്ടി  വാളോങ്ങി നില്‍ക്കുന്ന ഫിനോമിനന്‍ (മലയാളം അതിയാന് ചേരില്ല). ആഗോളവത്കരണത്തിന്റേയും സവര്‍ണമേധാവിത്വത്തിന്റെയും പട കൊടികുത്തിവാഴുന്ന നമ്മുടെ ഇന്ത്യയില്‍ അഴിമതിക്കെതിരെ മാത്രം ശബ്ദിക്കാന്‍ നമുക്ക് എന്തിന് ഇനിയൊരു ഹസാരേ ഗാന്ധി. ജനാധിപത്യ സംഹിതയിലെ അമരക്കാര്‍ക്കുനേരെ വെല്ലുവിളി ഉയര്‍ത്താന്‍മാത്രം ആരാണ് ഈ ഹസാരേ. മറാത്താ ദര്‍ബാറില്‍ നിന്ന്  തികച്ചും ഫ്യൂഡല്‍ വ്യവസ്ഥിതി പുലര്‍ത്തിപ്പോരുന്ന ഹിന്ദുമതത്തിന്റെ വക്താവാണ് ഈ മഹാന്‍.  
നാട്ടിലെ കുറ്റങ്ങള്‍ക്ക് പ്രാകൃത രീതിയിലുള്ള ശിക്ഷകള്‍ നല്‍കി ഒറ്റയാള്‍ ഭരണം നടത്തുന്ന ഹസാരേ എങ്ങനെ ഗാന്ധിയനാവും.കോര്‍പറേറ്റുകളുടെയും കുറച്ച് ഹിന്ദുമത വക്താക്കളുടെയും നോമിനിയും ദലിതരായ നാട്ടുകാരില്‍ ജാതിവ്യവസ്ഥയുടെയും കപട രാജ്യസ്നേഹത്തിന്റെ വര്‍ണവിഷം കുത്തിവെക്കുന്ന ഈ നാട്ടുരാജാവിനെ കപടം മുഖം തിരിച്ചറിയണമെങ്കില്‍ റാലിഗന്‍ സിദ്ദി എന്ന ഗ്രാമത്തെപറ്റിമാത്രം അറിഞ്ഞാല്‍ മതി.visit madhyamam.com

Saturday, August 20, 2011

അങ്ങനെ ജോണ്‍സന്‍ മാഷും പോയി


അങ്ങനെ ജോണ്‍സന്‍ മാഷും പോയി


മലയാള സിനിമാരംഗത്ത് ശുദ്ധസംഗീതത്തിന്റെ തായ്വേരായ ജോണ്‍സന്‍ മരിച്ചു കാലയവനികക്കുള്ളിലായി. പക്ഷെ അപദാനങ്ങളും വാഴ്ത്തലുകളുമായി കേരളത്തിലെ താര,സാംസ്കാരിക,നേതാക്കളുമെത്തി. ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാതെ കപടതയുടെ മുഖംമൂടിയണിഞ്ഞവര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തിത്തുടങ്ങി.എപ്പോഴും മനുഷ്യന്റെ കാര്യം അങ്ങനെയാണല്ലോ. ജീവിച്ചിരുന്നപ്പോള്‍ മലയാള സിനിമാലോകത്തിന്റെ ഗാനപശ്ചാത്തലങ്ങളിലേക്ക് കോറിയിട്ട സംഗീതം അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. റോക്കും പോപ്പും ഡിജെയും ആസ്വദിക്കുന്ന ഇന്നത്തെ തലമുറ എന്തുപറയാന്‍. നഷ്ടം മലയാളത്തിന്റെ ഗന്ധമുള്ള സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് മാത്രം. മലയാളസിനിമാലോകം നന്ദികേട് കാട്ടി കോപ്പ് കൊടചക്രം അങ്ങനെ തുടരുന്നു അഭിപ്രായപ്രകടനങ്ങള്‍. ജീവിച്ചിരുന്നപ്പോള്‍ എവിടെയായിരുന്നു ഈ മഹാന്‍മാരെല്ലാവരും മരിച്ചപ്പോള്‍ ഒരു പുഷ്പചക്രവുമായി ക്ള്ളക്കണ്ണീരുമായി എത്തുന്നു കപട സദാചാരവാദികള്‍.
ഏതായാലും പത്രങ്ങള്‍ക്കും തലക്കെട്ടുകള്‍ക്കും ഒരു കുറവും വരുത്തിയില്ല അദ്ദേഹം. ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകമായും, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടിയ പൂത്തുമ്പിയായും ജോണ്‍സന്‍മാഷ് ജീവിക്കട്ടെ ശുദ്ധസംഗീതത്തിന്റെ ലോകത്ത്..........................

Saturday, July 9, 2011

കളി മറന്ന കാനറികള്‍


കളി മറന്ന കാനറികള്‍ 
 

കോപ്പ അമേരിക്കയില്‍ നയ്മര്‍ എന്ന പത്തൊമ്പതുകാരനെ വജ്രായുധമാക്കിയ ലോകചാമ്പ്യന്‍മാരുടെ മേലങ്കിയണിഞ്ഞ ടീമിന്റെ പ്രകടനം അത്യന്തം ദയനീയം. കളിക്കാന്‍ കാലില്‍ ജിലേബി വരക്കാനുള്ള കഴിവ് മാത്രം പോരെന്ന് പരാഗ്വേ കാട്ടിക്കൊടുത്തു. പഴയ ബ്രസീല്‍ ടീമിന്റെ നിഴല്‍ പോലുമല്ലാത്ത ഈ ടീമിനെ എങ്ങനെ കാല്‍പന്തുകളിയുടെ ചക്രവര്‍ത്തിമാര്‍ അംഗീകരിച്ചു
.പാറ്റോ,നയ്മര്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഗോളടിക്കാനുള്ള കഴിവ് തീരെ കുറവ്.  കോച്ച് മാനോ മെനസിന്റെ കണ്ടുപിടിത്തങ്ങള്‍ തുടര്‍ന്നുള്ള  കളികളില്‍ പിഴക്കുമോ എന്ന് കണ്ടറിയണം.കാനറികളെ കശക്കിയെറിയാന്‍ പോന്ന വമ്പന്‍ സ്രാവുകള്‍ ഇനിയും കളത്തില്‍ ബാക്കിനില്‍ക്കുന്നു. കുതിരക്കഴുത്ത് പോലെ മുടി വളര്‍ത്തിയിട്ട് കാര്യമില്ലല്ലോ കുതിരയുടെ കരുത്ത് തന്നെ കാണിക്കണം. റൊണാള്‍ഡോ,കക്ക,റൊണാള്‍ഡീഞ്ഞോ തുടങ്ങിയ പിഴവുപറ്റാത്ത ഫിനിഷിങ് പാടവമുള്ള കളിക്കാരുടെ അഭാവം മുഴച്ചു നില്‍ക്കുന്നു. പഴമയുടെ നെടുംതൂണായ ലൂസിയോ പ്രായത്തെ വെല്ലാനും പോന്ന ഒരു പോരാളിയാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും പാളിപ്പോകുകയാണ്.
ഈ അവസരത്തെയാണ് പലപ്പോഴും എതിരാളികള്‍ മുതലെടുക്കുന്നത്. ബാഴ്സലോണയുടെ വിങ് ബാക്ക് ആല്‍വിസ് ക്ലബ് കളിയില്‍ കാണിക്കുന്ന ഒരു വീറും വാശിയും കാണിക്കുന്നില്ലെന്നതും ബ്രസീലിന്റെ വീഴ്ചക്ക് ആഘാതം കൂട്ടുന്നു. കളിയില്‍ ശക്തമായ ഒരു ഷോട്ട് പോലുമുതിര്‍ക്കാത്ത ബ്രസീലിനെതിരെ കൂക്കിവിളിക്കുന്ന കാഴ്ച കാല്‍പന്തുകളിയുടെ പ്രേമികളെ തന്നെ വേദനിപ്പിക്കുന്നതാണ്. വരുന്ന കളികളിലെങ്കിലും മഞ്ഞക്കിളികള്‍ പാരമ്പര്യത്തെ കാക്കട്ടെ എന്നുപ്രത്യാശിക്കാം......

Wednesday, July 6, 2011

കോപ്പയില്‍ കളി'ക്കോപ്പ്' കാട്ടി അര്‍ജന്റീന

കോപ്പയില്‍ കളി'ക്കോപ്പ്' കാട്ടി 
അര്‍ജന്റീന


കോപ്പ അമേരിക്ക അര്‍ജന്റീനയിലാണെന്നും ഇത്തവണ ആ കപ്പ് സ്വന്തമാക്കി നാടിന്റെ സ്വപ്നം പൂവണിയിക്കും എന്നൊക്കെ അടിച്ചു വിട്ട ലയണല്‍ മെസ്സി ഇപ്പോള്‍ എന്തു പറയുന്നാവോ? കളിക്കളത്തില്‍ കളിമറന്ന് തൊണ്ണൂറ് മിനിറ്റും പാവം ഓടിത്തളര്‍ന്നു. കൊളംബിയയെ പറ്റി നല്ല ഗ്രാഹ്യമില്ലാതെയാണ് ടീം കളിച്ചത്. പലപ്പോഴും ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രം നടത്തിയ അര്‍ജന്റീന തീര്‍ത്തും നിരാശപ്പെടുത്തി.
വിശ്വാസമാവാം അത് അമിതമായാലോ എന്നു ചോദിക്കേണ്ടിവരും നമുക്ക്. കാരണം ലോകം കണ്ടതില്‍ വച്ച് ഏറ്റവും നല്ല മുന്നേറ്റ നിര മാത്രം പോര അവര്‍ക്ക് ഫിനിഷിങ് പാടവവും വേണമെന്നത് ശരിവെക്കുന്നതായിരുന്നു പ്രകടനം. കൊളംബിയയാകട്ടെ കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെ ലക്ഷ്യത്തില്‍ എത്തിച്ചിരുന്നെങ്കില്‍ അര്‍ജന്റീന തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ. കാല്‍പന്തുകളിയിലെ മാന്ത്രികനായ മറഡോണ പോലും മൂക്കത്ത് വിരല്‍വെച്ചേനെ. മെസ്സിയും കൂട്ടരും ഇനിയുള്ള കളികളില്‍ എന്തുചെയ്യുമെന്ന് കാത്തിരുന്ന് കാണാം...................

Monday, July 4, 2011

ദേവസ്വം ബോര്‍ഡ് വഖഫ് ബോര്‍ഡ് മൂന്നാമതൊരു ബോര്‍ഡ് വേണ്ടതല്ലേ?


ദേവസ്വം ബോര്‍ഡ്  
വഖഫ് ബോര്‍ഡ് 
മൂന്നാമതൊരു ബോര്‍ഡ് വേണ്ടതല്ലേ? 

ഭാഷകളും സംസ്കാരങ്ങളും മതങ്ങളും എല്ലാം ചേര്‍ന്ന നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂന്നിയുള്ള ഇന്ത്യാ മഹാരാജ്യത്ത് നമ്മുടെ എളിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചെറിയൊരുകാര്യമാണേയ് പറയാനുള്ളത്. കേരള സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗത്തില്‍ ഓരോ കേരളീയന്റെയും സംഭാവന വളരെ വലുതാണ്.നികുതിവരുമാനമാണ് അതില്‍ പ്രധാനം. അമ്പലങ്ങളിലെയും മസ്ജിദുകളില്‍ നിന്നുമുള്ള വരുമാനം വരെ ഇതില്‍പെടുന്നു. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് കൂലി അപ്പപ്പോഴാണ് കിട്ടുന്നത് എന്നതിനാല്‍ ദൈവത്തെ കാണാനായും ദൈവത്തിന് കൈക്കൂലി നല്‍കാനും വരുന്നവരുടെ എണ്ണം കൂടി വരികയാണ്.കൈക്കൂലികൊണ്ട് കാര്യം സാധ്യമായാല്‍ തുലാഭാരമായി വഴിപാടുകളായി ബലികൊടുക്കലായി എന്തായാലും ദൈവത്തിന് കോള് തന്നെ. കൂടാതെ സര്‍ക്കാറിനും.
എന്നാല്‍ ഇതിലൊന്നും വരാത്ത ഒരുവിഭാഗവും കേരളത്തില്‍ ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ് എന്നതാണ് വാസ്തവം.പറഞ്ഞുവരുമ്പോള്‍  ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താനല്ല  ഹിന്ദുക്കളുടെ ദേവസ്വം ബോര്‍ഡില്‍ നിന്നും മുസ്ലിംകളുടെ വഖഫ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവാങ്ങുന്നത് കൊക്കോടികളാണ്.എന്നാല്‍ കേരളം എന്ന ഇട്ടാ വട്ടത്തില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  ഉണ്ട്  എത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്  വിവര സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇതെല്ലാം തന്നെ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലാണ് കീഴിലല്ലാത്തവയും ധാരാളം. ഇനി വിവിധ മതമാനേജ്മെന്റുകള്‍ നടത്തി പരിപാലിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയുണ്ട്.അതില്‍ പേരെടുത്ത് പറയുമ്പോള്‍ ക്രിസ്ത്യന്‍ മാനേജ്്മെന്റ് എന്ന കുത്തക മുതലാളിമാരുടെ പങ്ക് ഏറെ വലുതാണ്. ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് കേരളത്തിന്റെ   വിദ്യാഭ്യാസ,രാഷ്ട്രീയ മേഖലകളിലും കുത്തകാവകാശം സ്വന്തമാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. ക്രിസ്ത്യന്‍ പള്ളികളിലെ പണം മുഴുവന്‍ നമ്മുടെ രാജ്യവും കടന്ന് അങ്ങ് റോമിലെ അപ്പാപ്പന്‍മാര്‍ വീഞ്ഞടിച്ച് തീര്‍ക്കുമ്പോള്‍ സ്വന്തം ആരാധനാലയങ്ങളില്‍ നിന്നും തന്റെ കൈയില്‍ നിന്നും നികുതിയടക്കം കൊടുത്ത് മതസൌഹാര്‍ദത്തെ കാക്കുന്ന മറ്റ് മതസ്ഥരെ സ്തുതിക്കണം ഈ റോമന്‍ മാന്യന്‍മാര്‍.
സത്യത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ കാരുണ്യം പറ്റുകയും അവരെ തന്നെ ഭരിക്കുകയുമാണ്. ഇന്നത്തെ രാഷ്ട്രീയത്തില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ കിടന്ന് അടികൊള്ളുമ്പോഴും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കൈയ്യാളുന്ന മെഡിക്കല്‍ മേഖല കുത്തകയാക്കി ഭൂരിപക്ഷത്തിലെ വിദ്യാര്‍ഥികളെ തന്നെ ഇവര്‍ ബലിയാടാക്കുകയാണ് ചെയ്യുന്നത്. ഇനിയും ആലോചിക്കേണ്ടിയിരിക്കുന്നു രാജ്യം കടന്നുള്ള പണമൊഴുക്ക് തടയപ്പെടേണ്ടതല്ലേ?

Wednesday, June 29, 2011

യുവരക്തങ്ങള്‍ ചീന്തട്ടെ വിദ്യാഭ്യാസം തുലയട്ടെ നേതാക്കന്‍മാര്‍ വാഴട്ടെ ...............

യുവരക്തങ്ങള്‍ ചീന്തട്ടെ  വിദ്യാഭ്യാസം തുലയട്ടെ 
നേതാക്കന്‍മാര്‍ വാഴട്ടെ ...............
  അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ അനുസ്യൂതം തുടങ്ങിക്കഴിഞ്ഞു. അതിന്റെ നേര്‍ക്കാഴ്ചകള്‍ ടെലിവിഷനുകള്‍ ലൈവാക്കി ആഘോഷിക്കുന്നു. നേതാക്കള്‍ ചിരിക്കുന്നു കാരണം പണിതുടങ്ങിക്കഴിഞ്ഞു. ഇനി എത്രനാള്‍ തുടരുമിത് കാണാം കണ്ടിരിക്കാം. ഭരണത്തെ പാടെ മറിച്ചിടുന്ന വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ കാണാക്കളികള്‍ നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. ഈ കളി  നിയന്ത്രിക്കാന്‍ റഫറിമാരോ അമ്പയര്‍മാരോ ഇല്ല. കാരണം കൈവിട്ടകളിയാണേയ്...പോലീസിന് ുനേരെ പ്രയോഗിക്കുന്ന കല്ലും കുപ്പിച്ചില്ലും നടുംപുറംനോക്കി കിട്ടുന്ന ചുട്ട തല്ലാകുമ്പോള്‍ ഓടാനല്ലാതെ വേറെന്ത് ചെയ്യാന്‍.എറിയുന്ന കല്ല് ചെന്ന് വീഴുന്നത് മനുഷ്യരുടെ മേല്‍തന്നെയാണെന്ന് അപ്പോള്‍ മനസ്സിലാകും....എന്തേ പോലീസിന് വേദനിക്കില്ലെന്നുണ്ടോ? കൂലിപ്പണിയെടുത്തും പട്ടിണി വയറില്‍ മുണ്ടുമുറുക്കിയുടുത്തും പഠിക്കാനായ് പറഞ്ഞുവിടുന്ന രക്ഷിതാക്കള്‍ അറിയുന്നില്ലല്ലോ മക്കള്‍ പഠിക്കുകയാണോ പടവെട്ടുകയാണോയെന്ന്. രാഷ്ട്രീയത്തിന്റെ കള്ളക്കളികളില്‍ വിദ്യാഭ്യാസത്തിന്റെ തായ്വേരുകള്‍ അറുത്ത്  രസായനം വെച്ച് കുടിക്കുന്ന കള്ളനാണയങ്ങളെ നമ്മള്‍ തന്നെ വോട്ട് ചെയ്ത് മന്ത്രിമാരാക്കും.
പിന്നെയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങും അപ്പോഴും നേതാക്കള്‍ സുഖമായുറങ്ങും കാരണം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയാല്‍ ഭരിക്കുന്നവരുടെയും പോലീസിന്റെയും ഉറക്കം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. മാറി മാറി ഭരിക്കുന്ന സര്‍ക്കാറിന്റെ വികല വിദ്യാഭ്യാസനയങ്ങളുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കുമ്പോഴേക്കും അടുത്ത സര്‍ക്കാറെത്തുന്നു. ഈ സര്‍ക്കാറുകളാകട്ടെ ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യാതെ അടുത്ത സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിക്കാനായി ഈ ആയുധം തന്നെ ഉപയോഗിക്കും.അധ്യാപന വര്‍ഷാരംഭത്തില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന കുട്ടി സഖാക്കളുടെ തീപ്പൊരി സ്വാഗതപ്രസംഗം കേട്ട് അല്‍പം രാഷ്ട്രീയമാവാം എന്നു കരുതി ആദ്യമിറങ്ങും.പിന്നങ്ങോട്ട് പടയാളിയാവുകയായി അവകാശത്തിന്റെ പോരാട്ടത്തിന്റെ മുന്നണിപോരാളി. അവകാശസംരക്ഷണം ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്ക് വര്‍ഷങ്ങള്‍ പാഞ്ഞിട്ടുണ്ടാവും. അപ്പോഴേക്കും നിങ്ങള്‍ അന്ന് കണ്ട നേതാവ് എം.എല്‍.എയോ മന്ത്രിയോ ആയിട്ടുണ്ടാകും.
നഷ്ടം നിങ്ങള്‍ക്കും പാവം രക്ഷിതാക്കള്‍ക്കും മാത്രമാവും. സമരപാതയില്‍ പോടാ പുല്ലേ പോലീസേ പാലക്കാടന്‍ പാടത്ത് അരിഞ്ഞ് തള്ളിക്കോളാം എന്നൊക്കെ മുദ്രാവാക്യങ്ങളുമായി ലാത്തിയടി വാങ്ങുന്നത് മാത്രം മിച്ചമാവുന്ന കാലം അപ്പോള്‍ ഓര്‍ക്കും.ഇപ്പോഴാണേല്‍ ടി.വിയില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നതും ലൈവായി കാട്ടുകയും ചെയ്യും. 
ആവേശം സിരകളില്‍ അലയടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ അങ്ങ് ലണ്ടനിലും ആസ്ട്രേലിയയിലും പഠിച്ച് ഉന്നത നിലയിലെത്തി തിരിച്ച് രാഷ്ട്രീയത്തിലെത്തുമ്പോഴും പലരും നോക്കുകൂലിക്കാരായി കവലകളില്‍ തന്നെ  കാണും. വളരെ ചുരുക്കം പേര്‍ തിരിച്ചറിവിന്റെ പാതയിലെത്തുമ്പോഴേക്കും ജീവിത സായന്തനത്തിനടുത്തെത്തിയിട്ടുണ്ടാവും. മക്കളുടെ ഭാവിയെ തുലാസിലേറ്റുന്ന കപടരാഷ്ട്രീയവാദികളെ തുരത്തുവാന്‍ ഇനിയും സമയമായില്ലെന്നുണ്ടോ? ഈ ന്യൂനപക്ഷത്തെ പ്രതിരോധിക്കാനുള്ള വജ്ജ്രായുധവും രക്ഷിതാക്കളുടെ കൈകളില്‍ തന്നെയാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയട്ടെ.

Monday, June 27, 2011

ലോ വേസ്റ്റ് എന്ന ചഡ്ഡി പ്രദര്‍ശനം

ലോ വേസ്റ്റ് എന്ന ചഡ്ഡി പ്രദര്‍ശനം

പോയി പോയി യൌവനത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കൌമാരക്കാരായ കോളജ് കുമാരന്‍മാരുടെ ഒരു കാര്യം നോക്കണേ. മാറുന്ന മറുനാടന്‍ വസ്ത്രധാരണം ഒരു മടിയും കൂടാതെ സ്വീകരിച്ച് നാടന്‍ സായിപ്പന്‍മാരാകുന്നവര്‍ ജാഗ്രതൈ. പോലീസുകാര്‍ പിറകില്‍തന്നെയുണ്ട്്്................മുംബൈയിലെയും ബാംഗ്ലൂരിലെയും പെണ്‍കൊടികള്‍ ഉപയോഗിച്ചു കണ്ട ലോവേസ്റ്റ് ജീന്‍സുകള്‍ പിന്നീട് നമ്മുടെ പുത്തന്‍ പുരുഷകേസരികളുടെ സംസ്കാരത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നു. അമേരിക്കയിലും ബ്രിട്ടണിലുമെല്ലാം സ്കേറ്റിങ് ചാമ്പ്യന്‍മാര്‍ ജേഴ്സിയായി ഉപയോഗിക്കുന്ന ഡെനിം ട്രൌസറുകള്‍ ലോവേസ്റ്റാണ്. ആ വസ്ത്രധാരണ രീതിയെ അപ്പാടെ പകര്‍ത്തുകയാണ് നമ്മുടെ ജിമ്മന്‍ കേശവന്‍മാര്‍. തീര്‍ത്തും ആഭാസമായ അടിവസ്ത്രപ്രദര്‍ശനമാണിത്  ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേസ്റ്റേഷനുകളിലും എന്തിനേറെ ആശുപത്രിയിലെ രോഗിയെ കാണാന്‍ വരെ വരുമ്പോള്‍ ഉപയോഗിക്കുന്നത് ഇത്തരം സദാചാരബോധം തൊട്ടുതീണ്ടാത്ത വേഷവിധാനമാണ്. അരയോളം എത്താത്ത ഷര്‍ട്ടോ ടീഷര്‍ട്ടോ ഇട്ട്  ബസിലെ കമ്പിയില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ സീറ്റിലിരിക്കുന്നവര്‍ക്ക് വായിക്കാവുന്നവിധം നൈക്കി എന്നോ ജോക്കി, അഡിഡാസ് അങ്ങനെ ഡ്യൂപ്ലിക്കേറ്റ് ബ്രാന്‍ഡുകള്‍ കാണാം.
ഇത്തരം വസ്ത്രധാരണം കൊണ്ട് സ്ത്രീ ജനങ്ങളെ വശീകരിക്കാമെന്ന ധാരണയാണ് പാവം കുട്ടികള്‍ക്ക്. പുരുഷസൌന്ദര്യത്തിന്റെ അവസാനവാക്കായ ആറുപെട്ടി  (സിക്സ് പാക്ക്) യുടെ അവസാനത്തെ പെട്ടി വയര്‍ മസിലും കാണുന്ന വിധമാണ് ജീന്‍സ്.ഇത്തരം അബദ്ധജഡിലമായ പ്രകടനങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടേണ്ടതാണ്. ലോവേസ്റ്റ് ജീന്‍സിട്ട് ചഡ്ഡി പ്രദര്‍ശനം നടത്തിയാല്‍ പോലീസ് പിഴ വാങ്ങിത്തുടങ്ങി കൂടെ രണ്ട് അടിയും സൌജന്യം.പൊതുജനമധ്യത്തില്‍ ബ്രാന്‍ഡഡ് അടിവസ്ത്രങ്ങള്‍ അണിയുന്നവരാണ് ഞങ്ങള്‍ എന്നുകാണിക്കാനാണ് പുരുഷകേസരികളുടെ ശ്രമമെങ്കില്‍ ഭുതകാലത്തില്‍ മറഞ്ഞ ഐതിഹ്യങ്ങളില്‍ നിറഞ്ഞ കോമിക്സ് താരം സൂപ്പര്‍മാന്‍മാര്‍ വീണ്ടും പിറവികൊള്ളുമെന്ന് ഉറപ്പ്. ഏതായാലും കാത്തിരുന്ന് കാണാം..........

Tuesday, June 14, 2011

അപ്പോള്‍ ഇന്ന് മുതല്‍ മത്തിക്ക് വില കൂടും അല്ലേ?

അപ്പോള്‍ ഇന്ന് മുതല്‍ മത്തിക്ക് വില കൂടും അല്ലേ? 

അങ്ങനെ അടുത്ത ഒരു ട്രോളിങ് കാലം കൂടി വന്നു. ഇനി കടപ്പുറത്ത് വറുതിയുടെ നാളുകള്‍. അവസാന മല്‍സ്യക്കൊയ്ത്തും കഴിഞ്ഞ് വഞ്ചികളും ബോട്ടുകളും കരക്ക് കയറി. ഇനിയാണേ മല്‍സ്യത്തൊഴിലാളികള്‍ കാത്തിരിപ്പ് തുടങ്ങുന്നത്. ഒരു വലിയ ചാകരക്കൊയ്ത്ത് കാത്ത് നീണ്ട നാല്‍പത്തഞ്ച് ദിവസങ്ങള്‍. അതിനിടെ സൌജന്യ റേഷനുവേണ്ടി സര്‍ക്കാര്‍ കാര്യാലയങ്ങള്‍ നിരങ്ങാനായും സമരത്തിന്റെ പുത്തന്‍മേച്ചില്‍പുറങ്ങള്‍ തേടാനുമായി കടപ്പുറം സജീവമാകും. ബോട്ടും വലയും കേടുപാടുകള്‍ തീര്‍ത്ത് വരുന്ന ചാകരയുടെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുകയാണവര്‍.
സ്കൂളുകള്‍ തുറന്ന് കുട്ടികള്‍ പോയിത്തുടങ്ങുമ്പോള്‍ തന്നെ പണിപോയ അവസ്്ഥ ആരറിയുന്നു ഇവരുടെ ആധി. കേള്‍ക്കേണ്ട സര്‍ക്കാറിന്റെ ബധിര കര്‍ണങ്ങള്‍ മനപ്പൂര്‍വമെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കുന്നു. മല്‍സ്യങ്ങളുടെ പ്രജനനകാലമാണിത് കടലില്‍ നമ്മുടെ മല്‍സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ കാണില്ലെങ്കിലും അന്യസംസ്ഥാനക്കാര്‍ അവസരം മുതലാക്കി കൈയ്യേറുന്നത് തടയാനായും കാവല്‍ക്കാരുമാവണം. മഴ ആര്‍ത്തലച്ച് പെയ്യുമ്പോള്‍ ഒരുപക്ഷേ ഇവര്‍ക്ക് തലചായ്ക്കാനുള്ള ഇടമായ കൂരപോലും കടല്‍ക്ഷോഭത്തില്‍ നഷ്ടമായേക്കാം ഒരുതരം ഞാണിന്‍മേല്‍ കളിതന്നെ. നമ്മുടെ തീന്‍മേശകളില്‍ മല്‍സ്യമെത്തിക്കുന്ന ഇവരുടെ പ്രാരാബ്ധങ്ങളെ ആരറിയുന്നു. കടലിലിറങ്ങുന്ന അന്യസംസ്ഥാന വള്ളങ്ങളെ തുരത്താന്‍ സര്‍ക്കാര്‍ ഇത്തവണയും വിമുഖതകാട്ടിയാല്‍ നഷ്ടം നമ്മുടെ കടലിന്റെ മക്കള്‍ക്ക് തന്നെയാവും. കട്ടയും വഞ്ചിയും ബോട്ടുമെല്ലാം കരക്കുവെച്ചും കുളച്ചലുകാരും തമിഴരുമെല്ലാം നാട്ടിലേക്ക് മടക്കം തുടങ്ങി.
നാല്‍പത്തഞ്ച് ദിവസമാകുന്നതിന് മുമ്പ് തന്നെ തിരികെവരാം എന്ന് പറഞ്ഞ്.

Friday, June 10, 2011

ഗിന്നസ് ഹേമലത ആടി രജനി അണ്ണന് വേണ്ടി

ഗിന്നസ് ഹേമലത ആടി രജനി അണ്ണന് വേണ്ടി
കഷ്ടം! നമ്മുടെ നാട്ടിലെ എത്രയോ അവശകലാകാരന്‍മാരും രോഗിണികളായ അവശകലാകാരികള്‍ ഉണ്ടായിട്ടും അവരുടെ രോഗശാന്തിക്കായി ആടാന്‍ സമയമില്ലാത്ത ഗിന്നസ് ഹേമലത രജനീകാന്തിന്റെ രോഗമുക്തിക്കായി ഗുരുപവനപുരിയില്‍ മോഹിനിയാട്ടം നടത്തി. കേരളത്തിലെ സകലമാന ജനങ്ങളുടെയും ആയുരാരോഗ്യ സൌഖ്യത്തിനായി  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടിത്തളര്‍ന്ന ലത രജനീകാന്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയല്ലേ? അല്ലെങ്കില്‍ പറയും മോഹിനിയാട്ടത്തിന്റെ പുരോഗതിക്കും പബ്ലിസിറ്റിക്കും വേണ്ടിയാണെന്ന്. കലാകാരന്‍മാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് അതിലൊരാള്‍ക്ക് വേദനിച്ചാല്‍ ആശ്വാസം കണ്ടെത്താന്‍ മറ്റെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് സന്ദേശം നൃത്താവതരണത്തിലൂടെ ഹേമലത നല്‍കുന്നു.അതാവാം കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ കീര്‍ത്തനം തന്നെ ആദ്യം തെരഞ്ഞെടുത്തത്. ഏതായാലും ഹേമലത ചെയ്തപോലെ കലാകാരി കുടുംബത്തിലെ അംഗങ്ങളായ നയന്‍താരയും തമന്നയുമൊക്കെ അവരാല്‍ കഴിയുന്ന രീതിയില്‍ ആടിയാല്‍ രജനി അണ്ണന്‍ ഒരുപക്ഷേ പെട്ടെന്ന് ഉണര്‍ന്നേനെ. രോഗശാന്തിക്കായി പ്രാര്‍ഥനകളും വചനപ്രഘോഷണങ്ങളും നടത്തുന്ന  ദിവ്യാജോഷിയെ പോലുള്ള ആള്‍ ദൈവങ്ങളെ പോലെ മോഹിനിയാട്ടത്തിലൂടെ രോഗമുക്തി സ്തോത്രപരിപാടികള്‍ നടത്തുമോ ഈ ഗിന്നസ് കലാകാരി.ഏതായാലും കാത്തിരുന്ന് കാണുക തന്നെ.......................

Thursday, June 9, 2011

കൂതറ ഓട്ടോക്കാരും അലമ്പ് പോലീസുകാരും പിന്നെ കച്ചറ കാല്‍നടക്കാരും

കൂതറ ഓട്ടോക്കാരും അലമ്പ് പോലീസുകാരും പിന്നെ കച്ചറ കാല്‍നടക്കാരും 

കേരള സംസ്ഥാനത്തിന്റെ തന്നെ മുക്കിലും മൂലയിലും കാണുന്ന മഞ്ഞയും കറുപ്പുനിറവുമുള്ള മലവണ്ടുകളായ ഓട്ടോക്കാര്‍ ഏറെ സഹായികള്‍ തന്നെ.ഓട്ടോയില്‍ നഷ്ടപ്പെട്ട പണമാകട്ടെ പണ്ടമാകട്ടെ യഥാര്‍ഥ ഉടമയെ കണ്ടെത്തി നല്‍കും വരെ ഇവര്‍ക്ക് ഉറക്കമില്ല.നിരവധി കുറ്റ കൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിയുവാന്‍ സഹായിക്കുന്നതും ഈ ഓട്ടോക്കാര്‍ തന്നെ. നന്മയുടെ മാലാഖമാരായി വേണം ഇവരെ കാണാന്‍. പക്ഷേ ഇവരില്‍ തന്നെയുള്ളവര്‍ കാണിക്കുന്ന അഭ്യാസങ്ങളോ പറഞ്ഞറിയിക്കാന്‍ വയ്യ. നാട്ടിലിറങ്ങിയാല്‍ ,നീട്ടിവിളിച്ചാല്‍ ,സിനിമയില്‍ കാണുമ്പോലെ വിസിലടിച്ചാല്‍ ഓടിയെത്തുമെന്ന് കരുതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി ഈ പറഞ്ഞ പരിപാടിയൊക്കെ കാണിച്ചാലും ഒരുത്തനും വരികേല. ലോ ദവന് വട്ടാണ് എന്നു പറയും. സ്ഥലവും കാശും കൃത്യമായി പറയാതെ ഈ പറഞ്ഞ ഓട്ടോക്കാരന്‍മാരായ സാറന്‍മാര്‍ വണ്ടിനെ ഓട്ടിക്കുകേല.
ഇനി ഓട്ടിച്ചാല്‍ തന്നെ  അടുത്താണ് പോകാനുള്ളത് എന്നുപറഞ്ഞാലും വേറെ എന്തെങ്കിലുമൊക്കെ കേള്‍ക്കേണ്ടിവരും. അല്ലെങ്കില്‍ ഇറക്കിവിടും ആരോട് ചോദിക്കും ഇത് ന്യായമാണോ അല്ലയോ എന്ന്. എന്നാല്‍ റോഡിലേക്കിറങ്ങിയാല്‍ പറയാനാവില്ല ഇവര്‍ ഏതു ദിശയിലേക്ക് എപ്പോള്‍ തിരിയും,വെട്ടിക്കും എന്നൊന്നും അത്ര വേഗത്തിലും അലസമായുമാണ് ഇവരുടെ അഭ്യാസപ്രകടനം. ബൈക്കിലെങ്ങാന്‍ തട്ടിയാല്‍ അപ്പോഴിറങ്ങിത്തുടങ്ങും പൂരപ്പാട്ട്. കുറ്റം അടിച്ചേല്‍പിക്കാന്‍ കൂടെ അപ്പോള്‍ തന്നെ കൂട്ടംകൂടും മലവണ്ടന്‍മാര്‍. പാവം ബൈക്കുകാരന് പണനഷ്ടം മാനനഷ്ടം.എന്നാല്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ നഗരത്തില്‍ നിലയുറപ്പിച്ച കാക്കിയിട്ട രാജാപ്പാര്‍ട്ട് കൊച്ചാപ്പിമാരുണ്ട്. രാവിലെ മുതല്‍ ജോലിഭാരത്തിന്റെ കണക്കുപറഞ്ഞ് റോഡരികിലെ മരത്തിനു കീഴെ വയര്‍ലെസുമായി ചിലപ്പോള്‍ ഒരു കൂളിങ് ഗ്ലാസൊക്കെ ഫിറ്റ് അങ്ങനെ നില്‍ക്കും. എന്താ പണി ആവോ? നഗരഹൃദയം ഗതാഗതക്കുരുക്കില്‍ നിശ്ചലമായാലും ഞങ്ങള്‍ അനങ്ങുകേല്ല എന്ന വിധം ഒറ്റ നില്‍പ്പാണ് ആശാന്‍മാര്‍. ഇപ്പോള്‍ പണി കുരുക്കഴിക്കലല്ല തലയില്‍ ചട്ടിയില്ലാത്തവരെ പിടിക്കലാണ്. മുക്കിലും മൂലയിലും കള്ളന്‍മാരെപ്പോലെ പതിയിരുന്ന് ഹെല്‍മറ്റ് വേട്ട നടത്തുകയാണ് പോലീസ് ഏമാന്‍മാരുടെ പണി. എന്നാല്‍ എതിരെ വരുന്ന മണല്‍മാഫിയയുടെ ലോറിയെ തൊടില്ല ചെന്നാല്‍ പിറ്റേന്ന് നെഞ്ചത്ത് വീരചക്രം മോഡല്‍ പുഷ്പചക്രം കിട്ടും പിന്നെ പെട്ടിയിലും കിടക്കാം. എന്തിനിങ്ങനെയുള്ള നിയമപാലനം. അമ്പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ബൈക്കും കാറും വാങ്ങുമ്പോള്‍ റോഡിലിറക്കാന്‍ നികുതിയെന്ന പേരില്‍ പതിനായിരങ്ങള്‍ സര്‍ക്കാറും  വാങ്ങും. വണ്ടി റോഡിലേക്കിറക്കിയാല്‍ അവസ്ഥ ഭീകരമാണ്
.തൃശൂര്‍ നഗരത്തിലാണെങ്കില്‍ അതി ഭീകരമാണ്  റോഡില്‍ എന്റെ നടത്തം കഴിഞ്ഞിട്ട് മതി അവന്റെ വണ്ടിയോട്ടമെന്ന വിധത്തിലാണ് കാല്‍നടക്കാരന്റെ നടപ്പ്.അപകടം ചോദിച്ച് വാങ്ങുന്ന ഒരു കൂട്ടം. അശ്രദ്ധയുടെ മൂര്‍ത്തീഭാവങ്ങളാണ് ഇക്കൂട്ടര്‍. നികുതി നല്‍കി റോഡിലൂടെ വാഹനമോടിക്കുന്നവന് എന്തൊക്കെ പേടിക്കണം. എങ്ങാനും ഹെല്‍മറ്റ് വച്ചില്ലെങ്കില്‍  പോലിസ് പിടിച്ച് കാശ് വാങ്ങും വണ്ടി കാല്‍ നടക്കാരന്റെ മേല്‍ തട്ടിയാല്‍ മാനനഷ്ടം ധനനഷ്ടം അടിവേറെയും. സകലനിയമങ്ങളെയും കാറ്റില്‍പറത്തി അലക്ഷ്യമായും എങ്ങും നോക്കാതെയും  നഗരവീഥികളെ മുറിച്ച് കടക്കുന്നവന് എല്ലാ നിയമപരിരക്ഷയും. ഇതെന്ത് നിയമം.